ഫഹദ് ഫാസില്‍ അഭിമുഖം: അവാര്‍ഡ് വാങ്ങാന്‍ കയറുമ്പോള്‍ പോലും ക്രൗഡിനെ ഫേസ് ചെയ്യാന്‍ പേടി 

ഫഹദ് ഫാസില്‍ അഭിമുഖം: അവാര്‍ഡ് വാങ്ങാന്‍ കയറുമ്പോള്‍ പോലും ക്രൗഡിനെ ഫേസ് ചെയ്യാന്‍ പേടി 
photo vishnu thandassery
Q

അന്‍വര്‍ റഷീദ് ഏഴ് വര്‍ഷത്തിന് ശേഷം ചെയ്ത സിനിമ, ഇതിന് മുന്‍പത്തെ അന്‍വറിന്റെ സിനിമ അഞ്ച് സുന്ദരികളില്‍ ഏറ്റവും സുന്ദരിയായിട്ടുള്ള ആമിയാണ്. ആമിയാണോ ട്രാന്‍സിലേക്കുള്ള വഴി തുറന്നത്?

A

അല്ല. ആമി കഴിഞ്ഞ് ഞങ്ങള്‍ ചെയ്യാനിരുന്ന സിനിമ ‘മണിയറയിലെ ജിന്ന് ആയിരുന്നു. അത് നടന്നില്ല. അത് കഴിഞ്ഞ് ഞങ്ങള്‍ തമ്മില്‍ ചര്‍ച്ചകളൊന്നും നടന്നില്ല. ട്രാന്‍സിന്റെ കഥ മുന്‍പൊരിക്കല്‍ ഞാന്‍ കേട്ടിരുന്നു. അന്നേ അതൊരു വലിയ കാന്‍വാസില്‍ ഉള്ളതായിരുന്നു. ഒരു പ്രൊഡ്യൂസറെ കൃത്യമായി കണ്ടെത്താനാകാതെയാണ് ഞാനത് വിട്ടത്. രണ്ട് വര്‍ഷത്തോളം കഴിഞ്ഞാണ് അന്‍വര്‍ ഇതേ കഥ കേട്ട് എന്നെ വിളിക്കുന്നത്. പിന്നെയാണത് വീണ്ടും ചര്‍ച്ച ചെയ്തത്. അന്‍വര്‍ ഈ കഥ കേള്‍ക്കുന്നതിനും ഒരുപാട് മുന്‍പ് ഞാന്‍ കഥ കേട്ടിരുന്നു. പക്ഷെ ആ കഥയല്ല ഇപ്പോള്‍. ഇയ്യോബിന്റെ പുസ്തകം ഷൂട്ട് നടക്കുമ്പോഴായിരുന്നു ഞങ്ങള്‍ തമ്മില്‍ ട്രാന്‍സിനെക്കുറിച്ച് സംസാരിച്ച് തുടങ്ങിയത്. പ്രേമത്തിന്റെ റിലീസ് കഴിഞ്ഞാണ് ഇത് പ്രൊജക്ടായത്.

Q

അന്‍വറും ഫഹദും ഈ സിനിമ ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തിയ പോയിന്റ്, അത് എവിടെയായിരുന്നു?

