ദൃശ്യം 2: ബ്രില്യന്റ് ജോര്‍ജുകുട്ടിയും ജീത്തുജോസഫും

ദൃശ്യം 2: ബ്രില്യന്റ് ജോര്‍ജുകുട്ടിയും ജീത്തുജോസഫും
Summary

#Drishyam2OnPrime ദൃശ്യം അവസാനിച്ചിടത്ത് നിന്ന് കഥാതുടര്‍ച്ച തേടുന്നതിന് പകരം പുതിയൊരു ക്രൈം ഡ്രാമയുടെ സ്റ്റോറി ലൈന്‍ സൃഷ്ടിച്ച് അതിലേക്ക് പ്രവേശിക്കാനാണ് ജീത്തു ജോസഫ് ശ്രമിച്ചത്

രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ അവസാനിച്ച 'ദൃശ്യം' എന്ന സിനിമയുടെ കഥാതുടര്‍ച്ചയായല്ല, നിയമസംവിധാനത്തെ ഒന്നാകെ കബളിപ്പിച്ച് 'നിരപരാധി'യായി വീട്ടിലെത്തുന്ന ജോര്‍ജ്ജുകുട്ടിയെ പിന്തുടര്‍ന്നാവാം ജീത്തു ജോസഫ് ദൃശ്യം സെക്കന്‍ഡിലെത്തിയത്. ദൃശ്യം ഒന്നിനെക്കാള്‍ തിരക്കഥയിലും, കഥ പറച്ചിലിലും, പെര്‍ഫോര്‍മന്‍സിലും തലപ്പൊക്കമുള്ള ജീത്തു ജോസഫ് ചിത്രമാണ് ദൃശ്യം സെക്കന്‍ഡ്. മലയാളത്തിലെ ക്രൈം ഡ്രാമാ രചനകളില്‍ ദൃശ്യം എന്ന സിനിമക്കുണ്ടായിരുന്ന ബഞ്ച്മാര്‍ക്ക് ദൃശ്യം സെക്കന്‍ഡിലേക്ക് ഉയര്‍ത്തിവച്ചിരിക്കുന്നു ജീത്തു ജോസഫ്. ചുരുക്കത്തില്‍ ദൃശ്യം ഒന്നിനെക്കാള്‍ വിശ്വസനീയവും ഭദ്രവുമായി തിരക്കഥ മര്‍മ്മമാക്കിയാണ് ജീത്തുവിന്റെ കഥ പറച്ചിലും മേക്കിംഗും.

#Drishyam2OnPrime
#Drishyam2OnPrime#Drishyam

ഒരു ഫാമിലി ഡ്രാമയുടെ അതിസാധാരണ തലത്തില്‍ നിന്ന് ക്രൈം ത്രില്ലറിന്റെ മൂഡിലേക്കും ഉദ്വേഗപ്പെരുക്കത്തിലേക്കും മുറുകുന്ന ചിത്രമായിരുന്നു ദൃശ്യം. ഒരേ താളത്തിലുള്ള കഥ പറച്ചിലില്‍ തുടങ്ങി തുടരന്‍ ട്വിസ്റ്റുകള്‍ക്കൊപ്പം മുറുക്കവും പെരുക്കവുമുള്ള ക്ലൈമാക്‌സിലേക്കെത്തിയ ചിത്രം. ദൃശ്യം സെക്കന്‍ഡിലെത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രധാന ചോദ്യങ്ങള്‍ പൊലീസിനെയും നിയമസംവിധാനത്തെയും ഒരു പോലെ കബളിപ്പിച്ച ജോര്‍ജുകുട്ടിയുടെ തന്ത്രം ആറ് വര്‍ഷത്തിനിടയിലോ ശേഷം പിഴച്ചോ, ഇനി പിഴക്കുമോ എന്നൊക്കെയാണ്. വരുണ്‍ കേസിലെ പുനരന്വേഷണം അയാളെ കുടുക്കുമോ എന്ന് ട്രെയിലറിനൊപ്പമുള്ള സംശയമായി കടന്നു കൂടി.

