ഹലാൽ ലവ് സ്റ്റോറിയിലെ ഇസ്ലാമിക് ഫെമിനിസ്റ്റ് ഫ്രെയിമിങ്ങ്

ഹലാൽ ലവ് സ്റ്റോറിയിലെ ഇസ്ലാമിക് ഫെമിനിസ്റ്റ് ഫ്രെയിമിങ്ങ്

ഹലാൽ ലവ് സ്റ്റോറി ഒരു പക്ഷെ മലയാളത്തിലെ ആദ്യ 'പ്രസ്ഥാന' സിനിമയായിരിക്കും. ഇവിടെ പ്രസ്ഥാനം എന്നതുകൊണ്ടുദ്ദേശിച്ചത് കേരളത്തിലെ ജമാഅത്തെ ഇസ്ലാമി പ്രസ്ഥാനത്തെയാണ്. സിനിമയിൽ പ്രസ്ഥാനം എന്നാണ് പറയുന്നത് എന്നാണുദ്ദേശിച്ചത്.

ഹലാൽ ലവ് സ്റ്റോറി ഒരു മിഡിൽ ഈസ്റ്റ് സിനിമയുടെ വ്യാജ പതിപ്പോ ഡബ്ബിങ്ങോ ഒക്കെ ആണോ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന കാഴ്ചാ കെണി ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്ന് തോന്നുന്നു. സിനിമ അടിസ്ഥാനപരമായി ഭാവനാ ലോകവും സ്വജീവിത സങ്കല്പങ്ങളിലെ കൗമാര പുഷ്പവുമാണല്ലോ. കേരളത്തിലെ മൊത്തം മുസ്ലിങ്ങളിൽ ഏതാണ്ട് രണ്ട് ശതമാനം വരുന്ന ജമാഅത്തെ ഇസ്ലാമി പ്രസ്ഥാനത്തിലെ അനുചരൻമാർക്ക് ചരിത്രപരവും സാമൂഹിക പരവുമായ കാരണങ്ങളാൽ സിനിമ ലോകത്തിൽ വന്ന് 125 വർഷവും ഇന്ത്യയിൽ വന്ന് 107 വർഷവും കേരളത്തിൽ വന്ന് 90 വർഷവും ആകുന്ന ഇക്കാലത്താണ് ഒരു മലയാള സിനിമ ഒരുക്കാൻ സാധിച്ചത്. കേരളത്തിലെ ജമാഅത്തെ ഇസ്ലാമി വിശ്വാസികളുടെ ആത്മീയ സംഘർഷങ്ങളും ധാർമിക സദാചാര വേപഥുകളും സർവോപരി ഇസ്ലാമിക ഫെമിനിസം എന്ന സൈദ്ധാന്തിക പരികല്പനകളും മറ്റും ഹലാൽ ലവ് സ്റ്റോറി ചർച്ചക്കെടുക്കുന്നുണ്ട്. രണ്ട് പ്രസ്ഥാന പ്രവർത്തകർ ബാറിൽ സിനിമാ സംവിധായകനെ കാണാൻ പോകുന്ന ഒരു രംഗം ഈ സിനിമയിലുണ്ട്. സ്ത്രീയുടെ അർധ നഗ്ന മേനി ഉള്ള പോസ്റ്റർ കണ്ട് നാട്ടിൽ തങ്ങൾ എത്ര ആത്മീയത പറഞ്ഞിട്ടെന്താ ഇതല്ലെ അവസ്ഥ എന്ന് എന്ന കണക്ക് തങ്ങളുടെ ജീവന സ്ഥലത്തെപ്പറ്റി വേപഥുപ്പെട്ടു പോകുന്നയാളും സുഹൃത്തുമാണ് ബാറിൽ പോകുന്നത്. അൽഹം ദു ലില്ലാ ഇവിടുന്നെങ്ങാൻ മരിച്ചു പോയാൽ എന്തായിരിക്കും അവസ്ഥ എന്നാണ് ബാറിൽ നിന്നും പോലീസ് സ്റ്റേഷനിൽ നിന്നും അവർ ബേജാറാവുന്നത്. ഡയരക്ടർ പറയുന്ന പോലെ ഇവർ ബാറിൽ പോലും കയറാൻ യോഗമില്ലാത്ത പാവങ്ങളാണ്. ഒന്ന് സൂക്ഷിച്ചു പറഞ്ഞാൽ ഇറാൻ സിനിമയിൽ നിന്നും ഇത് കേരള സിനിമയാണ് എന്ന് ഓർമപ്പെടുത്തുന്ന മറ്റൊരു രംഗമാണിത്. ഇറാനിൽ ഇല്ലാത്ത ബാറും സിനിമാ പോസ്റ്ററുകളും കണ്ട് 'സിനിമാ സ്ഥല' ത്തെ കാഴ്ചക്കാരനും ഓർമിക്കുന്നു.