A

അന്‍വറുമായിട്ട് ഇത് സിനിമയാക്കാം എന്ന് പറഞ്ഞതൊന്നും എനിക്ക് ഓര്‍മ്മയില്ല. ഏതോ ഓരോ പോയിന്റ് തൊട്ട് ഞങ്ങളീ സിനിമയെ പറ്റി സംസാരിച്ച് തുടങ്ങി. ഒരു മോട്ടിവേഷണല്‍ സ്പീക്കറെയും, അയാള്‍ എത്തിച്ചേരുന്ന കാര്യങ്ങളെയും കുറിച്ച് സംസാരിച്ച് തുടങ്ങി. അങ്ങനെ മഹേഷിന്റെ പ്രതികാരം ചെയ്ത് കഴിഞ്ഞ് എനിക്കിനി ട്രാന്‍സ് മാത്രമേ ചെയ്യാന്‍ തോന്നുന്നുള്ളൂവെന്ന് പറഞ്ഞ് ഞാന്‍ മാറിയിരുന്ന് തുടങ്ങി. അപ്പോഴായിരിക്കാം അന്‍വര്‍ സീരിയസായത്. വേറെ പടമൊന്നും ചെയ്യുന്നില്ലേയെന്ന് എന്നോടൊരിക്കല്‍ അന്‍വര്‍ ചോദിച്ചു. എന്തായാലും ഒരു ബ്രേക്ക് ഉണ്ട്, അത് കഴിഞ്ഞ് ഇതിലേക്ക് കേറാമെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ തൊട്ട് അന്‍വറും ഹോംവര്‍ക് ചെയ്ത് തുടങ്ങി.

ഇത് പല കാലഘട്ടങ്ങളായി ഷൂട്ട് ചെയ്യാം എന്നൊക്കെയുള്ള ചര്‍ച്ചകള്‍ അന്നുണ്ടായി. ഈ ഒരു വര്‍ഷത്തെ ഇടവേളയില്‍ എന്റെ ഒരുപാട് വര്‍ക്കുകള്‍ പെന്റിംഗിലായിരുന്നു. റോള്‍ മോഡല്‍സ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, തമിഴ് പടം വേലൈക്കാരനും സൂപ്പര്‍ ഡീലക്‌സും. അതുകൊണ്ട് പല ഷെഡ്യൂളുകളിലായി ഷൂട്ട് ചെയ്യാമെന്ന് പ്ലാന്‍ ചെയ്തു. ഓരോ ഷെഡ്യൂള്‍ കഴിഞ്ഞ് ഞാന്‍ അടുത്ത സിനിമ ഷൂട്ട് ചെയ്യാന്‍ പോകും. അപ്പോഴേക്ക് അന്‍വര്‍ അടുത്ത ഷെഡ്യൂളിന് ഉള്ളത് തയ്യാറാക്കും, അങ്ങനെ.

Fahadh Faasil Exclusive Interview ആദ്യഭാഗം പൂര്‍ണരൂപം ഇവിടെ കാണാം

Q

ഫഹദ് ഒരു സമയം ഒരു സിനിമ മാത്രം ചെയ്യണം എന്നാഗ്രഹിക്കുന്നില്ലേ? വിജു പ്രസാദിന്റെ യാത്രക്കിടയില്‍ അതിരന്‍, ഞാന്‍ പ്രകാശന്‍, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങി അഞ്ചില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തു. എങ്ങനെയാണ് ഇത്രയും സിനിമകള്‍ക്കിടയില്‍ ഒരു സിനിമ ചെയ്യുന്നത്?

A

അന്‍വര്‍ നിര്‍മ്മാതാവായത് കൊണ്ട് വേറാരോടും ഒന്നും ചോദിക്കേണ്ട കാര്യമില്ല. ഇപ്പോള്‍ ഒരു ഷെഡ്യൂള്‍ തുടങ്ങും മുന്‍പ് എനിക്ക് കുറച്ച് സമയം വേണമെന്ന് പറഞ്ഞാല്‍ അന്‍വര്‍ തരും. അങ്ങനെയൊക്കെ ഭയങ്കര എളുപ്പമാണ്. നമ്മുടെ കംഫര്‍ട്ട് പ്രധാനമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് അന്‍വര്‍. എനിക്കങ്ങനെ ഒരു രീതിയിലുള്ള പ്രഷറും ഇല്ലായിരുന്നു. അല്ലെങ്കില്‍ തന്നെ ഞാന്‍ ഒരുപാട് സമയം എടുക്കുന്ന ആളാണ്. ഒരു ടൈംലൈനില്‍ ജോലി ചെയ്യുന്ന ആളല്ല. അന്‍വറും അങ്ങനെയുള്ള ആളല്ല. അതുകൊണ്ടൊക്കെയാണ് പടം ഷൂട്ട് ചെയ്ത് വരാന്‍ ഈ സമയം ആയത്.

