നായാട്ട് നിങ്ങളെ വേട്ടയാടും Nayattu Movie Review

Nayattu Movie Review
Nayattu Movie Review
Summary

മലയാളത്തിലെ മികച്ച രാഷ്ട്രീയ സിനിമകളുടെ ശ്രേണിയിലേക്ക് ഉയരുന്ന ചിത്രം തിയറ്ററിനു പുറത്തേക്കും ഏറെകാലം പ്രേക്ഷകരെ വേട്ടയാടുമെന്നു തീര്‍ച്ച. സുധി.സി.ജെ എഴുതിയ നിരൂപണം

ജാതി, മതം, ദേശം, ഭാഷാ,തുടങ്ങി ചെറുതും വലുതുമായ വേര്‍തിരിച്ചു എടുക്കാന്‍ കഴിയാത്തത്ര സങ്കീര്‍ണതകളാല്‍ കെട്ടുപിണഞ്ഞു കിടക്കുന്ന ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയാണ് ഷാഹി കബീര്‍ തിരക്കഥയെഴുതി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'നായാട്ട്' പ്രശ്‌നവത്ക്കരിക്കുന്നത്. കോവിഡ്കാല പ്രതിസന്ധികളെ അതിജീവിച്ച് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത് ഒരു ഇലക്ഷന്‍ കാലത്താണ് എന്നത് കേവലം യാദൃചികതയാകാം. എന്നാല്‍ സിനിമ റിലീസ് ചെയ്യാന്‍ ഇതിലും ഉചിതമായ സമയം വേറെയില്ലെന്നു അടിവരയിടുന്നു നായാട്ടിന്റെ പ്രമേയം. കാരണം ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയുടെ പരിചേദ്ദവും അതിന്റെ എല്ലാ പുഴുക്കുത്തുകളും പേറുന്ന ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസാണല്ലോ തിരഞ്ഞെടുപ്പ് പ്രക്രിയ. മലയാളത്തിലെ മികച്ച രാഷ്ട്രീയ സിനിമകളുടെ ശ്രേണിയിലേക്ക് ഉയരുന്ന ചിത്രം തിയറ്ററിനു പുറത്തേക്കും ഏറെകാലം പ്രേക്ഷകരെ വേട്ടയാടുമെന്നു തീര്‍ച്ച.

