‘കെവിന്‍ മരിച്ചു, അനീഷിനെ വെറുതെ വിടുകയാണ്‌ ; ഷാനു വിളിച്ചുപറഞ്ഞെന്ന് സുഹൃത്തിന്റെ നിര്‍ണ്ണായക മൊഴി

‘കെവിന്‍ മരിച്ചു, അനീഷിനെ വെറുതെ വിടുകയാണ്‌ ; ഷാനു വിളിച്ചുപറഞ്ഞെന്ന് സുഹൃത്തിന്റെ നിര്‍ണ്ണായക മൊഴി

കോട്ടയം : കെവിന്‍ വധകേസില്‍ ഒന്നാം പ്രതി ഷാനു ചാക്കോയ്‌ക്കെതിരെ സുഹൃത്തിന്റെ സുപ്രധാന മൊഴി. കെവിന്റെ മരണം ഷാനു തന്നെ വിളിച്ച് അറിയിച്ചതായി അയല്‍വാസിയും കുട്ടിക്കാലം മുതല്‍ക്കുള്ള സുഹൃത്തുമായ ലിജോ കോടതിയില്‍ പറഞ്ഞു. വിചാരണ നടക്കുന്ന കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഇയാള്‍ മൊഴി നല്‍കിയത്.

'കെവിന്‍ മരിച്ചു. കൂടെ അനീഷ് എന്ന സുഹൃത്തിനെ പിടിച്ചിരുന്നു. അവനെ വെറുതെ വിടുകയാണ്' എന്നാണ് ഷാനു പറഞ്ഞതെന്ന് ലിജോ വ്യക്തമാക്കി. കേസില്‍ ഇയാള്‍ 26 ാം പ്രതിയാണ്. കെവിന്‍ തങ്ങളുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടു പോയിരുന്നുവെന്നാണ് ഷാനു ചാക്കോ അടക്കമുള്ള പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയത്. കെവിനെ കൊലപ്പെടുത്തിയിട്ടില്ലെന്നും വെള്ളത്തില്‍ വീണ് മുങ്ങിമരിച്ചതാകാമെന്നുമായിരുന്നു പ്രതികളുടെ മൊഴി. ഈ വാദങ്ങള്‍ പൊളിക്കുന്നതാണ് ലിജോയുടെ വാക്കുകള്‍.

കെവിനെ കൊലപ്പെടുത്താന്‍ പവര്‍ സ്റ്റേഷന്റെ സമീപത്ത് നടന്ന ഗൂഢലോചന താന്‍ നേരിട്ടു കണ്ടതാണെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചന നടത്തിയ പ്രതികളെ ഇയാള്‍ കോടതിയില്‍ തിരിച്ചറിഞ്ഞു. ഷാനു ഗള്‍ഫില്‍ നിന്ന് വിളിച്ചിരുന്നു. ഫോട്ടോ വാട്‌സ്ആപ്പില്‍ അയച്ച് വാങ്ങിച്ചു. സഹോദരിയെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന കെവിന്‍ ജാതിക്ക് ചേര്‍ന്നവനല്ലെന്നും താഴ്ന്നവനാണെന്നും പറഞ്ഞിരുന്നതായി ലിജോ മൊഴി നല്‍കി.

ഷാനുവിനെ ഗള്‍ഫില്‍ നിന്ന് വരുത്തേണ്ടതില്ലെന്ന് താന്‍ വീട്ടുകാരോട് പറഞ്ഞതാണെന്നും ഇയാള്‍ വിശദീകരിച്ചു. ദുരഭിമാനക്കൊലയാണ് നടന്നതെന്ന് സാധൂകരിക്കുന്നതാണ് ലിജോയുടെ മൊഴി. പ്രതികളുടെ മുഴുവന്‍ ഗൂഢാലോചനയുടെയും സാക്ഷിയാണ് ലിജോ. നേരത്തേ സിആര്‍പിസി 164 ാം വകുപ്പ് പ്രകാരം ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പാലാ മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. അന്നു പറഞ്ഞതെല്ലാം ലിജോ കോടതിയില്‍ ശരിവെച്ചു.

2018 മെയ് 27 നാണ് കോട്ടയം നട്ടാശ്ശേരി പ്ലാത്തറയില്‍ കെവിന്‍ ജോസഫിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പുനലൂരിന് സമീപം ചാലിയക്കര ആറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. കൊല്ലം സ്വദേശിനി നീനുവിനെ വിവാഹം കഴിച്ച ദിവസം പെണ്‍കുട്ടിയുടെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും 24 കാരനായ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 27 ന് പുലര്‍ച്ചെ വീടാക്രമിച്ചാണ് കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ടുപോയത്. എന്നാല്‍ സുഹൃത്തിനെ വഴിമധ്യേ വിട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in