ഫിറോസിന്റേത് ഫാഷിസ്റ്റ് വായനയെന്ന് കെഎം ഷാജി;ഇവിഎം തിരിമറി സാധ്യമെന്ന് വിശദ മറുപടി 

ഫിറോസിന്റേത് ഫാഷിസ്റ്റ് വായനയെന്ന് കെഎം ഷാജി;ഇവിഎം തിരിമറി സാധ്യമെന്ന് വിശദ മറുപടി 

ഇവിഎമ്മില്‍ ക്രമക്കേട് സാധ്യമല്ലെന്നും തിരിമറിയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് ആര്‍എസ്എസ് തന്നെയാണെന്നും പറഞ്ഞ പികെ ഫിറോസിനെ തള്ളി കെ എം ഷാജി എംഎല്‍എ. വോട്ടിംഗ് മെഷീനെ സംശയിക്കേണ്ടെന്നത് നിരക്ഷരമായ ഫാഷിസ്റ്റ് വായനയാണെന്ന് ഷാജി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മോദിക്കു മുമ്പ് അധികാര ഫാഷിസം ഇന്ത്യയില്‍ ഇല്ലായിരിക്കാം. പക്ഷേ ഫാഷിസത്തിന്റെ ശീല വൈകൃതങ്ങളെക്കുറിച്ച് സാമാന്യബോധമില്ലാത്തവരാണ് എല്ലാവരുമെന്ന് വിചാരിക്കുന്നത് തെറ്റാണെന്ന് കെ എം ഷാജി ഓര്‍മ്മിപ്പിക്കുന്നു. ഇവിഎമ്മില്‍ രണ്ട് തരം അട്ടിമറി സാദ്ധ്യതകളുണ്ട്, ഇവിഎം ഹാക്ക് ചെയ്യാം. രണ്ടാമതായി കാണാതായ ഇവിഎമ്മുകള്‍ ഉയര്‍ത്തുന്ന ദുരൂഹതയുമുണ്ടെന്നും ഷാജി പറയുന്നു.

പ്രോഗ്രാമിങ്ങ് ലാംഗ്വേജ് നേരത്തെ തന്നെ കൃത്രിമത്വം കാണിക്കാനുതകും വിധം സെറ്റ് ചെയ്തതാണെങ്കില്‍ അതില്‍ തിരിമറി സാധ്യമാണ്. ഒരു നിശ്ചിത ശതമാനം വോട്ടുകള്‍ പോള്‍ ചെയ്ത ശേഷം മാത്രം കൃത്രിമം നടക്കുന്ന രീതിയില്‍ പ്രോഗ്രാമിങ്ങില്‍ മാറ്റം വരുത്താന്‍ കഴിയും. അത് പ്രോഗ്രാമിംഗ് ലാംഗ്വേജ് പഠിച്ചവര്‍ക്കറിയാം. അപ്പോള്‍ മോക്‌പോള്‍ വിലയിരുത്തി ഇവിഎം ശരിയാണെന്ന് പറയാനാവില്ല. മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ താമരക്ക് ലൈറ്റ് തെളിയുന്ന പല സംഭവങ്ങളും വര്‍ഷങ്ങളായി വീഡിയോ സഹിതം പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ ഇപ്പോഴും മൗനത്തിലാണ്. എന്തുകൊണ്ട് എല്ലാ വോട്ടുകളും ബിജെപിക്ക് വീഴുന്ന ഈ പ്രതിഭാസം സംഭവിക്കുന്നു. ഇവിഎം തകരാര്‍ ആണെങ്കില്‍ എന്ത് കൊണ്ട് ഇത് തിരിച്ച് സംഭവിക്കുന്നില്ലെന്നും കെ എം ഷാജി ചോദിക്കുന്നു. രാഷ്ട്രപതി മുതല്‍ വില്ലേജ് ഓഫീസറെ വരെ ചൂണ്ടുവിരലില്‍ നിര്‍ത്താന്‍ കെല്‍പ്പുള്ള സംഘപരിവാര്‍ ശക്തികളുടെ എല്ലാ ദുരൂഹതകളും നിരന്തര ചോദ്യങ്ങളിലൂടെ സുതാര്യമാക്കി മാത്രമേ ഇന്ത്യയെ വീണ്ടെടുക്കാന്‍ സാധിക്കൂ. മറിച്ചുള്ള വാദം മോദി മഹാനെന്ന പ്രചാരണം പോലെ തന്നെ നിഷ്‌കളങ്കമായ ഒന്നല്ലെന്നും പരാമര്‍ശിച്ചാണ് കെ എം ഷാജി കുറിപ്പ് അവസാനിപ്പിക്കുന്നത്.

