പിഷാരടിയുടെ ഹ്യൂമര്‍ സെന്‍സും കോമഡി ഷോകളിലെ സ്‌ക്രിപ്റ്റിംഗും ഗുണം ചെയ്തു: ഹരി പി നായര്‍ അഭിമുഖം  

പിഷാരടിയുടെ ഹ്യൂമര്‍ സെന്‍സും കോമഡി ഷോകളിലെ സ്‌ക്രിപ്റ്റിംഗും ഗുണം ചെയ്തു: ഹരി പി നായര്‍ അഭിമുഖം  

രണ്ടാം ചിത്രത്തിലും രമേഷ് പിഷാരടിക്കൊപ്പം സഹതിരക്കഥാകൃത്താണ് ഹരി, മമ്മൂട്ടിയെ വച്ച് ആലോചിച്ച സിനിമയായിരുന്നോ?

രമേഷ് പിഷാരടിയും ഞാനും തമ്മിലുള്ള സൗഹൃദത്തിനിടയില്‍ പല കഥകളും ചര്‍ച്ച ചെയ്യുന്ന ഒരു പതിവുണ്ട്. അതിന് മുമ്പ് ഞങ്ങള്‍ ഒരുമിച്ച് സ്‌ക്രിപ്റ്റ് ചെയ്ത പഞ്ചവര്‍ണതത്തയും ചര്‍ച്ചയിലൂടെ ഉണ്ടായിവന്നതായിരുന്നു. ഇതും അങ്ങനെതന്നെ ഒരു വിഷയം കിട്ടി. ആ വിഷയത്തെ ഡെവലപ് ചെയ്ത് വന്നപ്പോള്‍ ഗനമേള എന്നത് ബാക്‌ഡ്രോപ് കൊടുക്കാം. ആ ക്യാരക്ടര്‍ ഏറ്റവും നന്നായി മമ്മൂട്ടി ചെയ്യുമ്പോഴാണെന്ന് തോന്നി. അങ്ങനെയാണ് ഇത് ഉണ്ടായിവന്നത്.

എന്തുകൊണ്ട് മമ്മൂട്ടി?

മമ്മൂക്ക നിരവധി കഥാപാത്രങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുള്ള മഹാനടനാണ്. മമ്മൂക്ക തന്നെയായിരിക്കും ഈ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യം എന്ന് എഴുതി വന്നപ്പോള്‍ തോന്നി. മമ്മൂക്ക വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ കരിയറില്‍ പൊലീസ് കഥാപാത്രം ഒരുപാട് ചെയ്തിട്ടുണ്ട് വക്കീല്‍ കഥാപാത്രം ഒരുപാട് ചെയ്തിട്ടുണ്ട്. പാട്ടുകാരന്‍ കഥാപാത്രം കാര്യമായി ചെയ്തിട്ടില്ല. ഒന്നോ രണ്ടോ ചെയ്തിട്ടുള്ളു. അതില്‍ പക്ഷേ ഓര്‍ക്കസ്ട്ര, ഗാനമേള എന്ന രീതിയില്‍ അല്ലേല്‍ സ്റ്റേജ് സിംഗര്‍ എന്ന രീതിയില്‍ മുമ്പ് ചെയ്തിട്ടേയില്ല. അതുകൊണ്ട് മമ്മൂക്ക ചെയതാല്‍ ഒരു പുതുമയുണ്ടാകുമെന്ന് തോന്നി.

ഒന്നിച്ചാണല്ലോ എഴുതുന്നത്, എഴുത്തിന്റെ രീതിയെങ്ങനെയാണ്?