Q

അന്‍വര്‍ എന്ന ഫിലിം മേക്കറെ പരിചയപ്പെടുന്നത് ആമിയിലൂടെയാണല്ലോ. ഫഹദ് തന്നെ പറഞ്ഞിട്ടുണ്ട്, അന്‍വറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത് പ്രിന്‍സിപ്പാളിന്റെ കൈയ്യില്‍ നിന്ന് വെരി ഗുഡ് എന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് പോലെയാണെന്ന്. അന്‍വറില്‍ മാത്രം കാണുന്ന പ്രത്യേകത എന്താണ്?

A

അന്‍വറില്‍ നിന്ന് ഈ ഗുഡ് ഒരിക്കലും കിട്ടില്ല കേട്ടോ. എന്റെ സിനിമ കാണുന്ന, എന്റെ തലമുറയിലെ ആളുകള്‍ അന്‍വറിന്റെ വളര്‍ച്ച കണ്ടിട്ടുള്ള ആള്‍ക്കാരാണ്. എനിക്ക് 19 ഓ 20 ഓ വയസുള്ളപ്പോഴാണ് രാജമാണിക്യം റിലീസായത്. അതില്‍ നിന്ന് അണ്ണന്‍ തമ്പിയില്‍ നിന്ന്,ഛോട്ടാ മുംബൈയില്‍ നിന്ന് ഉസ്താദ് ഹോട്ടലിലേക്കുള്ള അന്‍വറിന്റെ മാറ്റം ഭയങ്കരമായിട്ട് എക്‌സ്പീരിയന്‍ ചെയ്യാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ട്രാന്‍സില്‍, ഞാന്‍ ചെയ്യാത്തൊരു കാര്യം, ഞാനും അന്‍വര്‍ ചെയ്യാത്തൊരു കാര്യം ചെയ്യാന്‍ പോവുകയാണെന്ന് ഞങ്ങള്‍ രണ്ട് പേര്‍ക്കും അറിയാമായിരുന്നു. ഒരു ഷോട്ട് കഴിഞ്ഞ് അടുത്ത ഷോട്ട് ഏതാണെന്ന് ചോദിക്കുമ്പോള്‍ ആ എന്ന് പറഞ്ഞ് കൈമലര്‍ത്തും പുള്ളി. അന്‍വര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് അന്‍വറിനെ തന്നെ റിപ്പീറ്റ് ചെയ്യാതിരിക്കാനാണ്. ഒരു തേര്‍ഡ് പേഴ്‌സണായി നമ്മളത് കാണുമ്പോള്‍ ഭയങ്കര ഇന്ററസ്റ്റിംഗ് ആണ്. എല്ലാ ഫിലിം മേക്കേര്‍സും അങ്ങനെ ചെയ്യാറുണ്ട്. ഇത് പക്ഷെ നോക്കിയിരിക്കുമ്പോള്‍ തന്നെ നരേറ്റീവിനെ മാറ്റാനൊക്കെ ഭയങ്കര ധൈര്യം കാണിക്കുന്ന ഒരാളാണ് അന്‍വര്‍. നമ്മളൊരു പുതിയ റൈഡിന് ഒരുങ്ങുന്നത് പോലെയാണത്.

