'Maravairi, An Anthem for the LGBTQ', ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ പതിവുകളിൽ നിന്ന് മാറി 'മാരവൈരി രമണി'

'Maravairi, An Anthem for the LGBTQ', ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ പതിവുകളിൽ നിന്ന് മാറി 'മാരവൈരി രമണി'

ലെസ്ബിയൻ പ്രണയവും പ്രോ​ഗ്രസീവ് റോക്ക് ശൈലിയിൽ കർണാടക സം​ഗീതവും, തമ്മിൽ ലയിക്കുമോ? കേൾക്കുമ്പോൾ സംശയം തോന്നാം. എന്നാൽ ചില പതിവ് കാഴ്ച്ചകളിൽ നിന്നും രീതികളിൽ നിന്നും മാറി സഞ്ചരിക്കുകയാണ് സം​ഗീതജ്ഞ രേണുക അരുൺ. കർണാട്ടിക് കൃതികൾ ഫ്യൂഷൻ രീതിയിൽ അവതരിപ്പിക്കുക, അതിലൂടെ വ്യത്യസ്തങ്ങളായ പ്രമേയങ്ങൾ കൊണ്ടുവരുക എന്നതിലൊന്നും പരിമിതികൾ ഉള്ളതായി തോന്നിയിട്ടില്ലെന്ന് രേണുക പറയുന്നു. 'പവിത്രമായ കർണ്ണാടക സംഗീതത്തെ കളങ്കപ്പെടുത്തി എന്ന നിരവധി കമന്റുകൾ ഇതിനോടകം കിട്ടി, കളങ്കപ്പെടാൻമാത്രം ഒന്നുമില്ല. ഇതിപ്പോൾ അഞ്ച് വർഷം മുമ്പായിരുന്നെങ്കിൽ കുറച്ചുകൂടി നെഞ്ചത്തടികൾ കേൾക്കേണ്ടി വന്നേനെ', 'മാരവൈരി രമണി' മ്യൂസിക്കൽ ആൽബം പറയാൻ കരുതിയ ആശയം എന്ത്?, സം​ഗീതജ്ഞ രേണുക അരുൺ 'ദ ക്യു'വിനോട് സംസാരിക്കുന്നു.

കാമമല്ല പ്രണയം:

പരമ്പരാ​ഗതമായി നോക്കിയാൽ വളരെ ഭക്തിപ്രധാന്യമുളള കീർത്തനമാണിത്. തമിഴ്നാട്ടിലെ തിരുവാരൂർ എന്ന ക്ഷേത്രത്തിൽ പാർവ്വതി ദേവിയെ കുറിച്ച് പാടുന്ന ​കൃതിയാണ് 'മാരവൈരി രമണി'. 'മാരവൈരി' എന്നതിന്റെ അർത്ഥം തന്നെ 'കാമത്തെ നശിപ്പിക്കുന്ന ദേവി' എന്നാണ്. അതിന്റെ ചരണത്തിൽ 'കർമ്മബന്ധ വാരണാ', എന്നത്, 'ലോകത്തോടുളള തൃഷ്ണയെ നശിപ്പിക്കുന്നവൾ' എന്നും അർത്ഥമാക്കുന്നു. കാമത്തെയാണല്ലോ നശിപ്പിക്കുന്നത്, സ്നേഹത്തോട് ദൈവത്തിന് എതിർപ്പൊന്നുമില്ലല്ലോ എന്നാണ് എന്റെ കാഴ്ച്ചപ്പാട്. കാമവും പ്രണയവും തമ്മിൽ വ്യത്യാസമുണ്ടെന്നുള്ള ആശയമാണ് ഞാൻ പറയാൻ ശ്രമിച്ചിട്ടുളളതും.

വ്യത്യസ്തതയ്ക്ക് വേണ്ടി വ്യത്യസ്തത ഉണ്ടാക്കിയതല്ല:

