എസ്.പി.ബി ട്രിബ്യൂട്ട് വീഡിയോ കോപ്പിറൈറ്റിലൂടെ നീക്കം ചെയ്ത് യൂട്യൂബര്‍, പ്രതിഷേധം

എസ്.പി.ബി ട്രിബ്യൂട്ട് വീഡിയോ കോപ്പിറൈറ്റിലൂടെ നീക്കം ചെയ്ത് യൂട്യൂബര്‍, പ്രതിഷേധം

എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ആദരമര്‍പ്പിച്ച് ഒരുക്കിയ മ്യൂസിക് വീഡിയോ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തതില്‍ പ്രതിഷേധം. നിര്‍മ്മാതാവും ഗാനരചയിതാവുമായി രാജീവ് ഗോവിന്ദന്റെ രചനയില്‍ രാഹുല്‍ രാജ് ഈണമിട്ട് ഒരുക്കിയ 'അഞ്ജലി പ്രാണാഞ്ജലി' എന്ന ഗാനമാണ് യൂട്യൂബില്‍ ഒരു ലക്ഷത്തിലേറെ കാഴ്ചക്കാരുമായി മുന്നേറുമ്പോള്‍ കോപ്പി റൈറ്റ് ഉന്നയിച്ച് മലേഷ്യയില്‍ നിന്നൈാരാള്‍ നീക്കം ചെയ്യിപ്പിച്ചത്. പ്രിയ ഗായകനുള്ള ഹൃദയാദരമാണെന്നും സാമ്പത്തിക താല്‍പ്പര്യമില്ലെന്നും വ്യക്തമാക്കിയിട്ടും 'മോജോ ടിവി' എന്ന യൂട്യൂബ് ചാനല്‍ കോപ്പിറൈറ്റ് സ്‌ട്രൈക്ക് പിന്‍വലിക്കാന്‍ തയ്യാറായില്ലെന്ന് രാജീവ് ഗോവിന്ദനും, രാഹുല്‍ രാജും 'ദ ക്യു'വിനോട് പ്രതികരിച്ചു. അയ്യായിരം യു.എസ് ഡോളര്‍ നല്‍കിയാല്‍ കോപ്പിറൈറ്റ് സ്‌ട്രൈക്ക് പിന്‍വലിക്കാമെന്നായിരുന്നു മലേഷ്യന്‍ യൂട്യൂബ് ചാനലിന്റെ നിലപാട്. എസ്.പി.ബിയുടെ അഭിമുഖത്തിന്റെ 22 സെക്കന്‍ഡ് ആല്‍ബത്തിന്റെ തുടക്കത്തില്‍ ഉപയോഗിച്ചതിന് എതിരെയായിരുന്നു നടപടി. മോശമായി രീതിയിലാണ് മോജോ ടിവി ടീം ഇടപെട്ടതെന്നും രാഹുല്‍ രാജ് 'ദ ക്യു'വിനോട് പറഞ്ഞു.

15 രൂപയ്ക്ക് വേണ്ടി ഗാനമേളയ്ക്ക് പോകുമായിരുന്നു എന്ന ഭാഗം

എസ് പി ബാലസുബ്രമണ്യത്തെ കുറിച്ചുളള ഓര്‍മ്മ പുതുക്കുക എന്നതായിരുന്നു ആ മ്യൂസിക് വീഡിയോയുടെ പ്രധാന ഉദ്ദേശം. എനിക്ക് വളരെ ആധികം പ്രചോദനമായ ഒരു അഭിമുഖത്തിലെ ഒരു ചെറിയ ഭാഗം ഞാന്‍ അതില്‍ ചേര്‍ത്തിരുന്നു. അദ്ദേഹവും ഇളയരാജയും പണ്ട്കാലത്ത് 15 രൂപയ്ക്ക് വേണ്ടി ഗാനമേളയ്ക്ക് പോകുമായിരുന്നു എന്നു പറയുന്ന 22 സെക്കന്റ് മാത്രമുളള ഒരു ഭാഗം. ഒന്നുമില്ലാതിരുന്ന ഒരു കാലത്തില്‍ നിന്ന് ഉയര്‍ന്നുവന്ന എസ്പിബിയെ പോലൊരാളുടെ അനുഭവം കേള്‍ക്കുമ്പോള്‍ നമുക്കും അതൊരു പ്രചോദനമാണ്. എല്ലാ ലെജന്റ്‌സും തുടങ്ങുന്നത് ഗ്രൗണ്ട് ലെവലില്‍ നിന്നുകൊണ്ടാണ് എന്നുള്ളൊരു പോസിറ്റീവ് ചിന്ത കാണുന്നവരിലും ഉണ്ടാവട്ടെ എന്ന ലക്ഷ്യത്തോടെയാണ് ആ ഭാഗം വീഡിയോയില്‍ ചേര്‍ത്തത്. വെറും 3000 വ്യൂസ് മാത്രമുളള ഒരു ഇന്റര്‍വ്യു ആണ്. അത് കൂടുതല്‍ ആളുകളിലേയ്ക്ക് കൂടി എത്തുന്നത് നല്ലതാണല്ലോ എന്ന് തോന്നി. മലേഷ്യയിലുളള ഒരു കമ്പനിയാണ് അഭിമുഖം നടത്തിയത്. 22 സെക്കന്റ് നേരത്തേയ്ക്ക്, ഒരു നല്ല ഉദ്ദേശത്തോടെ അവരുടെ അഭിമുഖത്തില്‍ നിന്ന് ആ ഭാഗം ഉപയോഗിച്ചതിന് അവരിപ്പോള്‍ യൂട്യൂബില്‍ നിന്നും നമ്മുടെ വീഡിയോ കോപ്പിറൈറ്റ് അവകാശം പറഞ്ഞ് നീക്കം ചെയ്തു. എന്റെ ഫേസ്ബുക് പോജിലും ഇപ്പോള്‍ ആ വീഡിയോ ലഭിക്കില്ല. 5000 യു എസ് ഡോളറാണ് ഇപ്പോള്‍ അവര്‍ ആവശ്യപ്പെട്ടിരിക്കുന്ന തുക.