ഈ ലേഖനത്തിൽ പ്രധാനമായും ചർച്ച ചെയ്യാനുദ്ദേശിക്കുന്നത് ഹലാൽ ലവ് സ്റ്റോറിയിലെ സ്ത്രീ കഥാപാത്രങ്ങളെപ്പറ്റിയാണ്. ഇസ്ലാമിക് ഫെമിനിസ്റ്റ് സങ്കല്ലങ്ങൾ എത്രമാത്രം ഈ സിനിമയുടെ അടിസ്ഥാന വർത്തിയായി പ്രവർത്തിക്കുന്നുണ്ട് എന്ന ചുരുക്കം ആലോചനകളിൽ കൂടി പ്രബന്ധം ഉപസംഹരിക്കാം. ഒരേ സമയം ജമാഅത്തെ ഇസ്ലാമി യുടെ ധാർമിക സദാചാരവും നിഷ്ഠകളും പുലർത്തുകയും സിനിമയുടെ ലോകത്തിലേക്ക് പടരുകയും ചെയ്യാൻ ശ്രമിക്കുന്ന തൗഫീഖ് ആണ് ഇതിലെ ഒരു പ്രധാന കഥാപാത്രം. തൗഫീഖ് കുട്ടികൾക്ക് പ്രൊജക്ടർ വെച്ച് സിനിമ കാണിക്കുകയും സിനിമ സ്വപ്നം കണ്ട് നടക്കുകയും ചെയ്യുന്ന 'പ്രസ്ഥാനനിഷ്ഠയുള്ള ' പുരുഷനാണ്. വിവാഹപ്പരസ്യത്തിന്‌ ഉമ്മ പറഞ്ഞുകൊടുക്കുന്ന വാചകത്തിൽ മതനിഷ്ഠയായ (പ്രസ്ഥാനനിഷ്ഠ എന്നായിരിക്കും വിവക്ഷ. മതം എന്നാൽ പലതുമുണ്ടല്ലോ. ഇസ്ലാം മതമാണെങ്കിൽ സുന്നി, മുജാഹിദ് തുടങ്ങിയവ) എന്ന വാചകം ഉൾപ്പെടുത്തുകയും തൻ്റെ അതേ 'പ്രസ്ഥാന ധാർമികതക്ക് ' അകത്ത് നിൽക്കുന്ന സ്ത്രീയെ ഇണയായും തുണയായും ലഭിക്കാൻ ആഗ്രഹിക്കുന്ന തൗഫീഖിൻ്റെ ഉമ്മയാണ് സിനിമയിലെ ഒരു സ്ത്രീ കഥാപാത്രം!

നേരെത്തെ സൂചിപ്പിച്ച പോലെ ഹലാൽ ലവ് സ്റ്റോറി എന്ന സിനിമയിലെ സ്ഥലം കേരള ജമാഅത്തെ ഇസ്ലാമി സംഘടനാ അംഗങ്ങളുടെ ആശ്വാസത്തിന് വേണ്ടി ഭാവന ചെയ്യപ്പെട്ട ഒരു ഇസ്ലാമിക് ജീവന സ്ഥലമാണ്. ആരോപിക്കപ്പെടുന്ന പോലെ ആ പൊതുമണ്ഡലം കേരളത്തിലെ മലപ്പുറം പാലക്കാട് അടക്കമുള്ള ഒരു ജില്ലയുമല്ല. സിനിമയിൽ പ്രത്യക്ഷത്തിൽ നമ്മൾ ശ്രദ്ധിക്കുന്ന കഥാപാത്രങ്ങളിൽ ആരും തന്നെ പ്രത്യക്ഷത്തിൽ ഹിന്ദു കൃസ്ത്യൻ സുന്നി മുസ്ലിം വ്യക്തികൾ ഇല്ല എന്ന കാര്യം ശ്രദ്ധിക്കുക. തെരഞ്ഞെടുക്കപ്പെട്ട ഒരു മികച്ച സ്ത്രീയുടെ ഭർത്താവായി അഭിനയിക്കാൻ യഥാർത്ഥ ഭർത്താവ് തന്നെ മതി സിനിമയിലെ ഭർത്താവും എന്ന പ്രസ്ഥാന അജണ്ട നടപ്പാക്കാൻ സുഹറ സമ്മതിക്കുന്നത് സംസ്ഥാന നേതൃത്വത്തിൻ്റെ ഇടപെടലിലാണ്. ഭർത്താവ് ആദ്യം ആവശ്യമുന്നയിച്ചെങ്കിലും സുഹ്റ സമ്മതം മൂളുന്നില്ല. സാങ്കല്ലിക ലോകത്തെപ്പറ്റിയുള്ള ഭാവനയിൽ പോലും പുലർത്തേണ്ട ധാർമിക സദാചാര സംഹിതയെ സാധ്യമാക്കി കൊടുക്കുന്ന അച്ചടക്കമുള്ള സ്ത്രീ കഥാപാത്രമായ സുഹറ സാമൂഹിക സ്ഥാപനങ്ങ(social Apparatueses ) ളുടെ സൂക്ഷ്മ ഗണത്തിൽ പെടുന്ന പ്രസ്ഥാനത്തിൻ്റെ അകത്തുള്ള സ്ത്രീ കഥാപാത്രമാണ് എന്ന് വഴിയെ ഓർമിക്കാം. സിനിമാസംഘത്തിൽ സൗബിൻ്റെയും മറ്റും ചില കഥാപാത്രങ്ങൾ സ്വിച്ച് ഓൺ കർമത്തിൽ തേങ്ങ ഉടച്ച് ആരതി ഉഴിയുന്നുണ്ട്. പ്രസ്ഥാനത്തിനകത്തുള്ളവർ അതിനെ എതിർക്കുന്നില്ലെങ്കിലും ഈ ചടങ്ങിൽ നിന്ന് മാറിനിന്നു കൊണ്ട് സഹകരിക്കുന്നു. ഇടക്ക് ബാങ്ക് കൊടുക്കുന്ന ശബ്ദം വരുമ്പോൾ ചിത്രീകരണം തൽക്കാലം നിർത്തുന്നുണ്ട്. (തുണി അലക്കുന്നതും കോഴി കൂവുന്നതും മറ്റുമുള്ള ശബ്ദത്തിനൊപ്പം ചേർത്താണ് ഇക്കാര്യം ചെയ്യുന്നത്. ബാങ്ക് കൊടുക്കുന്ന ശബ്ദം മലയാള സിനിമ കേൾപ്പിച്ചിട്ടില്ല എന്നാണോ ഇവിടെ വിവക്ഷ?)