ഒരു സിനിമയില്‍ 22 ഓ, 23 ഓ ക്രാഫ്റ്റുകളുണ്ട്. ആര്‍ട്ട് ഡയറക്ഷനായാലും കോസ്റ്റ്യൂംസായാലും ഇങ്ങനെ പിക് ചെയ്ത് നോക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും ചലഞ്ചിംഗ് ആണ് അന്‍വറിന്റെ ഈ രീതി. ഒരുപാട് ക്രൌഡും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഉണ്ടായിരുന്ന ഒരു സിനിമയാണ് ട്രാന്‍സ്. അതില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വെറുതെ നില്‍ക്കില്ല. അവരും പെര്‍ഫോം ചെയ്തുകൊണ്ടേയിരിക്കണം. രണ്ടായിരം പേരുടെ ഇടയില്‍, ആ രണ്ടായിരം പേരും അഭിനയിച്ചുകൊണ്ടിരിക്കുന്നു, അവര്‍ക്കൊപ്പം അഭിനയിക്കു, അതൊരു വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു.

Q

ട്രാന്‍സില്‍, കഥാപാത്രമായി മോട്ടിവേഷണല്‍ സ്പീക്കറിലേക്കുള്ള മാറ്റം എങ്ങനെയായിരുന്നു

A

ഞാന്‍ ഇതിന് മുന്‍പ് സ്റ്റേജിനെ എക്‌സ്പീരിയന്‍സ് ചെയ്യാത്തൊരാളാണ്. അവാര്‍ഡ് വാങ്ങിക്കാന്‍ കയറുമ്പോള്‍ പോലും ക്രൗഡിനെ ഫേസ് ചെയ്യാന്‍ പേടിയാണ്. ഇത്രേം പേര് നമ്മളെ തന്നെ നോക്കിയിരിക്കുകയാണെന്ന് പറയുമ്പോ എനിക്കങ്ങോട്ട് നോക്കുമ്പോള്‍ തന്നെ പേടിയാകും. സിനിമയില്‍ നമ്മളത് കാണുന്നില്ലല്ലോ, ഇത്രയധികം ആളുകള്‍ നമ്മളെ നോക്കിയിരിക്കുന്നത്. അങ്ങനെ എനിക്ക് ഇത്രേം ആള്‍ക്കാരുടെ കൂടെ നിന്ന് പെര്‍ഫോം ചെയ്യാന്ന് പറയുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരുന്നു. എനിക്ക് ഞാന്‍ ചെയ്യാത്തൊരു കാര്യം ചെയ്തത് പോലെയൊക്കെ തോന്നുന്നുണ്ട്. അത് നന്നായെന്നോ മോശമായെന്നോ അറിയില്ല. ഇതിന് മുന്‍പ് ഞാനിങ്ങനെയൊന്ന് ചെയ്തിട്ടില്ല.

Q

വിജു പ്രസാദ് എന്ന കഥാപാത്രം ഒരു മോട്ടിവേഷണല്‍ സ്പീക്കറാണ്. അപ്പോള്‍ അതിനകത്ത് മോട്ടിവേഷന്‍ എന്നൊരു ഫാക്ടറുണ്ട്. പെര്‍ഫോം ചെയ്യുന്ന സമയത്ത് മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യുന്നത് ഒക്കെ വരുന്നുണ്ട്. ഓര്‍ഡറില്‍ തന്നെയാണോ ഷൂട്ട് ചെയ്തത്.

