കയ്യിലൊരു പടമില്ലാതെ കന്നിസിനിമ, കയ്യൊടിഞ്ഞ ഫോട്ടോയിലെ കുസൃതി, പിന്നെ പേരെടുത്ത് വിളിച്ച മോഹന്‍ലാല്‍ സാര്‍: ജി മാര്‍ത്താണ്ഡന്‍

കയ്യിലൊരു പടമില്ലാതെ കന്നിസിനിമ, കയ്യൊടിഞ്ഞ ഫോട്ടോയിലെ കുസൃതി, പിന്നെ പേരെടുത്ത് വിളിച്ച മോഹന്‍ലാല്‍ സാര്‍: ജി മാര്‍ത്താണ്ഡന്‍

ഇന്ന് മോഹന്‍ലാല്‍ സാറിന്റെ ജന്മദിനമാണ്. അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. സാറിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ, അദ്ദേഹത്തോടൊപ്പമുള്ള ചില മധുരമേറിയ ഓര്‍മ്മകള്‍ പങ്കുവെക്കുന്നു. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് സിനിമാമോഹം തലക്ക് പിടിച്ച് ബന്ധുവായ രാജീവ്നാഥ് സാറിനോടൊപ്പം അസിസ്റ്റന്റ് ഡയറക്ടറാകുന്നത്. അതൊരു സ്വപ്നതുല്യമായ തുടക്കമായിരുന്നു. രഞ്ജി പണിക്കര്‍ സാറിന്റെ കഥ, ജോണ്‍പോള്‍ സാറിന്റെ തിരക്കഥ-സംഭാഷണം, രാജീവ്നാഥ് സാറിന്റെ ഡയറക്ഷന്‍, ദേവാസുരം പോലെയുള്ള സിനിമകള്‍ നിര്‍മ്മിച്ച വിബികെ മേനോന്‍ സാറിന്റെ നിര്‍മ്മാണം, അങ്ങനെ ഒരുപാടുപേര്‍. 'സ്വര്‍ണ്ണച്ചാമരം' എന്നായിരുന്നു സിനിമയുടെ പേര്. അതിലുമുപരി നടികര്‍ തിലകം ശിവാജി ഗണേശന്‍ സാറും മോഹന്‍ലാല്‍ സാറും ഒരുമിച്ചെത്തുന്ന സിനിമ. ധാരാളം പ്രഗത്ഭരായ ആര്‍ട്ടിസ്റ്റുകളും. ഞാനൊരു വലിയ ഡയറക്ടറാകാന്‍ പോവുകയാണെന്നൊക്കെ നാട്ടില്‍ കൂട്ടുകാരോട് വീമ്പിളക്കിയിട്ടാണ് അന്ന് പോയത്. പ്രത്യേകിച്ചും മോഹന്‍ലാല്‍ സാറിനെപ്പോലെ ഒരു വലിയ നടനെയൊക്കെ കാണാന്‍ പോകുന്നു എന്നത് എനിക്ക് വലിയ ആവേശമായിരുന്നു. അതിനു മുന്‍പ് ലാല്‍ സാറിനെ ഞാന്‍ കണ്ടത് ചങ്ങനാശേരിയില്‍ സ്ഫടികത്തിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ്. കാണികളില്‍ ഒരാളായി ദൂരെ നിന്നുള്ള കാഴ്ച. ഷൂട്ടിംഗ് കാണാന്‍ വന്‍ ആള്‍ക്കൂട്ടമായതിനാല്‍ ലാല്‍ സാറിന് സമീപത്തേക്ക് ചെല്ലാന്‍ പറ്റുമായിരുന്നില്ല.

