'സര്‍പട്ട പരമ്പരൈ'യുടെ വീരവിളയാട്ട്‌

'സര്‍പട്ട പരമ്പരൈ'യുടെ വീരവിളയാട്ട്‌
Summary

'മദ്രാസി'ലെ കാളിയും, തലൈവരുടെ കബാലിയും കരികാലനും ഒക്കെ ഒരുപക്ഷേ സർപട്ട പരമ്പരൈയിലെ കപിലനിൽ എത്താൻ മാത്രമുള്ള സൃഷ്ടികളായി കാണാനാണ് എനിക്കിഷ്ടം.

പാ.രഞ്ജിത് സംവിധാനം ചെയ്ത തമിഴ് ചിത്രം. സര്‍പട്ട പരമ്പരൈയെക്കുറിച്ച് കഥാകൃത്ത് വിവേക് ചന്ദ്രന്‍ എഴുതുന്നു

ആമസോണ്‍ പ്രൈമില്‍ ഇറങ്ങിയ 'സർപ്പട്ട പരമ്പരൈ' എഴുപതുകളുടെ ആദ്യ പകുതിയിൽ തുടങ്ങി ഏതാണ്ട് അഞ്ച് വർഷത്തോളം നീളുന്ന നോർത്ത് മദ്രാസിലെ ബോക്‌സർമാരുടെ കഥ പറയുന്ന സിനിമയാണ്. ഹാർബറിലും കടലിലും കഠിനമായ കായിക ജോലിയിൽ ഏർപ്പെടുന്ന വടച്ചെന്നൈയിലെ അടിസ്ഥാനവർഗത്തിലുള്ള (അടിപ്പടൈ മക്കൾ) മനുഷ്യർ പതിവായി ഏര്‍പെട്ടിരുന്ന വിനോദം ഗംബ്ലിങ് സ്വഭാവമുള്ള പരസ്പരം മുഖത്ത് കുത്തി അവസാനം വരെ വീഴാതെ നില്‍ക്കുന്ന ആളെ വിജയിയായി പ്രഖ്യാപിക്കുന്ന കുത്തുസണ്ടൈ എന്ന് വിളിക്കുന്ന ബോക്സിങ്ങിന്റെ പ്രാചീന രൂപം ആണ്. പോര്‍ട്ടുകള്‍ ഭരിക്കുന്ന ബ്രിട്ടീഷുകാരുടെ മേൽനോട്ടത്തിൽ നിയതമായ നിയമങ്ങൾ കൊണ്ട് രൂപപ്പെടുത്തിയ ഇന്ന് കാണുന്ന ബോക്സിങ് എന്ന ആംഗില (ഇംഗ്ളീഷ്) കുത്തുസണ്ടൈ വളരെ വേഗം പ്രചാരത്തില്‍ വരുന്നുണ്ട്. ഒരു നേരമ്പോക്കായി തുടങ്ങി അങ്ങേയറ്റം വാശിയിലേക്കും പ്രതികാരബുദ്ധിയിലേക്കും വഴിതിരിഞ്ഞുപോകുന്ന വലിയൊരു പാരമ്പര്യം തന്നെ വടചെന്നൈയിലെ ബോക്സിംഗ് സബ്-കള്‍ച്ചറിന് അവകാശപ്പെടാനുണ്ട്.

