വിദ്വേഷ പ്രസ്താവന ന്യായീകരിച്ച് കെ.എസ് രാധാകൃഷ്ണന്‍, മമ്മൂട്ടിയേയും ഫഹദ് ഫാസിലിനെയും മുസ്ലിങ്ങളായി കാണുന്നവരുടെ കുഴപ്പം 

വിദ്വേഷ പ്രസ്താവന ന്യായീകരിച്ച് കെ.എസ് രാധാകൃഷ്ണന്‍, മമ്മൂട്ടിയേയും ഫഹദ് ഫാസിലിനെയും മുസ്ലിങ്ങളായി കാണുന്നവരുടെ കുഴപ്പം 

മഹാനടന്‍മാരാണ് മമ്മൂട്ടിയും ഫഹദും

ശ്രീലങ്കയിലെ തീവ്രവാദി ആക്രമണത്തില്‍ നടന്‍മാരായ മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവരുടെ നിലപാട് അറിയാന്‍ താല്പര്യമുണ്ടെന്ന ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മുന്‍ പി എസ് സി ചെയര്‍മാനുമായ ഡോക്ടര്‍ കെ.എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവനയെ ന്യായീകരിച്ചിരിക്കുന്നത്.

അപകീര്‍ത്തിപ്പെടുത്തുന്നതോ അപമാനകരമായതോ ഒന്നും തന്റെ കുറിപ്പിലില്ലെന്ന് കെ എസ് രാധാകൃഷ്ണന്‍ ദ ക്യൂവിനോട് പറഞ്ഞു. മമ്മുട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയെന്ന് പറയാന്‍ കാരണമുണ്ട്. നിലവിലുള്ള മുതിര്‍ന്ന താരങ്ങളില്‍ ഏറ്റവും ടോപ്പില്‍ നില്‍ക്കുന്നത് മമ്മൂട്ടി. പുതിയ താരങ്ങളില്‍ ഏറ്റവും ടോപ്പാണ് ഫഹദ് ഫാസില്‍. മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെ എന്ന് പറഞ്ഞാല്‍ എല്ലാവരും ഉള്‍പ്പെടും. ഒരു ശ്രേണിയെ സൂചിപ്പിക്കാനാണ് ഇവരുടെ പേരുകള്‍ ചേര്‍ത്തത്. വളരെയധികം പേരുകള്‍ ഉള്ളത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്.

പട്ടം മുതല്‍ പനംമ്പള്ളി വരെ എന്ന് പറയുമ്പോള്‍ അവര്‍ മാത്രമല്ല അതിനിടയിലുള്ളവരെല്ലാം ഉള്‍പ്പെടും. അങ്ങനെയാണ് മലയാളത്തില്‍ പറഞ്ഞാല്‍ അര്‍ത്ഥം. മലയാള സിനിമ ലോകത്തിലെ രണ്ട് മഹാന്‍മാരായ നടന്‍മാരാണ് മമ്മൂട്ടിയും ഫഹദ് ഫാസിലെന്നും കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

സമാധാനം നിലനില്‍ക്കുന്ന ഒരു സമൂഹത്തിലെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ സിനിമാ താരങ്ങളാണ്. സമാധാനമുള്ള അന്തരീക്ഷമില്ലെങ്കില്‍ സിനിമ നിലനില്‍ക്കില്ല. സമൂഹത്തില്‍ സമാധാനമുണ്ടാകാന്‍ സിനിമാ താരങ്ങള്‍ ശബ്ദമുയര്‍ത്തണം. ഒരു മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരെ മാത്രം ചേര്‍ത്ത് പറഞ്ഞുവെന്നത് തന്റെ കുഴപ്പമല്ല. അത് മലയാളം വായിക്കാനറിയാത്തവരുടെ കുഴപ്പമാണ്. ക്ഷീരമുള്ളൊരു അകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം എന്നേ തനിക്ക് പറയാനുള്ളു.

സിനിമാ താരങ്ങള്‍ ശ്രീലങ്കന്‍ അക്രമത്തെ എന്തുകൊണ്ടാണ് അപലപിക്കാത്തത്. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ എന്തൊക്കെ ചെയ്യാറുണ്ട്. ദുംഖവെള്ളി ദിവസം പള്ളിയില്‍ കയറി ആക്രമിക്കുന്നത് മനുഷ്യ സമൂഹത്തിന് എതിരായി പ്രവര്‍ത്തിയാണ്. അത് ഏത് മതത്തിന്റെ പേരിലായാലും ഇവര്‍ അപലഭിക്കണമെന്നേ പറഞ്ഞിട്ടുള്ളൂ.

മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ പ്രതികരിക്കാറുള്ളതാണല്ലോ അവരെ എന്തുകൊണ്ടാണ് വിമര്‍ശിക്കാതിരുന്നതെന്ന ചോദ്യത്തിന് അവരെക്കാള്‍ വലിയ, സീനിയറായ നടനാണ് മമ്മൂട്ടിയെന്നായിരുന്നു ഡോക്ടര്‍ കെ എസ് രാധാകൃഷ്ണന്റെ മറുപടി.

സോഷ്യല്‍ മീഡിയയിലെ വിമര്‍ശനത്തിന് മറുപടി പറയുക പ്രായോഗികമല്ല. താന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. ശ്രീലങ്കയിലെ തീവ്രവാദി ആക്രമണം കണ്ടപ്പോള്‍ പ്രസ്താവനയായി നല്‍കിയതാണ് ഫേസ്ബുക്ക് പോസ്റ്റെന്നും കെ. എസ് രാധാകൃഷ്ണന്‍ ദ ക്യൂവിനോട് പറഞ്ഞു

Related Stories

No stories found.
logo
The Cue
www.thecue.in