പ്രസ്ഥാനത്തിനകത്ത് അല്ല എന്നുള്ളതും മദ്യപിക്കും എന്നുള്ളതും സിറാജിൻ്റെ അയോഗ്യതയാണ്. അയാൾ സന്താനങ്ങളോടും ഭാര്യയോടും തൻ്റെ കടമ നിർവഹിക്കാനിടയില്ല. പ്രസ്ഥാന ബന്ധുവല്ലാത്ത ഒരാൾക്ക് അയാളുടെ മകളെ കാണിച്ചു കൊടുക്കാൻ പോലും പാടില്ല എന്നതാണ് സിറാജിൻ്റെ ഭാര്യയുടെ നിലപാട്. അയാൾ മകൾക്കൊരു മാതൃകയല്ല, കാരണം പ്രസ്ഥാന ബന്ധുവല്ല. അത് കൊണ്ട് അയാൾ കൊള്ളരുതാത്തവനാണ്. ആ ഭർത്താവ്‌ എന്റെ വീടിന്റെ പടി കടക്കരുതെന്ന് പറയുന്നു സിറാജിന്റെ ഭാര്യ.

[പൊതു വ്യക്തിയെ ഉപയോഗിക്കുന്നതിന്റെ ഭാഗമായി പ്രസ്ഥാനം ഉപയോഗിക്കുന്ന പുരുഷൻ ! പക്ഷെ പടിക്കു പുറത്ത്!]

മറ്റൊരു സ്ത്രീ അടച്ചിട്ട ജനലും വാതിലുമൊക്കെ തുറന്നിട്ട്‌, മുറുക്കങ്ങളേയെല്ലാം അയച്ചിട്ട്‌, അന്യോന്യമുള്ള പതിവു കലാപത്തിനു പകരം അവനവനോടുള്ള കലാപം എന്നൊക്കെ ഘടാഘടിയൻ തത്വ ശാസ്ത്രം പറയുന്ന പാർവ്വതിയുടെ കഥാപാത്രമാണ്. ഈ കഥാപാത്രമാണ് സിനിമയിൽ അഭിനയകളരിയിൽ തെരെഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും പ്രസ്ഥാനത്തിന്റെ അജണ്ട നടപ്പാക്കാൻ യഥാർത്ഥ ഭർത്താവിനെ ഭർത്താവായി അഭിനയിപ്പിക്കാൻ ഷരീഫിനെ തിരുകി കയറ്റി കൊടുക്കുന്നത്! അതും ഒരു തരം ധാർമിക സദാചാര സംരക്ഷണ കലാപത്തിൻ്റെ ഗണത്തിൽ പെടുത്തി സമാധാാനിക്കുകയേ നിവൃത്തിയുള്ളു ! എന്ന് തോന്നുന്നു. ചുരമിറങ്ങിത്തീരാത്ത സംഘടനാ വാഹനത്തെ ഉപേക്ഷിച്ച്‌, വളയ്ക്കാനും തിരിക്കാനുമൊക്കെ പറ്റുന്നൊരു നടത്തം പരീക്ഷിക്കാൻ ഭർത്താവിനെ ഉപദേശിക്കുന്ന സീനത്തിന്റെ കഥാപാത്രമാണ് മറ്റൊരു പെണ്ണ്. ഒറ്റപ്പെട്ട് നടന്നാൽ ചെന്നായ് പിടിച്ചു തിന്നാനിടയുണ്ട്. പടച്ചോന് നിരക്കാത്ത സിനിമ ആവാതിരിക്കാൻ വേണ്ടി കൂടിയാണ് റഹീം സാഹിബ് ഇതിൻ്റെ കൂടെ കൂടുന്നത് എന്ന് തോന്നുന്നു. മറ്റൊരർത്ഥത്തിൽ നേരത്തെ സൂചിപ്പിച്ച മൈക്രോ മോറൽ /സോഷ്യൽ അപ്പാരറ്റസസിൻ്റെ ഏജൻ്റാണ് റഹിം സാഹിബിൻ്റെ കഥാപാത്രം എന്നും പറയാം.

ഇസ്ലാമിക് ഫെമിനിസത്തിൻ്റെയും അതിൻ്റെ അന്തർധാരയായി വർത്തിക്കുന്ന ധാർമിക സദാചാര വ്യവസ്ഥയുടെയും കുടുംബ അധികാര ധാരണകളുടെയും വെളിപ്പെടാത്ത മധുരം പൂശിയ തരം ഒളി ആഖ്യാനങ്ങളുടെ പരിചരണം സുഹ്റയും ഷഫീഖും തമ്മിൽ നടക്കുന്ന പല സംഭാഷണങ്ങളിലുമുണ്ട്. ഖുർആനിലെ ഒരു വെളിപെടൽ ഇങ്ങിനെയാണ്.

പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു.

മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌.

അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്‌.


എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക.

എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്‌.

(തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.

Surah An-Nisa’ (النّساء), verses: 34)

(ഖുർആൻ മുസ്ലിങ്ങളുടെ വേദഗ്രന്ഥമാണ്. ഈ വാക്യത്തെപ്പറ്റി കവി കെ .ടി. സൂപ്പി മാഷുമായി സംസാരിച്ചപ്പോൾ അദ്ദേഹം തന്ന വിവരങ്ങൾ കൂടി ചേർക്കുന്നു. ഖവ്വാ മൂൻ എന്ന പദത്തിൻ്റെ അർത്ഥം ഖാദിമൂൻ ആണെങ്കിൽ അത് സ്ത്രീകളുടെ സേവകൻ എന്നാണ്. ആമിന വദൂദ് ലൈല തുടങ്ങിയ ചിന്തകരായ സ്ത്രീകൾ ഈ വാക്യത്തിലെ ഖവ്വാമൂൻ തുടങ്ങിയ പദങ്ങളുടെ എറ്റിമോളജിയെ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. അടിക്കുക എന്നതിനു പകരം ചർച്ചകൾ ഉപമകളിലൂടെയുള്ള സംവാദങ്ങൾ എന്നൊക്കെയാണ് പോയറ്റിക്കൽ ഇസ്ലാം വായന നടത്തേണ്ടത് )

ഭാര്യാ ഭർത്താക്കൻമാർക്കിടയിൽ അല്ലാതെ നടക്കുന്ന സ്പർശങ്ങൾ പോലും ധാർമികതക്കും തങ്ങൾ ഉദ്ദേശിക്കുന്ന തരം സദാചാര സംഹിതക്കും എതിരാണെന്ന ചിന്ത ഒരു പടി കൂടി കടന്ന് യഥാർത്ഥ ഭാര്യാ ഭർത്താക്കൻമാർ ആണെങ്കിൽ കൂടി അത് പ്രസ്ഥാനത്തിന് നാണക്കേടാകുമോ എന്ന ചർച്ചയാണ് സിനിമ അതിൻ്റെ ഉപസംഹാരത്തിൽ നടത്തുന്നത്. ഈ ചർച്ച കാണുമ്പോൾ സിനിമ എന്ന കലാരൂപത്തെ സംബന്ധിച്ച് എത്രമാത്രം ചെറിയ സദാചാരകാര്യമാണ് ചർച്ച ചെയ്യുന്നത് എന്ന് ഒറ്റക്കാഴ്ചയിൽ തോന്നാം. എന്നാൽ അത് പ്രസ്ഥാനത്തെ സംബന്ധിച്ച് ആ അപ്പാരറ്റസസിലെ ഇസ്ലാമിക് / ഇസ്ലാമിസ്റ്റ് ജീവന പരിസരത്തെ സംബന്ധിച്ച് ഒരു തരത്തിൽ സിനിമയിലേക്കുള്ള കയ്യേത്താണെന്നുള്ള കാര്യം മറക്കാൻ പറ്റില്ലല്ലോ. ചിൽഡ്രൻ ഓഫ് ഹെവൻ എന്ന കൊണ്ടാടപ്പെട്ട ഇറാൻ സിനിമയെ ഈ പ്രസ്ഥാന കയ്യേത്ത് (മുസ്ലിം കയ്യെഴുത്ത് ആചാരം) സിനിമ തുടക്കത്തിൽ തന്നെ മെൻഷൻ ചെയ്യുന്നതും ദലൈലാമയുടെ സമൂഹത്തിൽ നിന്നും വന്ന 'ദ കപ്പ്'' എന്ന സിനിമയും ഇവിടെ ഓർക്കുക. പ്രത്യക്ഷത്തിൽ വളരെ ചെറുത് എന്ന് തോന്നുന്ന വിധം കാര്യങ്ങളാണ് ആ രണ്ട് സിനിമകളും കൈകാര്യം ചെയ്യുന്നത്.


സിനിമയിലെ ഉപസംഹാരത്തിൽ ചർച്ചക്കെടുക്കുന്ന കെട്ടിപ്പിടുത്തവും ഉമ്മവെക്കലുമൊക്കെയുള്ള കാര്യങ്ങൾ പറയുന്നതിനു മുമ്പ് പൊതുവെ ഹലാൽ ലവ് സ്റ്റോറിയുടെ സൗന്ദര്യ ശാസ്ത്ര പരിചരണം എന്താണ് എന്ന് പരിശോധിക്കേണ്ടതുണ്ട്.

പ്രസ്ഥാനത്തിൻ്റെ വ്യക്തികൾ തന്നെ പലപ്പോഴും എടുത്തെഴുതാറുള്ള ഹാമിദ് നഫിസി എന്ന സിനിമാ ചിന്തകനെ തന്നെ ഇവിടെ ഹാജരാക്കാം.

