കളിത്തോക്കും, കുളവും, ഒട്ടുപാലും: വയലന്റാണ് 'ജോജി'

#JojiOnPrime
#JojiOnPrime

SPOILER ALERT :

നൂറ്റാണ്ടുകൾക്കിപ്പുറവും പല തലങ്ങളിൽ ആഖ്യാനത്തിനും വ്യാഖ്യാനത്തിനുമുള്ള അനന്തമായ സാധ്യതൾ ഷേക്‌സ്‌പിയറുടെ 'മാക്ബെത്ത്' തുറന്നിടുന്നു എന്നത് ഒരിക്കൽ കൂടി അത്ഭുതപ്പെടുത്തുകയാണ്. ഏതാണ്ട് സിനിമ വികസിച്ചു വന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഇങ്ങോട്ട് അകിര കുറസോവ, റോമൻ പൊളാൻസ്‌കി, ഓർസൺ വെൽസ്, ബേല ടാർ, വിശാൽ ഭരദ്വാജ് എന്നീ സംവിധായകരടക്കമുള്ളവർ പല തരത്തിലെ ദൃശ്യ പരിഭാഷകളും പുനരാവിഷ്ക്കാരങ്ങളും നൽകിയ ഈ വിഖ്യാത നാടകത്തിൽ ഇനി എന്താണ് സിനിമയാക്കാനുള്ളത് എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. 'മാക്ബെത്തിൽ നിന്ന് സ്വാധീനമുൾകൊണ്ട് എടുത്ത സിനിമ' എന്ന് എഴുതി കാണിച്ചു കൊണ്ടാണ് ശ്യാം പുഷ്ക്കരൻ തിരക്കഥ എഴുതി, ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത 'ജോജി' തുടങ്ങുന്നത്. മധ്യ കേരളത്തിലെ റബ്ബർ തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഒരു ക്രിസ്ത്യൻ കുടുംബ തറവാട്ടിൽ ശ്യാമും ദിലീഷും കണ്ടെടുക്കുന്നത് 'മാക്ബെത്തിലെ' കഥാപാത്രങ്ങളെയല്ല. ആ കുടുംബമടങ്ങുന്ന സമൂഹത്തിലോ, അവർ ജീവിക്കുന്ന ഭൂമികയിലോ 'ഷേക്‌സ്‌പിയറിയൻ ക്ലാസ്സിക്‌' വീണ്ടും അരങ്ങേറുകയല്ല. സ്വാർത്ഥമായ അധികാര-സമ്പത്ത് താൽപര്യങ്ങൾ ജീവിതത്തിലുള്ള മറ്റെന്തിനേക്കാളും വലുതായി 'തോന്നുന്ന' മാത്രയിൽ മനുഷ്യർക്ക് സംഭവിക്കുന്ന ധാർമിക തകർച്ചയിലും മൂല്യച്യുതിയിലും നിന്ന് ഉടലെടുക്കുന്ന വിഭ്രാന്തികളും വയലൻസും - എന്ന 'മാക്‌ബത്തിലെ' ഏറ്റവും പ്രധാനപ്പെട്ട 'മോട്ടിഫ്' -ആണ് 'ജോജി' എന്ന സിനിമയുടെ കാമ്പ് എന്ന് പറയാം. അങ്ങനെ ഒരു തോന്നലിലേക്ക് മനുഷ്യരെ എത്തിക്കുന്നത് പല കാരണങ്ങളാകാം. മനുഷ്യ സമൂഹത്തിൽ എക്കാലവും പ്രസക്തമായ ഈ 'മോട്ടിഫാണ്' സിനിമയിലുടനീളം തങ്ങി നിൽക്കുന്നത്.

