‘ശരിദൂര’ത്തില്‍ ഓട്ടവും വോട്ടും പിഴച്ച് എന്‍എസ്എസ്; സുകുമാരന്‍ നായരെ തള്ളിയ വട്ടിയൂര്‍ക്കാവ്, കോന്നി വിധിയെഴുത്തുകള്‍ 

‘ശരിദൂര’ത്തില്‍ ഓട്ടവും വോട്ടും പിഴച്ച് എന്‍എസ്എസ്; സുകുമാരന്‍ നായരെ തള്ളിയ വട്ടിയൂര്‍ക്കാവ്, കോന്നി വിധിയെഴുത്തുകള്‍ 

വട്ടിയൂര്‍ക്കാവിലും, കോന്നിയിലും യുഡിഎഫ് കോട്ട തകര്‍ത്ത് എല്‍ഡിഎഫ് നേടിയ അട്ടിമറി വിജയം എന്‍ എസ് എസ് ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടിനേറ്റ കനത്ത തിരിച്ചടി കൂടിയാണ്. വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് 14251 വോട്ടിന്റെ ഭൂരിപക്ഷത്തിലും കോന്നിയില്‍ ജനീഷ് കുമാര്‍ 9940 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് വിജയിച്ചത്. മോഹന്‍കുമാറിന് സഹായകരമായ നിലപാട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രഖ്യാപിച്ചതും കരയോഗങ്ങളുടെ നേതൃത്വത്തില്‍ പരസ്യമായി സാമുദായിക വോട്ടുകള്‍ ഉറപ്പിക്കാന്‍ നടത്തിയ ശ്രമവും പച്ച തൊട്ടില്ലെന്ന് ഉറപ്പിക്കുന്നതാണ് വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും ഫലം. പിന്തുണ പരസ്യമായി പ്രഖ്യാപിച്ചില്ലെങ്കിലും കോന്നിയിലും എന്‍എസ്എസ് യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍രാജിന് അനുകൂലമായ നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്.

വട്ടിയൂര്‍ക്കാവില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതില്‍ പ്രതിഷേധവുമായി എന്‍എസ്എസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. സമദൂരനിലപാടില്‍ നിന്ന് ശരിദൂരമെന്ന വ്യാഖ്യാനത്തില്‍ യുഡിഎഫിന് തുണ നല്‍കിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ യുഡിഎഫ് കണ്‍വീനറെ പോലെ പ്രവര്‍ത്തിക്കുന്ന സാമുദായിക നേതാവെന്നും കോടിയേരി പരിഹസിച്ചിരുന്നു. ഊര്‍ദ്ധശ്വാസം വലിക്കുന്ന യുഡിഎഫിനെ വെന്റിലേറ്ററില്‍ കിടത്തുന്നതായിരിക്കും സുകുമാരന്‍ നായരുടെ നിലപാടെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചിരുന്നു. സമുദായ സംഘടനകള്‍ വോട്ട് പിടിക്കുന്നത് ചട്ട ലംഘനമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായ ടിക്കാറാം മീണയും വ്യക്തമാക്കിയിരുന്നു. എന്‍എസ്എസിന്റെ ശരിരൂര നിലപാട് അപകടമാകുന്നുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് തന്നെ പറയേണ്ടിവരുന്ന സ്ഥിയിയുണ്ടായി.

