Fact Check : രഘുറാം രാജന്‍ ട്വിറ്ററില്‍ ഇല്ല, മുന്‍ ആര്‍ബിഐ ഗവര്‍ണറുടെ പ്രതികരണമെന്ന പേരില്‍ പ്രചരിച്ചത് വ്യാജവാര്‍ത്ത 

Fact Check : രഘുറാം രാജന്‍ ട്വിറ്ററില്‍ ഇല്ല, മുന്‍ ആര്‍ബിഐ ഗവര്‍ണറുടെ പ്രതികരണമെന്ന പേരില്‍ പ്രചരിച്ചത് വ്യാജവാര്‍ത്ത 

മാധ്യമങ്ങളില്‍ പ്രചരിച്ചത്

‘സാമ്പത്തിക മാന്ദ്യത്തിന്റെ തീവ്രത മനസ്സിലാകാതിരിക്കുമ്പോള്‍, പറയുന്നതൊക്കെയും അബദ്ധമാവുകയും അനുമാനങ്ങള്‍ പാളുകളും ചെയ്യും. ഗുരുത്വാകര്‍ഷണത്തിലും സാമ്പത്തിക ശാസ്ത്രത്തിലും കണക്കിന് കാര്യമില്ലെന്ന് ഒരാള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അത് യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെയ്ക്കുന്നതിന്റെ സൂചനയാണ്. എന്തായാലും ന്യൂട്ടന്‍ ഇപ്പോള്‍ ചിരിക്കുകയായിരിക്കും'. റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ ട്വീറ്റായി മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട വാക്കുകളാണിത്. ഗുരുത്വാകര്‍ണം കണ്ടുപിടിച്ചത് ഐന്‍സ്റ്റീനാണെന്നും അതില്‍ കണക്കിന് കാര്യമില്ലെന്നുമുള്ള വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ അബദ്ധ പ്രസ്താവനയ്ക്കുള്ള രഘുറാം രാജന്റെ മറുപടിയായാണ് ട്വീറ്റ് അവതരിപ്പിച്ചതും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതും. സമൂഹ മാധ്യമങ്ങളിലും ട്വീറ്റ് വന്‍ പ്രചാരം നേടിയിരുന്നു.

പ്രചരണത്തിന്റെ വാസ്തവം

രഘുറാം രാജന്റേതെന്ന പേരില്‍ വാര്‍ത്തയായതും പ്രചരിപ്പിക്കപ്പെട്ടതും അദ്ദേഹത്തിന്റെ വാക്കുകളല്ല. അങ്ങനെയൊരു ട്വീറ്റ് ചെയ്തിട്ടില്ല. അദ്ദേഹത്തിന് ട്വിറ്റര്‍ അക്കൗണ്ടുമില്ല. രഘുറാം രാജന്റെ പേരില്‍ സൃഷ്ടിക്കപ്പെട്ട ട്വിറ്റര്‍ ഹാന്‍ഡിലിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തോട് അനുഭാവമുള്ള ആരോ ആണ് ആക്കൗണ്ടിന് പിന്നില്‍. ഇത് പാരഡി അക്കൗണ്ടാണെന്ന് അതിന്റെ ബയോയില്‍ വ്യക്തമാക്കുന്നുമുണ്ട്. ഇത് ശ്രദ്ധിക്കാതെ മാധ്യമങ്ങളടക്കം രഘുറാം രാജന്റെ അഭിപ്രായമെന്ന നിലയില്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രമുഖ ഏജന്‍സിയായ ഐഎഎന്‍എസാണ് രഘുറാം രാജന്റെ പ്രതികരണമെന്ന നിലയില്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയത്. പിന്നാലെ എബിപി ന്യൂസ്, ദ ക്വിന്റ്, ഇക്കണോമിക് ടൈംസ്, ഔട്ട്‌ലുക്ക്, കാരവന്‍ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളെല്ലാം വാര്‍ത്ത നല്‍കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in