ഒന്നിച്ച് ചര്‍ച്ച ചെയ്താണ് എഴുതുക. ലൊക്കേഷനിലാണെങ്കിലും കാസ്റ്റിങ്ങിലാണെങ്കിലും എല്ലാ മേഖലകളിലും പരമവധി കൂട്ടായ ആലോചനയുണ്ടാകും. പിഷാരടിക്ക് ഹ്യൂമര്‍ പ്രസന്റേഷനില്‍ കുറച്ചു കൂടെ ഡെപ്തിലുള്ള കാഴ്ചപ്പാടുണ്ട്. അദ്ദേഹം ടെലിവിഷന്‍ ഷോയിലൊക്കെ ഒരുപാട് പ്രോഗ്രാമുകളില്‍ മനോഹമായി ഹ്യൂമര്‍ സ്‌ക്രിപ്റ്റ് ചെയ്തിട്ടുള്ള ആളാണ്, സിനിമയില്‍ അഭിനയിക്കുന്നയാളാണ്. രമേഷിന്റെ നര്‍മബോധത്തിന്റെ മേമ്പൊടികളിലൂടെയാണ് ഞങ്ങള്‍ക്ക് ഒന്നിച്ച് സ്‌ക്രിപ്ട് പൂര്‍ത്തിയാക്കാനായി.

പന്ത്രണ്ട് വര്‍ഷം മുമ്പ് ഞങ്ങള്‍ ഏഷ്യാനെറ്റില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഞാന്‍ ഏഷ്യാനെറ്റ് പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു. ആ സമയത്ത് ഞാന്‍ ചെയ്തിട്ടുള്ള ബ്ലഫ് മാസ്റ്റേഴ്സ്, സ്‌മൈല്‍ പ്ലീസ് തുടങ്ങിയ പ്രോഗ്രാമില്‍ രമേഷ് പിഷാരടിയും ധര്‍മജനും അവതാരകരായിട്ടുണ്ടായിരുന്നു. അന്നൊക്കെ ഞങ്ങളുടെ ഇടയില്‍ സിനിമ ചെയ്യണം എന്ന ചര്‍ച്ചകളുണ്ടായിരുന്നു.

സുരേഷ് കൃഷ്ണയുടേത് ഗാനഗന്ധര്‍വനില്‍ വ്യത്യസ്ഥമായ ഒരു കാസ്റ്റിങ്ങായിരുന്നു?

ടോട്ടല്‍ കാസ്റ്റിങ്ങിനെ പറ്റി ചര്‍ച്ച ചെയ്യുന്ന സമയത്ത് ചെറിയ കഥാപാത്രങ്ങള്‍ പോലും പ്രേക്ഷകര്‍ക്ക് സുപരിചിതരായിട്ടുള്ളവര്‍ ചെയ്താല്‍ കൊള്ളാം എന്ന് തോന്നി. അപ്പോള്‍ ആളുകള്‍ക്ക് കുറച്ചു കൂടെ റിലേറ്റ് ചെയ്യാനും എളുപ്പം സ്വീകരിക്കാനും സാധിക്കും. ഇന്‍സ്ട്രിയിലെ താരങ്ങളുമായി അത്യാവശ്യം സൗഹൃദം ഉള്ളത് കൊണ്ടും മമ്മൂക്കയുടെ ചിത്രം ആയത് കൊണ്ടും അവര്‍ ചെറിയ ക്യാരക്ടര്‍ പോലും ചെയ്യാന്‍ താരങ്ങള്‍ തയ്യാറായി. അക്കൂട്ടത്തില്‍ വന്നതാണ് സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന കഥാപാത്രം. കുറച്ച് നാള്‍ മുമ്പ് ഒരു പോസ്റ്റര്‍ എന്ന നിലയില്‍ ഗാനമേള ട്രൂപ്പിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയിരുന്നു. കലാസദന്‍ ഓര്‍ക്കസ്ട്രയുടെ പോസ്റ്ററില്‍ മമ്മൂക്കയ്ക്ക് പകരം നടുക്ക് നായകനെ പോലെ നിന്നത് സുരേഷ് കൃഷ്ണയാണ്. ആ ട്രൂപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഗായകനാണ്. ആ കഥാപാത്രം ചേരുന്നത് സുരേഷ് കൃഷ്ണയ്ക്കാണെന്ന് തോന്നി. അദ്ദേഹം മനോഹരമായി കഥാപാത്രത്തെ അവതരിപ്പിച്ചു.