ഇര, വേട്ട, വേട്ടയാടല്‍, വേട്ടക്കാരന്‍ തുടങ്ങിയ ബിംബങ്ങളെ കെ.ജി. ജോര്‍ജ്ജ് സിനിമകള്‍ മുതല്‍ ഇങ്ങോട്ട് ലിജോ ജോസ് പല്ലിശേരിയും ദിലീഷ് പോത്തനും വരെ മലയാളത്തില്‍ പ്രശ്‌നവത്ക്കരിച്ചിട്ടുണ്ട്. ജോര്‍ജ്ജും ലിജോയും ദിലീഷുമൊക്കെ അത്തരം ഒരു പ്ലോട്ടിനെ മനഃശാസ്ത്രപരമായിട്ടാണ് സമീപിച്ചിരുന്നതും അവതരിപ്പിച്ചിരുന്നതും. നായാട്ടില്‍ എത്തുമ്പോള്‍ അത് തികച്ചും റിയലിസ്റ്റിക്കായ പച്ചയായ ഒരു കഥപറച്ചിലേക്കു മാറുന്നു. ഇന്ത്യന്‍ വ്യവസ്ഥയോടുള്ള എഴുത്തുകാരന്റെ കലഹമായി കൂടി അത് മാറുമ്പോള്‍ 'നായാട്ട്' സമകാലിക മലയാള സിനിമയിലെ ഏറ്റവും സത്യസന്ധവും തെളിമയുമുള്ള ആഖ്യാനങ്ങളിലൊന്നായി മാറുന്നു.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയിട്ട് ഏഴ് പതിറ്റാണ്ടിലേറെയായിട്ടും അവരുടെ അധിനിവേശത്തിന്റെയും അധികാര രാഷ്ട്രീയത്തിന്റെയും ബാക്കിപത്രങ്ങള്‍ ഇപ്പോഴും അത്രമേല്‍ ആഴത്തില്‍ ഇന്ത്യന്‍ വ്യവസ്ഥയില്‍ പതിഞ്ഞുകിടപ്പുണ്ട്. മാനവീകയതല്ല മറിച്ച് അധികാരമാണ് ആ വ്യവസ്ഥയുടെ അടിസ്ഥാനശില. അധിനിവേശ ശക്തികളുടെ കടന്നുവരവിനു മുമ്പേ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ഗ്രസിച്ച ജാതി രാഷ്ട്രീയത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്വാതന്ത്ര്യനാന്തര ഇന്ത്യയാകാട്ടെ ബ്രീട്ടിഷ് അധികാരരാഷ്ട്രീയത്തിന്റെയും ഭാരതീയ ജാതി വ്യവസ്ഥയുടെയും എല്ലാത്തരം മാലിന്യങ്ങളെയും പേറുന്നുണ്ട്.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയും നിയമനിര്‍മാണ സഭയും നീതിനിര്‍വ്വഹണ വിഭാഗങ്ങളുമൊക്കെ ഇപ്പോഴും പിന്തുടരുന്നത് ബ്രിട്ടിഷ് വ്യവസ്ഥയില്‍ അധിഷ്ഠിതമായ സ്ഥാനികളുടെ അധികാര ശ്രേണി തന്നെയാണ്. പോലീസ് സേനയും ഇതേ ഘടന തന്നെയാണ് പിന്തുടരുന്നത്. ഏറ്റവും മുകളില്‍ ഇരിക്കുന്നവര്‍ തൊട്ടുതാഴെയുള്ളവരെ അധികാര പ്രയോഗത്തിലൂടെ സമര്‍ദ്ദത്തിലാക്കുന്ന ഒരു ഘടനയിലൂടെ തന്നെയാണ് ആ വ്യവസ്ഥ ഇന്നും ചലിച്ചുകൊണ്ടിരിക്കുന്നത്. ആ ഘടനയുടെ താഴേക്കു വരുന്തോറും അടിതട്ടിലുള്ളവര്‍ക്ക് സമര്‍ദ്ദം കൂടികൊണ്ടിരിക്കും. നീതിയായലും അനീതിയായലും മറുചോദ്യങ്ങളില്ലാതെ അനുസരിക്കുക എന്നല്ലാതെ അവിടെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ല. സിനിമയുടെ ട്രെയിലര്‍ കട്ട് ഓര്‍ക്കുക. രാത്രിയില്‍ പ്രണയിനിയുടെ വീട്ടിലെത്തി ഗിഫ്റ്റ് കൊടുക്കാന്‍ ശ്രമിച്ച സാമ്പത്തികമായും സമുദായികമായും താഴെ തട്ടിലുള്ള യുവാവിനെതിരെ കള്ളകേസുണ്ടാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് ആ വ്യവസ്ഥ നിങ്ങളോട് ആവശ്യപ്പെടുന്നത്. ദുരഭിമാനത്തിന്റെ പേരില്‍ കെവിന്‍ എന്ന യുവാവ് കൊല്ലപ്പെടുമ്പോള്‍ കൊല ഉറപ്പാക്കാന്‍ കാവല്‍ ഇരുന്നതും ഇതേ സിസ്റ്റം തന്നെയാണെന്ന യഥാര്‍ത്ഥ്യവും നമ്മുടെ മുന്നിലുണ്ട്.