തിരുവനന്തപുരത്തായിരുന്നു സ്വര്‍ണ്ണച്ചാമരത്തിന്റെ ഷൂട്ട്. ഷൂട്ട് തുടങ്ങി മൂന്നുനാലു ദിവസം കഴിഞ്ഞാണ് ലാല്‍ സാര്‍ ജോയിന്‍ ചെയ്തത്. ഇന്ത്യന്‍ സിനിമയിലെ അഭിനയ സാമ്രാട്ടെന്നൊക്കെ വിളിക്കാവുന്ന ശിവാജി ഗണേശന്‍ സാറിനൊപ്പമായിരുന്നു ആദ്യത്തെ കുറച്ചു ദിവസങ്ങള്‍. അതു തന്നെ സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്നു സംശയിച്ചു നില്‍ക്കുന്ന സമയത്താണ് ലാല്‍ സാറിന്റെ, ആറാംതമ്പുരാനിലൊക്കെ കാണുന്നതുപോലെയുള്ള 'രാജകീയ എന്‍ട്രി'. നമ്മള്‍ ഒരുപാടാരാധിക്കുന്ന ഒരു നടന്‍ നമ്മുടെ മുന്‍പില്‍ വന്നു നില്‍ക്കുന്ന ആ നിമിഷം. അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് നില്‍ക്കുന്നതെങ്കിലും, എന്താണ് അസിസ്റ്റന്റ് ഡയറക്ടറുടെ ജോലി എന്നൊക്കെ പഠിച്ചുവരുന്നതേയുള്ളൂ. എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയാന്‍ പറ്റാതെ നില്‍ക്കുന്ന ഒരു അവസ്ഥയായിരുന്നു. പക്ഷേ, രണ്ടാഴ്ചപോലും ആ സന്തോഷം നീണ്ടുനിന്നില്ല. നിര്‍ഭാഗ്യവശാല്‍ ആ സിനിമ നിലച്ചുപോയി. അന്ന് സോഷ്യല്‍ മീഡിയ ഒന്നും സജീവമല്ലാത്തതുകൊണ്ട് ഞാനാ സിനിമയില്‍ വര്‍ക്ക് ചെയ്ത കാര്യം ആരുമറിഞ്ഞുമില്ല. അതുകൊണ്ടുതന്നെ, തിരികെ നാട്ടിലെത്തിയപ്പോള്‍ ഞാന്‍ എന്തോ കാര്യത്തിന് തിരുവനന്തപുരത്തു പോയിട്ടു വന്ന് പൊങ്ങച്ചം പറയുകയാണെന്നാണ് ആളുകള്‍ പറഞ്ഞത്. 'ഇവന്‍ മോഹന്‍ലാലിനെ കണ്ടിട്ടൊന്നുമില്ല' എന്നൊക്കെ പറഞ്ഞ് പലരും കളിയാക്കി. അന്ന് സാറിന്റെ കൂടെ നിന്ന് ഒരു ഫോട്ടോ പോലും എടുക്കാന്‍ പറ്റാഞ്ഞത് കാരണം അവരെ കാണിക്കാനുള്ള തെളിവും എന്റെ കൈയില്‍ ഉണ്ടായിരുന്നില്ല. സെറ്റില്‍ വച്ചെടുത്ത ചില ഫോട്ടോകളില്‍ ഞാന്‍ ഉണ്ടായിരുന്നെങ്കിലും അത് കൈയില്‍ കിട്ടിയിരുന്നുമില്ല. അതൊക്കെക്കൊണ്ടുതന്നെ ആ സമയത്ത് നാട്ടുകാരില്‍ നിന്ന് കാര്യമായ കളിയാക്കലുകള്‍ ഏറ്റുവാങ്ങേണ്ടി വന്നു. സത്യത്തില്‍ അതെന്നെ വല്ലാതെ വിഷമിപ്പിച്ചു. (പിന്നീട് മോഹന്‍ലാല്‍ സാറിനൊപ്പം ധാരാളം പടങ്ങള്‍ ചെയ്ത് നാട്ടിലെത്തി കളിയാക്കിയവരുടെ മുന്നിലൂടെ നടക്കാന്‍ കഴിഞ്ഞു എന്നത് മറ്റൊരു രസകരമായ ഓര്‍മ്മ).