വോട്ടിംഗ് മെഷീനില്‍ ക്രിത്രിമം നടന്നിട്ടില്ലെന്നായിരുന്നു പി കെ ഫിറോസിന്റെ വാദം. തിരിമറിയുണ്ടായെങ്കില്‍ ഒരു നിയോജക മണ്ഡലത്തിലെ 5 ബൂത്ത് വീതം വി.വി പാറ്റുകള്‍ എണ്ണിയപ്പോള്‍ പൊരുത്തക്കേടുകള്‍ ഉണ്ടാവേണ്ടതായിരുന്നില്ലേയെന്ന് ഫിറോസ് ചോദിക്കുന്നു. 543 പാര്‍ലമെന്റ് മണ്ഡലത്തിലെയും നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വി.വി പാറ്റുകള്‍ എണ്ണിയപ്പോള്‍ ഒരിടത്ത് പോലും വ്യത്യാസം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഹാക്ക് ചെയ്ത മെഷീന്‍ എന്തുകൊണ്ട് കേരളത്തിലും തമിഴ്‌നാട്ടിലും വന്നില്ലെന്നും ഒരു സെറ്റ് മെഷീന്‍ തിരുവനന്തപുരത്തേക്കെങ്കിലും ബി.ജെ.പി കൊടുത്തയക്കാതിരിക്കുമോയെന്നും ഫിറോസ് കുറിപ്പില്‍ ചോദിച്ചിരുന്നു. കുമ്മനം കൂടി ജയിച്ചിരുന്നെങ്കില്‍ ഇ.വി.എമ്മിനെ പ്രത്യേകിച്ച് ആരെങ്കിലും സംശയിക്കുമോയെന്നാണ് ഇതിന് ആധാരമായി ഫിറോസ് ചൂണ്ടിക്കാട്ടിയത്.

വോട്ടിംഗ് മെഷീനുകള്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലായിരിക്കെ ബിജെപി ഇതര സര്‍ക്കാരുകളുള്ള ഇടങ്ങളില്‍ എങ്ങനെ ഹാക്ക് ചെയ്ത് ക്രിത്രിമം നടത്താനാകുമെന്നും ഫിറോസ് ഉന്നയിക്കുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ അറിയാതെ മറ്റാര്‍ക്കെങ്കിലും ഇ.വി.എം കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകില്ല.ഇ.വി.എമ്മില്‍ ക്രമക്കേട് ഉണ്ട് എന്ന പ്രചരണത്തിന് പിന്നില്‍ ആര്‍. എസ്.എസ്സാണ്. പ്രതിപക്ഷം ഈ കെണിയില്‍ വീണു. ബി.ജെ.പിയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ മനം മടുത്ത ഒരു ജനത ഇവിടെയുണ്ട്. അവരുടെ അവസാനത്തെ ആയുധമാണ് ബി.ജെ.പിക്കെതിരെ വോട്ട് രേഖപ്പെടുത്തുക എന്നത്. എന്നാല്‍ ഇ.വി.എമ്മില്‍ ബി.ജെ.പിക്കെതിരെ വോട്ട് ചെയ്തിട്ട് കാര്യമില്ലെന്ന് വന്നാല്‍ ആരെങ്കിലും ബൂത്തില്‍ പോകുമോ ? അതിന്റെ പ്രയോജനം ബിജെപിക്കാണ് ലഭിക്കുകയെന്നും രാജ്യത്ത് പോള്‍ ചെയ്യാത്ത വോട്ടിന്റെ നല്ലൊരു ശതമാനം ഇത്തരക്കാരുടേതായിരിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായും ഫിറോസ് വിശദീകരിക്കുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in