ഭിന്ന ലൈംഗികതയുടെ വൈവിധ്യ അനുഭവങ്ങളെ പറ്റിയൊരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കർണാട്ടിക് കൃതികൾ ഫ്യൂഷൻ രീതിയിൽ അവതരിപ്പിക്കുക, അതിൽ ഇത്തരം പ്രമേയങ്ങൾ കൊണ്ടുവരുക എന്നതിലൊന്നും പരിമിതി ഉള്ളതായിട്ട് ഇതുവരെ തോന്നിയിട്ടില്ല. ഒരു വർഷമായി പല അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും ഈ ആൽബം പ്രദർശിപ്പിച്ചിട്ടുണ്ട്. അവിടുന്നെല്ലാം നല്ല പ്രതികരണം ആയിരുന്നു. വൈവിധ്യത്തെയും ഉൾപ്പെടുത്തുന്ന 'ക്യുവർ പ്രൈഡ്' ആഘോഷിക്കുക എന്നതായിരുന്നു ആദ്യത്തെ ഉദ്ദേശം. അതിന് ഒരു ടൂൾ മാത്രമായിട്ടേ ഈ കൃതിയെ ഉപയോ​ഗിച്ചിട്ടുളളു. പ്രോഗ്രസീവ് കർണാട്ടിക് റോക്ക് ശൈലിയിലേയ്ക്ക് കൃതിയെ പരിചരിക്കുക എന്നതായിരുന്നു ആദ്യം നിർവ്വഹിച്ചത്. മ്യൂസിക് പ്രോഗ്രാമിങ്ങും ഓർക്കസ്ട്രേഷനും പൂർത്തിയായതിനു ശേഷമാണ് വീഡിയോയുടെ പ്രമേയം ഇത്തരത്തിലാവാം എന്ന് തീരുമാനിക്കുന്നത്.

എങ്കിലും ഡിസ്ക്ലൈമർ പോലെ ഞാൻ പറയുന്നുണ്ട്, ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ പതിവ് അവതരണങ്ങളിൽ നിന്ന് മാറിയുളള ആലോചനയാണെന്ന്.

പവിത്രമായ കർണാടക സംഗീതത്തെ കളങ്കപ്പെടുത്തി എന്ന് അഭിപ്രായമുണ്ട്:

ഒരു വർഷം മുമ്പ് നടന്ന കൃതി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലാണ് ആദ്യമായി ഇത് പ്രദർശിപ്പിച്ചത്. പ്രദർശനത്തിന് തൊട്ടുമുമ്പ് വരെ വേദിയിൽ മാരവൈരിയുടെ ഓഡിയോ തുടർച്ചയായി കേൾപ്പിച്ചിരുന്നു. അവിടെ കൂടിയവരൊക്കെയും അതീവ ഇഷ്ടത്തോടെ കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ ഷോ കഴിഞ്ഞപ്പോൾ പരിചയക്കാരിൽ നിന്നുപോലും ഉണ്ടായത് വളരെ തീക്ഷ്ണമായ വിമർശനങ്ങൾ ആണ്. 'രേണുവിന്റെ പാട്ട് ആയതുകൊണ്ട് കേട്ടു, പാട്ട് കുഴപ്പമില്ല, ഫ്യൂഷൻ ഇപ്പോൾ പതിവാണല്ലോ, പക്ഷെ, കണ്ണും പൂട്ടി ഇരുന്നാണ് കേട്ടത്'. 'എന്ത് വൃത്തികേടാണ് കാണിച്ചിരിക്കുന്നത്', എന്തിനാണ് ഇത് ചെയ്തത്' എന്നൊക്കെ ആയിരുന്നു പ്രതികരണങ്ങൾ. പുകവലി കാണിക്കുന്നു എന്നതും കുറച്ചുപേരുടെ പരാതിയായിരുന്നു. യൂട്യൂബ് റിലീസിന് ശേഷം ഫോൺ വഴിയും, സോഷ്യൽ മീഡിയയിലൂടെയും പരാതികൾ വന്നു കൊണ്ടിരിക്കുന്നു. ഞാൻ കർണാടക സം​ഗീതം കച്ചേരി ചെയ്യുന്ന ആളാണ്. എല്ലാവരുടേയും പ്രീതി പിടിച്ചുപറ്റാൻ വേണ്ടി മാത്രമാണെങ്കിൽ തംബുരു മീട്ടി ഭക്തിപൂർവ്വം ഈ കീർത്തനം ആലപിക്കുക എന്നാതായിരുന്നു ഏറ്റവും സേഫ് ആയ മാർ​ഗം. പക്ഷെ എൽ.ജി.ബി.റ്റി.ക്യു കമ്മ്യൂണിറ്റിയോടുളള എന്റെ സ്നേഹവും പിന്തുണയും അറിയിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