സ്വര്‍ണ്ണച്ചാമരത്തിന് ശേഷം നിസാര്‍ സാറിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി കുറേ പടങ്ങളില്‍ വര്‍ക്ക് ചെയ്തു. പിന്നീട് അസോസിയേറ്റ് ഡയറക്ടറായി. അന്‍വര്‍ റഷീദുമായുള്ള സൗഹൃദത്തോടെ ഒരു പാട് വലിയ പടങ്ങളുടെ ഭാഗമാകാന്‍ സാധിച്ചു, നിരവധി പ്രശസ്തരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു. മോഹന്‍ലാല്‍ സാറുമായി വര്‍ക്ക് ചെയ്തതില്‍ വച്ച് എനിക്ക് ഏറ്റവും പ്രധാനപ്പെട്ട ഓര്‍മ്മകള്‍ ഛോട്ടാ മുംബൈ, ഒരുനാള്‍ വരും എന്നീ സിനിമകളിലാണ്. ഈ രണ്ടു പടങ്ങളുടെയും നിര്‍മ്മാതാവ് മണിയന്‍പിള്ള രാജുച്ചേട്ടനാണ്. അത് വലിയൊരു ആകസ്മികതയായിരുന്നു. അന്‍വര്‍ റഷീദും, മറ്റൊന്ന് ടികെ രാജീവ്കുമാര്‍ സാറും സംവിധായകര്‍. ഛോട്ടാമുംബൈ ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച സിനിമയാണ്. കാരണം, എന്റെ സിനിമാ ജീവിതത്തില്‍ ഇത്രയധികം കഠിനാധ്വാനം ചെയ്‌തൊരു സിനിമ വേറെയില്ല.

ഛോട്ടാ മുംബൈ ഫോര്‍ട്ടുകൊച്ചിയുടെ പശ്ചാത്തലത്തിലുളള ഗുണ്ടകളുടെ കഥ ആയതിനാല്‍ ഓരോ സീനിലും ധാരാളം ആര്‍ട്ടിസ്റ്റുകളും കാര്യമായ ഫൈറ്റും ബഹളങ്ങളും ഉണ്ട്. ആ പടത്തില്‍ ഒരു പാട്ടിനിടക്ക് സാര്‍ സ്പീഡ് ബോട്ടില്‍ നിന്ന് കുറച്ചു സാധനങ്ങള്‍ കൊണ്ടുവരുന്ന ഒരു സീക്വന്‍സുണ്ട്. രാവിലെ ഏഴ് മണി മുതലായിരുന്നു ഷൂട്ടിന് പെര്‍മിഷന്‍. ഞങ്ങള്‍ എല്ലാവരും നേരത്തെ തന്നെ റെഡിയായി അവിടെ എത്തി. മോഹന്‍ലാല്‍ സാര്‍ എത്താന്‍ കുറച്ചു വൈകി. ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ കാത്തിരിക്കുകയാണ്. സെറ്റുകളില്‍ എപ്പോഴും സമയനിഷ്ഠയോടെ വരുന്ന ആളാണ് അദ്ദേഹം. സാര്‍ ഇടക്ക് എന്നെ ഫോണില്‍ വിളിച്ചിട്ട് അവിടെ എന്തായെന്നൊക്കെ അന്വേഷിച്ചുകൊണ്ടിരുന്നു. ഞാനും അന്‍വറുമൊക്കെ വളരെ വലിയ ആരാധനയോടെ കാണുന്ന അദ്ദേഹം എത്ര വൈകിയാലും ഞങ്ങള്‍ക്ക് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ലാല്‍ സാര്‍ ലൊക്കേഷനിലെത്തിയപ്പോള്‍ സംഭവിച്ചത് മറ്റൊന്നാണ്. എത്തിയ ഉടനെ എന്നെ മാറ്റി നിര്‍ത്തി ചോദിച്ചത് 'അന്‍വര്‍ എന്തെങ്കിലും പറഞ്ഞോ?' എന്നായിരുന്നു. ഛോട്ടാമുംബൈ അന്‍വറിന്റെ രണ്ടാമത്തെ സിനിമയാണ്. എല്ലാ ദിവസം കൃത്യതയോടെ എത്തിയിരുന്ന ലാല്‍ സാര്‍ ഒരു ദിവസം വൈകിയത് അന്‍വറിനോ എനിക്കോ ഒരു തരത്തിലുള്ള പ്രശ്‌നവുമായിരുന്നില്ല. പക്ഷേ ജോഷി സാറിനെപ്പോലെ വളരെ സീനിയറായ സംവിധായകരുടെ കാര്യം ചോദിക്കുന്നത് പോലെയാണ് മോഹന്‍ലാല്‍ സര്‍ 'അന്‍വര്‍ എന്തെങ്കിലും പറഞ്ഞോ' എന്ന് അന്ന് ചോദിച്ചത്. ഇത് ഞാന്‍ അന്‍വറിനോട് പറഞ്ഞു.