Nayattu Movie Review
കളിത്തോക്കും, കുളവും, ഒട്ടുപാലും: വയലന്റാണ് 'ജോജി'

ഇത്തരം സമ്മര്‍ദ്ദങ്ങളും ആത്മസംഘര്‍ഷങ്ങളുമൊക്കെ പോലീസ് ഉദ്യോഗസ്ഥര്‍ തീര്‍ക്കുന്നതാകാട്ടെ സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവത്ക്കരിക്കപ്പെട്ട പ്രത്യേകാധികാരങ്ങള്‍ ഇല്ലാത്ത വിഭാഗങ്ങളിലേക്കാണ്. അവിടെ അധികാരപിരമിഡിന്റെ മുകളില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ തൊട്ട് മുകളിലോട്ട് അധികാരം കൈയാളുമ്പോഴാണ് വിനായകനെ പോലെയുള്ള യുവാക്കാള്‍ അഭിമാനം നഷ്ടപ്പെട്ട് ആത്മഹത്യയില്‍ അഭയം തേടുന്നത്. പക്ഷേ എല്ലാ കാലത്തും ഒരു ജനതക്കു അവഗണനയും അടിച്ചമര്‍ത്തലുകളും അവഗണിച്ച് അഭിമാനം പണയംവെച്ചു ജീവിക്കാനാകില്ലല്ലോ. അത് കലഹങ്ങളും കലാപങ്ങളാകുമെന്ന ഓര്‍മ്മപ്പെടുത്തലാകുന്നുണ്ട് സിനിമ. എല്ലാ കാലത്തും കുഞ്ഞിഞ്ഞു കുമ്പിട്ടു നില്‍ക്കാന്‍ തങ്ങളെ കിട്ടിലെന്നും ജാതി പ്രീണനം നടത്തി തങ്ങളെ വിലക്കെടുക്കാന്‍ കഴിയില്ലെന്നും സിനിമ ഉറക്കെ വിളിച്ചു പറയുന്നുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ എല്ലാ കാലത്തും പ്രീണിപ്പിച്ചു നിര്‍ത്താന്‍ കഴിയുന്ന ഒന്നാണ് ദളിതരുടെ രാഷ്ട്രീയ ബോധമെന്ന വായന കല്ലുകടിയാകുന്നുണ്ട് ചിലപ്പോഴെങ്കിലും.

ഇത്തരത്തില്‍ പിരമിഡ് ഘടനയുള്ള അധികാര ശ്രേണിയുടെ രാഷ്ട്രീയത്തെയാണ് നായാട്ട് എന്ന സിനിമ പ്രശ്‌നവത്ക്കരിക്കുന്നത്. പോലീസ് സേനയിലെ തന്റെ അനുഭവങ്ങള്‍ ഒരു പരിധി വരെ തിരക്കഥയില്‍ ഷാഹി കബീറിനെ എഴുത്തില്‍ സഹായിച്ചിട്ടുണ്ടെന്ന് അനുമാനിക്കാം. എങ്കിലും ശ്രമകരമായ ഒരു ദൗത്യമാണ് ഷാഹി വിജയകരമായി പൂര്‍ത്തിയാക്കിയതെന്നു പറയാതെ വയ്യ. സിനിമയുടെ പ്രതിപാദിക്കുന്ന വിഷയം അത്രമേല്‍ സങ്കീര്‍ണ്ണവും വൈകാരികമാണ്. അങ്ങനെയൊരു വിഷയത്തോട് പൂര്‍ണ്ണമായും നീതിപുലര്‍ത്തുക ഏറെക്കൂറെ അസാധ്യമായ കാര്യമാണ്. കാരണം ഇവിടെയൊരു ശരിയില്ല, ശരികളാണ് ഉള്ളത്. അതുകൊണ്ടു തന്നെ സിനിമ രാഷ്ട്രീയമായി ശരിയാണോ എന്നു തൂക്കി നോക്കുന്നതില്‍ യുക്തിയില്ല. പോലീസ് സേനയെ അന്ധമായി വെള്ളപൂശാനും എഴുത്തുകാരന്‍ ശ്രമിച്ചിട്ടില്ല. മറിച്ച് ആ വ്യവസ്ഥയില്‍ തിരുത്തപ്പെടുത്താനാകത്തവിധം കുരുങ്ങികിടക്കുന്ന സങ്കീര്‍ണ്ണതകളിലേക്കും നിസഹായതകളിലേക്കുമാണ് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. അവിടെ വേട്ടകാരന്‍ എപ്പോള്‍ വേണമെങ്കിലും ഇരയായി മാറ്റപ്പെടമെന്ന യഥാര്‍ത്ഥ്യത്തിലേക്ക് കണ്ണു തുറക്കുന്ന നിമിഷത്തില്‍ പ്രേക്ഷകരും വേട്ടയാടപ്പെടാന്‍ തുടങ്ങുന്നു എന്നിടത്ത് തന്നെയാണ് ഷാഹി കബീര്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ സ്‌കോര്‍ ചെയ്യുന്നത്.