വിപ്ലവാനന്തര ഇറാനിലെ സിനിമകള്‍ രണ്ടാം പഹ്ലവി(1941-1979) കാലഘട്ടത്തില്‍ സ്ത്രീയെ ചൂഷക സമൂഹത്തിന്റെ ഇരയായും അതേ സമയം തന്നെ അഃധപതനത്തിന്റെയും തിന്മയുടെയും ഉറവിടമായും ആയിരുന്നു കണ്ടിരുന്നത് എന്ന് ഹാമിദ് നഫിസി (Hamid Naficy) പറയുന്നുണ്ട്. ആദ്യകാലങ്ങളിൽ സ്ത്രീയെ സ്ക്രീനിൽ നിന്നും തീർത്തും ഒഴിവാക്കിയും പിന്നീട് വളരെ പെട്ടെന്ന് തന്നെ ഇറാനിയന്‍ സിനിമയില്‍ മറയെ കേന്ദ്രീകരിച്ചുള്ള സൗന്ദര്യശാസ്ത്രത്തെ വികസിപ്പിച്ചുകൊണ്ടുമാണ് വിപ്ലവാനന്തര സിനിമകള്‍ സ്ത്രീപ്രതിനിധാന പ്രശ്നങ്ങളെ അഭിമൂഖീകരിച്ചത്. നഫിസി ഇത്തരമൊരു സൗന്ദര്യശാസ്ത്ര സമീപനത്തെ ഇസ്‌ലാമികമായ നോട്ടം(Islamicate Gaze) എന്നാണ് വിളിക്കുന്നത്. ഇത്തരമൊരു നോട്ടം മറ്റുള്ളവർക്കുമേൽ അധീശത്വം ഉറപ്പിക്കുന്ന ഒളിഞ്ഞുനോട്ടമോ തന്നെ തന്നെ മറ്റുള്ളവരിൽ കാണുന്ന നോട്ടമോ അല്ല. മറിച്ച് ഇവിടെ നോട്ടം നമ്മുടെ ധാര്‍മ്മികതയെ അലോസരപ്പെടുത്താൻ സാധ്യതയുള്ളതിനാൽ ഈ നോട്ടം സ്വയം ഹാനീകരമായ(masochistic) നോട്ടമായി കണക്കാക്കപ്പെടുന്നു.

ചുരുക്കി പറഞ്ഞാൽ ഇറാൻ സിനിമയിൽ മുഖവും മുൻ കൈയും മൂടി ഭാര്യാ ഭർത്താക്കൻമാരായാലും പരസ്പരം തൊടാതെ വേണം സിനിമയിൽ അഭിനയിക്കാൻ. ഔട്ഡോർ ഷൂട്ടിനും മറ്റും ഒരുപാട് പരിമിതികൾ നിലവിലുണ്ട് താനും!

ഇറാനിയന്‍ വ്യവസ്ഥകളും പൊതുവായുള്ള സിനിമാ പാരമ്പര്യവും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യസമെന്നത് സ്ത്രീ ശരീരം, ശാരീരികമായ ബന്ധം തുടങ്ങിയവ സ്വകാര്യതയുടെ ഭാഗമായതിനാൽ അവ സ്ക്രീനിൽ പ്രതിനിധീകരിക്കാൻ പാടില്ലാത്തതാണ് എന്നതാണ്. ഇത്തരം സ്വകാര്യതകളെ ഒഴിവാക്കുക എന്നത് ഔചിത്യബോധത്തിൻ്റെയും (Modetsy) മറയുടെയും (Veiling) ചിഹ്നമാണ് എന്ന് അവർക്ക് ഇസ്ലാമിക് ഫെമിനിസ്റ്റ് സൗന്ദര്യ ശാസ്ത്രരൂപീകരണത്തിലധിഷ്ഠിതമായ കാഴ്ചപ്പാടുകളും അവിടെ രൂപപ്പെട്ടു വന്നിട്ടുണ്ട്. മറ്റൊരു തരത്തിൽ ഭരണകൂട അധികാര പ്രത്യയശാസ്ത്രത്തിൻ്റെ ഇടനിലക്കാരായ ബുദ്ധിജീവികൾ (ഗ്രാംഷിയുടെ പല തരം ബുദ്ധിജീവികൾ എന്ന ടേം ഓർമിക്കുക) എന്നും ഈ സൗന്ദര്യശാസ്ത്രം രൂപപ്പെടുത്തുന്നവരെ പ്പറ്റി വിളിക്കാം. ഭരണകൂടത്തിൻ്റെ പ്രത്യയശാസ്ത്ര സൗന്ദര്യ സങ്കേത അജണ്ടയുടെ വക്താക്കൾ കൂടിയാണ് ഇവർ. പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ പേരിൽ രൂപപ്പെട്ടു വന്ന Veiling (മറ/ മൂടുപടം) സിനിമയിൽ എങ്ങിനെ പരീക്ഷിക്കാം എന്ന ഇടപെടൽ കൂടിയായി ഇതിനെ കാണണം. ഇറാൻ സിനിമകളായ Darbareye Elly (About Elly, 2009), Jodaeiye Nader az Simin (A Separation, 2011), and Forushande (The Salesman, 2016) എന്നിവയാണ് പ്രധാനമായും ഈ ഇസ്ലാമികമായ നോട്ടത്തിൻ്റെ സൈദ്ധാന്തികർ ആശ്രയിക്കുന്ന സിനിമകൾ. എന്നാൽ ഫർഹദിയെയും മക്ബൽ ബഫിനെയും പോലുള്ള സംവിധായകർ ഈ ഇസ്ലാമിക നോട്ടത്തിൽ നിന്ന് കുതറുന്നത് അവർ ഇറാനു പുറത്ത് എടുത്ത സിനിമകളിൽ കാണുകയും ചെയ്യാം.