ദൃശ്യം അവസാനിച്ചിടത്ത് നിന്ന് കഥാതുടര്‍ച്ച തേടുന്നതിന് പകരം പുതിയൊരു ക്രൈം ഡ്രാമയുടെ സ്റ്റോറി ലൈന്‍ സൃഷ്ടിച്ച് അതിലേക്ക് പ്രവേശിക്കാനാണ് ജീത്തു ജോസഫ് ശ്രമിച്ചത്. അപ്രതീക്ഷിതമായി ഒരു കുറ്റകൃത്യത്തിന്റെ ഭാഗമാകുമ്പോള്‍ അത് ജീവിതത്തെ എങ്ങനെ തകിടം മറിക്കുമെന്നത് രണ്ട് കഥാപാത്രങ്ങളെ പിന്തുടര്‍ന്ന് അവതരിപ്പിക്കാന്‍ ജീത്തു ശ്രമിക്കുന്നു. നിരപരാധിയായി പുറത്തുവന്നെങ്കിലും 'തുടര്‍കാലം സസുഖം വാഴും' വിധമായിരുന്നില്ല ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും അവസ്ഥ. വരുണ്‍ കേസിന് ശേഷം അവരുടെ ജീവിതം പഴയ മട്ടിലേക്ക് പോയിട്ടേയില്ല. ജോര്‍ജുകുട്ടിയിലും ഭാര്യ റാണിയിലും മക്കളിലുമെല്ലാം പല വിധത്തില്‍, പല തലത്തില്‍ ട്രോമയായും, ഭയമായും ആ കുറ്റകൃത്യത്തിന്റെ 'ഷോക്ക്' നിലനില്‍ക്കുന്നു. ഏത് നിമിഷവും ഗേറ്റ് കടന്നെത്താവുന്ന പൊലീസ് ജീപ്പ് അവരിലെ ഉള്‍ഭീതിയായി നില്‍ക്കുന്നു. ആറ് വര്‍ഷം മുമ്പ് പ്രേക്ഷകര്‍ കാണാതെ പോയ ചില സംഭവങ്ങളെ കൂടി അവിടേക്ക് ചേര്‍ത്തുവച്ചാണ് ദൃശ്യം സെക്കന്‍ഡ് തുടങ്ങുന്നത്.

#Drishyam2OnPrime
#Drishyam2OnPrime#Drishyam

കൊലപാതകത്തിന്റെ സുപ്രധാന തെളിവ് എവിടെയെന്ന രഹസ്യവും ഭൂലോകത്ത് ജോര്‍ജുകുട്ടിക്കും പ്രേക്ഷകര്‍ക്കും മാത്രമേ അറിയൂ, അത് മൂന്നാമതൊരാള്‍ അറിഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന ഉദ്വേഗം തുടര്‍ന്നങ്ങോട്ട് പ്രേക്ഷകരുടേതാകുന്നു.

