അഷിത തന്നോട് പറഞ്ഞ ഗുരുതരമായ ചില കാര്യങ്ങള്‍ പറയിപ്പിക്കരുത്, സഹോദരനോട് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മുന്നറിയിപ്പ് 

അഷിത തന്നോട് പറഞ്ഞ ഗുരുതരമായ ചില കാര്യങ്ങള്‍ പറയിപ്പിക്കരുത്, സഹോദരനോട് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മുന്നറിയിപ്പ് 

അഷിതയുടെ സഹോദരന് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മറുപടി

അന്തരിച്ച എഴുത്തുകാരി അഷിതയുടെ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ സഹോദരന്‍ സന്തോഷ് നായര്‍ രംഗത്തെത്തിയിരുന്നു. ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച പ്രതികരണത്തില്‍ അഷിത അഭിമുഖത്തില്‍ ബന്ധുക്കളെക്കുറിച്ചും നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ചും എഴുതിയത് കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നവയാണെന്ന് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് അഷിതയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രതികരിച്ചിരിക്കുന്നത്.

മരിച്ചുപോയ കഥാകാരി അഷിതയ്ക്ക് ഭ്രാന്തായിരുന്നു എന്നും, അവരുടെ ആത്മകഥയില്‍ പറയുന്ന കാര്യങ്ങള്‍ നുണയാണെന്നും പറഞ്ഞുകൊണ്ട് അഷിതയുടെ സഹോദരന്‍ രംഗത്തുവന്നിരിക്കുന്നു മറുപടി പറയാന്‍ ഇന്ന് അഷിത ഇല്ല. 1975മുതല്‍ എനിക്ക് അഷിതയുമായി സൗഹൃദമുണ്ട്.അഷിത യുടെ വിഷാദമോഹനവും ദീര്‍ഘവുമായ കത്തുകള്‍ എന്റെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടുപോയി. 1979-82 കാലത്ത് ഞങ്ങള്‍ മഹാരാജാസ് കോളേജില്‍ സഹപാഠികളുമായിരുന്നു. അക്കാലത്ത് അപരാഹ്നങ്ങളില്‍ ലൈബ്രറിയിയുടെ അരികിലെ പടവുകളിലിരുന്ന് ഞങ്ങള്‍ ദീര്‍ഘനേരം സംസാരിക്കുമായിരുന്നു. അന്ന് അഷിത എന്നോടു പറഞ്ഞിട്ടുള്ള ഹൃദയഭേദകമായ അനുഭവങ്ങളുടെ സൗമ്യമായ ആവര്‍ത്തനം മാത്രമേയുള്ളു ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍. ഭ്രാന്ത് നല്ല ഒരു ഒഴിവുകഴിവാണ് വീട്ടുകാര്‍ക്ക്. മരിച്ചവരെക്കുറിച്ചാമ്പോള്‍ എളുപ്പമുണ്ട്. അഷിത എന്നോടു പറഞ്ഞിട്ടുള്ളതും ഗുരുതരവുമായ ചില കാര്യങ്ങളുണ്ട്. അതൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത് !മിസ്റ്റര്‍ സന്തോഷ്‌നായര്‍, നിങ്ങളല്ല,ഞാനായിരുന്നു അഷിതയ്ക്കു സഹോദരന്‍. നിങ്ങള്‍ അവര്‍ക്ക് ദുരന്തമായിരുന്നു. 

അഷിത അഭിമുഖത്തില്‍ ആരോപിച്ചതെല്ലാം അച്ഛനെയും തൊണ്ണൂറ് വയസ്സുള്ള അമ്മയെയും അപമാനിക്കുന്നതാണെന്ന് സഹോദരന്‍ സന്തോഷ് നായര്‍ ആരോപിച്ചിരുന്നു. അഷിതയെ കുറ്റപ്പെടുത്ത രീതിയിലാണ് കുറിപ്പ്. അഷിതയുടെ പ്രശ്‌നങ്ങള്‍ കുടുംബത്തിനകത്ത് ഒതുക്കിവയ്ക്കുകയായിരുന്നു. കൗമാരം മുതല്‍ കടുത്ത സ്‌കിസോഫ്രീനിയ രോഗിയായിരുന്നു അഷിതയെന്നും സഹോദരന്‍ പറയുന്നു. ഈ രോഗം മൂലം യാഥാര്‍ത്ഥ്യത്തിന്റെയും ഭാവനയുടെയും രണ്ട് ലോകത്തായിട്ടാണ് അഷിത ജീവിച്ചത്.

കുടുംബാംഗങ്ങളെക്കുറിച്ച് ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന അബദ്ധവും അതിശയോക്തിപരവുമായ കാര്യങ്ങളാണ്. അമ്പത് വര്‍ഷം മുമ്പ് വഴിയില്‍ ഉപേക്ഷിച്ചുവെന്ന അഷിതയുടെ ആരോപണം മതിഭ്രമത്തിന്റെ ഉദാഹരണമാണെന്നും സഹോദരന്‍ പറയുന്നു. അനുഗ്രഹീതയായ എഴുത്തുകാരി അഷിതയ്ക്ക് മാതാപിതാക്കളും സഹോദരങ്ങളും പൂര്‍ണ്ണപിന്തുണ നല്‍കിയിരുന്നു. രോഗാവസ്ഥയിലും ആ പിന്തുണ തുടര്‍ന്നിരുന്നുവെന്നും സന്തോഷ് നായര്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in