ബിജെപി എംഎല്‍എ യുവതിയെ മര്‍ദ്ദിച്ചതില്‍ ‘രാഖി’ ട്വിസ്റ്റ് ; മലക്കം മറിഞ്ഞ് ഇരയും എംഎല്‍എയും 

ബിജെപി എംഎല്‍എ യുവതിയെ മര്‍ദ്ദിച്ചതില്‍ ‘രാഖി’ ട്വിസ്റ്റ് ; മലക്കം മറിഞ്ഞ് ഇരയും എംഎല്‍എയും 

എന്‍സിപി വനിതാനേതാവിനെ നടുറോഡില്‍ ബിജെപി എംഎല്‍എ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം വൈറലായിരുന്നു. ഗുജറാത്ത് എംഎല്‍എ ബല്‍റാം തവാനിയാണ് നരോദയില്‍ നിന്നുള്ള എന്‍സിപി നേതാവ് നിതു തേജ്‌വാനിയെ ആക്രമിച്ചത്. തവാനിയും കൂട്ടാളികളും ചേര്‍ന്ന് നിതുവിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. തുടരെത്തുടരെ തവാനി നിതുവിനെ ചവിട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. എംഎല്‍എ ആക്രമണം തുടരുമ്പോള്‍ ഭര്‍ത്താവാണ് നിതുവിന്റെ രക്ഷയ്‌ക്കെത്തിയത്. ഭര്‍ത്താവിനും മര്‍ദ്ദനമേറ്റിരുന്നു.

തങ്ങളുടെ മേഖലയില്‍ കുടിവെള്ളം കിട്ടാതെ ജനം ഉഴലുകയാണൈന്ന് എംഎല്‍എയെ ധരിപ്പിക്കാനെത്തിയതായിരുന്നു. നിതുതും ഭര്‍ത്താവും. എന്നാല്‍ വിഷയം കേള്‍ക്കാന്‍ പോലും താല്‍പ്പര്യം കാണിക്കാതെ എംഎല്‍എ കയര്‍ക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് ഇവര്‍ മാധ്യമങ്ങളോട് തുറന്നടിക്കുകയും ചെയ്തു. തവാനി തന്നെ അടിച്ചുതാഴെയിടുകയും ചവിട്ടുകയും ചെയ്തു. എംഎല്‍എയും കൂട്ടാളികളും ചേര്‍ന്ന് ഭര്‍ത്താവിനെയും മര്‍ദ്ദിച്ചു. മോദി ഭരണത്തില്‍ സ്ത്രീകള്‍ സുരക്ഷതരല്ലെന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണ്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി എംഎല്‍എയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ നിര്‍ണ്ണായക ട്വിസ്റ്റുണ്ടായിരിക്കുകയാണ്. മര്‍ദ്ദനമേറ്റ നിതു ആക്രമിച്ച തവാനിക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ രാഖി കെട്ടി. അവള്‍ തനിക്ക് സഹോദരിയാണെന്നും കഴിഞ്ഞ ദിവസത്തെ സംഭവങ്ങളില്‍ താന്‍ നിതുവിനോട് മാപ്പുപറഞ്ഞെന്നും തവാനി പറയുന്നു. തങ്ങള്‍ക്കിടയിലെ ആശയക്കുഴപ്പങ്ങള്‍ മാറിക്കിട്ടി. തന്നെക്കൊണ്ടാകുന്ന സഹായങ്ങളെല്ലാം അവര്‍ക്ക് ലഭ്യമാക്കുമെന്നും എംഎല്‍എ പറഞ്ഞു. തവാനി ജ്യേഷ്ഠനെന്ന നിലയില്‍ അടിച്ചതാണെന്നും അദ്ദേഹത്തിന് മറ്റ് ദുരുദ്ദേശങ്ങളില്ലെന്ന് മനസ്സിലായെന്നുമാണ് യുവതിയുടെ വിശദീകരണം.

അറസ്റ്റൊഴിവാക്കാന്‍ ഇരയെ എംഎല്‍എ സ്വാധീനിക്കുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. സംഭവം വിവാദമായതോടെ തവാനി മാപ്പുപറയണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. നേതൃത്വം കൈവിട്ടതോടെ, തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച് തവാനി രംഗത്തെത്തുകയും ചെയ്തു. 22 വര്‍ഷമായി താന്‍ രാഷ്ട്രീയത്തിലുണ്ടെന്നും ഇത്തരത്തില്‍ ഒരു സംഭവം തന്റെ കരിയറില്‍ ഇതുവരെയുണ്ടായിട്ടില്ലെന്നും മാപ്പ് ചോദിക്കുന്നതായും പറഞ്ഞിരുന്നു. പിന്നാലെയാണ് നിതു, തവാനിക്ക് രാഖി കെട്ടിക്കൊടുത്തത്.

Related Stories

No stories found.
The Cue
www.thecue.in