വെട്രിമാരന്റെ വിസാരണൈ ഉള്‍പ്പടെയുള്ള ഭരണകൂട ഭീകരതയെ പ്രശ്‌നവത്ക്കരിക്കുന്ന സിനിമകളിലെല്ലാം പ്രതിനായക സ്ഥാനത്ത് പോലീസുണ്ടായിരുന്നു. നായാട്ടില്‍ എത്തുമ്പോള്‍ അതേ പോലീസ് സേന നായകനും പ്രതിനായകനും നിസഹായനുമാകുന്നു എന്ന വ്യത്യാസമുണ്ട്. പോലീസിന്റെ അധികാര ഘടനക്കുമീതെ അവരെയും സമ്മര്‍ദ്ദത്തിലാക്കുന്ന മറ്റൊരു വാള്‍ സദാ തൂങ്ങികിടപ്പുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാകുന്നു സിനിമ. നിലനില്‍പ്പാണ് എല്ലാവരുടെയും പ്രശ്‌നം. അവിടെ ബന്ധങ്ങള്‍ക്കോ മനുഷ്യത്വത്തിനോ പ്രസക്തിയില്ല. ഡാര്‍വിന്റെ പരിണാമ സിദ്ധാത്തിന് തന്നെയാണ് അവിടെ നിയമം. സ്വയം വിചാരണയവും ശിക്ഷയും വിധിയും നടപ്പാക്കുന്ന ഫോര്‍ത്ത് എസ്റ്റേറ്റിന്റെ സെന്‍സേഷണല്‍ ജേണലിസം എങ്ങനെയാണ് പൊതുവെ ദുര്‍ബലമായൊരു വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലേക്കും ജീര്‍ണ്ണതയിലേക്കും തള്ളി വിടുന്നതെന്ന വിമര്‍ശനവും സിനിമ നടത്തുന്നുണ്ട്.

ഇത്തരത്തില്‍ പിരമിഡ് ഘടനയുള്ള അധികാര ശ്രേണിയുടെ രാഷ്ട്രീയത്തെയാണ് നായാട്ട് എന്ന സിനിമ പ്രശ്‌നവത്ക്കരിക്കുന്നത്. പോലീസ് സേനയിലെ തന്റെ അനുഭവങ്ങള്‍ ഒരു പരിധി വരെ തിരക്കഥയില്‍ ഷാഹി കബീറിനെ എഴുത്തില്‍ സഹായിച്ചിട്ടുണ്ടെന്ന് അനുമാനിക്കാം.
Nayattu Movie Review
'ഹീറോ'യാകാത്ത ജോജി, ക്രാഫ്റ്റിലെ മിടുമിടുക്ക്: JOJI MALAYALAM MOVIE REVIEW

സംവിധാനം ചെയ്ത ആദ്യ മൂന്നു സിനിമകളും സൂപ്പര്‍ഹിറ്റുകള്‍. മൂന്നാമാത്തെ ചിത്രത്തിലൂടെ മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍. വസ്തുതകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മലയാളത്തില്‍ ഏറ്റവും വിലകുറച്ചു മതിക്കപ്പെടുന്ന സംവിധായകരില്‍ ഒരാളാണ് മാര്‍ട്ടിന്‍ പ്രക്കാട്ട്.