ആ രഹസ്യം തനിക്കൊപ്പം മണ്ണില്‍ച്ചേരുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമുള്ള ജോര്‍ജുകുട്ടിയിലും നിരവധി മാറ്റം വന്നിട്ടുണ്ട. ലൗഡ് ആയ കാരക്ടറില്‍ നിന്ന് അണ്ടര്‍പ്ലേ സ്വഭാവമുള്ള കഥാപാത്രത്തിലേക്ക് ജോര്‍ജുകുട്ടി മാറിയിട്ടുണ്ട്. ഒന്നല്ല ഒട്ടനവധി രഹസ്യങ്ങളെ താക്കോലിട്ട് പൂട്ടിയുള്ള സഞ്ചാരമെന്ന് തോന്നുംവിധം മോഹന്‍ലാല്‍ കാരക്ടറിന്റെ പെര്‍ഫോര്‍മന്‍സിനെ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഒന്നാം ദൃശ്യത്തില്‍ കഥ മുറുകുമ്പോഴാണ് ജോര്‍ജുകുട്ടിയെന്ന കാരക്ടറിലേക്ക് പൂര്‍ണമായും പ്രവേശിച്ച ലാലിനെ കണ്ടത്. ഇവിടെ അയാള്‍ അടിമുടി ജോര്‍ജുകുട്ടിയിലാണ്. 'മോഹന്‍ലാല്‍ വിന്റേജ് വേര്‍ഷനെന്ന്' അനുഭവപ്പെടുത്താന്‍ പോന്ന സീനുകളുടെ സൃഷ്ടിയും കാണാം. കുടുംബത്തിന്റെ രക്ഷക്കായി ഞാന്‍ എന്തും ചെയ്യുമെന്ന് പറയുന്ന ജോര്‍ജുകുട്ടിയല്ല, പ്രമാദമായൊരു കേസില്‍ നിയമസംവിധാനത്തെ ഒന്നാകെ മുട്ടുകുത്തിച്ച് രക്ഷപ്പെട്ട ക്രിമിനല്‍ ബുദ്ധിയുള്ള പ്രൊഫഷണലാണ് പുതിയ ദൃശ്യത്തിലെ നായകന്‍.

ശൈലീകൃത അഭിനയത്തിലൂടെ മുരളി ഗോപിയുടെ ബാസ്റ്റിന്‍ ചെറിയ സ്‌പേസില്‍ നിന്നുണ്ടാക്കുന്ന ഉയര്‍ച്ച ഗംഭീരമാണ്. മുരളിയുടെ മികച്ച പെര്‍ഫോര്‍മന്‍സിലൊന്നുമാണ് ബാസ്റ്റിന്‍ ഐ.പി.എസ്.

#Drishyam
#Drishyam#Drishyam

ആദ്യഭാഗത്തേക്കാള്‍ മികച്ച രീതിയില്‍ കഥാപാത്രങ്ങളിലേക്ക് പ്രവേശിച്ച് കഥ പറയാനാണ് ജീത്തു ശ്രമിച്ചത്. ആദ്യ ദൃശ്യത്തിലെ പോലെ സ്ലോ പേസില്‍ നിന്ന് മുറുക്കത്തിലേക്ക് കയറിപ്പോകുന്ന ആഖ്യാനതന്ത്രം ഇവിടെയും കാണാം. ജോര്‍ജുകുട്ടിയെ പിന്തുടര്‍ന്ന് ഓരോ കഥാപാത്രങ്ങളിലേക്ക് പ്രവേശിക്കുന്നതാണ് ആദ്യഭാഗമെങ്കില്‍ ഇവിടെ ഓരോ കഥാപാത്രങ്ങളെയും ആഖ്യാനത്തിന്റെ ഭാഗമാക്കുന്നു. മീനയുടെ റാണി, അന്‍സിബയുടെ അഞ്ജു എന്നിവരെ കുറേക്കൂടി പ്രാധാന്യത്തോടെ കഥ പറച്ചിലിലേക്ക് പ്ലേസ് ചെയ്തിട്ടുണ്ട്. മകന്റെ മരണം ഒരേ സമയം വൈകാരികമായി തളര്‍ത്തുകയും അതേ സമയം പ്രതികാരബുദ്ധി സൃഷ്ടിക്കുകയും ചെയ്ത ഗീതാ പ്രഭാകറിനെ ഒരു വശത്തും ഏത് നിലക്കും അതിജീവനത്തിന് ശ്രമിക്കുന്ന ബുദ്ധികൂര്‍മ്മതയുള്ള 'നാലാം ക്ലാസുകാരന്‍ ജോര്‍ജുകുട്ടി'യെ മറുപുറത്തും നിര്‍ത്തിയുള്ള ഇമോഷണല്‍ ട്രാക്കില്‍ നിന്ന് സമര്‍ത്ഥനായ കുറ്റാന്വേഷകന്‍ (ബാസ്റ്റിന്‍ ഐപിഎസ്) vs വൈദഗ്ധ്യമുള്ള ക്രിമിനല്‍(ജോര്‍ജുകുട്ടി) എന്ന ഉദ്വേഗത്തിലേക്ക് ട്രാക്ക് ഷിഫ്റ്റ് ചെയ്തിട്ടുണ്ട്.

