പത്ത്, പ്ലസ് ടു രീതി ഇല്ല, 5+3+3+4  ഘടനയുമായി മോദി സര്‍ക്കാര്‍; കരട് വിദ്യാഭ്യാസ നയം തയ്യാര്‍, 9-12 ക്ലാസുകളില്‍ സെമസ്റ്റര്‍ 

പത്ത്, പ്ലസ് ടു രീതി ഇല്ല, 5+3+3+4 ഘടനയുമായി മോദി സര്‍ക്കാര്‍; കരട് വിദ്യാഭ്യാസ നയം തയ്യാര്‍, 9-12 ക്ലാസുകളില്‍ സെമസ്റ്റര്‍ 

രാജ്യത്തെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ തയ്യാറായി. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ എച്ച്ആര്‍ഡി മന്ത്രാലയത്തിന് ദേശീയ വിദ്യാഭ്യാസ നയ കമ്മിറ്റി സമര്‍പ്പിച്ചു. നിലവില്‍ വര്‍ഷങ്ങളായി പിന്തുടര്‍ന്നുവരുന്ന 10+2 രീതി മാറ്റുകയെന്നതാണ് ഏറ്റവും പ്രധാന ശുപാര്‍ശ. 5+3+3+4 എന്ന ഘടനയിലേക്ക് രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസം മാറ്റാനാണ് രണ്ടാം മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്.

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്ന കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ കമ്മിറ്റിയാണ് പുതിയ ഫോര്‍മുല തയ്യാറാക്കിയത്. 50 വര്‍ഷമായി പിന്തുടരുന്ന 10, പ്ലസ് ടു ഘടന മാറ്റാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. 5+3+3+4 രീതി അനുസരിച്ച് ഹയര്‍ സെക്കണ്ടറി അല്ലെങ്കില്‍ ജൂനിയര്‍ കോളേജ് എന്ന രീതി ഉണ്ടാവില്ല. നേരത്തെ 1-12 ക്ലാസുകളായിരുന്നു രീതി, 1-5 വരെ പ്രൈമറി, 6-8 അപ്പര്‍ പ്രൈമറി, 9-10 ക്ലാസുകള്‍ സെക്കന്‍ഡറി 11,12 ക്ലാസുകള്‍ ഹയര്‍ സെക്കന്‍ഡറി എന്നായിരുന്നു ഘടന.

കോത്താരി കമ്മീഷന്‍ 1968-ല്‍ രൂപം നല്‍കിയ വിദ്യാഭ്യാസ നയപ്രകാരമാണ് സ്‌കൂള്‍ വിദ്യാഭ്യാസം 10+2 രീതി അവംലംബിച്ചത്.

പുതിയ നയപ്രകാരം ശുപാര്‍ശ ചെയ്യുന്ന 5+3+3+4 രീതിയില്‍ 3 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളെ വളര്‍ച്ചയുടെ നാല് വെവ്വേറെ ഘട്ടങ്ങളാക്കി തിരിച്ചുകൊണ്ടാണ് പാഠ്യപദ്ധതി രൂപ കല്പന ചെയ്യുന്നത്.

5+3+3+4 രീതിയില്‍ 11,12 ക്ലാസുകള്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വിഭാഗത്തിലാണ് പെടുക. 3-8 വരെ പ്രായം ഒരു ഘട്ടം, 8 മുതല്‍ 11 വരെ രണ്ടാം ഘട്ടം, 11 വയസ് മുതല്‍ 14 വരെ മൂന്നാംഘട്ടം, 14-18 നാലാം ഘട്ടം എന്നിങ്ങനെയാണ് കുട്ടികളെ വേര്‍തിരിക്കുന്നത്. ഒന്നാം ക്ലാസിന് മുമ്പുള്ള കെജി വിദ്യാഭ്യാസം അഥവാ പ്രീ-പ്രൈമറി വിദ്യാഭ്യാസം സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാകും.

3 വയസു മുതല്‍ 8 വയസുവരെയുള്ള ആദ്യഘട്ടം 2 ക്ലാസോടെയാണ് അവസാനിക്കുക. 3, 4, 5 ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്രിപറേറ്ററി ഘട്ടമാണ് രണ്ടാമത്തേത്. മുന്‍പത്തെ പ്രൈമറി വിദ്യാഭ്യാസം. 6, 7, 8 ക്ലാസുകള്‍ ഉള്‍പ്പെടുന്ന മധ്യഘട്ടം അഥവാ അപ്പര്‍ പ്രൈമറി ഘട്ടമാണ് മൂന്നാമത്തേത്. 9 മുതല്‍ 12 വരെ ക്ലാസുകള്‍ ഉള്‍പ്പെടുന്ന നാലാമത്തെ ഘട്ടത്തെ ഹൈ സ്റ്റേജെന്നോ സെക്കന്‍ഡറി സ്‌റ്റേജെന്നോ വിളിക്കും. ഇതാണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അവസാനഘട്ടം.

അടിസ്ഥാന ഘട്ടമായ അഞ്ച് വര്‍ഷം കളികളിലൂടെ വ്യക്തിവികസനത്തിന് അവസരമുണ്ടാക്കും. പതിയെ പുസ്തകങ്ങളിലേക്ക് നയിക്കും. ക്ലാസ് റൂം പഠനത്തിലേക്ക് പതുക്കെ പ്രയാണം. സ്‌കൂള്‍ കാലഘട്ടത്തെ സെമസ്റ്ററുകളാക്കി തിരിക്കാനും കസ്തൂരിരംഗന്‍ സമതിയുടെ നിര്‍ദേശമുണ്ട്. സെക്കണ്ടറി വിദ്യാഭ്യാസത്തെ ഓരോ വര്‍ഷവും രണ്ട് സെമസ്റ്ററുകളാക്കാനാണ് ശുപാര്‍ശ. മൊത്തം എട്ട് സെമസ്റ്ററുകളാണ് 9-12 വരെ സെക്കണ്ടറി വിദ്യാഭ്യാസത്തിലുണ്ടാവുക.

ഓരോ സെമസ്റ്ററിലും അഞ്ചോ ആറോ വിഷയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാം. ചില വിഷയങ്ങള്‍ നിര്‍ബന്ധമാകുമ്പോള്‍ മറ്റുള്ളവ താത്പര്യത്തിനനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടാക്കാനും നിര്‍ദേശം.

പരസ്പര വ്യവഹാരത്തിന് അവസരമൊരുക്കുന്ന പഠനം, ഇന്ററാക്ടീവ് ക്ലാസ് റൂമുകളാണ് പുതിയ വിദ്യാഭ്യാസ നയത്തിലൂടെ സമിതി ലക്ഷ്യമിടുന്നത്. കരട് നയത്തെ മോദി സര്‍ക്കാര്‍ എങ്ങനെ ഉള്‍ക്കൊള്ളുമെന്നത് വരുംദിവസങ്ങളില്‍ അറിയാം.

Related Stories

No stories found.
logo
The Cue
www.thecue.in