ചിരിയായിരുന്നു പ്രതികരണം. ബ്ലോക്കിലോ മറ്റോ കുടുങ്ങിയുണ്ടായ അന്നത്തെ വൈകലില്‍ ഞങ്ങളെക്കാള്‍ ടെന്‍ഷനടിച്ചത് ലാല്‍ സാര്‍ ആയിരുന്നു. മോഹന്‍ലാല്‍ എന്ന നടന്റെ ആത്മസമര്‍പ്പണത്തിന് ദൃക്‌സാക്ഷിയായ മുഹൂര്‍ത്തങ്ങളിലൊന്ന് മാത്രം. ഛോട്ടാമുംബൈ ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ അച്ഛന്‍ ആശുപത്രിയിലായിരുന്നു. അന്ന് എറണാകുളത്തെ ഷൂട്ടിങ് കഴിഞ്ഞ് വൈകിട്ട് തിരുവനന്തപുരത്തേക്കും വീണ്ടും രാത്രി എറണാകുളത്തേക്കും 'ഷട്ടില്‍ സര്‍വ്വീസ്' നടത്തിയാണ് അദ്ദേഹം ഛോട്ടാമുംബൈ പൂര്‍ത്തിയാക്കിയത്. പലപ്പോഴും ഞങ്ങള്‍ അതനുസരിച്ച് ഷൂട്ടിംഗ് ചാര്‍ട്ട് ചെയ്തിട്ട് നേരത്തെ വിടുമായിരുന്നു. എങ്കിലും, രാവിലെ പറയുന്ന സമയത്തുതന്നെ ലാല്‍ സാര്‍ സെറ്റിലുണ്ടാകും.

ഛോട്ടാ മുംബൈയുടെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ മുതല്‍ ടെന്‍ഷനടിച്ച കാര്യമായിരുന്നു ഷക്കീലയുടെ ഷൂട്ടിംഗ് സീന്‍. കാരണം ആ സീന്‍ ലാല്‍ സാര്‍, ജഗതിച്ചേട്ടന്‍, ഷക്കീല തുടങ്ങിയവരുടെ കോമ്പിനേഷനാണ്. മറൈന്‍ഡ്രൈവിലെ വാക്ക്വേയിലാണ് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചത്. ധാരാളം ആളു കൂടുന്ന സ്ഥലമാണത്. അവിടെത്തന്നെ ഷൂട്ട് വേണമെന്ന് അന്‍വറിന് നിര്‍ബന്ധമായിരുന്നു. അങ്ങനെയൊരു ആമ്പിയന്‍സിലാണ് ആ സീന്‍ എടുക്കേണ്ടതെന്ന് എന്നോട് പ്രത്യേകം പറഞ്ഞിരുന്നു. അസോസിയേറ്റ് ഡയറക്ടറായി പ്രമോഷന്‍ കിട്ടി വരുന്ന സമയത്ത് ഞാന്‍ വര്‍ക്ക് ചെയ്യുന്ന വലിയ പടം കൂടിയാണ് ഛോട്ടാമുംബൈ. മോഹന്‍ലാല്‍ സാര്‍ ജോയിന്‍ ചെയ്യുന്ന അതേ ദിവസം തന്നെയാണ് ഈ സീനും എടുക്കുന്നത്. അതും മറൈന്‍ ഡ്രൈവിലെ ആള്‍ക്കൂട്ടത്തിന് നടുവില്‍. ഇപ്പോഴും ആ സീന്‍ ടിവിയിലൊക്കെ കാണുമ്പോള്‍, എങ്ങനെ ആ സീക്വന്‍സ് പൂര്‍ത്തിയാക്കി എന്ന് അത്ഭുതപ്പെട്ടുപോകാറുണ്ട്. ഷൂട്ട് ദിവസം അടുക്കുംതോറും ഞങ്ങള്‍ക്ക് ടെന്‍ഷനായിരുന്നു. അന്‍വറിനോട് ചോദിക്കുമ്പോള്‍ അന്‍വര്‍ 'കുഴപ്പമില്ലെടോ, ടെന്‍ഷനടിക്കണ്ട, നമുക്ക് ചെയ്യാം, എറണാകുളത്തല്ലേ, നമ്മള്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ആള്‍ക്കാരല്ലേ' എന്നൊക്കെ പറയും. അന്‍വറിന്റെ ഈ ആത്മവിശ്വാസമായിരുന്നു ആ സീക്വന്‍സ് അത്രത്തോളം ഭംഗിയാക്കിയത്.