അങ്ങേയറ്റം കായിക ക്ഷമത ആവശ്യപ്പെടുന്ന, ദരിദ്രമായ ജീവിത ചുറ്റുപാടുകളിലെ പരാധീനതകൾ മറക്കാൻ സഹായിക്കുന്ന, ഈ വിനോദത്തിന് ഈ മനുഷ്യരുടെയൊക്കെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ദ്രാവിഡന്റെ രോഷവും സ്വന്തം പരമ്പരയോടുള്ള കൂറും അടങ്ങുന്ന അങ്ങേയറ്റം തീവ്രമായ വൈകാരികതലം ഒരു വിനോദം എന്നതിലുപരി ബോക്സിങിനെ ആണുങ്ങളുടെ ഉന്മാദമാക്കി മാറ്റുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് സർപട്ട പരമ്പരൈ, മിലിട്ടറി പരമ്പരൈ, ഇടിയപ്പ പരമ്പരൈ തുടങ്ങി ഒരുപാട് ബോക്സിങ് ക്ലബ്ബുകൾ രൂപപ്പെട്ടുന്നു, അവർ വലിയ പന്തലുകൾ ഉയർത്തി അതിൽ നിരന്തരം മത്സരങ്ങൾ നടത്തുന്നു. വിജയങ്ങൾ നേടുന്നവർക്ക് സമൂഹത്തിൽ മാന്യതയും, രാഷ്ട്രീയ കക്ഷികളുടെ പിന്തുണയും, സ്ഥിരതയുള്ള വരുമാനവും ഉണ്ടാകുന്നു. തോറ്റുപോയാലും റിങ്ങില്‍ വെച്ച് ജീവന്‍ വെടിഞ്ഞാല്‍ അനശ്വരനാകാം എന്നൊരു സാധ്യതയും ഈ മത്സരങ്ങള്‍ മുന്നോട്ടു വെക്കുന്നുണ്ട്. സമൂഹത്തില്‍ സാമ്പത്തികമായും ജാതീയമായും ഏറ്റവും ചൂഷണം അനുഭവിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ക്ക് ചരിത്രത്തിന്റെ ഭാഗമാകാന്‍ കിട്ടുന്ന ഗതികെട്ട അവസരമായി കൂടിയാണ് അവരീ വിനോദത്തിനെ കാണുന്നത്. ഈ ക്ലബ്ബുകളുടെ മത്സരബുദ്ധിയും, സമൂഹത്തിലെ ജാതീയതയും, കാലഘട്ടത്തിന്റെ രാഷ്ട്രീയവും, അതിൽ കുടുങ്ങിപോകുന്ന സാഹസികരായ ഒരുപറ്റം ബോക്സർമാരും അവരുടെ കൂടെ ജീവിക്കുന്ന സ്ത്രീകളും അടങ്ങുന്ന വലിയൊരു കാൻവാസിലാണ് സർപട്ട പരമ്പരൈ സംഭവിക്കുന്നത്. സ്പോർട്സ് ഡ്രാമ എന്ന ഒറ്റ ഴോണറിൽ ഒതുക്കാവുന്നതല്ല ഈ സിനിമയുടെ ഇതിവൃത്തം.

തുടക്കം മുതല്‍ ഒടുക്കം വരെയുള്ള കഥാപാത്രങ്ങളുടെ / അഭിനേതാക്കളുടെ സ്ഥിരത (consistency) കഥയ്ക്ക് കൊടുക്കുന്ന വിശ്വാസ്യത ചില്ലറയല്ല. ചിത്രകാരൻ കൂടിയായ സംവിധായകന്‍ പാ രഞ്ജിത്തിന്റെ മേൽനോട്ടത്തിൽ ചെയ്ത എഴുപതുകളിലെ മദ്രാസിന്റെ സെറ്റുകളും ചിത്രത്തിന്റെ കലാ സംവിധാനവും, അതിനു പിന്നിലെ ഗവേഷണവും തെന്നിന്ത്യന്‍ സിനിമയിലെ വലിയൊരു കാല്‍വെയ്പ്പാണ്.
Sarpatta Parambarai
Sarpatta Parambaraiamazon prime

ബൃഹത്തായ നോവലിന്റെ ഘടനയാണ് സര്‍പ്പട്ട പരമ്പരയുടെത്. തുറമുഖത്തിന്റെയും, കല്‍ക്കരിപ്പാടങ്ങളുടെയും, കടലോരത്തിന്റെയും പശ്ചാത്തലത്തില്‍ നൂറില്‍ പരം അഭിനേതാക്കളെ കൃത്യമായി പ്ലെയിസ് ചെയ്ത്, അവര്‍ക്ക് ഓരോത്തര്‍ക്കും വ്യക്തിത്വവും character detailingഉം അതിനു ചേരുന്ന സംഭാഷണവും character arcഉം കൊടുത്ത്, അവരെ ഇടപഴകാന്‍ വിട്ട്, ആ ബലതന്ത്രത്തില്‍ നിന്നും രൂപപ്പെടുത്തുന്ന സീനുകള്‍ ആണ് ഈ ചിത്രത്തിന്റെ അസ്ഥിവാരം. ഓരോ കഥാപാത്രവും ഓരോ സിനിമയാണ് എന്ന് തോന്നുന്ന അത്ര ആഴമുള്ള കഥാപാത്ര നിര്‍മ്മിതി നമുക്ക് ആദ്യകാഴ്ചയില്‍ തന്നെ അനുഭവപ്പെടും. മറ്റൊരു പ്രധാന ആകര്‍ഷണം ചിത്രത്തിലെ കൃത്യതയുള്ള സംഭാഷണങ്ങള്‍ ആണ്. "നിങ്ങള്‍ ആണുങ്ങള്‍ എന്തിനാണ് മത്സരത്തിനെ അഭിമാനവുമായി ചേര്‍ത്ത് വെക്കുന്നത് ?" എന്ന തുഷാര വിജയന്‍ അവതരിപ്പിച്ച മാരിയമ്മ കപിലനോട് (ആര്യ) ചോദിക്കുന്ന ചോദ്യം ഇതിനൊരു ഉദാഹരണമാണ്.