A

വിജു പ്രസാദിന്റെ യാത്രയാണ് ട്രാന്‍സ്. അത് ആ ക്രമത്തില്‍ തന്നെ ഷൂട്ടും ചെയ്തു. അതായത്, ഒരു സീക്വന്‍സ് കന്യാകുമാരിയില്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞ് അടുത്തത് എറണാകുളത്താണ് ഷൂട്ട് ചെയ്യേണ്ടതെങ്കില്‍ അതിന് എറണാകുളത്ത് വന്നാണ് ഷൂട്ട് ചെയ്തത്. 12 വര്‍ഷത്തിനിടെ ഒരാളുടെ പ്രതീക്ഷക്കപ്പുറമുള്ള വളര്‍ച്ചയുടെ കഥയാണ് ട്രാന്‍സ് പറയുന്നത്. അത് സ്വാഭാവികമായ രീതിയില്‍ വേണം എന്നതായിരുന്നു. എല്ലാത്തിനും ആധാരമായ സ്‌ക്രിപ്റ്റുണ്ട്. അത് അന്‍വറിന്റെയും വിന്‍സന്റിന്റെയും സ്വാതന്ത്ര്യത്തിലുണ്ടാക്കിയതാണ്. നമ്മളെ ബോധ്യപ്പെടുത്തിയ ശേഷമാണ് അവര്‍ അടുത്ത സീക്വന്‍സിലേക്ക് പോകുന്നത്. അത് വളരെ എളുപ്പമായിരുന്നു, എനിക്ക് മാത്രമല്ല എല്ലാ അഭിനേതാക്കള്‍ക്കും.

Q

പ്രേക്ഷകന്റെ കാഴ്ചയില്‍ വലിയ പടം വരുന്നൂ എന്നുള്ളതാണ്. ട്രാന്‍സ് പ്രഖ്യാപിച്ച ഘട്ടം മുതല്‍ ആ കാത്തിരിപ്പും കൂടി. അതിന്റെ സ്റ്റില്‍സ് പുറത്തേക്ക് വരുന്നില്ല, ലുക്ക് എന്താണെന്ന് അറിയില്ല, കഥയെ കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ല. ട്രെയിലര്‍ വന്നപ്പോള്‍ പോലും എന്താണ് സിനിമയെന്ന കാര്യത്തില്‍ ഒരു ഐഡിയയും കിട്ടിയിട്ടില്ല. വലിയ മാര്‍ക്കറ്റിലേക്കാണ് ഇത് വരുന്നതെന്നും അതുകൊണ്ട് വലിയൊരു സിനിമയാണ് ചെയ്യുന്നതെന്നും ആലോചിച്ചിട്ടുണ്ടോ?

A

ട്രാന്‍സ് വലുതായതാണ്. തുടക്കത്തില്‍ വലിപ്പം ഉണ്ടായിരുന്നു, പക്ഷെ അവസാനമായപ്പോഴേക്കും അതിന്റെ ഇരട്ടിയായിട്ടുണ്ട്. എനിക്കതിന്റെ കണക്കറിയില്ല, ഞാനത് ചോദിച്ചിട്ടുമില്ല. അത് തീരുമാനിച്ച് ചെയ്തതല്ല. അതങ്ങനെ ആയതാണ്. ഞാന്‍ നിര്‍ബന്ധിച്ചിട്ടാണ് ട്രെയിലര്‍ വന്നത്. അന്‍വറിന് അതും താത്പര്യമില്ലായിരുന്നു. പ്രേക്ഷകന്‍ തിയേറ്ററില്‍ പൂര്‍ണ്ണമായും എക്‌സ്പീരിയന്‍സ് ചെയ്താല്‍ മതിയെന്നായിരുന്നു അന്‍വറിന്റെ ആഗ്രഹം. എനിക്ക് ഞാനിങ്ങനെയൊരു കാര്യം മുന്‍പ് ചെയ്യാത്തത് കൊണ്ട് ആളുകളെ ഒന്ന് ഒരുക്കിയെടുക്കണം എന്ന് തോന്നി. ട്രാന്‍സിനെ സംബന്ധിച്ച്, സിനിമയുടെ നരേറ്റീവിലാണ് അതിന്റെ മാജിക് കിടക്കുന്നത്. അത് തിയേറ്ററില്‍ എക്‌സ്പീരിയന്‍സ് ചെയ്യുക എന്നത് തന്നെയാണ് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഫാക്ടര്‍.