ക്ലാസിക്കല്‍ ഹോളിവുഡ് സിനിമകളില്‍ ആനന്ദം (Pleasure) എന്നത് പുരുഷകേന്ദ്രീകൃത ആനന്ദം ആണെന്നാണ് ലോറ മള്‍വി പറയുന്നത്. സ്ത്രീയെ അധീനപ്പെടുത്തിയാണ് ഈ ആനന്ദം രൂപപ്പെടുന്നത്. സിനിമ അതിന്റെ ഇടത്തിനകത്ത് രൂപപ്പെടുത്തുന്ന നോട്ടമാണ് (gaze) സ്ത്രീയെ കീഴ്സ്ഥാനത്ത് നിര്‍ത്തുന്നത്. ശരീരമായി അവളുടെ ഉടലിനെ ഉപയോഗപ്പെടുത്തി നിർമിച്ചെടുക്കുന്ന ആനന്ദത്തെെയാണ് ലോറ മൾവി പ്രതിസ്ഥാനത്ത് നിർത്തുന്നത്. മൾവിയുടെ ഇതേ വാദത്തിൻ്റെ മറ്റൊരു തരം ഉപയോഗപ്പെടുത്തലാണ് ഈ മറ/ മൂടുപട ഇസ്ലാമിക് നോട്ടത്തിൻ്റെയും പ്രശ്നം എന്നു വരുന്നു. ആരുടെ കണ്ണിൽ കൂടിയാണ് നമ്മൾ സിനിമ കാണുന്നത് എന്നതു തന്നെയാണ് പ്രശ്നം ! ആരുടെതാണ് സിനിമ എന്നതും ! ലോറ മൾവി പ്രതിസ്ഥാനത്ത് നിർത്തുന്നത് പുരുഷനെ ആണെങ്കിൽ ഇവിടെ പ്രതിസ്ഥാനത്ത് ഇസ്ലാമിക് പുരുഷൻ ! അത്ര മാത്രം! രണ്ടിടത്തും കർതൃത്വ വ്യവഹാരം രണ്ട് തരം പുരുഷൻമാർ ആണെങ്കിൽ കാഴ്ചപ്പെടുന്നത് രണ്ടുതരം സ്ത്രീകളുടെ ഉടലും മസ്തിഷ്കവുമാണ്.

സുഹ്റയും ഷഫീഖും യഥാർത്ഥ ഭാര്യാ ഭർത്താക്കൻമാർ ആണെങ്കിലും അവർ സിനിമയിൽ കെട്ടിപ്പിടിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെ ചർച്ചക്കെടുത്തു കൊണ്ടാണല്ലോ സിനിമ ഉപസംഹരിക്കുന്നത്. രണ്ട് തരം ചർച്ചകളാണ് അവിടെ നടക്കുന്നത്. ഒന്ന് ലൈംഗികതക്കു വേണ്ടി മാത്രമാണോ ഒരു ആണും പെണ്ണും തമ്മിൽ കെട്ടിപ്പിടിക്കുന്നത് ? രണ്ട് സിനിമയിൽ അത് കാണിക്കുന്നത് ഇസ്ലാമിക് നോട്ടത്തിന് എതിരല്ലെ ? ( സിനിമ കെട്ടു കഥയാണല്ലോ ! ഭാര്യാ ഭർത്താക്കൻമാർ എന്ന യഥാർത്ഥ കർതൃത്യം ഭാവനാ ജീവിതത്തിൽ / ഫിക്ഷനിൽ റദ്ദുചെയ്യപ്പെടുന്നുണ്ട്.) മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം എന്നെഴുതി കാണിക്കുന്നതു പോലെ പരസ്യമായ/ മറയില്ലാത്ത കെട്ടിപ്പിടുത്തം ഇസ്ലാമിക് നോട്ടത്തിന് ഹാനികരം എന്ന മുന്നറിയിപ്പിൻ്റെ അദൃശ്യമായ ഒരു ഉടൽ ടാഗ് ഈ രംഗത്തുണ്ട് എന്ന് ചിലർക്കു തോന്നിയാൽ തെറ്റുപറയാനാവില്ല തന്നെ.

ഡോ.എന്‍.വി.മുഹമ്മദ് റാഫി
ഡോ.എന്‍.വി.മുഹമ്മദ് റാഫി

ഇസ്ലാമിക് ഫെമിനിസത്തെ കുറിച്ച് കേരളത്തിലെ പ്രസ്ഥാന ബന്ധുക്കളായ രണ്ട് സ്ത്രീകൾ തമ്മിൽ നടത്തിയ ചർച്ചയിലെ ചില കാര്യങ്ങൾ കൂടി എടുത്തെഴുതി ഈ പ്രബന്ധം ഉപസംഹരിക്കേണ്ടതുണ്ട്.