#Drishyam
#Drishyam#Drishyam

ജോര്‍ജുകുട്ടിയുടെ സിനിമയും കോര്‍ട്ട് റൂം ഡ്രാമയുമെല്ലാം പാരലല്‍ ട്രാക്കായി കൊണ്ടുവന്നതും വിജയിച്ചിട്ടുണ്ട്. ദൃശ്യത്തിന് ജീത്തു ജോസഫ് തന്നെ ഒരുക്കിയ റീമേക്ക് 'പാപനാശ'ത്തില്‍ ജോര്‍ജുകുട്ടിക്ക് പകരമെത്തുന്ന സ്വയംഭൂലിംഗത്തിന്റെ സ്വഭാവ വ്യാഖ്യാനത്തില്‍ ഉള്‍പ്പെടെ മാറ്റമുണ്ടായിരുന്നു. മറുഭാഷാ പതിപ്പുകളില്‍ കഥാപാത്രങ്ങളിലും പ്ലോട്ടിലും പുനരാഖ്യാന സാധ്യത നില്‍ക്കുന്നൊരു തിരക്കഥയുമാണ് ദൃശ്യം സെക്കന്‍ഡിലേതെന്ന് തോന്നി.

#Drishyam
#Drishyam#Drishyam

നിയമത്തിന് മുന്നില്‍ കുറ്റക്കാരല്ലാതിരിക്കുമ്പോഴും ജോര്‍ജ്ജുകുട്ടിയും ആ കുടുംബത്തിലെ ഓരോരുത്തരും നേരിടുന്ന ട്രോമ, അവരിലേക്ക് പെരുകുന്ന ഭയം, സമൂഹത്തിന് അവര്‍ക്ക് മേലുള്ള സംശയങ്ങള്‍, അണ്‍സോള്‍വ്ഡ് കേസിനെ വിടാത്ത പൊലീസ് ഫോഴ്‌സ്, തുടങ്ങി ഭദ്രമായൊരു സ്റ്റോറി ലൈനില്‍ നിന്നാണ് രണ്ടാം ദൃശ്യം. ഇനി പിടി വീണാല്‍ ജോര്‍ജുകുട്ടി എങ്ങനെ രക്ഷപ്പെടുമെന്ന ചിന്തയെ ഉദ്വേഗമാക്കി മുന്നോട്ട് കൊണ്ടുപോകുന്നിടത്താണ് ആദ്യപതിപ്പിന് മുകളില്‍ നില്‍ക്കുന്ന ആസ്വാദനാനുഭവമുണ്ടാകുന്നത്. സഹദേവനിലും, ഗീതാ പ്രഭാകറിലും തുടങ്ങി പരന്നുപോയിരുന്ന ഫാന്‍ തിയറികള്‍ക്കൊന്നും പിടികൊടുക്കാത്ത അണ്‍പ്രഡിക്ടബിള്‍ ട്രാക്കിലേക്ക് രണ്ടാം പകുതിയെയും രണ്ടാം ദൃശ്യത്തെയും പ്ലേസ് ചെയ്തിടത്താണ് ജീത്തുവിന്റെ ബ്രില്യന്‍സ്.

Summary

#Drishyam2 Movie review malayalam , Jeethu Joseph, Mohanlal

Related Stories

No stories found.
logo
The Cue
www.thecue.in