മൂന്ന് ആൺമക്കളുള്ള ഒരു കുടുംബത്തിൽ അധികാരവും സ്വത്തും കേന്ദ്രീകരിച്ചിരുന്നത് വീട്ടിലെ മുതിർന്ന അംഗമായ ഇവരുടെ അച്ഛന്റെ അടുക്കലാണ്. കാലങ്ങളായി 'അധ്വാനിച്ച് നേടിയെടുത്ത' സമ്പത്താണ്. അച്ഛന്റെ കാലശേഷം എന്താകും സംഭവിക്കുക എന്ന ചോദ്യം സ്വാഭാവികമായി നമുക്ക് തോന്നിയേക്കാം. ഒരു പ്രത്യേക സാഹചര്യത്തിൽ ആ വീട്ടിൽ നമ്മൾ പരിചയപ്പെടുന്ന കഥാപാത്രങ്ങളുടെ ഉള്ളിലും ഈ തോന്നൽ കടന്നു വരുകയാണ്. പിന്നീട് പല സംഭവവികാസങ്ങളിലൂടെ ഈ 'തോന്നലുകളും വിചാരങ്ങളും' കൂടുതൽ ശക്തിപ്പെടുന്നു. അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനായി ഓരോരുത്തരും കരുക്കൾ നീക്കുന്നു. മൂത്ത മകന് നഷ്ടപ്പെട്ടത് കുടുംബ ജീവിതമാണ്, ആ വേദന അയാളെ മദ്യ ലഹരിക്ക് അടിമയാക്കിയിരിക്കുന്നു. അയാളുടെ 'സ്വാർത്ഥത' അച്ഛന്റെ ജീവനും, പടക്കം പൊട്ടിക്കുമ്പോഴുള്ള സന്തോഷവും ഒക്കെയാണ്. ചികിത്സക്ക് പണം ഒരുപാട് വേണ്ടി വരും എന്ന് പറയുമ്പോൾ രണ്ടാമതൊന്ന് ആലോചിക്കാൻ പോലും അയാൾ മുതിരാത്തത്‌ മനസിലെ നന്മ കൊണ്ടാണ്. സാമ്പത്തികമായ ബുദ്ധിമുട്ടുകളാണ് രണ്ടാമത്തെ മകനെയും അയാളുടെ ഭാര്യയെയും അലട്ടുന്നത്. പക്ഷേ മൂന്നാമത്തെ മകനായ ജോജിയുടെ ജീവിതം ആന്തരിക സംഘർഷങ്ങളാൽ പ്രക്ഷുബ്‌ധമാണ്. അച്ഛനും സമൂഹവും ഒക്കെ 'ഒന്നിനും കൊള്ളാത്തവൻ' എന്ന നിലക്ക് തരം താഴ്ത്തിയിരുന്നു എന്നത് മാത്രമല്ല അവന്റെ പ്രശ്‌നം, അങ്ങനെയല്ല എന്ന് തെളിയിക്കാൻ കഴിയാത്തതിൽ നിന്നുണ്ടാകുന്ന നിരാശയും നിസ്സഹായാവസ്ഥയുമാണ് ജോജിയെ വേട്ടയാടുന്നത്. അഞ്ച് ആണുങ്ങളുള്ള വീട്ടിലെ പെണ്ണായി ബിൻസി അനുഭവിക്കുന്നത് എന്താണ് എന്ന് നമുക്കും ഒരു പരിധി വരെ സിനിമക്കും ചിന്തിക്കാവുന്നതിനപ്പുറമാണ്. ഇങ്ങനെ പല സങ്കീർണതകളാൽ രൂക്ഷമായ ആ വീട്ടിലേക്ക് 'ഓൺലൈൻ ഡെലിവെറിയായി' ഒരു 'കളിത്തോക്ക്' എത്തുന്നു. റബ്ബർ മരത്തെ ലക്ഷ്യംവെച്ച് ഒന്ന് വെടിപൊട്ടിച്ചാൽ, കൊള്ളുന്നിടത്ത് നിന്ന് പാൽ ചാടും, അത് പിന്നെ ഓട്ടുകറയായി മാറും. 'ചോര വീഴാതെ അധികാര കൈമാറ്റങ്ങൾ സംഭവിക്കില്ല' എന്ന് ഒരു പ്രയോഗമുണ്ട്. എങ്ങനെയാണ് അങ്ങനെയൊരു സാഹചര്യത്തിലേക്ക് മനുഷ്യൻ എത്തിച്ചേരുന്നത്? അതിന് ആരാണ് ഉത്തരവാദി? കുറ്റകൃത്യം ചെയ്യുന്ന നിമിഷത്തെ ചിന്തകളാണോ, അതോ ഭൂതകാല പരാജയങ്ങളുടെയും പരിഹാസങ്ങളുടെയും അടിച്ചമർത്തലിന്റെയും ഭാരമാണോ, നമ്മളെ അസ്വസ്ഥമാക്കുന്നത്? 'വയലൻസ് അവർത്തനങ്ങളുടെ തുടക്കമോ, അതിന്റെ ഭാഗമോ ആണ്' എന്ന് നമ്മുക്ക് പരിചിതമായ മറ്റൊരു പ്രയോഗമുണ്ട്. അത് ഇവിടെയും ദൃശ്യമാകുന്നു. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് എന്ന രീതിയിൽ വ്യാപിക്കുന്ന 'വയലൻസ്' നമ്മൾ ഉള്ളിൽ പേറുന്ന 'സ്വാർത്ഥത' എന്ന ഭൂതത്തിന്റെയും, അതിനെ തലോടി വളർത്തുന്ന വ്യവസ്ഥിതിയുടെയും, അത് നോക്കി മാത്രം മാർക്കിടുന്ന സമൂഹത്തിന്റെയും സംഭാവനയാണ് എന്ന് സിനിമ പറഞ്ഞു വെക്കുന്നു.