ട്രാന്‍സ് അമലില്ലാതെ ചിന്തിക്കാന്‍ പറ്റില്ല. അത് ഷൂട്ട് ചെയ്ത് കൊണ്ടിരുന്നപ്പോള്‍ തോന്നിയതാണ്. ഞാനൊരു ഷോട്ട് ഓകെ ആണെങ്കില്‍ അത് റിവ്യു ചെയ്യാന്‍ വേണ്ടി വന്ന് കാണും. അതല്ലാതെ ഷൂട്ട് മുഴുവനും നമ്മള്‍ കാണുന്നില്ല. ഇത്രേം വലിയ ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ച് കൊണ്ട് ഒരേ സമയം അഞ്ച് കാമറകള്‍ നിരീക്ഷിച്ച് കൊണ്ട് ചെയ്യുകയെന്നത് ഒരു ദീര്‍ഘവീക്ഷണമുള്ളയാള്‍ക്ക് മാത്രം സാധിക്കുന്നതാണ്. അത് ഇവര്‍ രണ്ട് പേര്‍ക്കുമേ സാധിക്കൂ.
Q

ട്രാന്‍സ് തുടങ്ങിയത് പൂര്‍ത്തിയാകാത്ത സ്‌ക്രിപ്റ്റിന് മുകളിലാണെന്ന് അന്‍വര്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പൂര്‍ത്തിയായൊരു സ്‌ക്രിപ്റ്റില്‍ തന്നെയാവും സിനിമ ചിത്രീകരിച്ചിട്ടുണ്ടാവുക. ഇതെങ്ങനെയായിരുന്നു സ്വാഭാവികമായി സിനിമയുടെ മേക്കിംഗ് ഘട്ടത്തില്‍ സ്‌ക്രിപ്റ്റ് വികസിപ്പിക്കുകയായിരുന്നോ?

A

കന്യാകുമാരിയില്‍ ആദ്യ സീക്വന്‍സ് ഷൂട്ട് ചെയ്യുന്നതിന്റെ തലേന്ന് രാത്രി ഞങ്ങള്‍ സിനിമയുടെ അവസാനത്തെ കുറിച്ച് സംസാരിച്ചിരുന്നു. അന്‍വര്‍ എന്താണ് കാണുന്നതെന്ന് അന്‍വര്‍ വളരെ ക്ലിയറായി പറഞ്ഞു. പൂര്‍ണ്ണമായൊരു സ്‌ക്രിപ്റ്റ് ഇല്ലായിരുന്നതെന്ന് സത്യമായിരുന്നു. എന്നാല്‍ സിനിമയുടെ ടോട്ടാലിറ്റി അന്‍വറിന്റെ മനസിലുണ്ടായിരുന്നു. അന്ന് അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ ഏതാണ്ട് രണ്ട് വര്‍ഷത്തോളം കഴിഞ്ഞ് ആ സീക്വന്‍സ് ഷൂട്ട് ചെയ്യാന്‍ പോയപ്പോള്‍, അതിന്റെ വിശദമായ സ്‌ക്രിപ്റ്റ് അവിടെയുണ്ടായിരുന്നു. ഇപ്പോള്‍ ശ്യാമും ദിലീഷുമായി വര്‍ക്ക് ചെയ്യുമ്പോഴും ഒരു കംപ്ലീറ്റ് സ്‌ക്രിപ്റ്റ് നമ്മുടെ കൈയ്യില്‍ ഉണ്ടാകണമെന്നില്ല. ഷൂട്ടിന്റെ തുടക്കം മുതല്‍ സിനിമയുടെ അവസാനത്തെ കുറിച്ച് അവര്‍ സംസാരിക്കും. ഓരോ ചര്‍ച്ചകളില്‍ ഓരോ കാര്യങ്ങള്‍ ഇങ്ങിനെ എടുത്തിടും. പിന്നെയെനിക്ക് തോന്നിയിട്ടുള്ളത്, ദിലീഷാണെങ്കിലും അന്‍വറാണെങ്കിലും ഒരു അഭിനേതാവ് കഥാപാത്രത്തിലേക്ക് പ്രവേശിക്കേണ്ട, ഓരോ ലെയറും മനസിലാക്കേണ്ട ഒരു പ്രോസസ് ഉണ്ടല്ലോ, അതിന് വേണ്ടി ഒരുക്കുന്നത് പോലെയാണ് നമ്മളുമായുള്ള ചര്‍ച്ചകളും സംഭാഷണങ്ങളും എന്നാണ് തോന്നിയിട്ടുള്ളത്.

