പാട്ടെഴുതിയ ആള്‍ 'കവര്‍' ആയിപ്പോകാതിരുന്നാല്‍ സന്തോഷം, സെലക്ടീവ് മറവിയുള്ള സൂക്കേടുകാരോട്; മനു മഞ്ജിത്തിന്റെ കുറിപ്പ്

പാട്ടെഴുതിയ ആള്‍ 'കവര്‍' ആയിപ്പോകാതിരുന്നാല്‍ സന്തോഷം, സെലക്ടീവ് മറവിയുള്ള സൂക്കേടുകാരോട്; മനു മഞ്ജിത്തിന്റെ കുറിപ്പ്

കവര്‍ സോംഗ് തയ്യാറാക്കുമ്പോള്‍ ഗാനരചയിതാക്കളുടെ പേര് ഒഴിവാക്കുന്നതില്‍ പ്രതിഷേധമറിയിച്ച് ഗാനരചയിതാവ് മനു മഞ്ജിത്ത്. 'നിങ്ങള്‍ പാടുന്ന ആ അക്ഷരങ്ങള്‍... അല്ലെങ്കില്‍ ആ പാട്ടിന്റെ പേരു തന്നെ ഏതോ ഒരുത്തനോ ഒരുത്തിയോ എത്രയോ നേരം തല പുകച്ചും വെട്ടിയും തിരുത്തിയും അവനവനോടും മറ്റു പലതിനോടും പടവെട്ടി കിട്ടിയതാണ് എന്നത് മറന്നു പോവരുത്. ഇത് ഒരു അവകാശപ്പോരാട്ടമോ അവഗണനക്കെതിരെ ഉള്ള പ്രതിഷേധമോ ഒന്നുമല്ല.' ഫേസ്ബുക്കിലാണ് മനു മഞ്ജിത്ത് ഇക്കാര്യം എഴുതിയിരിക്കുന്നത്.

ചുരുക്കി പറഞ്ഞാല്‍ 'സോംഗ്' കവര്‍ ചെയ്യുന്ന കൂട്ടത്തില്‍ ആ പാട്ടെഴുതിയ ആള്‍ കൂടെ 'കവര്‍' ആയിപ്പോകാതിരുന്നാല്‍ സന്തോഷം എന്ന്. അപ്പോ നന്ദി. ശുഭദിനം. ??
മനു മഞ്ജിത്ത്