#JojiOnPrime
#JojiOnPrime
എല്ലാ ബന്ധങ്ങൾക്കും നമ്മൾ ജീവിക്കുന്ന വ്യവസ്ഥിതിക്കുള്ളിൽ അല്ലെങ്കിൽ സമൂഹത്തിൽ 'സമ്പത്തിനേക്കാൾ' വിലയില്ല എന്ന സ്ഥിതിയിലേക്ക് മനുഷ്യർ എത്തിച്ചേർന്നിരിക്കുന്നു. അത് നേടിയെടുക്കാനുള്ള പാതയിൽ ഒരു ബന്ധവും ലക്ഷ്യത്തേക്കാൾ വലുതാകുന്നില്ല എന്നത് കണ്മുന്നിലുള്ള യാഥാർഥ്യമാണ്. ഇത് വർത്തമാനകാലത്തിന്റെ 'ട്രാജഡിയാണ്'.

കളിത്തോക്കും, കുളവും, ഒട്ടുപാലും സിനിമയുടെ ആദ്യ രംഗങ്ങളിൽ തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. പിന്നീട് സിനിമയിലെ എല്ലാ നിർണായക വഴിത്തിരിവുകളിലും ഇതിലേതെങ്കിലുമൊന്ന് വീണ്ടും ഫ്രയിമിൽ ഇടംപിടിക്കും. കാലം കോവിഡിന്റേത് കൂടിയായത് കൊണ്ട് ഭാവങ്ങളെ 'മാസ്‌ക്' കൊണ്ട് മൂടുകയും ചെയ്യാം. ജീവിത യാഥാർഥ്യത്തോട് ചേർത്തുവെച്ച് നോക്കിയാൽ എപ്പോഴും മുഖംമൂടി ധരിക്കാൻ നിർബന്ധിതനായ ഒരാളാണ് ജോജി. 'മുഖംമൂടി ധരിച്ച് ജീവിക്കുന്ന' ജോജിയോട് മാസ്ക്കിടാൻ ബിൻസി പറയുന്നത്, 'യഥാർത്ഥ മുഖം' മറനീക്കി പുറത്തു വരുന്നു എന്ന് അവൾക്ക് മനസിലായതോടെയാണ്. എന്നാൽ ഈ രണ്ട് മുഖങ്ങൾ മാത്രമല്ല ജോജിക്കുള്ളത്. പോപ്പിയോടുള്ള ജോജിയുടെ പെരുമാറ്റം ശ്രദ്ധിച്ചാൽ മറ്റൊരു മുഖം കാണാം. മറ്റാരൊക്കെയോ ആകാൻ ശ്രമിക്കുന്ന ജോജി പലപ്പോഴായി വന്നുപോകുന്നുണ്ട്. പല മുഖങ്ങൾക്കും മുഖംമൂടികൾക്കുമിടയിൽ സ്വയം നഷ്ടപ്പെട്ട ആളാണ് ജോജി. ഒരു കുട്ടിയെ പോലെ പെരുമാറുന്നത് മുതൽ ഒരിക്കലും പ്രതീക്ഷിക്കാത്ത തലത്തിലേക്ക് പരിണമിക്കുന്നത് വരെ പല ജോജിമാർ തമ്മിലുള്ള സംഘർഷം വ്യക്തമാക്കപ്പെടുന്നുണ്ട്. ബിൻസി ഒറ്റവരിയിൽ പറയുന്ന കാര്യങ്ങളും, അവൾ ചില സമയങ്ങളിൽ പാലിക്കുന്ന നിശബ്‌ദതയും ജോജിക്ക് ഒരുപടി മുന്നിലേക്ക് നീങ്ങാനുള്ള 'ട്രിഗർ' -ആണ് എന്ന് പറയാം.

