കെ ജി ജോര്‍ജിനെ മറവി രോഗം ബാധിച്ച് വൃദ്ധസദനത്തില്‍ ആക്കിയെന്നത് വ്യാജവാര്‍ത്ത, വാസ്തവം വിശദീകരിച്ച് വീഡിയോ

കെ ജി ജോര്‍ജിനെ മറവി രോഗം ബാധിച്ച് വൃദ്ധസദനത്തില്‍ ആക്കിയെന്നത് വ്യാജവാര്‍ത്ത, വാസ്തവം വിശദീകരിച്ച് വീഡിയോ

മലയാളത്തിന്റെ ഇതിഹാസ ചലച്ചിത്രകാരന്‍ കെ ജി ജോര്‍ജിനെ അല്‍ഷിമേഴ്സ് ബാധയെ തുടര്‍ന്ന് വൃദ്ധസദനത്തില്‍ ആക്കിയെന്ന പ്രചരണം വ്യാജമെന്ന് അടുത്ത സുഹൃത്തും തിരക്കഥാകൃത്തുമായ ജോണ്‌പോള്‍. കെ ജി ജോര്‍ജ്ജ് വൃദ്ധസനത്തിലാണെന്ന് അവകാശപ്പെടുന്ന ഫോട്ടോയോടൊപ്പമായിരുന്നു സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിച്ചത്. ഫിസിയോതെറാപ്പി സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കെ ജി ജോര്‍ജ് സംസാരിക്കുന്ന വീഡിയോയാണ് ജോണ്‍പോള്‍ ഫേസ്ബുക്കിലിട്ടിരിക്കുന്നത്. കെ ജി ജോര്‍ജിന്റെ ജീവചരിത്ര ഡോക്യുമെന്ററി ചെയ്യുന്ന അരുണ്‍ ഭാസ്‌കറും പ്രതീഷ് വിജയനും ചേര്‍ന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ഓണത്തിന് ജോര്‍ജ് സാറിനെ കണ്ടപ്പോള്‍ ക്ഷീണിതനായിരുന്നു. പക്ഷെ ഇന്നലെ (ഒക്ടോബര്‍ 5)കണ്ടപ്പോള്‍ ഞങ്ങളെ പഠിപ്പിച്ച സമയത്തെ ഊര്‍ജസ്വലതയാണ് അനുഭവിച്ചത്. അദ്ദേഹത്തിന് അല്‍ഷിമേഴ്സ് ആണെന്നത് വ്യാജ പ്രചരണം ആണ്. ഞാന്‍ കയ്യിലുള്ള ഫോട്ടോ കാണിച്ച് സാര്‍ ഇത് ആദാമിന്റെ വാരിയെല്ലുകള്‍ സമയത്തെ ആണോ എന്ന് ചോദിച്ചപ്പോള്‍ അല്ല അത് കോലങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത് എടുത്ത ചിത്രം ആണെന്ന് തിരുത്തി. സാര്‍ കുറേക്കൂടി ഉഷാറായിരിക്കുകയാണ്. സാറിന്റെ മെമ്മറിക്ക് ഒന്നും ഒരു പ്രശ്‌നവും ഇല്ല

പ്രതീഷ് വിജയന്‍കെ ജി ജോര്‍ജിനെ കുറിച്ചുള്ള ഡോകുമെന്ററി സംവിധായകന്‍

വൃദ്ധസദനം പോലൊരിടത്ത് തികച്ചും അന്യതാബോധത്തോടെ എത്തിപ്പെട്ടാലുണ്ടാകുന്ന അന്താളിപ്പോടെയുള്ള മുഖഭാവത്തോടെയെന്ന് വേണമെങ്കില്‍ പറയാവുന്ന ഫോട്ടോയടക്കമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഒരുപാട് പേര്‍ വിളിച്ച് അന്വേഷിച്ചു. അത് പച്ചക്കള്ളമാണെന്ന് പറഞ്ഞെങ്കിലും കൂടുതല്‍ ഫലപ്രദമായ മറുപടിയെന്ന നിലയിലാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്ന് ജോണ്‍ പോള്‍ വിശദീകരിക്കുന്നു.

കെ ജി ജോര്‍ജ്ജിന്റെ ചികിത്സയ്ക്കാവശ്യമായ കാര്യങ്ങള്‍ വിദേശത്തുള്ള മകളാണ് നല്‍കുന്നതെന്ന് ജോണ്‍ പോള്‍ വ്യക്തമാക്കി. വെണ്ണലയിലെ വീട്ടിലാണ് ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമുള്ളത്. ഫിസിയോ തെറാപ്പിയിലൂടെ കെജി ജോര്‍ജ്ജിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുണ്ട്. സംസാരിക്കാനുള്ള ബുദ്ധിമുട്ടുകള്‍ ഭേദമാകുന്നതായും ജോണ്‍ പോള്‍ പറയുന്നു.

ഇത്തരത്തില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജോണ്‍ പോള്‍ ആവശ്യപ്പെടുന്നു. നടന്‍ മധു മരിച്ചെന്ന് കഴിഞ്ഞ ദിവസം വ്യാജസന്ദേശം പ്രചരിച്ചിരുന്നു. ഇത് പൈശാചികമാണെന്നും അവഗണിക്കാന്‍ സോഷ്യല്‍ മീഡിയയിലുള്ളവര്‍ക്ക് കഴിയണമെന്നും ജോണ്‍പോള്‍ അഭ്യര്‍ത്ഥിക്കുന്നു.

കെ ജി ജോർജ് വൃദ്ധ സദനത്തിൽ എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം ഫോട്ടോയിൽ ഉൾപ്പെട്ട ആളുകളുടെ സ്വകാര്യത മാനിച്ച് ഒഴിവാക്കിയതാണ്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in