'ബാലൂ സീഘ്രമാ എഴുന്തു വാ, ഉനക്കാക കാത്തിരിക്കിറേന്‍', എസ്.പി.ബിക്കായി ഉള്ളുലഞ്ഞ് ഇളയരാജ

'ബാലൂ സീഘ്രമാ എഴുന്തു വാ, ഉനക്കാക കാത്തിരിക്കിറേന്‍', എസ്.പി.ബിക്കായി ഉള്ളുലഞ്ഞ് ഇളയരാജ

കൊവിഡ് ബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് സിനിമാ ലോകവും ആസ്വാദകരും. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് ഇസൈജ്ഞാനി ഇളയരാജയുടെ നെഞ്ചുലക്കുന്ന വീഡിയോയാണ്. ഉറ്റചങ്ങാതി എസ് പി ബാലസുബ്രഹ്മണ്യം ആരോഗ്യവാനായി തിരിച്ചെത്തുമെന്ന പ്രത്യാശ പങ്കുവയ്ക്കുകയാണ് വികാരഭരിതനായി ഇളയരാജ.

ഇളയരാജയുടെ വീഡിയോ സന്ദേശം

ബാലൂ, വേഗത്തില്‍ തിരികെ വരൂ, നിനക്ക് വേണ്ടി കാത്തിരിക്കുകയാണ് ഞാന്‍. നമ്മളുടെ ജീവിതം സിനിമയില്‍ മാത്രം അവസാനിക്കുന്നതല്ല. നമ്മള്‍ സിനിമയിലല്ല തുടങ്ങിയതും. ഏതോ കച്ചേരിയില്‍ തുടങ്ങി നാം ഒരുമിച്ച് തുടങ്ങിയ സംഗീതം നമ്മുടെ ജീവിതവും ജീവിക്കാനുള്ള കാരണവും ആകുകയായിരുന്നു. സംഗീതത്തില്‍ നിന്ന് സ്വരങ്ങള്‍ എങ്ങനെ പിരിയാതെ നില്‍ക്കുന്നുവോ അങ്ങനെയായിരുന്നു നമ്മുടെ ചങ്ങാത്തം. നമ്മള്‍ തര്‍ക്കിച്ച സമയങ്ങളില്‍ പോലും ആ സൗഹൃദം നമ്മളെ വിട്ടുപോയില്ല. ദൈവത്തോട് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ് നിന്റെ മടങ്ങിവരവിന്. അങ്ങനെ നീ വേഗം മടങ്ങിയെത്തുമെന്ന് എന്റെ മനസ് പറയുന്നുണ്ട്. ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. ബാലൂ.

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യാവസ്ഥയില്‍ ആശങ്കപ്പെടേണ്ടെന്ന് മകന്‍ എസ് പി ചരണ്‍ അറിയിച്ചു. ഐസിയുവില്‍ നിരീക്ഷണത്തിലാണ്. വ്യാജവാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും ചരണ്‍.

കഴിഞ്ഞ ദിവസം രാത്രി എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില വഷളാവുകയായിരുന്നുവെന്ന് ആശുപത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. അദ്ദേഹത്തെ ചികിത്സിക്കുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നും, നിലവില്‍ അദ്ദേഹം വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും പ്രസ്താവന പറയുന്നു.

ആഗസ്റ്റ് 5നായിരുന്നു എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. തനിക്ക് നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും, ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്നും മടങ്ങാന്‍ സാധിക്കുമെന്നും പറയുന്ന വീഡിയോ അദ്ദേഹം പങ്കുവെച്ചിരുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

No stories found.
The Cue
www.thecue.in