ഹിറ്റ്‌മേക്കര്‍ എന്ന നിലയില്‍ ചലച്ചിത്രവൃത്തങ്ങളിലോ ചാര്‍ളി പോലെയൊരു സിനിമയെ ക്രാഫ്റ്റ് ചെയ്ത ടെക്‌നിഷ്യന്‍ എന്ന നിലയിലോ നിരുപകര്‍ക്കിടയിലോ സെലിബ്രേറ്റ് ചെയ്യപ്പെടാതെ പോയ സംവിധായകനാണ് അദ്ദേഹം.

ചാര്‍ളിക്കു ശേഷം നീണ്ട ആറു വര്‍ഷത്തെ ഇടവേളക്കൊടുവിലാണ് മാര്‍ട്ടിന്‍ 'നായാട്ടി'ലൂടെ വേട്ടക്കിറങ്ങുന്നത്. ഡ്രാമക്കും ഫാന്റസിക്കുമൊക്കെ കൂടുതല്‍ പ്രധാന്യമുള്ള കൂടുതല്‍ കച്ചവടമൂല്യമുള്ള സിനിമകളായിരുന്നു മാര്‍ട്ടിന്റെ പൂര്‍വ്വ സിനിമകളെല്ലാം. അതുകൊണ്ട് തന്നെ മാര്‍ട്ടിനില്‍ നിന്ന് ആരും പ്രതീക്ഷിക്കാന്‍ ഇടയില്ലാത്ത ഒരു യോണറാണ് നായാട്ടിന്റേത്.

സങ്കീര്‍ണവും വൈകാരികമായ ഒട്ടേറെ അടരുകളുള്ളതുമായ ഒരു പ്ലോട്ടിനെ കയ്യടക്കത്തോടെ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് മാര്‍ട്ടിന്റെ വിജയം. ഒരു വടംവലി മത്സരത്തില്‍ നിന്നാണ് സിനിമയുടെ തുടക്കം. ആ മത്സരത്തിന്റെ ആവേശത്തില്‍ നിന്ന് അനുഭവിച്ചു തുടങ്ങുന്ന പിരിമുറുക്കത്തെ ആദ്യാവസാനം നിലനിര്‍ത്തി ഒടുക്കം അതേ വടം കൊണ്ടു പ്രേക്ഷകരെ വരിഞ്ഞുമുറുകുന്നിടത്താണ് മാര്‍ട്ടിന്റെ ഡയറക്ടര്‍ ബ്രില്ല്യന്‍സ്. ഏതു നിമിഷവും കൈയ്യില്‍ നിന്ന് വഴുതി പോകാവുന്ന ഒരു പ്ലോട്ടിനെ അത്രമേല്‍ വിശ്വസീനയമായി അവതരിപ്പിക്കാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. സത്യത്തില്‍ ഇതൊരു പാന്‍ഇന്ത്യന്‍ സിനിമയാണ്. രാജ്യാന്തരതലത്തില്‍ ചര്‍ച്ചചെയ്യപെടേണ്ട ഒരുപാട് ഘടകങ്ങളുള്ള സിനിമയാണിത്.

ഈ സിനിമയെ അത്രമേല്‍ ജൈവികമായി അനുഭവപ്പെടുത്തുന്നതില്‍ ഷൈജു ഖാലിദ് എന്ന ഛായാഗ്രാഹകന്റെ പങ്ക് ചെറുതല്ല. കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകരും നിരന്തരം വേട്ടയാടപ്പെടുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ ഷൈജുവിന്റെ ക്യാമറ കാഴ്ചകള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ആരോ നമ്മളെ നിരന്തരം പിന്‍തുടരുന്നു എന്ന വേട്ടമൃഗത്തിന്റെ മാനസികാവസ്ഥയിലേക്കു പ്രേക്ഷകരെ തള്ളിവിടുന്നതിലും ഷൈജു വിജയിക്കുന്നു.