തുടക്കം മുതല്‍ ഒടുക്കം വരെയുള്ള കഥാപാത്രങ്ങളുടെ / അഭിനേതാക്കളുടെ സ്ഥിരത (consistency) കഥയ്ക്ക് കൊടുക്കുന്ന വിശ്വാസ്യത ചില്ലറയല്ല. ചിത്രകാരൻ കൂടിയായ സംവിധായകന്‍ പാ രഞ്ജിത്തിന്റെ മേൽനോട്ടത്തിൽ ചെയ്ത എഴുപതുകളിലെ മദ്രാസിന്റെ സെറ്റുകളും ചിത്രത്തിന്റെ കലാ സംവിധാനവും, അതിനു പിന്നിലെ ഗവേഷണവും തെന്നിന്ത്യന്‍ സിനിമയിലെ വലിയൊരു കാല്‍വെയ്പ്പാണ്.

കാലഘട്ടത്തിനെ അടയാളപ്പെടുത്തുന്നതിനായി ബില്‍ ബോര്‍ഡുകളും, സിനിമാ പരസ്യങ്ങളും, ട്രാന്‍സിസ്റ്റര്‍ റേഡിയോയും ഉപയോഗിക്കുന്ന പതിവ് രീതിക്ക് ഇനിയൊരു പുനരാലോചനയുണ്ടാവാന്‍ ഈ സിനിമ കാരണമാവും എന്ന് തന്നെയാണ് പ്രതീക്ഷ. സന്തോഷ്‌ നാരായണന്റെ സംഗീതം സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. കപിലന്റെ പരിശീലനരംഗങ്ങളില്‍ വരുന്ന പശ്ചാത്തലഗാനത്തിലെ വരികളും അതിലെ രാഷ്ട്രീയവും ഇപ്പോള്‍ തന്നെ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.