തൊണ്ടിമുതല് ചെയ്യാന്‍ പോകുമ്പോള്‍ എനിക്ക് ആകെ അറിയാവുന്ന കാര്യം 13 വയസുള്ള കുട്ടികള്‍ക്ക് ഭയങ്കര വിശപ്പാണെന്നും, വിശപ്പ് കൊണ്ട് കള്ളനായ ഒരാളുടെ കഥയാണ് ഞാന്‍ ചെയ്യാന്‍ പോകുന്നതെന്നും മാത്രമാണ്. ഷൂട്ട് തുടങ്ങി ഏതാണ്ടൊരു രണ്ടാഴ്ച അത്രയൊക്കെ തന്നെയേ എനിക്കറിയുമായിരുന്നുള്ളൂ. പിന്നെയാണിത് വളര്‍ന്ന് തുടങ്ങുന്നത്. കഥയിലേക്ക് മാറുന്ന ഘട്ടത്തിലാണ് നമ്മളും ഇത് മനസിലാക്കി തുടങ്ങുന്നത്. അതൊരു പ്രൊസസാണ്. ഫിലിം മേക്കിങിലൂടെ ഉണ്ടാകുന്ന ഒരു സ്വാഭാവിക പ്രക്രിയ. പക്ഷെ കഥയെ കുറിച്ച് മൊത്തത്തില്‍ വ്യക്തതയുണ്ടായാല്‍ മാത്രമേ അത് സാധിക്കൂവെന്നാണ് എനിക്ക് തോന്നുന്നത്. ഇതൊന്നുമല്ല മഹേഷ് നാരായണന്‍. എല്ലാ കഥാപാത്രത്തിന്റെയും കാര്യം കൃത്യമായി വിവരിച്ച് തന്നിട്ടാണ് ഷൂട്ടിലേക്ക് പോകുന്നത്. കൂടെ വര്‍ക്ക് ചെയ്യുന്നവരോട് തമാശയ്ക്ക് ഞാന്‍ പറയാറുണ്ട്, നമ്മളൊരു എഡിറ്റഡ് ഫിലിമാണ് ഷൂട്ട് ചെയ്യുന്നതെന്ന്. അതും ഭയങ്കര എക്‌സ്പീരിയന്‍സാണ്. ഓരോ ഫിലിം മേക്കേര്‍സിന്റെ സ്‌റ്റൈലാണ്. അതുകൊണ്ട് നമുക്കത് ഭയങ്കര എളുപ്പമാകും.

Q

കളക്ടീവിന്റെ ഭാഗമാവുക എന്നതാണ് ഫിലിം മേക്കിംഗ് പ്രോസസ് എന്ന് തോന്നുന്നല്ലോ... അല്ലേ?

A

ഒരാളുടെ മാത്രമായിട്ട് സിനിമ എനിക്ക് തോന്നിയിട്ടില്ല. ഇത് വില്‍ക്കപ്പെടുന്നതോ, അഭിനന്ദിക്കപ്പെടുന്നതോ, ഇത് പരാജയപ്പെടുന്നതോ ഒരാളുടെ പേരിലല്ല. കൂട്ടായി ചെയ്യുന്നതിലാണ് ഞാനേറ്റവും സന്തോഷിക്കുന്നത്. ഞങ്ങളുടെ വീട് ചെയ്ത ആര്‍ക്കിടെക്റ്റ് ദുല്‍ഖറിന്റെ ഭാര്യയാണ്. ഓരോ തവണയും അമാല്‍ പറഞ്ഞ പ്ലാനുകള്‍ ഞങ്ങള്‍ മാറ്റി മാറ്റി ആലോചിച്ചുകൊണ്ടിരിക്കും. ഒരിക്കല്‍ ഉറപ്പിച്ചത് അടുത്ത തവണ മാറിയിട്ടുണ്ടാകും. അമാല്‍ അന്ന് പറഞ്ഞു, നിങ്ങളീ ക്രിയേറ്റീവ് ആയത് കൊണ്ടാവാം പ്ലാനിങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നതെന്ന്.

