കനത്ത തോല്‍വി പ്രവചിക്കുമ്പോഴും ഏഴ് സീറ്റില്‍ വിജയം ഉറപ്പെന്ന് സിപിഎം, നാലിടത്ത് സാധ്യത 

കനത്ത തോല്‍വി പ്രവചിക്കുമ്പോഴും ഏഴ് സീറ്റില്‍ വിജയം ഉറപ്പെന്ന് സിപിഎം, നാലിടത്ത് സാധ്യത 

കേരളത്തില്‍ സിപിഎമ്മിന് പരമാവധി നാല് സീറ്റ് ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. സിപിഎം ഉറച്ച സീറ്റായി കണക്കാക്കുന്ന കാസര്‍കോടും ആലത്തൂരിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് സാധ്യത ഇതില്‍ കല്‍പ്പിക്കുന്നത്. കാസര്‍കോട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്ക് അട്ടിമറി വിജയം നേടുമെന്നും എക്‌സിറ്റ് പോള്‍ പറയുമ്പോള്‍ ഉറച്ച മണ്ഡലങ്ങളില്‍ അടിതെറ്റില്ലെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം. ബുത്ത് തലം മുതലുള്ള കണക്കുകള്‍ കൃത്യമാണെന്നാണ് സിപിഎം വിലയിരുത്തുന്നത്. ഉറച്ച വോട്ടുകള്‍ മാത്രം കണക്കാക്കിയാണ് സാധ്യത നിര്‍ണ്ണയിച്ചിട്ടുള്ളത്.

കഴിഞ്ഞ തവണ നേടിയ കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, തൃശ്ശൂര്‍ എന്നീ മണ്ഡലങ്ങള്‍ക്കൊപ്പം കടുത്ത മത്സരം നടന്ന കൊല്ലവും ആലപ്പുഴയും ലഭിക്കുമെന്നാണ് സിപിഎം അവസാന നിമിഷങ്ങളിലും വിലയിരുത്തുന്നത്. ഈ ഏഴ് മണ്ഡലങ്ങള്‍ക്കൊപ്പം വടകര, പത്തനംതിട്ട, ചാലക്കുടി, ഇടുക്കി എന്നീ മണ്ഡലങ്ങളിലാണ് ജയസാധ്യത കാണുന്നത്. വടകരയില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് ലഭിച്ചാലും ഈഴവ വോട്ടുകള്‍ പി ജയരാജന് കൂടുതല്‍ ലഭിക്കുമെന്നും സിപിഎം കണക്ക് കൂട്ടുന്നു. എന്നാല്‍ വടകര മണ്ഡലത്തില്‍ സിപിഎമ്മിന്റെ പാര്‍ട്ടി വോട്ടുകള്‍ പോലും തങ്ങള്‍ക്ക് ലഭിച്ചെന്നാണ് യുഡിഎഫിന്റെ അവകാശവാദം.

കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, ആലത്തൂര്‍, മാവേലിക്കര, കൊല്ലം മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറച്ചെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഇത് ഈ മണ്ഡലങ്ങളിലെ ജയസാധ്യതയെ ബാധിക്കും. വടകരയും കണ്ണൂരിലും യുഡിഎഫും ബിജെപിയും ധാരണയിലാണെന്ന് തിരഞ്ഞെടുപ്പ് പ്രചരണ വേളയിലും സിപിഎം നേതൃത്വം ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ദിവസം ബിജെപി ബൂത്ത് ഏജന്റുമാരെ പോലും പലയിടത്തും നിര്‍ത്താതെ യുഡിഎഫിന് വോട്ട് മറച്ചെന്നും ആരോപണമുന്നയിച്ചിരുന്നു.

തിരഞ്ഞെടുപ്പിന് മുമ്പുള്ള അഭിപ്രായ സര്‍വേകളിലും ഇപ്പോള്‍ പുറത്ത് വന്ന എക്‌സിറ്റ് പോളുകളിലും കാസര്‍കോടും ആലത്തൂരും സിപിഎമ്മിന് നഷ്ടപ്പെടുമെന്ന് പ്രവചിക്കുമ്പോഴും ജയിക്കുമെന്ന് തന്നെയാണ് പാര്‍ട്ടി പറയുന്നത്. ഇതില്‍ കാസര്‍കോട് മണ്ഡലത്തില്‍ ഉയര്‍ന്ന ഭൂരിപക്ഷം നേടുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ഈ രണ്ട് മണ്ഡലങ്ങളിലും ഒരുലക്ഷത്തിലധികം ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നേടുമെന്നത് അവിശ്വസനീയമാണെന്നും നേതൃത്വം വ്യക്തമാക്കുന്നു.

എക്‌സിറ്റ് പോളുകളെ ഗൗരവമായി കാണേണ്ടതില്ലെന്നാണ് സിപിഎം അണികള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. ഫലം വരുന്ന ദിവസം എക്‌സിറ്റ് പോളുകളുടെ വിശ്വാസ്യത വ്യക്തമാകുമെന്ന് സിപിഎം നേതൃത്വം പറയുന്നു. മലബാറിലെ കോട്ട ഇളക്കാന്‍ രാഹുല്‍തരംഗത്തിന് കഴിയുമെന്ന പറയുന്ന സര്‍വേകള്‍ മലപ്പുറത്ത് ഇടത് മുന്നണി നില മെച്ചപ്പെടുത്തുമെന്ന് പറയുന്നത് വൈരുദ്ധ്യമാണെന്നും ചൂണ്ടിക്കാണിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in