മഹേഷ് നാരായണനും രാജേഷ് രാജേന്ദ്രനും എഡിറ്റിങ് ടേബിളില്‍ സിനിമക്കു പൂര്‍ണ്ണത നല്‍കുന്നു. ഇരുവരുടെയും ക്ലീന്‍ ആന്‍ഡ് ക്ലിനിക്കല്‍ കട്ട് സിനിമയുടെ മറ്റൊരു ഹൈലൈറ്റാണ്. അനാവശ്യമായ ഒരു ഷോട്ടു പോലും സിനിമയില്ലെന്നു പറയാം. ഒരു നിമിഷം പോലും പ്രേക്ഷകരുടെ ശ്രദ്ധ പോകാത്തവിധം സിനിമ പങ്കുവെക്കുന്ന രാഷ്ട്രീയത്തെ തീവ്രതെ നഷ്ടപ്പെടുത്താതെ സൂഷ്മതയോടെ പ്രേക്ഷകരിലേക്ക് പകര്‍ത്തിവെക്കുന്നുണ്ട് ഇരുവരും.

വിഷ്ണു വിജയ് യുടെ പാട്ടുകളും പശ്ചത്താല സംഗീതവും മികച്ചു നില്‍ക്കുന്നു. എന്നിരുന്നാലും പാട്ടുകള്‍ സിനിമയുടെ ടോട്ടല്‍ മൂഡിനോടു യോജിക്കുന്നില്ല. അജയന്‍ അട്ടാട്ടിന്റെ സൗണ്ട് ഡിസൈനും സിനിമയുടെ മറ്റൊരു പ്ലസാണ്. അജയനും വിഷ്ണുവും ത്രില്ലര്‍ സിനിമയുടെ ഉദ്യേഗവും പിരിമുറുക്കവും പ്രേക്ഷകരില്‍ നിറക്കുന്നു.

'നായാട്ടി'നെ ഏറ്റവും മികച്ച് നിര്‍ത്തുന്നത് ഇതിന്റെ കാസ്റ്റിങ് തന്നെയാണ്. ജോജു ഒരിക്കല്‍ കൂടി തന്റെ സ്വതസിദ്ധമായ അഭിനയത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. മണിയന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ജോജുവിന്റെ ശരീരഭാഷക്കു ഇണങ്ങുന്ന വേഷമായാതിനാല്‍ തന്നെ അനായാസമായി മണിയനിലേക്ക് പകര്‍ന്നാടാന്‍ ജോജുവിനു കഴിയുന്നുണ്ട്. കൂടുതല്‍ പെര്‍ഫോമന്‍സ് സ്‌പേസുള്ള കഥാപാത്രവും ജോജുവിന്റെതാണ്. അതുകൊണ്ടു തന്നെ ഒരു പ്രത്യേക മീറ്ററില്‍ ശ്വാസം പിടിച്ചു നില്‍ക്കാതെ തന്നിലെ അഭിനേതാവിനെ തുറന്നുവിടാനുള്ള സ്വാതന്ത്ര്യം സംവിധായകന്‍ ജോജുവിനു നല്‍കുന്നുണ്ട്. മണിയന്‍ പോലീസിനെ പ്രേക്ഷകര്‍ വളരെ വേഗത്തില്‍ കണക്റ്റ് ചെയ്യാന്‍ കഴിയുന്നുണ്ട്. ഭരത് ചന്ദ്രന്‍ ഐപിഎസിന്റെയും ആക്ഷന്‍ ഹീറോ ബിജുവിന്റെയും ആന്റണി മോസസിന്റെയും മാസ് മാത്രം കണ്ടു ശീലിച്ചിട്ടുള്ള മലയാളികളുടെ മനസ്സിലേക്ക് നനവ് പടര്‍ത്തുന്ന ഒരു കഥാപാത്രം കൂടിയായി മണിയന്‍ പോലീസ് മാറുന്നു.