വളരെ സൂക്ഷ്മതയോടെയാണ് ശ്യാം ഈ സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. കൃത്യമായ ഇടവേളകളിൽ വിന്യസിച്ചിരിക്കുന്ന ഈ സംഭാഷണങ്ങൾ ആഖ്യാനത്തിന്റെ ഭാവാന്തരീക്ഷത്തെ തീവ്രമാക്കുമ്പോൾ, ജോജിയുടെ തകർച്ച അഗാധമായ ഗർത്തങ്ങളിലേക്കുള്ള സഞ്ചാരമാകുന്നു. ഒടുവിൽ ആളിക്കത്താൻ അവസാനത്തെ ശ്രമവും നടത്തി സ്വയം അണഞ്ഞു പോകുന്നു. ജോജിക്ക് സംഭവിക്കുന്ന മാറ്റങ്ങളെയും സൂക്ഷ്മമായാണ് സിനിമ അടയാളപ്പെടുത്തുന്നത്. ചാലിന്റെ കരയിലിരുന്ന് തുടക്കത്തിൽ പുകവലിക്കുന്ന ജോജി, വീട്ടിലെ കുളിമുറിയിൽ സിഗരറ്റ് കത്തിക്കുമ്പോൾ സാഹചര്യങ്ങൾക്കനുസരിച്ച് സംഭവിക്കുന്ന പരിണാമം കാണാം. ഒരു മൂലക്ക് മാറിനിന്നു പിറുപിറുക്കുന്ന ജോജി പിന്നീട് തീൻമേശയിലെ ചർച്ചയിൽ നിർണായക ശബ്‌ദമാകുന്നുണ്ട്. ഈ സ്വാർത്ഥതയുടെ ചുവരുകൾക്കുള്ളിൽ മനുഷ്യബന്ധത്തിന് എന്ത് വിലയാണുള്ളത് എന്ന് ചിന്തിക്കാതെ ഇരിക്കാൻ കഴിയില്ല. എല്ലാ ബന്ധങ്ങൾക്കും നമ്മൾ ജീവിക്കുന്ന വ്യവസ്ഥിതിക്കുള്ളിൽ അല്ലെങ്കിൽ സമൂഹത്തിൽ 'സമ്പത്തിനേക്കാൾ' വിലയില്ല എന്ന സ്ഥിതിയിലേക്ക് മനുഷ്യർ എത്തിച്ചേർന്നിരിക്കുന്നു. അത് നേടിയെടുക്കാനുള്ള പാതയിൽ ഒരു ബന്ധവും ലക്ഷ്യത്തേക്കാൾ വലുതാകുന്നില്ല എന്നത് കണ്മുന്നിലുള്ള യാഥാർഥ്യമാണ്. ഇത് വർത്തമാനകാലത്തിന്റെ 'ട്രാജഡിയാണ്'.

#JojiOnPrime
#JojiOnPrime

'ജോജി' എന്ന സിനിമയുടെ ആഖ്യാനത്തിൽ ഏറ്റവും നിർണായകം അതിന്റെ അന്തരീക്ഷമാണ്. ഓരോ ഫ്രയിമിലും നിറയുന്ന ദൃശ്യപരിസരത്തിന് അത്രത്തോളം പ്രാധാന്യമുണ്ട്. ഹെലിക്കാം ഷോട്ടിലൂടെ വിശാലമായ തോട്ടങ്ങളുടെ നടുവിൽ ഒറ്റപ്പെട്ട് കിടക്കുന്ന ആ വലിയ വീട് മനസ്സിൽ പതിയുന്നുണ്ട്. ആ പ്രദേശത്തിന്റെ ഭൂപ്രകൃതിയെ ശ്രദ്ധേയമായ ക്യാമറ ഇടപെടലുകളിലൂടെ ആവിഷ്‌ക്കരിക്കുന്നുണ്ട്. ഗോകുൽ ദാസ് ഒരുക്കുന്ന 'ഇന്റീരിയർ ആർക്കിടെക്ച്ചർ' -നെ ഛായാഗ്രഹകനായ ഷൈജു ഖാലിദ്‌,‌ കഥാപാത്രങ്ങളുടെ മനസികാവസ്ഥകളെ പ്രകടിപ്പിക്കുന്ന, കഥയുടെ തീവ്രതയെയും ഭാവമാറ്റങ്ങളെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്ന ഷോട്ടുകളായി ഒപ്പിയെടുക്കുന്നു. വീട് എന്ന 'ഇടം' പല തലങ്ങളിൽ കാഴ്ചക്കാരോട് സംവദിക്കുന്നുണ്ട്.

