ബീഫ് കഴിക്കാനുള്ള അവകാശത്തെക്കുറിച്ച് 2017 ല്‍ പോസ്റ്റിട്ടു; തെരഞ്ഞെടുപ്പിന് പിന്നാലെ അറസ്റ്റ് 

ബീഫ് കഴിക്കാനുള്ള അവകാശത്തെക്കുറിച്ച് 2017 ല്‍ പോസ്റ്റിട്ടു; തെരഞ്ഞെടുപ്പിന് പിന്നാലെ അറസ്റ്റ് 

ബീഫ് കഴിക്കുകയെന്നത് ആദിവാസി വിഭാഗത്തിന്റെ ജനാധിപത്യപരവും സാംസ്‌കാരികവുമായ അവകാശമാണെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡ് സ്വദേശി ജീത്‌റായ് ഹന്‍സ്ദക്കെതിരെയാണ് സാക്ചി പൊലീസിന്റെ നടപടി. ഇദ്ദേഹം സാക്ചിയിലെ സര്‍ക്കാര്‍ വനിതാ കോളജിലെ അദ്ധ്യാപകനും ആദിവാസി സന്നദ്ധ പ്രവര്‍ത്തകനും നാടകകലാകാരനുമാണ്. 2017 ലെ പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ അറസ്റ്റ് നീട്ടിവെയ്ക്കുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നതെന്ന് ഇദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പ് അറസ്റ്റ് നടന്നാല്‍ ആദിവാസി വിഭാഗങ്ങളുടെ എതിര്‍പ്പ് ജനവിധിയില്‍ പ്രതിഫലിക്കുമെന്ന ബിജെപി ഭയപ്പെട്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. ഝാര്‍ഖണ്ഡില്‍ ആകെയുള്ള 14 ല്‍ 12 സീറ്റുകളും ബിജെപി നേടിയിരുന്നു. 2014 ലും ഇത്രയും സീറ്റ് ബിജെപിക്കുണ്ടായിരുന്നു. രഘുബര്‍ദാസ് മുഖ്യമന്ത്രിയായ ബിജെപി സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്.

ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപിയാണ് അദ്ധ്യാപകനെതിരെ പൊലീസിനെ സമീപിച്ചത്. 2017 ല്‍ ജീത്‌റായിക്കെതിരെ എഫ്‌ഐആറിടുകയും സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ സ്റ്റേഷനിലെത്തിയ ഘട്ടത്തില്‍ ജീത്‌റായിയെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇപ്പോഴത്തെ അറസ്റ്റ് ബിജെപിയുടെ ഗൂഢാലോചനയാണെന്ന് അദ്ധ്യാപകന്റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ബീഫ് കഴിക്കുന്നത് ആദിവാസികളുടെ ജനാധിപത്യപരവും സാംസ്‌കാരികവുമായ അവകാശമാണ്.പശുബലി ആദിവാസികളുടെ പ്രധാന ആചാരവുമാണ്. അതിനാല്‍ ബീഫ് കഴിക്കരുതെന്ന ഹിന്ദു നിയമങ്ങള്‍ പാലിക്കാനാകില്ല. ദേശീയ പക്ഷിയായ മയിലിന്റെ ഇറച്ചിയും ആദിവാസി വിഭാഗങ്ങള്‍ കഴിക്കാറുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ബീഫ് നിരോധനം നടപ്പാക്കിയാല്‍ ആദിവാസി വിഭാഗങ്ങളുടെ പൈതൃകാചാരങ്ങള്‍ തകര്‍ക്കപ്പെടും 

ജീത്‌റായ് ഹന്‍സ്ദ

എബിവിപി പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ, 295 എ, 505 വകുപ്പുകള്‍ ചുമത്തി മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസെടുത്തത്.

കേസിന്റെ കാരണം പറഞ്ഞ് കൊല്‍ഹാന്‍ സര്‍വ്വകലാശാല ജീത്‌റായിയെ അദ്ധ്യാപക പദവിയില്‍ നിന്ന് നീക്കാന്‍ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്

അതേസമയം ഇതേ തുടര്‍ന്ന് ആദിവാസി ഗോത്ര രീതികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന മഛി പര്‍ഗാന മഹല്‍, വൈസ് ചാന്‍സലര്‍ക്ക് പ്രതിഷേധമറിയിച്ച് കത്തയച്ചു. ആദിവാസികളുടെ ജീവിത രീതി പ്രതിപാദിച്ചാണ് കത്ത്. അദ്ധ്യാപകന്‍ മുന്‍പിട്ട ഫെയ്‌സ്ബുക്ക് കുറിപ്പ് തീര്‍ത്തും വസ്തുതാപരമാണെന്ന് കത്തില്‍ വിശദീകരിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in