കെവിന്‍ വധം, വിവാദത്തിന് പിന്നാലെ എസ് ഐക്കെതിരെ നടപടി, പരാതിയുമായി മുന്നോട്ടെന്ന് കുടുംബം 

കെവിന്‍ വധം, വിവാദത്തിന് പിന്നാലെ എസ് ഐക്കെതിരെ നടപടി, പരാതിയുമായി മുന്നോട്ടെന്ന് കുടുംബം 

കെവിന്‍ വധക്കേസില്‍ കുറ്റാരോപിതനായി സസ്‌പെന്‍ഷനിലായ എസ് ഐ ഷിബുവിനെതിരെ വീണ്ടും നടപടി. സംസ്ഥാനത്തെ ഏറ്റവും ജൂനിയറായ എസ് ഐയായി തരംതാഴ്ത്തിയാണ് വകുപ്പുതല നടപടി വന്നിരിക്കുന്നത്. ഷിബുവിനെ തിരിച്ചെടുത്ത സംഭവത്തില്‍ ആഭ്യന്തരവകുപ്പ് പ്രതികൂട്ടിലായിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പുതല നടപടിയെടുത്തിരിക്കുന്നത്. തംതാഴ്ത്തിയതിന് പുറമേ ഇടുക്കി ജില്ലയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട. സസ്‌പെന്‍ഷന്‍ റദ്ദാക്കിയ ഷിബുവിനെ കോട്ടയം ജില്ലയില്‍ തന്നെ നിലനിര്‍ത്തിയതിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. എറണാകുളം റെയ്ഞ്ച് ഐജിയാണ് നടപടിയെടുത്ത ഉത്തരവ് ഇറക്കിയിരിക്കുന്നത്.

എന്നാല്‍ ഷിബുവിനെ തിരിച്ചെടുത്ത സംഭവം അറിഞ്ഞില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. മാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത അറിഞ്ഞത്.

പരാതിയുമായി മുന്നോട്ട് പോകുമെന്ന് കെവിന്റെ പിതാവ് ജോസഫ് പ്രതികരിച്ചു. കണ്ണില്‍ പൊടിയിടാനുള്ള നടപടിയാണിത്. ആറു മാസം കഴിഞ്ഞാല്‍ എസ് ഐ തിരിച്ചെത്തും. ഇത് ശിക്ഷയായി അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മനുഷ്യാവകാശ കമ്മീഷന്‍, ഡിജിപി എന്നിവര്‍ക്ക് ഇന്ന് തന്നെ പരാതി നല്‍കുമെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു.

കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ് ഐ ആയിരുന്നു ഷിബു. കെവിന്‍ കേസില്‍ പ്രതികളെ സഹായിച്ചെന്ന ആരോപണത്തിലായിരുന്നു ഷിബുവിനെതിരെ നടപടി. സസ്പന്‍ഷനിലായിരുന്ന ഷിബുവിന് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയിരുന്നു. കെവിന്‍ കേസില്‍ വിചാരണ നടക്കുന്നതിനിടെ എസ് ഐയെ തിരിച്ചെടുത്ത്ത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. കോട്ടയം ജില്ലയില്‍ തന്നെ നിയമനം നല്‍കിയതിനെതിരെ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ റിപ്പോര്‍ട്ട് നല്‍കിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അയല്‍ ജില്ലകളില്‍ നിയമിക്കുന്നതാവും ഉചിതമെന്നും അദ്ദേഹം ശുപാര്‍ശ ചെയ്തിരുന്നു.

കെവിന്‍ കേസിലെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ ഗാന്ധി നഗര്‍ സ്റേറഷനിലെ എ എസ് ഐ ബിജുവിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. കെവിനെ തട്ടിക്കൊണ്ടു പോയത് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്നാണ് പോലീസുകാര്‍ക്കെതിരെയുള്ള ആരോപണം. സസ്പെന്‍ഷനിലായിരുന്ന എസ് ഐ ബിജു നല്‍കിയ വിശദീകരണം തൃപ്തികരമായതിനാലാണ് തിരിച്ചെടുക്കുന്നതെന്നാണ് വിശദീകരണം.

ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്ഐ ടി.എം. ബിജു , പോലീസ് ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ കേസിലെ സാക്ഷികളാണ്. പ്രതികളെ കൈക്കൂലി വാങ്ങി രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന് ഇവര്‍ക്കെതിരെ കേസ്. സാനു ചാക്കോയില്‍ നിന്ന് 2000 രൂപ ബിജു കൈക്കൂലി വാങ്ങിയെന്നും വിഹിതം ജീപ്പ് ഡ്രൈവര്‍ക്ക് നല്‍കിയെന്നുമായിരുന്നു ആരോപണം. അന്വേഷണത്തില്‍ കുറ്റക്കാരണെന്ന് കണ്ടെത്തി. അജയകുമാറിന്റെ ആനുകൂല്യം നിഷേധിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in