ബസ് വഴിയിലായത് ചോദ്യം ചെയ്തവരെ കല്ലട ഉടമയുടെ ഗുണ്ടകള്‍ മര്‍ദ്ദിച്ചെന്ന് പരാതി, തല്ലിച്ചതക്കുന്ന വീഡിയോ 

ബസ് വഴിയിലായത് ചോദ്യം ചെയ്തവരെ കല്ലട ഉടമയുടെ ഗുണ്ടകള്‍ മര്‍ദ്ദിച്ചെന്ന് പരാതി, തല്ലിച്ചതക്കുന്ന വീഡിയോ 

കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ തിരുവന്തപുരത്തുനിന്ന് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട ബസിലാണ് നാടകീയ സംഭവങ്ങള്‍.

ബസ് വഴിയില്‍ക്കിടന്ന് യാത്ര വൈകിയത് ചോദ്യം ചെയ്ത യുവാക്കളെ ബസുടമയുടെ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കല്ലട ട്രാവല്‍സിന്റെ (സുരേഷ് കല്ലട) ബസില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ തിരുവന്തപുരത്തുനിന്ന് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട ബസിലാണ് നാടകീയ സംഭവങ്ങള്‍. ഹരിപ്പാട് നിന്ന് ബാംഗ്ലൂരിലേക്ക് യാത്ര ചെയ്ത ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരനാണ് ഇക്കാര്യം വിശദമായ കുറിപ്പും ദൃശ്യവും സഹിതം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. അദ്ദേഹം പറയുന്നതിങ്ങനെ.

ഹരിപ്പാട് വെച്ചാണ് താന്‍ സുരേഷ് കല്ലട ബസില്‍ കയറുന്നത് 10 മിനിട്ട് പിന്നിട്ടപ്പോഴേക്കും ബസ് ബ്രേക്ക്ഡൗണായി. ബസ് തകരാറിലായ കാര്യം യാത്രക്കാരില്‍ നിന്ന് മറച്ചുവെയ്ക്കാനാണ് ജീവനക്കാര്‍ ശ്രമിച്ചത്. ബസ് നിന്നതിന്റെ കാരണമന്വേഷിച്ചപ്പോള്‍ ജീവനക്കാര്‍ യാത്രക്കാരോട് തട്ടിക്കയറി, തെരുവുവിളക്കുകള്‍ പോലുമില്ലാത്ത സ്ഥലത്താണ് സ്ത്രീകളും കുട്ടികളുമെല്ലാമടങ്ങുന്ന യാത്രക്കാര്‍ നില്‍ക്കേണ്ടി വന്നത്. ഇതിനിടെ പൊലീസ് എത്തി. പകരം സംവിധാനമേര്‍പ്പെടുത്തണമെന്ന് പൊലീസ് ജീവനക്കാരോട് ആവശ്യപ്പെട്ടു. 30 മിനിട്ട് സ്ഥലത്ത് നിന്നശേഷം പൊലീസുകാര്‍ മടങ്ങുകയും ചെയ്തു. 3 മണിക്കൂര്‍ വൈകിയാണ് പകരം ബസ് എത്തി യാത്ര തുടര്‍ന്നത്. അഞ്ചുപേര്‍ ബസിലേക്ക് ഇരച്ചുകയറുകയും നേരത്തേ ചോദ്യം ചെയ്ത രണ്ട് യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്നതുമാണ് ബഹളംകേട്ട് ഉണര്‍ന്നപ്പോള്‍ കാണുന്നത്. യുവാക്കളെ വലിച്ച് പുറത്തിട്ടശേഷവും ഇവരെ ബോളിവുഡ് സിനിമകളിലെപ്പോലെ ഓടിച്ചിട്ട് അടിക്കുന്നത് കാണാമായിരുന്നു. തുടര്‍ന്ന് ബസ് ബാംഗ്ലൂരിലേക്ക് യാത്ര തുടര്‍ന്നു. ബസ് മൂന്ന് മണിക്കൂര്‍ വൈകിയാണ് ബാംഗ്ലൂരിലെത്തിയത്. സ്ത്രീകളും കുട്ടികളും പ്രായമായവരുമുള്‍പ്പെടെ 50 ഓളം പേര്‍ ബസിലുണ്ടായിരുന്നു
ജേക്കബ് ഫിലിപ്പ്, യാത്രക്കാരന്‍ 

സുരേഷ് കല്ലടയുടെ ഓഫീസിന്റെ വിശദീകരണം ഇങ്ങനെ

ആലപ്പുഴയില്‍ മറ്റ് സംവിധാനങ്ങളില്ലാതിരുന്നതിനാല്‍ എറണാകുളത്ത് നിന്ന് പകരം ബസ് എത്തേണ്ടതിനാലാണ് യാത്ര വൈകിയത്. ബ്രേക്ക് ഡൗണായെന്നും പകരം വാഹനം എത്തിയശേഷമേ യാത്ര തുടരനാകൂവെന്നും ബസിലുള്ളവരെ അറിയിച്ചിരുന്നു. എന്നാല്‍ രണ്ട് യുവാക്കള്‍ പ്രകോപിതരാവുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. കല്ലുകൊണ്ടടിച്ചതിനെ തുടര്‍ന്ന് ക്ലീനറുടെ തലയില്‍ 6 തുന്നലുകളുണ്ട്. എറണാകുളത്തുനിന്ന് പകരം ബസ് എത്തിയതോടെ ഹരിപ്പാട് നിന്ന് യാത്രക്കാരുമായി തിരിച്ചു. തിരികെ എറണാകുളത്ത് എത്തിയപ്പോള്‍ ഇതേ യുവാക്കള്‍ ഓഫീസില്‍ കയറിവന്ന് സംഘര്‍ഷമുണ്ടാക്കി. ഓഫീസ് ജീവനക്കാരന്റെ കഴുത്തിന് കുത്തിപ്പിടിക്കുകയും മാലപൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ബസിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതോടെയാണ് ഇവരെ ബലംപ്രയോഗിച്ച് പിടിച്ചിറക്കിയത്. ഹരിപ്പാട് വെച്ച് ക്ലീനറെ ആക്രമിച്ചപ്പോഴൊന്നും ഞങ്ങളൊന്നും ചെയ്തിട്ടില്ല. ശേഷം പൊലീസിനെ വിളിച്ചുവരുത്തി ഇവരെ കൈമാറുകയായിരുന്നു. ഇവര്‍ കഞ്ചാവിന്റെ ലഹരിയിലായിരുന്നുവെന്നാണ് പൊലീസില്‍ നിന്നറിഞ്ഞത്. അവരെയുംകൊണ്ട് യാത്ര ചെയ്യാവുന്ന സാഹചര്യമായിരുന്നില്ല.മറ്റ് യാത്രക്കാര്‍ക്കൊപ്പം ഇവരെ കൊണ്ടുപോകുക സാധ്യമല്ലായിരുന്നു. ഇവര്‍ മരട് പൊലീസിന്റെ കസ്റ്റഡിയിലാണ്.

Related Stories

No stories found.
logo
The Cue
www.thecue.in