നീതികേടെന്ന് രാജീവ് ഗോവിന്ദന്‍

ഇതൊരു കൊമേഴ്ഷ്യല്‍ പ്രെഡക്ട് അല്ല. കൂടുതല്‍ ആളുകളിലേയ്ക്ക് എത്താന്‍ വേണ്ടി യൂട്യൂബില്‍ ഇട്ടു എന്നേ ഉള്ളു. വീഡിയോ അപ്ലോഡ് ചെയ്യുമ്പോള്‍ തന്നെ മോണറ്റൈസേഷന്‍ വേണ്ടെന്ന് തീരുമാനിച്ചതാണ്. അതിനി എത്ര ലക്ഷം വ്യൂസ് നേടിയാലും സാമ്പത്തികമായി നമുക്ക് ഒരു നേട്ടവും ഉണ്ടാകുന്നില്ല. എസ്.പി. ബാലസുബ്രഹ്മണ്യം എന്ന നമ്മുടെ ജീവിതത്തെ എല്ലാ കോണിലും സ്വാധീനിച്ച മഹത് വ്യക്തിത്വത്തോടുള്ള പ്രണാമമായിരുന്നു ആ വീഡിയോ. അത്തരമൊരു വീഡിയോ സാമ്പത്തിക താല്‍പ്പര്യമുന്നയിച്ച് നീക്കം ചെയ്തതിലാണ് നിരാശയും സങ്കടവും. അതില്‍ ഉപയോഗിച്ചിരിക്കുന്ന മറ്റ് വീഡിയോകള്‍ക്കൊക്കെ യൂ ട്യൂബില്‍ നിന്ന് ക്ലിയറന്‍സ് ലഭിച്ചിരുന്നു.

In an unfortunate turn of events, our humble heartfelt tribute "Anjali Prananjali" for our beloved SPB sir has been...

Posted by Rahul Raj on Wednesday, October 7, 2020

പ്രമുഖ പരസ്യസംവിധായകന്‍ മഗേഷ് കൊല്ലേരിയാണ് അഞ്ജലി പ്രാണാഞ്ജലിയുടെ സംവിധായകന്‍. രാജീവ് ഗോവിന്ദന്‍ തന്നെയാണ് ഈ സ്‌നേഹാദര വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ഹരിചരണ്‍ ആണ് ഗാനം ആലചപ്പിച്ചിരിക്കുന്നത്

പുതിയ വീഡിയോ പങ്കുവച്ച് രാജീവ് ഗോവിന്ദന്‍ പറയുന്നു

"ആ നല്ല ഗീതികള്‍ ആനന്ദശാഖിയില്‍ പൂ വിടര്‍ത്തും...."