 Sarpatta
SarpattaSarpatta Parambarai

ഈ സിനിമ സംസാരിക്കുന്നത് പലതരം പരാജയങ്ങളെ കുറിച്ചാണ്. ജീവികാലം മുഴുവൻ ഒരു ബോക്‌സർ എന്ന നിലയിൽ വിജയിച്ചിട്ടും പിന്നീട് പരിശീലകൻ എന്ന നിലയിൽ ഒരു മെയിൻ ബോർഡ് മത്സരം പോലും ജയിപ്പിക്കാൻ കഴിയാത്ത കോച്ച് രംഗൻ വാദ്ധ്യാരെ കുറിച്ച്; വലിയ ബോക്‌സർ ആയിരുന്നിട്ടും സമൂഹത്തിൽ അംഗീകാരം കിട്ടാതെ, അതിന്റെ നിരാശയിൽ കുത്തഴിഞ്ഞു ജീവിച്ച് ഒടുക്കം അകാലത്തിൽ പൊലിഞ്ഞുപോയ മുനിരത്നത്തെ കുറിച്ച്; ഭർത്താവിനെ നഷ്ടപ്പെട്ട് വലിയ പ്രതീക്ഷയോടെ ഒറ്റയ്ക്ക് മകനെ വളർത്തിയിട്ടും വീണ്ടും മകനിലൂടെ അതേ ജീവിതദുരിതങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്ന ഭാഗ്യമ്മയെ കുറിച്ച്; പലതരം ഹരങ്ങളില്‍ ജീവിക്കുന്ന കപിലന്റെ കൂടെ ഒരു ദിവസം പോലും സമാധാനത്തോടെ ജീവിചിട്ടില്ലാത്ത മാരിയമ്മയെ കുറിച്ച്; ജീവിതം മുഴുവൻ ആഗ്രഹിച്ചിട്ടും, ചുറ്റുവട്ടാരത്തെ എല്ലാ ബോക്‌സർമാരെയും തോല്പിച്ചിട്ടും ഒരു മുഴുക്കുടിയനായി എല്ലാവരാലും പരിഹസിക്കപ്പെട്ട് തന്റെ അച്ഛന്റെതിന് സമാനമായ ജീവിതം ജീവിച്ചിട്ട് മരണത്തോളം എത്തി തിരിച്ചുവന്ന കപിലനെ കുറിച്ച്; തന്റെ കൂടെയുള്ള സവർണ്ണരായ ബോക്സർമാരെ അപേക്ഷിച്ച് അയാൾക്ക് ഓടേണ്ടിവരുന്ന അധിക മൈലുകളെ കുറിച്ച്; ചത്ത് നരകം കണ്ട് തിരിച്ചുവന്നിട്ടും അയാൾക്ക് നിഷേധിക്കപ്പെടുന്ന വിജയങ്ങളെ കുറിച്ച് ! അട്ടക്കത്തിയില്‍ തുടങ്ങി മദ്രാസിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ ഏറ്റുവാങ്ങി രണ്ടുതവണ തുടര്‍ച്ചയായി തലൈവര്‍ പടം ചെയ്ത്, സബാള്‍ട്ടെണ്‍ പൊളിറ്റിക്സ് എങ്ങനെയാണ് പോപ്പ് കള്‍ച്ചറില്‍ കൊണ്ടുവരേണ്ടത് എന്ന കൃത്യമായ ധാരണയുള്ള പാ. രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്യാന്‍ ഉറപ്പിച്ച തിരക്കഥകളില്‍ ഒന്നായിരുന്നു സര്‍പ്പട്ട പരമ്പരൈയുടേത്. എന്നാല്‍ ധാരാവിയും ക്വാലാലംപൂരും ഒക്കെ ലോക്ക്ഡ് സെറ്റുകളിട്ട് ചിത്രീകരിച്ച പരിചയവും അനുബന്ധമായി ആള്‍ക്കൂട്ടത്തിനെ കൈകാര്യം ചെയ്ത തഴക്കവും ഒക്കെ സര്‍പ്പട്ട പരമ്പരൈയെ ഒരു വലിയ കാന്‍വാസില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

 Sarpatta
SarpattaSarpatta Parambarai

ആര്യയുടെ കരിയറിലെ സോളോ ഹീറോ ആയിട്ടുള്ള ഏറ്റവും വലിയ ചിത്രമാണ് സര്‍പ്പട്ട പരമ്പരൈ. ഒരുപക്ഷേ തിയറ്റർ റിലീസ് കിട്ടിയാൽ ആര്യയെ ഒരു bankable മാസ്സ് ഹീറോ ആയി അടയാളപ്പെടുത്താൻ ഉതകുന്ന ചിത്രം.