'മിനിമലിസ്റ്' ആഖ്യാനശൈലിയിൽ ഛായാഗ്രഹണത്തിലെ സൂക്ഷ്‌മ വിനിമയങ്ങൾ ഷൈജു ഖാലിദിന്റെ അടുക്കൽ ഭദ്രമാണ്. ഈ അന്തരീക്ഷത്തെ അനുഭവപ്പെടുത്തുന്നതിൽ, ഒരു കാന്തം പോലെ ആകർഷിച്ച് നിർത്തുന്നതിൽ വലിയ പിന്തുണ നൽകുന്നത് ജസ്റ്റിൻ വർഗീസിന്റെ പശ്ചാത്തല സംഗീതവും കിരൺ ദാസിന്റെ എഡിറ്റിംഗുമാണ്. ഉദ്വേഗജനകമായ നിമിഷങ്ങൾ കോർത്തിണക്കി പിടിച്ചിരുത്തുകയല്ല സിനിമ ചെയ്യുന്നത്, മറിച്ച് സാവധാനം സംഭവിക്കുന്ന തകർച്ചയിൽ കാഴ്ചക്കാരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് കഥ പുരോഗമിക്കുന്നത്. ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ് എന്നിവരടക്കമുള്ള അഭിനേതാക്കൾ അവരവരുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കിയപ്പോൾ ഒരിക്കൽ കൂടി ഫഹദ്‌ ഫാസിൽ അവിസ്മരണീയ പ്രകടനത്തിലൂടെ മനസ്സിൽ ഇടംപിടിക്കുകയാണ്. ഒരു അഭിനേതാവിന്റെ ഭാവങ്ങളെ ഒരുപാട് കീറിമുറിച്ചു പഠിച്ചാൽ പിന്നെ എല്ലാ കഥാപത്രത്തിലും ആ നടനെ മാത്രമേ കാണാൻ കഴിയുകയുള്ളൂ എന്ന് പറയാറുണ്ട്. ഫഹദിന്റെ കണ്ണുകൾ പോലും എങ്ങനെയാണ് അഭിനയിക്കുന്നത് എന്നതടക്കം വിലയിരുത്തലുകളും വിശകലനങ്ങളും നടക്കുമ്പോൾ ഒരു നടൻ നിലക്ക് അദ്ദേഹത്തിന് മുന്നിലുള്ള വെല്ലുവിളികൾ കൂടുകയാണ്. 'ജോജി' -യിൽ തന്റെ മുഖഭാവങ്ങൾ കൂടാതെ ശരീരത്തെ ഒന്നാകെ കഥാപാത്രാവിഷ്കരണത്തിൽ ഫഹദ്‌ സമന്വയിപ്പിച്ചിട്ടുണ്ട്. വാതിൽ കുറ്റിയിട്ടതിന് ശേഷമുള്ള ദേഷ്യം-നിരാശ പ്രകടിപ്പിക്കലും, തോട്ടത്തിലെ സ്ലോ-മോഷനും എല്ലാം ഇതിനുദാഹരണമാണ്. സങ്കീർണതകൾ നിറഞ്ഞ 'ജോജി' എന്ന കഥാപാത്രത്തെ വിശ്വസനീയമായി അവതരിപ്പിക്കുക എന്നത് പ്രയാസകരമാണ്. സിനിമയിൽ നിന്ന് 'ജോജി' -യെ മാത്രം മാറ്റിനിർത്തി ചിന്തിക്കുമ്പോൾ 'മാക്ബെത്തിലെ' ഒരു വരിയാണ് ഓർമ്മ വരുന്നത്.

"Your face, my thane, is as a book
where men may read strange matters.
To beguile the time,
Look like the time; bear welcome in your eye,
your hand, your tongue:
look like the innocent flower,
But be the serpent under 't."