കെ.കെ. ഫാത്തിമ സുഹ്റ എന്നീ ഇസ്ലാമിക് ഫെമിനിസ്റ്റുകളുടെ താഴെ പറയുന്ന നിരീക്ഷണങ്ങളുമായി ബന്ധപ്പെടുത്തി ഹലാൽ ലവ് സ്‌റ്റോറിയിലെ സ്ത്രീ ജീവിതം സ്വാതന്ത്ര്യം സിനിമയോടും കലകളോടുമുള്ള സമീപനം കുടുംബം എന്ന സ്ഥാപനത്തിൽ അവർ ആഗ്രഹിക്കുന്ന സ്ഥാനം പാട്രിയാർക്കി അധികാര ബന്ധ സ്ഥാപനമെന്ന നിലക്ക് സ്ത്രീയുടെ കുടുംബ സ്ഥാപന ഇടം എന്നിവ വായിച്ചെടുക്കാനാണ് ശ്രമിക്കുന്നത്.

താഴെ പറയുന്ന ക്വാട്ൽ ഇസ് ലാം എന്നാണ് ഫാത്തിമയും സുഹ്റയും പറയുന്നതെങ്കിലും ആ ഭാഗങ്ങളിലെല്ലാം ജമാഅത്തെ ഇസ്ലാമി എന്ന് തിരുത്തി നമ്മൾ വായിക്കണം (ശ്രദ്ധിക്കുക)

ഇസ്‌ലാമും ഫെമിനിസവും ചില പൊതു വിഷയങ്ങളില്‍ യോജിക്കുന്നത് കാണാമെങ്കിലും ഇസ്‌ലാമിക മൂല്യങ്ങളും തത്ത്വങ്ങളും ഫെമിനിസത്തില്‍ നിന്ന് തികച്ചും വിഭിന്നമാണ്. രണ്ടും സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെ എതിര്‍ക്കുകയും, സ്ത്രീകള്‍ക്ക് സ്വത്തില്‍ ഉടമസ്ഥാവകാശവും കൈകാര്യാധികാരവുമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. എന്നാല്‍, കുടുംബവ്യവസ്ഥയിലെ പുരുഷനേതൃത്വം സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനു തുല്യമാണെന്ന ഫെമിനിസ്റ്റ് കാഴ്ചപ്പാട് ഇസ്‌ലാമുമായി ഒത്തുപോകുന്നതല്ല. പ്രകൃതിപരവും പരമ്പരാഗതവുമായ സ്ത്രീ പുരുഷ ദൗത്യങ്ങള്‍ ഇല്ലായ്മ ചെയ്യണമെന്ന ഫെമിനിസ്റ്റ് ആശയം ഇസ്‌ലാമികാശയത്തിന് എതിരാണ്. കാരണം ഇസ്‌ലാമികാശയമനുസരിച്ച് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം ഉണ്ടായിരിക്കെത്തന്നെ സ്ത്രീയുടെ പ്രഥമ ദൗത്യം ഭാര്യയും മാതാവും ആവുകയെന്നതാണ്.

ഫെമിനിസം ലിംഗങ്ങളുടെ പരസ്പര പൂരകത്വത്തെ തിരസ്‌കരിക്കുമ്പോള്‍, ഇസ്‌ലാം സ്ത്രീയും പുരുഷനും ഒരേ ആത്മാവില്‍ നിന്നുത്ഭവിച്ചവരാണെന്ന് ഉണര്‍ത്തിക്കൊണ്ട് രണ്ടു പേര്‍ക്കും വ്യത്യസ്ത സാമൂഹിക ദൗത്യങ്ങള്‍ നല്‍കി അവരെ പരസ്പര പൂരകങ്ങളാക്കുന്നു. സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിലേക്കും കീഴ്‌പ്പെടുത്തുന്നതിലേക്കും നയിക്കുന്നു എന്ന കാരണത്താല്‍ ഫെമിനിസം വിവാഹത്തെ എതിര്‍ക്കുമ്പോള്‍ ഇസ്‌ലാം ഭാര്യാ ഭര്‍ത്താക്കന്മാരുടെ ഉത്തരവാദിത്വങ്ങള്‍ വ്യക്തമായി നിര്‍ണയിച്ചുകൊണ്ട് വിവാഹത്തെ ശക്തമായി പ്രോത്സാഹിപ്പിക്കുന്നു. കുടുംബ ജീവിതത്തിന്റെ നേതൃത്വം ഇസ്‌ലാം പുരുഷന് നല്‍കുന്നു. എന്നാല്‍, ഫെമിനിസ്റ്റുകള്‍ ഇതിനെ അടിച്ചമര്‍ത്തലായി കാണുന്നു.

ലൈംഗികതയെ കുറിച്ച് ഫെമിനിസ്റ്റുകള്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ വെച്ചു പുലര്‍ത്തുന്നു.

ലേഖനം പറഞ്ഞു വെക്കാൻ ശ്രമിച്ചതിനെ ഒന്നുകൂടി ഉപസംഹരിക്കാം.

