‘മറ്റൊരു വഴിയുള്ളപ്പോള്‍ എന്തിന് ശാന്തിവനം നശിപ്പിക്കണം?’; കെഎസ്ഇബിയോട് പ്രതിരോധ കൂട്ടായ്മ 
News n Views

‘മറ്റൊരു വഴിയുള്ളപ്പോള്‍ എന്തിന് ശാന്തിവനം നശിപ്പിക്കണം?’; കെഎസ്ഇബിയോട് പ്രതിരോധ കൂട്ടായ്മ 

THE CUE

THE CUE

എറണാകുളം നോര്‍ത്ത് പറവൂരിലെ വഴിക്കുളങ്ങരയിലുള്ള ശാന്തിവനമെന്ന ജൈവ സമ്പത്തിനെ സംരക്ഷിക്കാന്‍ ഒന്നിക്കുകയാണ് പരിസ്ഥിതിയെ സ്‌നേഹിക്കുന്നവര്‍. കെഎസ്ഇബി ടവര്‍ലൈന്‍ സ്ഥാപിക്കുന്നതിനായി ശാന്തിവനത്തിന് കുറുകെ വല്ലാത്ത വഴി കണ്ടെത്തുമ്പോള്‍ പ്രതിഷേധ ശബ്ദം ഉയരുകയാണ്. മറ്റൊരു വഴി നേരെ തന്നെ സാധ്യമാണെന്നിരിക്കെ വൈദ്യുതബോര്‍ഡ് 110 കെവി ലൈന്‍ വലിക്കാന്‍ ശാന്തിവനത്തിന്റെ ജൈവസമ്പത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതിലാണ് പ്രതിഷേധം ഉയരുന്നത്.

എറണാകുളം ജില്ലയിലെ വഴിക്കുളങ്ങരയിലാണ് മൂന്നു കാവുകളും മൂന്നു കുളങ്ങളും അടങ്ങുന്ന ശാന്തിവനം സ്ഥിതിചെയ്യുന്നത്. കെഎസ്ഇബിയുടെ 110കെവി ടവര്‍ ശാന്തിവനത്തിനു നടുവിലാണ് സ്ഥാപിക്കാന്‍ പോകുന്നത്. ശാന്തിവനത്തെ നശിപ്പിക്കാതെ നടപ്പിലാക്കാന്‍ മറ്റു വഴികള്‍ ഉണ്ടെന്നിരിക്കെ ശാന്തിവനത്തിന്റെ ഉടമ മീനയുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും അഭ്യര്‍ത്ഥനകളെ തള്ളി കളഞ്ഞുകൊണ്ട് കെഎസ്ഇബി പണിതുടങ്ങിയതോടെയാണ് സംരക്ഷണത്തിനായി ശബ്ദം ഉയരുന്നത്.

മരങ്ങള്‍ അനവധി മുറിച്ചുമാറ്റിക്കഴിഞ്ഞു, ജൈവ വൈവിധ്യം നിറഞ്ഞ, ആ നാടിന്റെ ജലസംഭരണിയായും ശ്വാസകോശമായും വര്‍ത്തിക്കുന്ന ശാന്തിവനവും അതുപോലുള്ള അവശേഷിക്കുന്ന പച്ചത്തുരുത്തുകളും സംരക്ഷിക്കേണ്ടത് നമ്മുടേത് മാത്രമല്ല, ഇനി വരുന്ന തലമുറയുടെ കൂടി ആവശ്യമാണെന്നാണ് ഓരോ പരിസ്ഥിതിവാദിയും ആവര്‍ത്തിക്കുന്നത്.

ശാന്തിവനം നേരിടുന്ന പ്രശ്‌നമെന്താണെന്ന് ഈ ചിത്രത്തിന്റെ സഹായത്തോടെയാണ് പ്രതിരോധ കൂട്ടായ്മ വ്യക്തമാക്കുന്നത്.

കെഎസ്ഇബിയുടെ 110കെവി പവര്‍ ലൈന്‍ ശരിക്കും പോകേണ്ടത് നേരെയാണ് പക്ഷെ ശാന്തിവനത്തിനടുത്ത് എത്തിയപ്പോള്‍ മാത്രം ഒരു വഴിത്തിരിവ്.

ശരിയായ മാര്‍ഗവും, ചെലവ് കുറഞ്ഞ മാര്‍ഗവും നേരെ തന്നെയാണ് എന്നിരിക്കെ എന്തിനാണ് ചെലവ് കൂടിയ വളഞ്ഞ മാര്‍ഗം തിരഞ്ഞെടുത്തതെന്നാണ് ഉന്നയിക്കപ്പെടുന്ന ചോദ്യം.

എന്തുകൊണ്ട് അതീവ ജൈവ സമ്പത്തുള്ള ഈ പ്രദേശം സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും പ്രതിരോധ കൂട്ടായ്മ ചോദിക്കുന്നു. ഏപ്രില്‍ 24 മുതല്‍ ശാന്തിവനത്തില്‍ സമരപന്തല്‍ ഉയര്‍ന്നു.

അത്രമേല്‍ പ്രാധാന്യമുള്ള ഹരിതമേഖലയുടെ നടുവിലൂടെ , അതിനാകെ കോട്ടം വരുത്തുകയും തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുന്ന നിലയില്‍ 110 കെ.വി. ലൈന്‍ വലിക്കാനും ടവര്‍ സ്ഥാപിക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സുനില്‍ പി ഇളയിടവും ആരോപിക്കുന്നു. കെഎസ്ഇബിയുടെ ഈ നടപടി ശാന്തിവനത്തിന്റെ നിലനില്‍പ്പിനെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

The Cue
www.thecue.in