യുഎന്‍എ അഴിമതി: ജാസമിന്‍ ഷാക്കെതിരെ ലുക്കൗണ്ട് നോട്ടീസ്; സര്‍ക്കുലര്‍ ഇറക്കിയത് കേന്ദ്ര സര്‍ക്കാര്‍  

യുഎന്‍എ അഴിമതി: ജാസമിന്‍ ഷാക്കെതിരെ ലുക്കൗണ്ട് നോട്ടീസ്; സര്‍ക്കുലര്‍ ഇറക്കിയത് കേന്ദ്ര സര്‍ക്കാര്‍  

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന് സാമ്പത്തിക തിരിമറിക്കേസില്‍ ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാല് പ്രതികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കി. ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാല് പ്രതികള്‍ക്കെതിരെയാണ് സര്‍ക്കുലര്‍. വിദേശത്തുള്ള പ്രതികള്‍ രാജ്യത്തെ ഏത് വിമാനത്താവളത്തില്‍ എത്തിയാലും കസ്റ്റഡിയിലെടുക്കാനാണ് നിര്‍ദേശം. ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

രണ്ടാഴ്ച മുമ്പ് കേസിലെ പ്രതികള്‍ ഒളിവിലാണെന്ന് കാണിച്ച് ക്രൈബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ജാസ്മിന്‍ ഷാ താന്‍ വിദേശത്താണെന്ന് വെളിപ്പെടുത്തിയിരുന്നു. ഓണം അവധിക്ക് നാട്ടിലെത്തുമ്പോള്‍ പോലീസില്‍ കീഴടങ്ങുമെന്നായിരുന്നു ജാസ്മിന്‍ ഷാ പറഞ്ഞിരുന്നത്. എത്താതിരുന്നതോടെയാണ് ക്രൈംബ്രാഞ്ച് കേന്ദ്രസര്‍ക്കാറിനെ സമീപിച്ചത്.

നേഴ്‌സുമാരുടെ ലെവി പിരിച്ചതടക്കമുള്ള മൂന്നരകോടി രൂപ സംഘടനയുടെ ദേശീയ പ്രസിഡന്റായിരുന്ന ജാസ്മിന്‍ ഷാ തട്ടിയെടുത്തെന്നാണ് കേസ്. മുന്‍ പ്രസിഡന്റ് സിബി മുകേഷാണ് ക്രമക്കേട് ആരോപിച്ച് ഡിജിപിക്ക് പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നാല് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെ പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു. കണക്കുകള്‍ കമ്മിറ്റിയില്‍ അവതകിപ്പിച്ചുട്ടുണ്ടെന്നും തെറ്റായ ആരോപണമാണ് എതിര്‍വിഭാഗം ഉയര്‍ത്തുന്നതെന്നുമായിരുന്നു വാദം.

Related Stories

No stories found.
logo
The Cue
www.thecue.in