മനു മഞ്ജിത്തിന്റെ കുറിപ്പ്

അല്‍പം പ്രയാസത്തോടു കൂടി തന്നെ ഒരു കാര്യം പറയുകയാണ്. ഈ കവര്‍സോംഗ് പരിപാടികള്‍ ചെയ്യുമ്പോള്‍ ആ ഗാനത്തിന്റെ രചയിതാവിന്റെ മാത്രം പേര് 'വിട്ടു പോവു'ന്ന സെലക്ടീവ് മറവിയുള്ള സൂക്കേടുകാരോടാണ്. നിങ്ങള്‍ ഒരു പാട്ട് പാടുമ്പോള്‍ ആ പാട്ട് അങ്ങനെ പാടാന്‍ പാകത്തില്‍ ആവുന്നത്... നിങ്ങള്‍ പാടുന്ന ആ അക്ഷരങ്ങള്‍... അല്ലെങ്കില്‍ ആ പാട്ടിന്റെ പേരു തന്നെ ഏതോ ഒരുത്തനോ ഒരുത്തിയോ എത്രയോ നേരം തല പുകച്ചും വെട്ടിയും തിരുത്തിയും അവനവനോടും മറ്റു പലതിനോടും പടവെട്ടി കിട്ടിയതാണ് എന്നത് മറന്നു പോവരുത്. ഇത് ഒരു അവകാശപ്പോരാട്ടമോ അവഗണനക്കെതിരെ ഉള്ള പ്രതിഷേധമോ ഒന്നുമല്ല. കാരണം നിങ്ങള്‍ ഒരു പാട്ട് നിങ്ങളുടേതായ രീതിയില്‍ പാടിയാലും ഇല്ലേലും ആ പാട്ടിനോ അതിന്റെ പിന്നണിക്കാര്‍ക്കോ പ്രത്യേകിച്ച് ഇനി ഒന്നും സംഭവിക്കാനില്ല. (അപൂര്‍വം ചില കണ്ടെത്തലുകളെയും ഭംഗികളെയും മറക്കുന്നില്ലെന്നു മാത്രമല്ല അതിലും എത്രയോ ഇരട്ടി ദുരന്തങ്ങളെ ഓര്‍ക്കുക കൂടെ ചെയ്യുന്നു). ഓള്‍റെഡി ആളുകള്‍ കേട്ട് സ്‌നേഹിച്ച പാട്ടുകളാണല്ലോ നിങ്ങള്‍ പൊതുവേ തെരഞ്ഞടുക്കാറ്. പക്ഷേ അത് ഇത്തരത്തിലൊന്നു ചെയ്യുമ്പോള്‍ നിങ്ങള്‍ പാലിക്കേണ്ട മിനിമം കടപ്പാടും മര്യാദയും മാന്യതയും ഒക്കെയാണ്. ഇതൊന്നും അങ്ങാടിയില്‍ പൈസ കൊടുത്ത് വാങ്ങാന്‍ കിട്ടുന്നതല്ലെന്നറിയാം. എങ്കിലും പറയുകയാണ്. നിങ്ങള്‍ ഒരു കുട്ടിക്ക് ഒരു കുപ്പായം വാങ്ങിക്കൊടുക്കുമ്പോള്‍ ഏറ്റവും കുറഞ്ഞത് അത് ആരുടെ കുട്ടിയാണ് എന്നെങ്കിലും അറിഞ്ഞു വക്കുന്നത് നന്നാവും. ചുരുക്കി പറഞ്ഞാല്‍ 'സോംഗ്' കവര്‍ ചെയ്യുന്ന കൂട്ടത്തില്‍ ആ പാട്ടെഴുതിയ ആള്‍ കൂടെ 'കവര്‍' ആയിപ്പോകാതിരുന്നാല്‍ സന്തോഷം എന്ന്. അപ്പോ നന്ദി. ശുഭദിനം. ??

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കൂതറ എന്ന സിനിമയ്ക്ക് പാട്ടെഴുതിയാണ് മനു മഞ്ജിത്ത് സിനിമയിലെത്തിയത്. ഓം ശാന്തി ഓശാനയിലെ 'മന്ദാരമേ ചെല്ല ചെന്താമരേ.. എന്ന ഗാനമാണ് ഏറെ പ്രശസ്തി നേടിക്കൊടുത്തത്. ഓര്‍മ്മയുണ്ടോ ഈ മുഖം, വിക്രമാദിത്യന്‍, ആട്, അടി കപ്യാരേ കൂട്ടമണി, കുഞ്ഞിരാമായണം, ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം, വെളിപാടിന്റെ പുസ്തകം, ഗോദ, ലൗ ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ ഹിറ്റായി മാറി.

2016 -ല്‍ ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന സിനിമയിലെ തിരുവാവണി രാവ് എന്ന ഗാനത്തിന്റെ രചനയ്ക്ക് മനു മഞ്ജിത്തിന് മികച്ച ഗാന രചയിതാവിനുള്ള റേഡിയോ മിര്‍ച്ചി അവാര്‍ഡ് ലഭിച്ചു. 2018 ല്‍ ഗോദയിലെ ആരോ നെഞ്ചില്‍ എന്ന ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള സൈമ അവാര്‍ഡും മനു മഞ്ജിത്ത് നേടി.

Related Stories

No stories found.
logo
The Cue
www.thecue.in