തിരുവനന്തപുരം ഉണരും മുമ്പൊരു സൈക്കിള്‍ സവാരി, കൈലിയില്‍ ക്യാമറക്ക് പിന്നില്‍ ആ മോഹന്‍ലാല്‍ ക്ലിക്കുകളെക്കുറിച്ച് ജിതേഷ് ദാമോദര്‍

തിരുവനന്തപുരം ഉണരും മുമ്പൊരു സൈക്കിള്‍ സവാരി, കൈലിയില്‍ ക്യാമറക്ക് പിന്നില്‍
ആ മോഹന്‍ലാല്‍ ക്ലിക്കുകളെക്കുറിച്ച് ജിതേഷ് ദാമോദര്‍
മോഹന്‍ലാലിനെ നിശ്ചല ചിത്രത്തിനായി പകര്‍ത്തുമ്പോള്‍, പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍ എഴുതുന്ന മോഹന്‍ലാല്‍ അനുഭവം.
Summary

ലാലേട്ടന്‍ എന്റെ പേര് വിളിച്ച് സംസാരിക്കുക അതൊരു ഭാഗ്യം തന്നെയാണ്. രണ്ടുപ്രാവശ്യം എന്റെ ഫോണിലേക്ക് ലാലേട്ടന്‍ വിളിച്ചു. ഒന്ന് എന്റെ പുസ്തകത്തിലേക്ക് ഒരു ലേഖനം തരാനും മറ്റൊന്ന് എന്നെ അഭിനന്ദിക്കാനും. ആ ഫോണ്‍ കോള്‍ വന്ന ദിവസങ്ങള്‍ എന്നെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല ഇത്. 2009ല്‍ പ്രസിദ്ധീകരിച്ച എന്റെ പുസ്തകമായ അന്തരംഗത്തിലെ ഛായാപടങ്ങളിലേക്ക് നഷ്ടപ്പെട്ടുപോയ ചിത്രങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ആര്‍ട്ടിക്കിള്‍. ഏകദേശം 20 മിനിറ്റ് ഫോണില്‍ അദ്ദേഹം എന്നോട് സംസാരിച്ചു. പിന്നീട് അത് പുസ്തകമായപ്പോള്‍ അദ്ദേഹം തന്നെയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. എറണാകുളം ബി.ടി. എച്ചില്‍ വച്ചായിരുന്നു പ്രകാശനം. ഏകദേശം 4 മണിയാകുമ്പോള്‍ അദ്ദേഹം എന്റെ ഫോണിലേക്ക് വിളിച്ചു. ജിതേഷ് ഞാന്‍ 5.30ന് എത്താം. കൃത്യം ആറു മണിക്ക് എന്നെ വിടണം. അപ്പോള്‍ ഞാന്‍ പ്രതിസന്ധിയിലായി. ഫംഗ്ഷന്‍ ആറു മണിക്കാണ് തുടങ്ങുന്നത്. ഇക്കാര്യം ഞാന്‍ സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം ഒരു ഇളവു തന്നു. എന്നാല്‍ ഞാന്‍ 5.45ന് എത്താം. ഉടന്‍ തുടങ്ങാമല്ലോ. പെട്ടന്നു തന്നെ എനിക്ക് തിരിച്ചു പോകണം. കൃത്യം 5.45നു തന്നെ അദ്ദേഹത്തിന്റെ കാര്‍ ബി.ടി. എച്ചിലേക്കെത്തി. ഫംഗ്ഷന്‍ തുടങ്ങി. കാനായി കുഞ്ഞിരാമന് പുസ്തകം കൈമാറി ഫംഗ്ഷന്‍ ആരംഭിച്ചു. എല്ലാവര്‍ക്കുമൊപ്പം നിന്ന് ഫോട്ടോയുമെടുത്ത് ഏകദേശം ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

രണ്ടാമത്തെ ഫോണ്‍കോള്‍ എന്നെ അഭിനന്ദിച്ചുകൊണ്ടായിരുന്നു. തണുപ്പുള്ള ഒരു പുലര്‍ച്ചെ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിലെ മാധവരായര്‍ പ്രതിമയ്ക്കു മുന്നില്‍ നിന്ന് കോഫീഹൗസ് വരെ അദ്ദേഹം ഒറ്റയ്ക്ക് സൈക്കിള്‍ ചവിട്ടി പോയതാണ്. ചിത്രം എന്റെ എക്സ്‌കള്ൂസീവായിരുന്നു. കേരളകൗമുദിയുടെ ഒന്നാം പേജില്‍ ഏറ്റവും ഗംഭീരമായി അത് അച്ചടിച്ചുവന്നു. ആ ദിവസത്തെ ഏറ്റവും വൈറല്‍ ഫോട്ടോയായിരുന്നു അത്.