വിവേക് ചന്ദ്രന്‍

'മദ്രാസി'ലെ കാളിയും, തലൈവരുടെ കബാലിയും കരികാലനും ഒക്കെ ഒരുപക്ഷേ സർപട്ട പരമ്പരൈയിലെ കപിലനിൽ എത്താൻ മാത്രമുള്ള സൃഷ്ടികളായി കാണാനാണ് എനിക്കിഷ്ടം. അത്രയ്ക്ക് തീക്ഷണമായാണ് കപിലന്റെ കഥാപാത്രനിര്‍മ്മിതി. അമ്മയെയും ഭാര്യയെയും ജോലിയിലെ ഓവര്‍സിയറെയും ഭയക്കുന്ന, വാദ്ധ്യാരോട് ഭക്തി കലര്‍ന്ന സ്നേഹം സൂക്ഷിക്കുന്ന, ബോക്സിംഗ് രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന, അപമാനിക്കപ്പെടുന്ന നിമിഷത്തെ ആവേശത്തിന് ഒരാളെ കൊന്നുകളയാന്‍ പോലും മടിയില്ലാത്ത, കപിലനെ ഗംഭീരമായാണ് ആര്യ സ്ക്രീനിൽ അവതരിപ്പിക്കുന്നത്. സൂര്യയെ ആയിരുന്നു ഈ വേഷത്തിന് ആദ്യം പരിഗണിച്ചിരുന്നത് എന്ന് കേട്ടിട്ടുണ്ട്. ആര്യ എന്ന തമിഴിലെ ഏറ്റവും ഭാഗ്യംകെട്ട നടൻ പലപ്പോഴും ഇങ്ങനെ രണ്ടാമൂഴകാരനായിരുന്നു. ശ്യാമിന്റെയും (അറിന്തും അറിയാമലും) ഭരത്തിന്റെയും (പട്ടിയൽ) കൂടെ രണ്ടാമത്തെ നായകനായി അഭിനയിച്ച് തുടങ്ങി, അജിത് ഉപേക്ഷിച്ചുപോയ നാൻ കടവുളിൽ രണ്ടാമത്തെ ചോയിസായി കയറി കരിയറിന്റെ തുടക്കത്തിലെ ഏറ്റവും വിലപ്പെട്ട മൂന്ന് വർഷങ്ങൾ ഹോമിച്ച്, പിന്നെയും വലിയ അമ്പിഷ്യസ് ആയ പല പ്രോജക്റ്റുകളിലും രണ്ടാമനായി (ആരംഭം, കാപ്പന്‍, അവന്‍-ഇവന്‍) പ്രത്യക്ഷപ്പെട്ട് അതിന്റെയൊന്നും ഫലം ഗുണകരമായി കരിയറിൽ കിട്ടാതെപോയ നടനാണ് ആര്യ. ഇടയ്ക്ക് മദിരാശിപട്ടണം, ബോസ്സ് എങ്കിറ ഭാസ്കരന്‍, രാജാ റാണി, ടെഡ്ഡി എന്നിങ്ങനെ ചില ചിത്രങ്ങളില്‍ വിജയം രുചിക്കുന്നുണ്ടെങ്കിലും ഒരു സോളോ ഹീറോ എന്ന രീതിയില്‍ ആര്യ സ്ക്രീനില്‍ വരുന്നത് അപൂര്‍വ്വമാണ്. മേഘമൻ എന്ന രസികൻ ത്രില്ലറിലെ അണ്ടർ കവർ ഓഫീസർ, മഗാമുനിയിലെ ദളിതരായ സഹോദരങ്ങളുടെ ഇരട്ടവേഷം, ഒക്കെ സിനിമയുടെ പരാജയം കൊണ്ട് മാർക്ക് ചെയ്യപ്പെടാതെ പോയ ആര്യയുടെ സമീപ കാലത്തെ ഗംഭീര വേഷങ്ങളാണ്. ഒടുക്കം കപിലന്റെ കഥാപാത്രത്തിന് സമാനമായി ചത്ത് നരകം കണ്ട് തിരിച്ചുവരുന്നത്രയും എഫർട്ടിട്ട് ശരീരം പല തരത്തിൽ രൂപപ്പെടുത്തിയെടുത്തിട്ടാണ് ആര്യ കപിലനെ അവതരിപ്പിക്കുന്നത്.