പവിത്രമായ കർണാടക സംഗീതത്തെ കളങ്കപ്പെടുത്തി എന്ന് കർണ്ണാടക സംഗീത പ്രേമികൾക്ക് അഭിപ്രായമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കാഴ്ച്ചയിൽ അയ്യേ എന്ന് തോന്നാൻ മാത്രം ഒന്നും തന്നെ ഇതിലില്ല. വളരെ സത്യമായ ഭാവങ്ങളാണ് കൊണ്ടുവന്നിട്ടുളളത്. ഈ പറയുന്നതുപേലെ കളങ്കപ്പെടാൻമാത്രം എന്താണുളളത്? ഈ വീഡിയോ അഞ്ച് വർഷം മുൻപ് ഇറങ്ങിയിരുന്നെങ്കിൽ ഇതിന്റെ സ്വീകാര്യത ഇതിലുമൊക്കെ മോശമായിരുന്നേനെ, വിലാപങ്ങളും വിവാദങ്ങളും വിമർശനങ്ങളും മറ്റൊരു തലത്തിൽ സംഭവിക്കുമായിരുന്നല്ലോ. ഇന്ന്, ഭിന്ന ലൈംഗികത എന്ന വിഷയത്തിൽ നമുക്കുള്ള അവബോധം മെച്ചപ്പെട്ടിട്ടിട്ടുണ്ട്.

'പ്രണയം' എന്റെ സങ്കൽപ്പത്തിൽ:

എന്റെ ഉള്ളിലെ 'പ്രണയം' എന്ന ആശയം ശാരീരികവും വൈകാരികവുമായ ഭാവം എന്നതിനപ്പുറത്തേയ്ക്ക് കുറച്ചുകൂടി വിശാലമായ ഒന്നാണ്. പ്രണയത്തെ ദൈവീകമായ അനുഭൂതി ആയാണ് ഞാൻ കാണുന്നത്. രണ്ടുപേർ തമ്മിൽ, അവർക്ക് ഈ ലോകത്തുളള സ്റ്റാറ്റസ് എന്തുമാവട്ടെ, അവരുടെ ജെന്റർ എന്തുമാവട്ടെ, വിവാഹിതരോ അവിവാഹിതരോ ആവട്ടെ, അവർ തമ്മിൽ പ്രേമം ഉണ്ടാവുക എന്നത് വളരെ സ്വാഭാവികമായ കാര്യമാണ്. എല്ലാത്തിലും ഉപരി കുറച്ചുകൂടി ഉയർന്ന തലത്തിൽ ഉള്ള വികാരമായാണ് ഞാൻ മനസിലാക്കുന്നത്. പ്രണയം ആരു തമ്മിലായാലും അത് സത്യമായ ഒന്നാണ്.

പിന്നിൽ:

'എന്ന് നിന്റെ മൊയ്ദീൻ' എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു സംവിധായകനായ ജിതിൻ. ഞാനും ജിതിനും കൂടി സംസാരിച്ചപ്പോഴാണ് ഈ തീം കുറച്ചുകൂടി പ്രേക്ഷകരുമായി സംവദിക്കാൻ പറ്റുമെന്നുള്ളതിൽ എനിക്ക് ഉറപ്പ് തോന്നുന്നത്. ഷൂട്ട് നടന്നത് ​ഗോവയാണ്. ഞാൻ പാടുന്ന രം​ഗങ്ങളും അവരുടെ കുറച്ച് ഡാൻസ് മൂവ്മെന്റുകളും തിരുവന്തപുരത്ത് സെറ്റിട്ടാണ് എടുത്തിട്ടുള്ളത്. ഇതിലെ രം​ഗങ്ങൾക്കും പ്രമേയത്തിനും അത്രയധികം പ്രാധാന്യം കൊടുത്താണ് ചെയ്തിട്ടുളളത്. ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യം ജിതിനും ടീമിനും വ്യക്തമായി മനസിലായി, അതിലൂടെ കാഴ്ച്ചക്കാർക്കും മനസിലായി എന്നുളളതാണ് സന്തോഷമുളള കാര്യം.

സംവിധാനം: ജിതിൻ ലാൽ

അഭിനേതാക്കൾ: കേതകി നാരായണൻ, ആരുഷി വേദിക

ഛായാഗ്രാഹകൻ: വിനായക് ഗോപാൽ

ക്രിയേറ്റീവ് ഡയറക്ടർ, എഡിറ്റർ: ക്രിസ്റ്റി സെബാസ്റ്റ്യൻ

കളറിസ്റ്റ്: ഹരി കൃഷ്ണൻ ബി എസ്

കോസ്റ്റ്യൂമർ: ചി ചി

കൊറിയോഗ്രാഫർ: വെറോണിക്ക ഷാരോൺ ലൈസൻ

ഏരിയൽ ഛായാഗ്രാഹകൻ: അശ്വന്ത് മോഹൻ

കലാസംവിധാനം: ശ്രീകേഷ്, ശ്രീരാഗ് എം.ജി.

പ്രമോഷണൽ ഡിസൈൻ: ശ്രീകേഷ്

Summary

'Maravairi' An Anthem for the LGBTQ; Musical album ny Renuka Arun, Jithin Lal, Ketaki Narayan, Aarushi Vedikha

Related Stories

The Cue
www.thecue.in