Q

അന്‍വറും അമലും ഒരുമിക്കുന്ന സിനിമ കൂടിയാണ് ട്രാന്‍സ്

A


പുതിയ ദൃശ്യഭാഷ അവതരിപ്പിച്ചൊരാളാണ് അമല്‍ നീരദ്. ഇയ്യോബിന്റെ പുസ്തകത്തില്‍ പോലും അന്ന് വരെ കാണാത്ത ലെന്‍സിങും ഒക്കെയാണ് ഉപയോഗിച്ചത്. ട്രാന്‍സ് അമലില്ലാതെ ചിന്തിക്കാന്‍ പറ്റില്ല. അത് ഷൂട്ട് ചെയ്ത് കൊണ്ടിരുന്നപ്പോള്‍ തോന്നിയതാണ്. ഞാനൊരു ഷോട്ട് ഓകെ ആണെങ്കില്‍ അത് റിവ്യു ചെയ്യാന്‍ വേണ്ടി വന്ന് കാണും. അതല്ലാതെ ഷൂട്ട് മുഴുവനും നമ്മള്‍ കാണുന്നില്ല. ഇത്രേം വലിയ ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ച് കൊണ്ട് ഒരേ സമയം അഞ്ച് കാമറകള്‍ നിരീക്ഷിച്ച് കൊണ്ട് ചെയ്യുകയെന്നത് ഒരു ദീര്‍ഘവീക്ഷണമുള്ളയാള്‍ക്ക് മാത്രം സാധിക്കുന്നതാണ്. അത് ഇവര്‍ക്ക് രണ്ട് പേര്‍ക്കുമേ സാധിക്കൂ.

ഷോട്ടിന് മുമ്പ് അവര്‍ തമ്മില്‍ ഇരുന്ന് പ്ലാന്‍ ചെയ്യുന്നതോ ചര്‍ച്ച ചെയ്യുന്നതോ കാണില്ല, പക്ഷേ അവര്‍ തമ്മിലുള്ളത് രസകരമായ ഒരു കെമിസ്ട്രിയാണെന്ന് ഷൂട്ട് നടക്കുമ്പോള്‍ മനസിലാകും.

Q

വലിയൊരു ക്രൗഡ്, അതിനെ കണ്‍ട്രോള്‍ ചെയ്യുക, അതിനെ സിങ്ക് സൗണ്ടിലേക്ക് എത്തിക്കുക എന്ന വലിയൊരു പ്രവര്‍ത്തനം കൂടി നടക്കുന്നു.

A

ഒരു മുറിക്കകത്ത് നടക്കുന്ന സംഭാഷണത്തെക്കാള്‍ കൂടുതല്‍ ഒരു ഹാളിലോ മറ്റോ നടക്കുന്ന കോണ്‍വര്‍സേഷനോ ഒക്കെയാണ്. അത് സിങ്ക് സൗണ്ടില്‍ ചെയ്യുക വെല്ലുവിളി നിറഞ്ഞതായിരുന്നു. ട്രാന്‍സ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ അത്തരത്തിലുള്ള അനുഭവം പ്രേക്ഷകന് നല്‍കാനുള്ള ശ്രമമാണ് സിനിമയുടേത്.

No stories found.
The Cue
www.thecue.in