എന്റെ സംഗീതയാത്രയില്‍ എസ്.പി.ബിയോളം ഉള്ളുനിറച്ച മറ്റൊരു പാട്ടുകാരനില്ല. ബാല്യകൗമാരങ്ങളും യൗവനവുമൊക്കെ ആ സംഗീതധാരയില്‍ നനഞ്ഞു നിന്നതായിരുന്നു. അതുകൊണ്ടാകാം എസ്.പി.ബിയുടെ വേര്‍പാട് എന്നില്‍ നിറച്ച ശൂന്യതയോളം മറ്റൊരു നിശബ്ദത ഞാനറിയാതെ പോയത്. ലോകം തന്നെ നിശ്ചലമാക്കിയ വേര്‍പാട്. എങ്ങനെയാണ് ഞാനെന്റെ പാട്ടുകാരന് അഞ്ജലി ചെയ്യേണ്ടതെന്നായിരുന്നു പിന്നെയുള്ള ചിന്തകള്‍. മഹാനദിയിലൊഴുക്കുന്ന എള്ളും പൂവും ചന്ദനവും കൊണ്ടു നല്‍കുന്ന അര്‍ച്ചനയേക്കാള്‍ ആ ആത്മാവിന് ആനന്ദം നല്‍കുന്നത് ഗാനാര്‍ച്ചനയാണെന്ന് തിരിച്ചറിവായിരുന്നു 'അഞ്ജലി പ്രാണാഞ്ജലി'. എന്റെ ചിന്തകളെ ശരിവച്ചുകൊണ്ട് രാഹുല്‍ രാജും ,ഹരിചരണും ,മഗേഷ് കൊല്ലേരിയുമൊക്കെ ഒപ്പം ചേര്‍ന്നു.

"അഞ്ജലി പ്രാണാഞ്ജലി "എന്ന ആല്‍ബം സാമ്പത്തിക നേട്ടത്തിനുവേണ്ടിയായിരുന്നില്ല. ഞാനടക്കമുള്ള ലോകത്തെ എല്ലാ സംഗീത പ്രേമികള്‍ക്കും വേണ്ടി.. എസ്.പി.ബിക്കായുള്ള അര്‍ച്ചന തന്നെയായിരുന്നു അത്. ജോലി ചെയ്തവരൊക്കെ സാമ്പത്തികം മാറ്റി നിര്‍ത്തി. ഹൃദയംകൊണ്ടവര്‍ പ്രിയപ്പെട്ട ഗായകനായി അവരവരുടെ ജോലികൾ വേഗത്തില്‍ പൂര്‍ത്തിയാക്കി. ഈ ഗാനം റിലീസ് ചെയ്തതും അതുകൊണ്ടായിരുന്നു. കേട്ടവര്‍ കേട്ടവരിലേക്ക് ആ ഗാനം പങ്കിട്ടു.

വരികളിലും ദൃശ്യങ്ങളിലും എസ്.പി.ബി നിറയണമെന്ന് ഞങ്ങളോരോരുത്തരും ആഗ്രഹിച്ചു. സംഗീതമായും ദൃശ്യമായും ശബ്ദമായുമൊക്കെ എസ്.പി.ബി 'അഞ്ജലി പ്രാണാഞ്ജലി'യില്‍ നിറഞ്ഞു. ഗാനം യുട്യൂബില്‍ ശ്രദ്ധ നേടി വന്നപ്പോഴിതാ ഒരു പുതിയ പ്രതിസന്ധി വിരുന്നു വന്നിരിക്കുന്നു. 'അഞ്ജലി പ്രാണാഞ്ജലി' യൂട്യൂബില്‍ കോപ്പിറൈറ്റ് പ്രശ്‌നത്തെ തുടര്‍ന്ന് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ്. ആല്‍ബത്തിലെ ഒരു ഭാഗത്തു ഉപയോഗിച്ചിരിക്കുന്ന എസ്.പി.ബിയുടെ ശബ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നം ഉന്നയിച്ചാണ് വിദേശത്തു നിന്ന് യുട്യൂബിലേക്ക് പരാതി പോയിരിക്കുന്നത്. സാമ്പത്തികാടിസ്ഥാനത്തില്‍ റിലീസ് ചെയ്ത ഒരു വീഡിയോ അല്ല ഇതെന്ന് പ്രിയപ്പെട്ടവരെ ഞാന്‍ പ്രത്യേകം ഓര്‍മിപ്പിക്കുന്നു. നിയമപരമായ നീക്കങ്ങള്‍ ഞങ്ങളും ആരംഭിച്ചിട്ടുണ്ട്.

ഒരുകൂട്ടം സംഗീത പ്രേമികളുടെ ഗാനാര്‍ച്ചന മാത്രമായിരുന്നു ഇത്. ഈ സദുദ്ദേശത്തെ തിരിച്ചറിയാതെ പോയ ചിലരോട് എന്തു പറയാനാണ്! കെട്ടലോകത്ത് നിങ്ങള്‍ക്കൊപ്പം ഞങ്ങളും ജീവിക്കുന്നു. എസ്.പി.ബിയുടെ ഗാനങ്ങള്‍ ഇനിയും കേള്‍ക്കും. നമ്മളിനിയും അദ്ദേഹത്തിനായി പാടും. അതുകൊണ്ട് ഞാന്‍ എന്റെ പുതിയ ഗാനം ഇവിടെയും പങ്കുവയ്ക്കുന്നു...
ലോകത്തെ എല്ലാ എസ്.പി.ബി ആരാധകർക്കായും....
ഏവരുടെയും അഭിപ്രായങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്...

അഞ്ജലി പ്രാണാഞ്ജലി......

No stories found.
The Cue
www.thecue.in