കേരളത്തിലെ സവിശേഷമായ ഒരു പ്രസ്ഥാനസമൂഹത്തെ അഭിമുഖീകരിച്ചു എന്ന അർത്ഥത്തിൽ ഹലാൽ ലവ് സ്റ്റോറി മലയാള സിനിമയെ സംബന്ധിച്ച് ഇത് വരെ കാണാത്ത ജീവിത പരിസരത്തിലേക്കുള്ള കാഴ്ചയുടെ തിരിഞ്ഞുനോട്ടവും കാഴ്ചാ കോയമക്കെതിരെയുള്ള കലാപം എന്ന നാട്യവുമാണ്. കേരളത്തിലെ മുസ്ലിങ്ങളെ സംബന്ധിച്ച് സിനിമ ഒരു പുത്തൻ അനുഭവമല്ല. നിലമ്പൂർ ആയിശ സീനത്ത് തുടങ്ങിയ സ്ത്രീകൾ അടക്കം മുസ്ലിങ്ങൾ മലയാള സിനിമയുടെ ആദ്യഘട്ടത്തിൽ തന്നെ സിനിമയുമായി പലവിധത്തിൽ ചേർന്ന് നിന്നവരാണ്. പ്രസ്ഥാനക്കാർ ആദ്യം മുതലേ സ്വീകരിച്ച സിനിമയോടുള്ള ഹറാം നിലപാടിൻ്റെ അടുപ്പത്ത് വെച്ച് വേവിക്കുന്ന വെള്ളത്തിൽ ( സാങ്കല്ലിക പ്രസ്ഥാന ഇസ്ലാമിസ്റ്റ് ജീവന ഇടം) തിളപ്പിച്ചെടുത്ത ഈ ഹലാൽ സിനിമയുടെ സ്ഥലം തികച്ചും 'ഹോം സിനിമാറ്റിക് ' ആണ്.

ഇസ്ലാമിക് ഫെമിനിസ്റ്റ് ആശയത്തിൻ്റെ കാഴ്ചപ്പാടുകൾ പല അവസരത്തിലും പാട്രിയാർക്കി അബോധത്തിൽ നിന്നാണ് രൂപപ്പെട്ടത്. ഇത്തരം ഫെമിനിസ്റ്റുകൾ സംസാരിക്കുമ്പോൾ ചിലപ്പോഴെങ്കിലും കുടുംബ അധികാര ഘടനയിലെ ബന്ധങ്ങളിൽ പ്രതിപ്രവർത്തിക്കുന്ന പിതൃ അധികാരത്തിൻ്റെ കണ്ണും നാവും ചുണ്ടും പ്രതിപ്രവർത്തിക്കാറുണ്ട്.

സ്വാതന്ത്ര്യം എന്നത് ആരും ആർക്കും നൽകേണ്ടതല്ല എന്നല്ല , ചില അധികാര കൈകാര്യ സവിശേഷതകൾ പുരുഷന് ജൻമനാ തന്നെ അർഹിച്ചതാണെന്നുള്ള വിശ്വാസ സംഹിതകളുടെ പിതൃ അധികാര വേർഷൻ്റെ പിൻബലത്തിൽ കൂടിയാണ് ഇസ്ലാമിക് ഫെമിനിസത്തിൻ്റെ നോട്ടം പ്രതിപ്രവർത്തിക്കുന്നത്. പെണ്ണുടലിൻ്റെയും വ്യക്തിത്വത്തിൻ്റെയും പാരൻ്റിങ്ങ് / പാട്രൺഷിപ്പ് ഏറ്റെടുത്ത നവയാഥാസ്ഥികത്വത്തിൻ്റെ അടുപ്പിൽ വേവിച്ചെടുത്ത ഈ ഇസ്ലാമിസ്റ്റ് പ്രസ്ഥാന സിനിമ റിലീജിയസ് പാട്രിയാർക്കിക്ക് മലയാള സിനിമയിലേക്ക് നിർമിച്ചു കൊടുത്ത അപകടകരമായ ഒരു തട്ടിക്കൂട്ട് പഞ്ചവടിപ്പാലമാണ്.

ADMIN

റഫറൻസ് :


1. Mulvey, Laura. 1992. “Visual Pleasure and Narrative Cinema” in Gerald Mast, Marshall Cohen and Leo Braudy (eds.) Film Theory and Criticism: Introductory Readings, Oxford University Press. 746-757

2. Naficy, Hamid. 2012. A Social History of Iranian Cinema, Vol.4.: The Globalizing Era, 1984-2010, Durham and London: Duke University Press

3. സ്ത്രീവാദത്തിൻ്റെ ഇസ്ലാമിക വായന കെ.കെ. ഫാത്വിമ സുഹ്റ

പ്രബോധനം ഹലാൽവാരിക 2013 നവംബർ 29 ലക്കം

ഹലാൽ ലവ് സ്റ്റോറിയിലെ ഇസ്ലാമിക് ഫെമിനിസ്റ്റ് ഫ്രെയിമിങ്ങ്
Halal Love Story Movie Review: ഹലാല്‍ കട്ടിന് കയ്യടിക്കുമ്പോള്‍
ഹലാൽ ലവ് സ്റ്റോറിയിലെ ഇസ്ലാമിക് ഫെമിനിസ്റ്റ് ഫ്രെയിമിങ്ങ്
ഹലാല്‍ ലവ് സ്റ്റോറിക്ക് സ്റ്റാനിസ്‌ളാവിസ്‌കിയെ ഉപേക്ഷിക്കേണ്ടിവന്നതെവിടെ?
ഹലാൽ ലവ് സ്റ്റോറിയിലെ ഇസ്ലാമിക് ഫെമിനിസ്റ്റ് ഫ്രെയിമിങ്ങ്
ഹലാല്‍ ലവ് സ്‌റ്റോറി: മലപ്പുറത്തിന്റെ സിനിമാ പാരഡിസോ
No stories found.
The Cue
www.thecue.in