കേരളത്തിലെ ഏറ്റവും വലിയ ലൈവ് മ്യൂസിക് കണ്‍സര്‍ട്ട്, കെഎംഎഫ് പ്രഖ്യാപനവും 

കേരളത്തിലെ ഏറ്റവും വലിയ ലൈവ് മ്യൂസിക് കണ്‍സര്‍ട്ട്, കെഎംഎഫ് പ്രഖ്യാപനവും 

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ ഏറ്റവും വലിയ ലൈവ് മ്യൂസിക് നിശ. ഇന്ത്യയിലെ പ്രമുഖ സംഗീതജ്ഞര്‍ക്കൊപ്പം മലയാളി യുവഗായകരും അണിനിരക്കുന്ന പരിപാടി നവംബര്‍ ഒന്നിന് കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കും. കരുണ എന്ന പേരില്‍ നടക്കുന്ന ലൈവ് മ്യൂസിക് കണ്‍സര്‍ട്ടിന് പിന്നില്‍ ബിജിബാലും ഷഹബാസ് അമനുമാണ്. ഷോ സംവിധാനം ചെയ്യുന്നത് ആഷിക് അബു.

എന്തുകൊണ്ട് കേരളത്തില്‍ ഒരു മ്യൂസിക് ഫെസ്റ്റിവല്‍ ആയിക്കൂടാ എന്ന ചിന്തയിലാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ അത്തമൊരു ആലോചനയിലെത്തിയത്. പലതരം സംഗീതങ്ങളെ കോര്‍ത്തിണക്കിയൊരു ഉത്സവം. പെര്‍ഫോര്‍മന്‍സ് കൂടാതെ സംഗീത പഠന വേദി എന്ന നിലയില്‍ കൂടിയാണ് ഈ ഫൗണ്ടേഷന്‍. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ പ്രഖ്യാപനം എന്ന നിലക്കാണ് കേരളപ്പിറവി ദിനത്തില്‍ നവംബര്‍ ഒന്നിന് കരുണ എന്ന പ്രോഗ്രാം. ക്വാളിറ്റി മ്യൂസിക്കിന്റെ മെഡ്‌ലേ ആയിരിക്കും ഈ പ്രോഗ്രാം 

ബിജിബാല്‍ 

സ്വതന്ത്ര സംഗീതം സൃഷ്ടിക്കാനും, അംഗീകരിക്കുവാനും, പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യമിട്ട് തുടങ്ങിയ ഒരു സംഘടനയാണ് കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ (KMF).

കേരളത്തില്‍ സജീവമായി സിനിമാ സംഗീതത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന എല്ലാവരും കെ എം എഫുമായി സഹകരിക്കുന്നുണ്ടെന്ന് ആഷിക് അബു പറഞ്ഞു.

കേരളത്തിലെ പ്രധാന സംഗീത സംവിധായകരും ഗായകരും ഒരേ വേദിയില്‍ പെര്‍ഫോം ചെയ്യുന്നുവെന്ന പ്രത്യേകത കരുണയ്ക്കുണ്ടെന്ന് ഷോ ഡയറക്ടര്‍ കൂടിയായ ആഷിക് അബു കൂട്ടിച്ചേര്‍ത്തു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലെ നിയന്ത്രണം പരിഗണിച്ചാണ് ഷോ നവംബര്‍ ഒന്നിലേക്ക് മാറ്റിയതെന്നും ആഷിക്.

അനുരാധ ശ്രീറാം, പുഷ്പാവതി പൊയ്പാടത്ത്, സയനോര ഫിലിപ്പ്, സിതാര കൃഷ്ണകുമാര്‍, രൂപാ രേവതി, വൈക്കം വിജയലക്ഷ്മി, രാജലക്ഷ്മി, ജ്യോല്‍സ്‌ന രാധാകൃഷ്ണന്‍, സൗമ്യാ രാമകൃഷ്ണന്‍, സംഗീതാ ശ്രീകാന്ത്, ആന്‍ ആമി, സ്റ്റീഫന്‍ ദേവസി, അല്‍ഫോണ്‍സ് ജോസഫ്, ജാസി ഗിഫ്റ്റ്, ഷഹബാസ് അമന്‍, ഗോപിസുന്ദര്‍, ബിജിബാല്‍, ജോബ് കുര്യന്‍, ശ്രീവല്‍സന്‍ ജെ മേനോന്‍, സൂരജ് സന്തോഷ്, റെക്‌സ് വിജയന്‍, ഷാന്‍ റഹ്മാന്‍, ശ്രീനാഥ് ഭാസി, ഗോവിന്ദ് വസന്ത, ഹരീഷ് ശിവരാമകൃഷ്ണന്‍, സുഷിന്‍ ശ്യാം, ഹരിശങ്കര്‍, നജിം അര്‍ഷാദ്, സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ എന്നിവരാണ് പെര്‍ഫോം ചെയ്യുന്നത്.

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ ബിജിബാല്‍, ആഷിക് അബു, സയനോര ഫിലിപ്പ്, ഷഹബാസ് അമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്ന് മണിക്കൂര്‍ ആയിരിക്കും സംഗീത പരിപാടി. കര്‍ണാടിക്, ഫോക് ലോര്‍, തോറ്റം പാട്ട്, മാപ്പിളപ്പാട്ട്, ഖവാലി തുടങ്ങി എല്ലാ തരം സംഗീതത്തിന്റെയും സമന്വയ വേദിയായിരിക്കും കരുണയെന്ന് ബിജിബാല്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in