ജോജുവിന്റെ അത്രയും അനായാസമായിരുന്നില്ല കുഞ്ചാക്കോ ബോബന്റെയും നിമിഷയുടെയും കഥാപാത്രങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കല്‍. പ്രവീണ്‍ മൈക്കിള്‍, സുനിത എന്നീ പോലീസുകാരുടെ വേഷത്തിലാണ് ചാക്കോച്ചനും നിമിഷയും എത്തുന്നത്. മണിയന്‍ എന്ന കഥാപാത്രം മനസ്സിലുള്ളത് അതുപോലെ പ്രകടിപ്പിക്കുന്ന വ്യക്തിത്വമാണെങ്കില്‍ പ്രവീണും സുനിതയും മറിച്ചാണ്. ഒട്ടെറെ ആത്മസംഘര്‍ഷങ്ങളിലൂടെയാണ് അവരുടെ കഥാപാത്രങ്ങള്‍ കടന്നുപോകുന്നത്.

ആ കഥാപാത്രങ്ങളെ അത്രമേല്‍ സ്വാഭാവികതയോടെയാണി ഇരുവരും അവതരിപ്പിച്ചിരിക്കുന്നത്. കൃത്യമായ മീറ്ററില്‍ നിന്ന് അഭിനേയിക്കേണ്ട വേഷങ്ങളായിരുന്നു രണ്ടും. അഭിനേതാവ് എന്ന നിലയില്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഗ്രാഫ് ഉയര്‍ത്തുന്നു. രണ്ടാം വരവില്‍ തന്നിലെ നടനെ സ്വയം തേച്ചുമിനുക്കികൊണ്ടിരിക്കുന്ന ചാക്കോച്ചന്റെ കരിയറിലെ മികച്ചൊരു ബ്രേക്കായിരിക്കും പ്രവീണ്‍ മൈക്കിള്‍. വൈറസ്(മെഡിക്കല്‍ ത്രില്ലര്‍) വേട്ട, അഞ്ചാം പാതിര (സൈക്കോളജിക്കല്‍ ത്രില്ലര്‍) നായാട്ട് ( സര്‍വൈവല്‍ ത്രില്ലര്‍) നിഴല്‍ (ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍) തുടങ്ങി ത്രില്ലര്‍ സിനിമകളിലെ ഏറ്റവും വിശ്വസനീയമായ മുഖമായി ചാക്കോച്ചന്‍ മാറുന്നു.

ആദ്യം ചിത്രം മുതല്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന അഭിനേത്രിയാണ് നിമിഷ സജയന്‍. സ്വാഭാവിക അഭിനയമാണ് നിമിഷയുടെ ട്രേഡ്മാര്‍ക്ക്. നായാട്ടിലെ സുനിത പരിമിതമായ സ്‌പേസിനെ ഒരു മികച്ച ആക്ടര്‍ എങ്ങനെ ഉപയോഗപ്പെടുത്തിയെന്നതിന്റെ ഉദാഹരണവുമാണ്. ചെറുതെങ്കിലും അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാട്ടിന്റെ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷം പ്രേക്ഷകരുടെ മനസ്സില്‍ നൊമ്പരമായി മാറുന്നു.

ഏറ്റവും വിസ്മയിപ്പിച്ച കഥാപാത്ര സൃഷ്ടി അനുരാധ എന്ന ഐപിഎസ് ഓഫിസറുടേതാണ്. അനുരാധയുടെ അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷം അവിസ്മരണീയമാക്കുന്നത് എഴുത്തുകാരി യമയാണ്. സീനിയര്‍ മെയില്‍ പോലീസ് ഓഫിസറുടെ ഈഗോയും സമര്‍ദ്ദങ്ങളും തീര്‍ക്കാനും ആണാധികാരഹുങ്കും മാസും കാണിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെടാറുള്ള മലയാളത്തിലെ വനിതാ ഐപിഎസ് ഓഫിസര്‍മാരില്‍ നിന്ന് വ്യത്യസ്തയാണ് അനുരാധ. ഒരേസമയം വനിതാ ഓഫിസറുടെ ജോലി സമര്‍ദ്ദങ്ങളെയും അന്വേഷണത്തിലെ മികവിനെയും അടയാളപ്പെടുത്തുന്നുണ്ട് അനുരാധയുടെ പാത്രസൃഷ്ടി.