ഇതെടുക്കുന്നതിന് ഏറെ വര്‍ഷം മുന്‍പു തന്നെ ഇതിന്റെ പിന്നാലെയായിരുന്നു ഞാന്‍. തിരുവനന്തപുരത്ത് ഗീതാഞ്ജലി സിനിമ ചിത്രീകരിക്കുന്ന ദിനങ്ങള്‍. കൗമുദിക്കും ഫ്ളാഷ്മൂവീസിനും വേണ്ടി മോഹന്‍ലാലിന്റെ ചിത്രങ്ങളെടുക്കാന്‍ പോയതായിരുന്നു. അവിടെ വച്ചു നടന്ന ഒരു സൗഹൃദ ചര്‍ച്ചയില്‍ വച്ചായിരുന്നു ലാലേട്ടന് ഇങ്ങനെ ഒരു ആഗ്രഹമുണ്ടെന്നും ഇത് ഏതെങ്കിലും ദിവസം നടക്കാന്‍ സാദ്ധ്യതയുണ്ടെന്നും ഞാന്‍ അറിഞ്ഞത്. അന്നു മുതല്‍ ഞാനതിനെ പിന്തുടരുകയായിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം വില്ലന്‍ എന്ന ചിത്രത്തിനു വേണ്ടി ലാലേട്ടന്‍ അഭിനയിക്കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ഞാന്‍ വീണ്ടും ഫോളോ ചെയ്തു തുടങ്ങിയത്. നിരന്തര കണ്ടുമുട്ടലിന്റെ ഒടുവില്‍ അത് സംഭവിച്ചു. വില്ലന്റെ ഷൂട്ട് അവസാനിച്ചതിന്റെ പിറ്റേന്ന് പുലര്‍ച്ചെയുള്ള ഫ്ളൈറ്റില്‍ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകും. 3.30ന് താജില്‍ നിന്നിറങ്ങി സ്റ്റാച്യുവിലെത്തും. മൂന്നു മണി മുതല്‍ ഞാന്‍ സുഹൃത്ത് സനു സത്യനും എന്റെ ഭാര്യ ആശാമോഹനും ഒപ്പം കാത്തിരുന്നു. കൃത്യം 3.35ന് അദ്ദേഹം സുഹൃത്ത് എം.ബി സനില്‍ കുമാറിനും മേക്കപ്പ്മാന്‍ ലിജുവിനും സജീവ് സോമനും കോസ്റ്റിയൂമര്‍ മുരളിക്കുമൊപ്പം എത്തി. സൈക്കിളില്‍ കയറി. വീഴുമോയെന്ന് ഞാന്‍ ഭയപ്പെട്ടതല്ലാതെ ആ മുഖത്ത് ഭാവവ്യത്യാസങ്ങളൊന്നുമുണ്ടായിരുന്നില്ല. പതിനഞ്ചു മിനിട്ടോളം ആ ഉറങ്ങിക്കിടക്കുന്ന നഗരത്തില്‍ ലാലേട്ടന്‍ സൈക്കിള്‍ ചവിട്ടി. എന്റെ ക്യാമറാക്കണ്ണുകള്‍ മതിവരുവോളം അവ പകര്‍ത്തി. തിരനോട്ടത്തിലെ സൈക്കിള്‍ ഓടിക്കുന്ന മോഹന്‍ലാലിനെയാണ് അപ്പോഴെനിക്ക് ഓര്‍മ്മ വന്നത്. പത്ര വിതരണക്കാരുള്‍പ്പെടെ പലരും ആ സമയത്ത് സ്റ്റാച്യു പരിസരത്ത് വന്നെങ്കിലും സൈക്കിള്‍ ചവിട്ടി സൂപ്പര്‍ സ്റ്റാര്‍ നിന്നത് പലരും അറിഞ്ഞില്ല. ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാറാന്‍ അദ്ദേഹത്തിനുള്ള കഴിവ് അന്ന് ഞാന്‍ നേരില്‍ കണ്ടു. അടുത്ത ദിവസം രാവിലെ പത്രം അച്ചടിച്ച് ഇറങ്ങുന്നതുവരെ ഈ സൈക്കിളോട്ടം ആരും അറിഞ്ഞതേയില്ല. പിറ്റേന്ന് പത്രം ഇറങ്ങിയപ്പോള്‍ തിരുവനന്തപുരത്തെ പലരും ഞെട്ടി. അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി. എന്നെയും ചേര്‍ത്തു പോലും ്രേടാളുകള്‍ ഇറങ്ങി. അന്ന് പകല്‍ കൃത്യം 12 മണിക്ക് ലാലേട്ടന്‍ എന്നെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. വിവിധ സ്ഥലങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്ന് പറഞ്ഞു. നന്നായിരിക്കുന്നു മോനേ... അദ്ദേഹം പറഞ്ഞു.

