'ആരെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ല, മനസു വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ്'; 'കരിഞണ്ട്' പിൻവലിച്ച് സംവിധായകൻ സനൽ പാടിക്കണം

'ആരെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ല, മനസു വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ്'; 'കരിഞണ്ട്' പിൻവലിച്ച് സംവിധായകൻ സനൽ പാടിക്കണം

ഗോത്രവിഭാഗക്കാരെ കരിപൂശി അവതരിപ്പിച്ച 'കരിഞണ്ട്' മ്യൂസിക്കൽ ആൽബം പിൻവലിച്ച് സംവിധായകൻ സനൽ പാടിക്കണം. സോഷ്യൽ മീഡിയയിൽ ഉയർന്ന എതിർപ്പുകളെ തുടർന്നാണ് വീഡിയോ പിൻവലിച്ചത്. കറുപ്പിനേയും ഗോത്രവിഭാഗത്തെയും അധിക്ഷേപിക്കുന്നതാണ് ഗാനത്തിന്റെ രം​ഗങ്ങൾ എന്നായിരുന്നു വിമർശനം. 'കരിന്തണ്ടൻ' സംവിധായിക ലീല സന്തോഷ് ഉൾപ്പെടെ പലരും 'കരിഞണ്ടി'നെതിരെ രംഗത്തെത്തിയിരുന്നു.

'ടീമിലെ എല്ലാവരും ഒരുമിച്ചെടുത്ത തീരുമാനമാണ് കറുപ്പ് നിറത്തിൽ ചെയ്യാമെന്നത്, കാഞ്ഞങ്ങാട് നാടൻ കലകളിൽ പെട്ട ആലാമിക്കളി ഇന്നും കരിതേച്ചാണ് അടിത്തിമർക്കുന്നത്.' ആരെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മനസു വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു എന്നും എതിർപ്പുകൾക്ക് മറുപടിയായി സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.

സംവിധായകൻ സനൽ പാടിക്കണത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്;

ക്ഷമിക്കണം, ആരെയും അപമാനിക്കാൻ വേണ്ടി ചെയ്ത വീഡിയോ ആൽബമല്ല കരിഞ്ഞണ്ട്. മന:പൂർവ്വം കറുപ്പ് നിറം ഉപയോഗിച്ചതുമില്ല. ഞാനും ഈ സമൂഹത്തിൽ ജീവിക്കുന്നവനല്ലെ. തെറ്റായിട്ട് ചിത്രീകരിക്കാൻ എനിക്ക് സാധിക്കില്ല. ആദ്യം പിക്കോക്ക് നീലയും, ചുവപ്പും ഗ്രീനും ചെയ്താലോ എന്ന ആലോചനയിൽ ആയിരുന്നു. വിഷ്യൽ ബ്യൂട്ടിക്ക് വേണ്ടി. എന്നാൽ ഞങ്ങളുടെ എല്ലാവരുടേയും തീരുമാന പ്രകാരം കറുപ്പിലേക്ക് മാറ്റുകയാണ് ഉണ്ടായത്. ഇതിനൊരു പ്രൊഡ്യൂസർ ഇല്ല. എല്ലാവരും ഷെയർ ചെയ്തെടുത്ത ക്യാഷ് കൊണ്ടാണ് വർക്ക് മുഴുവനും തീർത്തത്, കറുപ്പിലേക്കെത്താൻ ഒരു കാര്യവും കൂടിയുണ്ട്. കാഞ്ഞങ്ങാട് നാടൻ കലകളിൽ പെട്ട ആലാമിക്കളി ഇന്നും കരിതേച്ചാണ് അടി തിമിർക്കുന്നത്. മറിച്ച് ഏതൊരു ആദിമവാസികളേയും ഞാനും, എൻ്റെ ക്രുവും ഉദ്ദേശിച്ചിട്ടില്ല. മനസു വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് അപേക്ഷിക്കുകയാണ്. ഒരു കൂട്ടം കാലാകാരന്മാരുടെ കലയെ മാത്രമാണ് ഞാൻ മുൻപോട്ട് വെച്ചത് ക്ഷമിക്കണം. തെറ്റുപറ്റിയതിൽ. വീഡിയോ റിമൂവ് ചെയ്യാം. ഒരു സ്വപ്നമെന്നോണമാണ് ഈ ആൽബം ചെയ്തിരിക്കുന്നത്. ക്ഷമിക്കണം വീഡിയോ റിമൂവ് ചെയ്യുന്നതായരിക്കും. അറിഞ്ഞ് കൊണ്ട് ഒന്നും ചെയ്തില്ല.

ഒന്നു കൂടെ നവ മാധ്യമ സുഹൃത്തുക്കളോട് പറയുവാൻ ആഗ്രഹിക്കുന്നു. കുറച്ച് ദിവസത്തെ അധ്വാനം കലാകാരന്മാർ എന്ന നിലയിലെങ്കിലും അംഗീകരിക്കണമെന്ന് വിനീതമായ് അപേക്ഷിക്കുന്നു. മാപ്പ് മാപ്പ് മാപ്പ്.

‘കറുത്തവന് മേലെ വീണ്ടും കരിപുരട്ടി ഉച്ചരിക്കാനറിയാത്ത വാക്കുകൾ കൊണ്ട് പാടിത്തിമിർത്ത് പുതുമ കൊതിച്ചിരിക്കുന്ന പ്രേക്ഷകരുടെ കയ്യടി വാങ്ങുമ്പോൾ അവഹേളിക്കപ്പെടുന്നത് ഒരു സമൂഹമാണ്’, എന്നായിരുന്നു 'കരിഞണ്ടി'നെ കുറിച്ച് സംവിധായിക ലീല സന്തോഷ് പറഞ്ഞത്. എന്നാൽ വീഡിയോ ‍യൂട്യൂബിൽ നിന്നും നീക്കം ചെയ്തെന്ന് പിന്നാലെ, തന്റെ സ്വപ്നവും സന്തോഷവുമായിരുന്ന ആവിഷ്ക്കാരം ഒരു ജനതയ്ക്ക് വേണ്ടി യൂടൂബിൽ നിന്നും നീക്കം ചെയ്തതായി അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ലീല സന്തോഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു. അറിഞ്ഞു കൊണ്ട് ചെയ്തതാവില്ല. അവതരണം വളരെ വേദനിപ്പിച്ചിരുന്നെങ്കിലും ആവിഷ്ക്കാരം സാങ്കേതികമായി മികച്ചതായിരുന്നെന്നും ലീല പറഞ്ഞു.

AD
No stories found.
The Cue
www.thecue.in