പ്രതിമയായി നില്‍ക്കാന്‍ വയ്യ, പി കെ ശശിക്കെതിരെ പരാതി നല്‍കിയ യുവതി 

പ്രതിമയായി നില്‍ക്കാന്‍ വയ്യ, പി കെ ശശിക്കെതിരെ പരാതി നല്‍കിയ യുവതി 

പാര്‍ട്ടിയും ഡിവൈഎഫ്‌ഐയും പ്രവര്‍ത്തിക്കുന്നത് പി കെ ശശി പറയുന്നതിനനുസരിച്ച് 

പ്രതിമയായി നില്‍ക്കാന്‍ കഴിയാത്തതിനാലാണ് ഡി വൈ എഫ് ഐയില്‍ നിന്ന് രാജിവെച്ചതെന്ന് ഷൊര്‍ണൂര്‍ എം എല്‍ എ പി കെ ശശിക്കെതിരെ പരാതി നല്‍കിയ പാലക്കാട് ജില്ലയിലെ വനിതാ നേതാവ്. ആരോപണ വിധേയനെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്നും തനിക്കൊപ്പം നിന്നവരെ തരംതാഴ്ത്തുന്നുവെന്നും ആരോപിച്ചാണ് രാജി. ഡിവൈഎഫ്‌ഐയില്‍ നിന്നും പുറത്ത് പോകാനുള്ള കാരണവും നിലപാടുകളും അവര്‍ തുറന്ന് പറയുന്നു.

Q

ഡി വൈ എഫ് ഐയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ പേര് വെളിപ്പെടുത്തുന്നു. എന്താണ് ആ തീരുമാനത്തിന് പിന്നില്‍

A

അനോണിമിറ്റി ഞാന്‍ ഇഷ്ടപ്പെടുന്നില്ല. നേരത്തെ വിക്ടിം ആയി വന്നപ്പോഴും അനോണിമസായിരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇത്തരം വിഷയങ്ങളില്‍ ഐഡിന്റിറ്റി വെളിപ്പെടുത്തി തന്നെ നില്‍ക്കണമെന്നാണ് എന്റെ നിലപാട്. പരാതി നല്‍കിയ സമയത്ത് പേര് വെളിപ്പെടുത്തുന്നതില്‍ ചില പ്രശനങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് തയ്യാറാവാതിരുന്നത. ഇപ്പോള്‍ ആ പ്രശനമില്ല.

(പേര് അവര്‍ വെളിപ്പെടുത്താന്‍ തയ്യാറായെങ്കിലും നിയമപരമായ പ്രശ്‌നങ്ങളുള്ളതിനാല്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല)


Q

രാജിവെക്കാനുള്ള തീരുമാനം എന്തുകൊണ്ടായിരുന്നു

A

പി കെ ശശി എം എല്‍ എക്കെതിരെ ലൈംഗികാതിക്രമണ പരാതി നല്‍കിയതിന് ശേഷം ഡി വൈ എഫ് ഐയുടെ ജില്ലാ നേതൃത്വവും മണ്ണാര്‍ക്കാട് ബ്ലോക്ക് നേതാക്കളും അപമാനിക്കുന്ന രീതിയിലാണ് പെരുമാറിയത്. പൂര്‍ണമായും ബഹിഷ്‌കരിച്ചു. എന്നെ മാത്രമല്ല കൂടെ നില്‍ക്കുന്നവരെയും ബഹിഷ്‌കരിച്ചു. ബഹിഷ്‌കരണം സഹിക്കാന്‍ പറ്റുന്നതാണ്. എന്നാല്‍ പരസ്യമായി അപമാനിക്കാന്‍ മടിയില്ലാത്തവരാണ് നേതൃത്വത്തിലുള്ളത്. ഇനിയും ആ കമ്മിറ്റിയില്‍ തുടരാന്‍ ആത്മാഭിമാനം അനുവദിക്കാത്തത് കൊണ്ടാണ് രാജിവെച്ചത്

Q

മണ്ണാര്‍ക്കാട് ഏരിയയില്‍ നിന്നുള്ള യുവ നേതാവ് ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടതിന് പിന്നില്‍ പി കെ ശശിയാണെന്നാണോ കരുതുന്നത്.