ഫോട്ടോ: ജിതേഷ് ദാമോദര്‍

ഈ പ്രോജക്ട് ചെയ്യുന്നതിനു മുന്‍പു തന്നെ ഫ്ളാഷ് മൂവീസിനു വേണ്ടി മോഹന്‍ലാലിനൊപ്പം ഒരു ദിവസം എന്ന ഫോട്ടോ സീരിസ് ചെയ്തിരുന്നു. അത് നേരത്തേ ലാലേട്ടനോട് സംസാരിച്ചാണ് ചെയ്തത്. അന്ന് ലാലേട്ടന്‍ ലോക്പാലില്‍ അഭിനയിക്കുകയാണ്. എറണാകുളത്തെ ഒരു കായല്‍ തീരത്തായിരുന്നു ചിത്രീകരണം. ഞാന്‍ സെറ്റിലെത്തി കാരവാനു മുന്നില്‍ അദ്ദേഹത്തെ കാണാന്‍ കാത്തുനിന്നു. കുറച്ചുസമയത്തിനുള്ളില്‍ കാരവാനില്‍ നിന്നിറങ്ങി എന്റെ അടുത്തേക്കു വന്നു. എന്നാല്‍ ജിതേഷ് നമുക്ക് തുടങ്ങാം. ഞാന്‍ അന്ധാളിച്ചു. രണ്ട് കാര്യങ്ങളിലാണ് ഞാന്‍ ഞെട്ടിയത്. ഒന്ന് എന്റെ പേരുവിളിച്ച് അഭിസംബോധന ചെയ്തത്. രണ്ട് പ്രൊജക്ടിനെക്കുറിച്ച് ചെറിയൊരു സൂചന മാത്രമേ അദ്ദേഹത്തിന് നല്‍കിയുള്ളൂ. കാരവാനില്‍ നിന്നിറങ്ങിയ ഉടന്‍ അദ്ദേഹം അത് ചെയ്യാം എന്ന് പറഞ്ഞതും.

പിന്നെ എന്റെ ക്യാമറ വിശ്രമമില്ലാതെ ആ മഹാപ്രതിഭയെ തന്നിലേക്ക് പകര്‍ത്തി. മറ്റാര്‍ക്കും മനസിലാകാത്ത രീതിയില്‍ എനിക്കു വേണ്ടി മാത്രം അദ്ദേഹം ചിത്രങ്ങള്‍ക്കായി പോസ് ചെയ്ത് നിന്നു. വൈകിട്ട് ഷൂട്ട് കഴിഞ്ഞ് ഇറങ്ങുമ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു രാവിലെ ഏഴു മണിക്ക് വീട്ടിലേക്ക് എത്തണമെന്ന്. എങ്ങനെയെത്തുമെന്നായി അടുത്ത ചോദ്യം. വണ്ടിയുണ്ടോ. ഞാന്‍ പറഞ്ഞു വണ്ടിയില്‍ എത്താം. അദ്ദേഹം ഒ.കെ പറഞ്ഞു മടങ്ങി.