മൂന്ന് നായികമാരും പുതുമുഖങ്ങളാണ്, എന്ത് കൊണ്ടാണ്?

ഇന്‍ഡസ്ട്രിയിലെ നായികാ താരങ്ങള്‍ വേണോ എന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. പക്ഷേ കഥ ആവശ്യപ്പെടുന്നത് പുതിയ അഭിനേതാക്കളെയാണ് എന്ന് തോന്നി. ഒരുപാട് പേര്‍ കാസ്റ്റിങ് കോളില്‍ അപേക്ഷ അയച്ചിരുന്നു. അതില്‍ മികച്ച മൂന്ന് പേരെയാണ് സിനിമയിലേക്ക് തെരഞ്ഞെടുത്തത്. വന്ദിത മമ്മൂക്കയുടെ ഭാര്യയായും, മറ്റ് കഥാപാത്രങ്ങളെ അതുല്യ, ശാന്തിപ്രിയ എന്നിവരും അവതരിപ്പിച്ചു.

എന്താണ് തിയറ്ററുകളില്‍ നിന്നുള്ള പ്രതികരണം?

മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂക്ക കുടുംബ കഥാപാത്രങ്ങള്‍ ചെയ്യുന്നത് കാണാന്‍ ആളുകള്‍ക്ക് ഇഷ്ടമാണ്. സാധാരണക്കാരന്റെ നൊമ്പരങ്ങളും സന്തോഷങ്ങളുമൊക്കെയുള്ള മമ്മൂട്ടിയുടെ അഭിനയം കാണാന്‍ മലയാളികള്‍ക്ക് ഒരു താല്‍പര്യമുണ്ട്. അവര്‍ ആഗ്രഹിക്കുന്ന അത്തരത്തിലുള്ള കഥാപാത്രം ആയത്‌കൊണ്ടാകാം നല്ലഭിപ്രായമാണ് ലഭിച്ചത്.

സംവിധാനം ആലോചനയിലുണ്ടോ?

ഉടനുണ്ടാവില്ല. സ്വാഭാവികമായും ഡയറക്ഷന്‍ എന്ന ചിന്തയുണ്ട്.

സിനിമയില്‍ ഗാനമേള ട്രൂപ് സ്റ്റേജില്‍ പാടുന്ന പാട്ടുകള്‍ എങ്ങനെയാണ് തെരഞ്ഞെടുത്തത്?

രമേഷ് പിഷാരടി സ്റ്റേജില്‍ ഒരുപാട് പ്രോഗ്രാം ചെയ്യുന്നത് കൊണ്ട് തന്നെ പണ്ടുതൊട്ടെയുള്ള ഗാനമേളകളും കണ്ടുശീലിച്ചിട്ടുണ്ടല്ലോ. അത്‌കൊണ്ട് തന്നെ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന പാട്ടുകളെക്കുറിച്ച് വ്യക്തമായ ധരണയുണ്ടായിരുന്നു. മമ്മൂക്ക അടിച്ചു പൊളി പാട്ട് പാടുന്ന ആളായി അഭിനയിക്കുന്നത് കൊണ്ട് അദ്ദേഹം പാടി അവതരിപ്പിച്ച പാട്ടുകളായ 'നാന്‍ താന്‍ സകലകലാ വല്ലഭന്‍' 'ബോലോ തരരയും' പിന്നെ സുരേഷ് കൃഷ്ണ പാടുന്ന 'കേരളം കേരളം' എന്ന പാട്ടും കലാഭവന്‍ മണിയുടെ 'അപ്പരലീപ്പരലി' എന്ന പാട്ടുമൊക്കെ അങ്ങനെയുണ്ടായതാണ്. പിന്നേ ഗാനമേള ട്രൂപ്പിന്റെ തീം സോങ് 'കലയുടെ കേളി' എന്ന ഗാനം എഴുതിയത് ഞാനാണ്. ഈ തീം സോങിന്റെ സംഗീതം മധുപോളും ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ ദീപക് ദേവമാണ് ചെയ്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in