എന്‍എസ്എസ് കൈക്കൊണ്ട നിലപാട് അണികള്‍ തള്ളിയപ്പോള്‍ തെരഞ്ഞെടുപ്പില്‍ സമ്മര്‍ദ്ദശക്തിയാണെന്നും വോട്ട് ബാങ്ക് ആണെന്നും നിരന്തരം അവകാശപ്പെടുന്ന സാമുദായിക സംഘടനകള്‍ക്കേറ്റ തിരിച്ചടിയായി കൂടിയാവും വിലയിരുത്തപ്പെടുക. തെരഞ്ഞെടുപ്പിലും രാഷ്ട്രീയത്തിലും എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകളുടെ സ്വാധീന ശേഷി ദുര്‍ബലമാകുന്നതിന്റെ കാഴ്ച കൂടിയാണ് ഈ ഫലം. രാഷ്ട്രീയ പാര്‍ട്ടിയിലൂടെ വോട്ട് തേടുന്നതിന് പകരം സമുദായത്തിന്റെ പേരില്‍ വോട്ടുറപ്പിക്കുന്ന കാലങ്ങളായി എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കും തിരിച്ചടിയാണ് വട്ടിയൂര്‍ക്കാവിലെ മുന്നേറ്റം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സാമുദായിക നേതാക്കളുടെ വീടുകളിലേക്കും ആസ്ഥാനങ്ങളിലേക്കും അരമനകളിലേക്കും ബിഷപ്പ് ഹൗസുകളിലേക്കും ഓടിച്ചെല്ലുന്ന രാഷ്ട്രീയ നേതൃത്വത്തിനുള്ള പാഠം കൂടിയാണ് എന്‍എസ്എസിനെ അപ്രസക്തമാക്കിയ രണ്ട് തെരഞ്ഞെടുപ്പ് വിജയങ്ങള്‍.

താലൂക്ക് യൂണിയന്‍ കേന്ദ്രീകരിച്ച് യുഡിഎഫിന് വോട്ട് തേടിയതും ശരിദൂരനിലപാട് എന്ന അടവുനയവും അണികള്‍ പോലും ഏറ്റെടുത്തില്ലെന്നത് ശരിദൂരത്തില്‍ നിന്ന് സമദൂരത്തിലേക്ക് തിരിച്ചുപോകാന്‍ എന്‍എസ്എസിനെ നിര്‍ബന്ധിതരാക്കിയേക്കും. സാമുദായിക താല്‍പ്പര്യത്തെക്കാള്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളും സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപ്രഭാവവും വട്ടിയൂര്‍ക്കാവില്‍ വിജയകാരണങ്ങളായിട്ടുണ്ടെന്ന് വേണം കരുതാന്‍. ശരിദൂര നിലപാട് പ്രഖ്യാപിച്ച് എന്‍എസ്എസിനെ നവോത്ഥാന സംഘടനയെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരസ്യപിന്തുണയ്ക്ക് പിന്നാലെ സുകുമാരന്‍ നായരോട് രാഷ്ട്രീയ വിധേയത്വം പ്രഖ്യാപിച്ച യുഡിഎഫ് നേതൃത്വത്തിനും വട്ടിയൂര്‍ക്കാവിലെ തിരിച്ചടി കനത്ത ആഘാതമാണ്. കോന്നിയിലും വട്ടിയൂര്‍ക്കാവിലും ലഭിച്ച പിന്തുണയുടെ പേരില്‍ യുഡിഎഫ് വിജയം എളുപ്പമാകുമെന്ന് കണക്കുകൂട്ടലിലായിരുന്നു രമേശ് ചെന്നിത്തലക്കൊപ്പം മുല്ലപ്പള്ളി രാമചന്ദ്രനും. സാമുദായിക സമവാക്യവും സാമുദായിക സംഘടനയുടെ പിന്തുണയും തെരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാകുമെന്ന വിശ്വാസം കൂടിയാണ് ഇരുമണ്ഡലങ്ങളിലും തകര്‍ന്നടിഞ്ഞത്. അതേസമയം എന്‍എസ്എസിന്റെ നിലപാട് വട്ടിയൂര്‍ക്കാവിലും കോന്നിയിലും നായര്‍ ഇതര ഹിന്ദു വിഭാഗങ്ങളുടെ വോട്ടുകള്‍ ഇടതുസ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായി ഏകീകരിക്കാനും ഇടയായി.

ശബരിമല വിഷയം മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിനോട് എന്‍എസ്എസ് കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയത്. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ചിരുന്നു. എന്‍എസ്എസ് പിന്‍തുണ യുഡിഎഫിന്റെ ഈ നിലപാട് കൂടി കണക്കിലെടുത്താണ്. എന്നാല്‍ ഈ എന്‍എസ്എസ്സിന്റെയും യുഡിഎഫിന്റെയും ശബരിമല നിലപാട് കൂടി ജനം തള്ളിയെന്നാണ് ജനവിധിയില്‍ നിന്ന് വ്യക്തമാകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in