വ്യാജരേഖ കേസ്:  ഫാദര്‍ ടോണി കല്ലൂക്കാരന്‍ ഒളിവില്‍, കുര്‍ബാനയ്ക്കും എത്തിയില്ല 

വ്യാജരേഖ കേസ്: ഫാദര്‍ ടോണി കല്ലൂക്കാരന്‍ ഒളിവില്‍, കുര്‍ബാനയ്ക്കും എത്തിയില്ല 

ഫാദര്‍ ടോണി കല്ലൂക്കാരന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വ്യാജ രേഖ നിര്‍മ്മിച്ചതെന്നാണ് ആദിത്യന്‍ 

സിറോ മലബാര്‍ സഭയിലെ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസില്‍ പോലീസ് തിരയുന്ന ഫാദര്‍ ടോണി കല്ലൂക്കാരന്‍ ഒളിവില്‍. ഇന്നത്തെ കുര്‍ബാനയില്‍ ഫാദര്‍ ടോണി കല്ലൂക്കാരന്‍ പങ്കെടുത്തില്ല. മുരിങ്ങൂര്‍ സാന്‍ജോ നഗര്‍ പള്ളി വികാരിയാണ് ഫാദര്‍ ടോണി കല്ലൂക്കാരന്‍. ആലുവ പോലീസ് സംഘം ഇന്നലെ രാത്രി കസ്റ്റഡിയിലെടുക്കാന്‍ സാന്‍ജോ പള്ളിയില്‍ എത്തിയിരുന്നെങ്കിലും വിശ്വാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങുകയായിരുന്നു. ടോണി കല്ലൂക്കാരന്‍ പള്ളിയില്‍ ഉണ്ടായിരുന്നില്ല. പള്ളിയില്‍ കൂട്ടമണിയടിച്ച് വിശ്വാസികളെ വരുത്തി. ഇവര്‍ പോലീസിനെ തടഞ്ഞു.

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ നിര്‍മിച്ച എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫാദര്‍ ടോണി കല്ലൂക്കാരന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വ്യാജ രേഖ നിര്‍മ്മിച്ചതെന്നാണ് ആദിത്യന്‍ പോലീസിന് നല്‍കിയ മൊഴി. തൃക്കാക്കര മജിസ്ട്രിറ്റിന് മുന്നിലും ഇതേകാര്യം ആദിത്യന്‍ ആവര്‍ത്തിച്ചു. പോലീസ് കേസാകില്ലെന്ന് ധരിപ്പിച്ചാണ് സഭയിലെ സഹവൈദികന്‍ വ്യാജരേഖ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടതെന്നും സഭയില്‍ ചര്‍ച്ചയാക്കുകയാണ് ലക്ഷ്യമെന്നും സഹവൈദികന്‍ പറഞ്ഞതെന്നുമാണ് ആദിത്യന്റെ മൊഴി.

മദ്രാസ് ഐ ഐ ടിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍. കേസില്‍ താന്‍ നിരപരാധിയാണെന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ആദിത്യന്‍ പറഞ്ഞു. ഈ മാസം 27 ന് നടക്കുന്ന പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. നേരത്തെ ഗസ്റ്റ് ലക്ചറായി ജോലി നോക്കിയിരുന്ന ആദിത്യന്‍ സിസ്റ്റം അഡ്മിനായി ജോലി ചെയ്യുന്നതിനിടെയാണ് കേസില്‍ ഉള്‍പ്പെടുന്നത്.

രാജ്യന്തര കമ്പനിയില്‍ സീറോ മലബാര്‍ സഭയിലെ ഉന്നതനും ലത്തീന്‍ റീത്തിലെ എട്ട് ബിഷപ്പുമാര്‍ക്കും് നിക്ഷേപമുണ്ടെന്നുള്ള രേഖകളാണ് വിവാദമായത്. കമ്പനിയുടെ ഡാറ്റ സിസ്റ്റത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ നേരത്തെ തന്നെ പരിചയമുള്ള ഫാദര്‍ ടോണി കല്ലൂകാരന് നല്‍കിയെന്നായിരുന്നു പുറത്ത് വന്ന വിവരം. ഫാദര്‍ ടോണി കല്ലൂക്കാരന്‍ വഴി ലഭിച്ച രേഖകള്‍ ഫാദര്‍ പോള്‍ തേലക്കാട്ട് ബിഷപ്പ് ജേക്കബ് മനത്തോടത്തിന് കൈമാറി. അദ്ദേഹം ഇത് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക നല്‍കി. തനിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന പരാതി കര്‍ദിനാള്‍ സിനഡില്‍ അവതരിപ്പിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in