കൃത്യം ഏഴു മണിക്ക് തന്നെ ഞാന്‍ ലാലേട്ടന്റെ വീട്ടിലെത്തി. ഗേറ്റ് കടന്ന് ചെന്നപ്പോള്‍ കണ്ടത് കൈലിയുടുത്ത് വീടിനടുത്തുള്ള കായല്‍ പരിസരത്ത് പ്രഭാതസവാരി നടത്തുന്ന ലാലേട്ടനെയാണ്. അപ്പോള്‍ തന്നെ ക്യാമറയെടുത്ത് കുറച്ച് ചിത്രങ്ങള്‍ പകര്‍ത്തി. പത്രം വായിക്കുന്ന, മീനുകള്‍ക്കും പക്ഷികള്‍ക്കും തീറ്റ കൊടുക്കുന്ന, ഭക്ഷണം കഴിക്കുന്ന ലാലേട്ടനെ ഞാന്‍ പകര്‍ത്തിക്കൊണ്ടേയിരുന്നു. പിന്നീടദ്ദേഹം എന്നെ മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ചിത്രീകരിച്ച ക്യാമറയായിരുന്നു ആ മുറിയില്‍ ഉണ്ടായിരുന്നത്. അതും ഞാന്‍ ക്യാമറയിലാക്കി. അപ്പോഴും അദ്ദേഹം ക്യാമറയെക്കുറിച്ചും അന്നത്തെ സിനിമാ അനുഭവങ്ങളെക്കുറിച്ചും പറഞ്ഞുകൊണ്ടേയിരുന്നു. ലാലേട്ടനൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ചിത്രമെടുക്കാന്‍ ഭാഗ്യമുണ്ടായി. ഇതിനിടയ്ക്ക് ആന്റണി പെരുമ്പാവൂരുമായി ചര്‍ച്ചയും നടത്തുന്നുണ്ടായിരുന്നു. അപ്പോഴാണ് ലാലേട്ടന്‍ അദ്ദേഹത്തിന്റെ ഫോണ്‍ എന്റെ കൈയിലേക്ക് തന്നത്. ഇതില്‍ എന്റെ കുറച്ച് ചിത്രങ്ങള്‍ നിങ്ങള്‍ എടുക്കൂ എന്ന് പറഞ്ഞാണ് ഫോണ്‍ തന്നത്.

ഫോട്ടോ: ജിതേഷ് ദാമോദര്‍

ഹൈദരാബാദിലെ സുഹൃത്ത് സമ്മാനിച്ച വലിയ ത്രീഡി ഫോട്ടോയ്ക്കു മുന്നില്‍ ലാലേട്ടന്‍ പോസ് ചെയ്തു തന്നു. അതെല്ലാം ഞാന്‍ ആ ഫോണില്‍ പകര്‍ത്തി. വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് മടങ്ങി. പിന്നീടിറങ്ങിയ ഫ്ളാഷ് മൂവീസില്‍ കവര്‍ ചിത്രമടക്കം 18 പേജിലാണ് അവ പ്രസിദ്ധീകരിച്ചുവന്നത്. അതിന് അന്നത്തെ ഫ്ളാഷ്മൂവീസ് എഡിറ്റര്‍ ടി.കെ സജീവ് കുമാറിന്റെ സപ്പോര്‍ട്ട് പറയാതിരിക്കാനാവില്ല. ആ ചിത്രങ്ങള്‍ക്കും ലാലേട്ടന്റെ അഭിനന്ദനം നേരിട്ട് ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാനെത്തിയതായിരുന്നു ലാലേട്ടന്‍. ചിത്രം പകര്‍ത്താനായി കാത്തുനിന്ന എനിക്കരികിലേക്ക് വന്നാണ് ലാലേട്ടന്‍ ആ ചിത്രങ്ങള്‍ ഗംഭീരമായിരുന്നുവെന്നും തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞത്. ഇനിയും ലാലേട്ടനുമൊത്ത് ഇത്തരം പ്രോജക്ടുകള്‍ ചെയ്യാന്‍ മനസ് കൊതിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സമയവും സൗകര്യവും കൂടി ലഭിക്കുമ്പോള്‍ അത് നടക്കുമെന്ന വിശ്വാസവുമുണ്ട്.

ജിതേഷ് ദാമോദര്‍
ജിതേഷ് ദാമോദര്‍

Related Stories

No stories found.
logo
The Cue
www.thecue.in