A

എന്റെ കൂടെ നിന്ന നേതാവാണ് തരംതാഴ്ത്തിയ ജിനേഷ് ഏട്ടന്‍. തുടക്കം മുതല്‍ സ്ത്രീപക്ഷ നിലപാടെടുത്ത് കൂടെ നിന്ന ആളാണ്. എന്നാല്‍ ഇപ്പോള്‍ പ്രെമോഷന്‍ കിട്ടിയ ബ്ലോക്ക് സെക്രട്ടറി റിയാസുദ്ദീനൊക്കെ സമൂഹമാധ്യമങ്ങളിലൂടെ എനിക്കെതിരെ അപവാദ പ്രചരണം നടത്തിയ ആളാണ്. പികെ ശശിക്കെതിരെ ഞാന്‍ പരാതി കൊടുത്തതിന് ശേഷം എം എല്‍ എയ്ക്ക അനുകൂലമായ നിലപാട് സ്വീകരിച്ചത് കൊണ്ടാണ് ഇപ്പോള്‍ സ്ഥാനക്കയറ്റം നല്‍കി ഉയര്‍ത്തിക്കൊണ്ടു വരുന്നത്. ഇത് എന്ത് സന്ദേശമാണ് പുറംലോകത്തിന് നല്‍കുന്നതെന്ന ചോദ്യമുണ്ട്. അതുകൊണ്ടാണ് രാജിവെക്കാന്‍ തയ്യാറായത്. എന്നെ പിന്തുണച്ച ബ്ലോക്ക് ട്രെഷറര്‍ നിയാസ് മുഹമ്മദിനെയും എന്നെയും മറ്റ് രണ്ട് സഖാക്കളെയും കമ്മിറ്റി പോലും അറിയിക്കില്ല. പൂര്‍ണമായും ഒഴിവാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. സഖാവ് റിയാസിനെ പഠനക്യാമ്പില്‍ പോലും പങ്കെടുപ്പിച്ചിട്ടില്ല. ഞങ്ങള്‍ക്ക് പറയാനുള്ള പരാതികള്‍ ജില്ലാ നേതൃത്വത്തെ നിരന്തരം അറിയിച്ചിട്ടും അതിലൊരു നടപടിയെടുക്കാന്‍ തയ്യാറായില്ല. പരാതിയെ വിഷയമായി പോലും പരിഗണിക്കാന്‍ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ഒരു പ്രതിമയെ പോലെ അവിടെ ഇരിക്കുകയാണ്. ഒന്നും ചെയ്യാനില്ല. അവര്‍ നമുക്ക് വേണ്ടി ഒന്നും ചെയ്യുന്നുമില്ല.

Q

പരാതിയെത്തുടര്‍ന്ന് പി കെ ശശിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു. പാര്‍ട്ടി പി കെ ശശിക്കൊപ്പമാണെന്നാണോ കരുതുന്നത്.

A

പാര്‍ട്ടിക്കും ഡിവൈഎഫ്‌ഐക്കും എതിരല്ല ഞാന്‍. പി കെ ശശി എന്നൊരാള്‍ സ്വന്തം തീരുമാന പ്രകാരം നടത്തുന്ന ജില്ലാ കമ്മിറ്റിയും ബ്ലോക്ക് കമ്മിറ്റിയും ആയത് കൊണ്ടാണ് പുറത്ത് വരാന്‍ തീരുമാനിച്ചത്.

Q

പാര്‍ട്ടി മെമ്പര്‍ മാത്രമായ പി കെ ശശി നിര്‍ണായക തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന ആളാണോ ഇപ്പോഴും

A

പി കെ ശശിക്ക് നല്ല സ്വാധീനമുണ്ട്. ജില്ലയിലെ ഡിവൈഎഫ്‌ഐ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് പി കെ ശശി പറയുന്നതിനനുസരിച്ചാണ്.

Q

ഡി വൈ എഫ് ഐ ഭാരവാഹികളെ തീരുമാനിക്കുന്നത് പാര്‍ട്ടി ജില്ലാ നേതൃത്വമല്ലേ

A

പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കുന്നത്. പക്ഷേ അതില്‍ മറ്റ് കാര്യങ്ങള്‍ പറയാന്‍ ഞാന്‍ തയ്യാറല്ല. എല്ലാ ചുമതലകളില്‍ നിന്നും ഒഴിയുക എന്ന തീരുമാനമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. അതിനര്‍ത്ഥം പാര്‍ട്ടിക്കെതിരെ പോകുന്നുമെന്നല്ല.