കൗശലകാരനായ മുഖ്യമന്ത്രിയുടെ വേഷം ജാഫര്‍ ഇടുക്കിയും മികവുറ്റതാക്കി. മുഖ്യമന്ത്രിമാരുടെ മുന്‍മാതൃകകളിലേക്കു വീണുപോകാതെ കഥാപാത്രത്തിനു തന്റേതായ വ്യക്തിത്വം നല്‍കാന്‍ ജാഫറിനു കഴിഞ്ഞിട്ടുണ്ട്. ചെറുതും വലുതുമായ വേഷങ്ങളില്‍ എത്തുന്ന ഓരോ അഭിനേതാക്കളും അവരവരുടെ വേഷങ്ങള്‍ മനോഹരമാക്കി. ദളിത് യുവാവിന്റെ വേഷത്തിലെത്തുന്ന യുവാവും കഥാപാത്രത്തോട് പൂര്‍ണ്ണമായും നീതിപുലര്‍ത്തുന്നുണ്ട്.

ഈ സിനിമയെ അത്രമേല്‍ ജൈവികമായി അനുഭവപ്പെടുത്തുന്നതില്‍ ഷൈജു ഖാലിദ് എന്ന ഛായാഗ്രാഹകന്റെ പങ്ക് ചെറുതല്ല.

നായാട്ട് കണ്ടിറങ്ങിയപ്പോള്‍ മനസ്സിലുടക്കിയത്

അലക്‌സിയുടെ 'ഇര'യെന്ന കവിതയാണ്.

'ഒഴിഞ്ഞ കൂടകളും

ഒഴിയാത്ത ആവനാഴിയും

ഇതെന്റെ മടക്കയാത്ര

നിന്റെ ദൈന്യത

എന്റെ വന്യതയ്ക്കുമേല്‍

കാവല്‍ വിരിച്ചതും

ദുരമുറ്റിയ ചങ്കില്‍

നിന്റെ ചരടു വലിഞ്ഞു മുറുകിയതും...

ഒരന്ത്യശാസനമായ്

നിന്റെ മിഴിവെട്ടമെന്നെ

വേട്ടയാടുന്നതും ഞാനറിവു; നില്ക്കുക

ഇരയാര്, നീയോ ഞാനോ?'

വേട്ടക്കാരനില്‍ നിന്ന് വേട്ടമൃഗത്തിലേക്കുള്ള ദൂരം അത്രമേല്‍ നേര്‍ത്തതാണെന്ന ഓര്‍മപ്പെടുത്തലാകുന്നു 'നായാട്ട്'. തീര്‍ച്ചയായും ഈ സിനിമ നിങ്ങളെ ദീര്‍ഘകാലം വേട്ടയാടുക തന്നെ ചെയ്യും. നിങ്ങളുടെ ഉറക്കം കെടുത്തും. മണിയന്‍ പോലീസ് ഒരു വാളു പോലെ നിങ്ങളുടെ തലയ്ക്കു മീതെ തൂങ്ങിയാടുക തന്നെ ചെയ്യും. സമീപകാല മലയാള സിനിമയിലെ ഏറ്റവും ധീരമായ ശ്രമം തന്നെയാണ് ഈ സിനിമ. കവിതയിലെ അവസാനവരികള്‍ നിങ്ങളെ നോക്കി കൊഞ്ഞണം കുത്തികൊണ്ടിരിക്കും 'ഇരയാര്, നീയോ ഞാനോ?''

Related Stories

No stories found.
logo
The Cue
www.thecue.in