#JojiOnPrime
#JojiOnPrime

ധാർമിക തകർച്ചയുടെ നെല്ലിപ്പലക കാണുന്ന ഘട്ടത്തിൽ എല്ലാ നിയന്ത്രണവും വിട്ട് ഒരു പൊട്ടിത്തെറിയാണ് നമ്മൾ ജോജിയിൽ പ്രതീക്ഷിക്കുന്നത് എങ്കിൽ അയാളെ മനസിലാക്കാൻ കഴിഞ്ഞില്ല എന്ന് വേണം കരുതാൻ. ജോജിയുടെ 'പൊട്ടിത്തെറി' ഇനി ഒരു തിരിച്ചടി കൂടെ താങ്ങാൻ കഴിയില്ല എന്ന തിരിച്ചറിവിൽ നിന്ന് ഉണ്ടാകുന്നതാണ്. അതുകൊണ്ട് അയാൾക്ക് മറ്റ് മാർഗങ്ങളില്ല. ഈ വൈരുധ്യങ്ങളെയും സംഘർഷങ്ങളേയും ഫഹദ്‌ ഫാസിൽ വലിയൊരു പരിധി വരെ ഉൾകൊള്ളുന്നുണ്ട്. ശ്യാം എഴുതിയ കഥയിലെ ജോജിയെ അത്രമാത്രമേ മനസിലാക്കാൻ കഴിയുകയുള്ളൂ. ദിലീഷ് പോത്തന്റെ 'ഹാറ്റ്രിക്ക്' നേട്ടത്തിൽ നമുക്ക് സന്തോഷിക്കാം. തുടർച്ചായി മൂന്നാമത്തെ സിനിമയിലും സംവിധായകൻ എന്ന നിലയിൽ ദിലീഷ് ബഹുദൂരം മുന്നോട്ട് പോവുകയാണ്. തന്റെ ശൈലിയിൽ തന്നെ സിനിമയെടുക്കുമ്പോഴും ദിലീഷിന്റെ സ്വയം ആവർത്തിക്കുന്നില്ല. ഓരോ സിനിമകളിലും വ്യത്യസ്ത സാഹചര്യങ്ങളെ സൂക്ഷ്മമായി മനസിലാക്കാനും ആവിഷ്‌ക്കരിക്കാനും സംവിധായകന് സാധിക്കുന്നു. അത് ഇനിയും തുടരും എന്ന് പ്രതീക്ഷിക്കാം.

#JojiOnPrime
#JojiOnPrime

ശ്യാം പുഷ്ക്കരൻ തന്റെ കഥാപ്രപഞ്ചത്തിൽ പുതിയ പരീക്ഷണങ്ങൾക്ക് ശ്രമിക്കുന്നു എന്നതും പ്രശംസനീയമാണ്. ശ്യാം സിനിമകളിലെ 'മാസ്കുലീൻ' പ്രതിസന്ധികൾ ജോജിയിലും കാണാമെങ്കിലും, ഇത്തവണ കൂടുതൽ ശ്രദ്ധ നൽകുന്നത് ഈ പ്രതിസന്ധികളുടെ ബാഹ്യമായ സാമൂഹിക സ്വാധീനത്തിനാണ്. ആന്തരിക പ്രതിസന്ധികൾ നമ്മുടെ ചിന്തകൾക്ക് വിട്ടിരിക്കുകയാണ്. ഡ്രാമ ത്രില്ലർ-ക്രൈം ത്രില്ലർ സിനിമകൾ മലയാളത്തിൽ 'ന്യൂ നോർമൽ' ആകുമ്പോൾ, ദിലീഷ്-ശ്യാം കൂട്ടുകെട്ടിന്റെ 'ജോജി' കാണേണ്ട കാഴ്‌ചയാണ്. സൈക്കോളജിക്കൽ തലങ്ങളിൽ ദുർഗ്രാഹ്യത കലർത്താതെ, എച്ചുക്കെട്ടലുകളില്ലാതെ, അതിഭാവുകത്വമോ അവിശ്വസനീയ നാടകീയതകളോ ഇല്ലാത്ത ഒരു ഡ്രാമ ത്രില്ലർ ചിത്രമാണ് 'ജോജി'. തീർച്ചയായും കാണുക.

Related Stories

No stories found.
logo
The Cue
www.thecue.in