Q

പാര്‍ട്ടി മെമ്പറാണോ

A

പാര്‍ട്ടി മെമ്പര്‍ഷിപ്പ് തന്നിട്ടില്ല. പരാതി നല്‍കിയത് കൊണ്ട് ഇനി വരികയുമില്ലായിരിക്കും. പ്രശ്‌നം നിലനില്‍ക്കുന്നത് കൊണ്ട് പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്ക് കൊണ്ടു വന്നിട്ടില്ല. അനുഭാവി ഗ്രൂപ്പിലുണ്ടായിരുന്നു.

Q

കൂടെ നിന്നവരെ തരംതാഴ്ത്തിയ ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയും പരസ്യമായി അപമാനിച്ചതിലും പരാതി നല്‍കുന്നുണ്ടോ

A

പരാതി കൊടുക്കാനൊന്നും തീരുമാനിച്ചിട്ടില്ല. രാജിവെയ്ക്കുക എന്നത് മാത്രം. നമ്മളെ അപമാനിക്കുന്ന ഘടകത്തില്‍ നില്‍ക്കാതെ പുറത്ത് പോകുക എന്ന നിലപാടാണ് എടുത്തത്. എന്റെ കൂടെ നിന്നവരെല്ലാം ബുദ്ധിമുട്ടുണ്ട. അവര്‍ക്ക് വേണ്ടി ഇതല്ലാതെ വേറെയൊന്നും ചെയ്യാനില്ല. എനിക്ക് ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ഇതാണ്. പ്രതിമ പോലെ നില്‍ക്കാന്‍ വയ്യ. ജില്ലാ കമ്മിറ്റിയില്‍ തുടരണമെന്ന് അവര്‍ പറയുന്നുണ്ട്. പരിപാടികളില്‍ പങ്കെടുപ്പിക്കാതെയും കമ്മിറ്റികള്‍ അറിയിക്കാതെയും ഇരിക്കുമ്പോള്‍ ഡിസിയില്‍ തുടരുന്നതില്‍ കാര്യമില്ല.

Q

രാജിവെച്ചതിന് ശേഷം ജില്ലാ നേതൃത്വം ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നോ

A

ജില്ലാ സെക്രട്ടറി സംസാരിച്ചു. തുടരാന്‍ ആവശ്യപ്പെട്ടു. തീരുമാനം പുനപരിശോധിക്കാന്‍ പറഞ്ഞു

Q

പാലക്കാട് മണ്ഡലത്തിലെ എം ബി രാജേഷിന്റെ തോല്‍വിക്ക് കാരണം ശശിക്കെതിരായ പരാതിയില്‍ താങ്കള്‍ക്ക്‌ അനുകൂലമായ നിലപാട് സ്വീകരിച്ചതാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ടല്ലോ.

A

ഉണ്ടായിരുന്നു. ഇപ്പോള്‍ അതിനെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ല. കുറച്ച് പരിമിതികള്‍ ഇപ്പോഴും ഉണ്ട്.

Q

പി കെ ശശിക്ക് വലിയ സ്വാധീനമുള്ള മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള പ്രദേശങ്ങളില്‍ എം ബി രാജേഷിന് വോട്ട് കുറഞ്ഞില്ലേ


A

അതെ. പാര്‍ട്ടി അക്കാര്യങ്ങള്‍ പരിശോധിക്കട്ടെ. എന്നിട്ട് ഉചിതമായ നടപടി സ്വീകരിക്കട്ടെ

Q

പി കെ ശശിയെ പാര്‍ട്ടി സംരക്ഷിക്കുന്നതായി അഭിപ്രായമുണ്ടോ

A

അടുത്ത കമ്മിറ്റി മുതല്‍ അയാള്‍ പാര്‍ട്ടി ഘടകങ്ങളില്‍ വരുമെന്ന നിലയിലാണ് കാര്യങ്ങള്‍. നമ്മള്‍ കൊടുത്ത പരാതിയിലെ നടപടിയുടെ സമയം കഴിഞ്ഞു. അയാള്‍ തിരിച്ചു വരാനുള്ള സമയമായി. അതിനപ്പുറത്തേക്കുള്ള കാര്യങ്ങള്‍ അറിയില്ല

Q

രാഷ്ട്രീയ പ്രവര്‍ത്തനം തുടരാനാണോ തീരുമാനം

A

ഭാവി തീരുമാനിച്ചിട്ടില്ല

Related Stories

No stories found.
logo
The Cue
www.thecue.in