ആര്യയുടെ കരിയറിലെ സോളോ ഹീറോ ആയിട്ടുള്ള ഏറ്റവും വലിയ ചിത്രമാണ് സര്‍പ്പട്ട പരമ്പരൈ. ഒരുപക്ഷേ തിയറ്റർ റിലീസ് കിട്ടിയാൽ ആര്യയെ ഒരു bankable മാസ്സ് ഹീറോ ആയി അടയാളപ്പെടുത്താൻ ഉതകുന്ന ചിത്രം. വിജയിച്ചിട്ടും തോറ്റുപോയ കപിലനെ പോലെ ഗംഭീര സിനിമാകാഴ്ചയായിട്ടും ആര്യയുടെ ഈ മാഗ്നം ഓപ്പസ് മൊബൈൽ സ്ക്രീനിന്റെ പരിമിതിയിൽ, OTT റിലീസിൽ, ഒതുങ്ങി പോയി എന്നുള്ളത്ത് വലിയൊരു വേദനയാണ്.
ഒ️രുപക്ഷെ പാ രഞ്ജിത്തിന്റെ ഏറ്റവും സഫലമായ രാഷ്ട്രീയ ചിത്രമാവും സര്‍പട്ട പരമ്പരൈ. അവസരം കിട്ടാനുള്ള അടങ്ങാത്ത ആഗ്രഹമായും, കിട്ടിയ അവസരം തന്റെ സമുദായത്തിന് കിട്ടിയ അവസരമായി മനസ്സിലാക്കി അത് പരമാവധി നന്നായി പ്രയോജനപ്പെടുത്താനുള്ള തത്രപ്പാടായും, വിജയിച്ചു കഴിഞ്ഞിട്ടും സമൂഹത്തിന്റെ മുന്നില്‍ തോറ്റുപോകുന്ന ദൈന്യതയായിട്ടും, ആ പരാജയത്തില്‍ നിന്നും ഇച്ഛാശക്തിയോടെ കരകയറാനായി മരിക്കാന്‍ പോലും തയ്യാറാവുന്ന ത്യാഗസന്നദ്ധതയായും ഒക്കെ സിനിമയിലുടനീളം കപിലന്റെ മിടിക്കുന്ന നീലഹൃദയം നമുക്ക് അനുഭവിക്കാനാവും. "അവര്‍ക്ക് പ്രശ്നം സര്‍പട്ട പരമ്പര ജയിക്കുന്നതല്ല, കപിലാ നീ ജയിക്കുന്നതാണ്" എന്ന വരിയില്‍ ഈ സിനിമ അതിന്റെ രാഷ്ട്രീയം കൃത്യമായി സംവദിക്കുന്നുണ്ട്. റിങ്ങിനെ നൃത്തക്കളമാക്കുന്ന ഡാന്‍സിംഗ് റോസിനും, പഞ്ചിംഗ് പവര്‍ കൊണ്ട് എതിരാളിയെ നരകം കാണിക്കുന്ന വെമ്പുലിക്കും, ആവേശം കൊണ്ടും അഗ്രഷന്‍ കൊണ്ടും എതിരാളിയെ ഭയപ്പെടുത്തുന്ന വെട്രിക്കും, ഫുട്വര്‍ക്ക് കണക്കുകൂട്ടി കണ്ണില്‍ നോക്കി അവസരത്തിന് വേണ്ടി കാത്തിരിക്കുന്ന കപിലനും ഒക്കെ റിങ്ങില്‍ സൂക്ഷ്മമായ വ്യക്തിത്വങ്ങള്‍ പകര്‍ന്നു നല്‍കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതിലുപരിയായി റിങ്ങിലെ വാശിയുടെയും പ്രതികാരബുദ്ധിയുടെയും അനന്തരഫലം പല തലങ്ങളില്‍ അനുഭവിക്കുന്ന മിഴിവുള്ള, ചോദ്യങ്ങള്‍ ചോദിക്കുന്ന മൂന്നു സ്ത്രീ കഥാപാത്രങ്ങള്‍ (ഭാഗ്യമ്മ, മാരിയമ്മ, വെട്രിയുടെ ഭാര്യ ലക്ഷ്മി) ഒരു പതിവു തെന്നിന്ത്യന്‍ സിനിമാകാഴ്ചയല്ലതന്നെ.
മണിരത്നത്തിന്റെ 'നായകൻ' ആദ്യമായി തിയറ്ററിൽ ഇരുന്ന് കണ്ട ഒരു സിനിമാ രസികന്റെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് പലപ്പോഴും സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ട്.

കണ്ടത് വരാനിരിക്കുന്ന ചരിത്രമാണ് എന്ന തിരിച്ചറിവിലേക്ക് എത്താൻ അയാൾക്ക് എത്ര ദിവസങ്ങൾ വേണ്ടിവന്നിരിക്കും ? വേലു നായ്ക്കരും അയാളെ ചുറ്റിപ്പറ്റിയുള്ള ലോകവും ഉള്ളിൽ നിറഞ്ഞ് അയാൾ എത്രകാലം ആ സിനിമയെ കുറിച്ച് ആരോടും ഒന്നും മിണ്ടാനാവാതെ സ്വപ്നലോകത്തിൽ നിറഞ്ഞുതുളുമ്പി ജീവിച്ചിരിക്കും ? എനിക്ക് അങ്ങനെയൊരു കാഴ്ചയായിരുന്നു സർപട്ട പരമ്പരൈ തന്നത്. ബ്ലാക്ക് ടൌണ്‍ എന്ന സാഹസികരുടെ ചോര വീണ് കറുത്ത തുറമുഖ പട്ടണത്തിലെ മണ്ണും അതില്‍ പുലരുന്ന പലതരം മനുഷ്യരും അടങ്ങുന്ന മായാലോകം ഇനിയും എത്രയോ കാലം എന്നില്‍ ജീവിക്കും. എന്നല്ല, സജീവമായി സിനിമ കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന കാലത്ത് അനുഭവിക്കാന്‍ കിട്ടിയ ഒരു തികഞ്ഞ മാസ്റ്റർപീസായി തന്നെയാണ് എന്റെ പരിമിതമായ സിനിമാകാഴ്ചകളില്‍ ഞാന്‍ സർപ്പട്ട പരമ്പരൈയെ അടയാളപ്പെടുത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in