ജഗതിച്ചേട്ടന്റെ 'പടക്കം ബഷീര്‍' എന്ന കഥാപാത്രത്തെപ്പോലെ, ആളുകളെ നിയന്ത്രിക്കാന്‍ കുറച്ചുപേരെ ഞങ്ങള്‍ അവിടെ അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു! ഷൂട്ടിങ് കാണാന്‍ വന്ന ആളുകളെയും, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും എല്ലാം വച്ചിട്ടാണ് ആ സീന്‍ എടുത്തത്. പക്ഷേ, ആ സീനില്‍ ഷക്കീലയെ കാണുമ്പോള്‍ കൊച്ചിക്കാരന്‍ ലോക്കല്‍ ഒരാളായി അമ്പരപ്പോടെ നോക്കുന്ന ലാല്‍ സാറിന്റെ എക്സ്പ്രഷനുണ്ട്. ആ സീന്‍ ഇപ്പോഴും നമ്മുടെയെല്ലാം മനസില്‍ അങ്ങനെ കിടപ്പുണ്ട്. അതോടൊപ്പം അമ്പിളിച്ചേട്ടന്റെ പടക്കം ബഷീര്‍. തിയേറ്ററിലൊക്കെ ഒരുപാട് കൈയടി കിട്ടിയ രംഗമാണ്. അന്ന് ഒരു പാട് കഷ്ടപ്പെട്ടെങ്കിലും പിന്നീട് ഈ രംഗം കാണുമ്പോഴെല്ലാം ആഹ്ലാദിക്കാറുണ്ട്. തിരക്കിട്ട ഷൂട്ടായിരുന്നതുകൊണ്ട് സാറുമൊന്നിച്ച് ഒരു ഫോട്ടോ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അവസാനം ആ പാട്ടിന്റെ ഷൂട്ടിനിടയിലാണ് അദ്ദേഹവുമായി ഫോട്ടോയെടുത്തില്ലെന്ന കാര്യം ഓര്‍ത്തത്. അങ്ങനെ ഞാന്‍ ഓടിച്ചെന്ന് സാറിനൊപ്പം നിന്നു. കൊച്ചിയില്‍ പൊടിപാറിച്ചുള്ള ഷൂട്ട് ആയതിനാല്‍

അന്നും മാസ്‌ക് മുഖ്യമായിരുന്നു. മുഖത്ത് പൊടിയടിക്കാതിരിക്കാന്‍ ടവല്‍ കൊണ്ടുള്ള മാസ്‌കായിരുന്നു. ഉണ്ടായിരുന്നു. ഫോട്ടോ എടുക്കാന്‍ നേരം ഞാന്‍ അത് കഴുത്തിലേക്ക് താഴ്ത്തിയിട്ടു. അന്ന് ലാല്‍ സാര്‍ കാണിച്ച കുസൃതിയാണ് ഛോട്ടാമുംബൈയിലെ എന്റെ 'കയ്യൊടിഞ്ഞ' ചിത്രമായത്. സാര്‍ അതെടുത്ത് എന്റെ കൈയില്‍ ഒരു ലോക്കാക്കി തോളില്‍ പിടിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം ഫേസ്ബുക്കില്‍ ഈ ഫോട്ടോ ഇട്ടപ്പോള്‍ ഒരുപാടുപേര്‍ ഷൂട്ടിനിടെ കൈക്ക് എന്തുപറ്റി എന്ന് ചോദിച്ചിരുന്നു. സൂക്ഷിച്ചു നോക്കിയാല്‍ 'ഒടിഞ്ഞതായി അഭിനയിക്കുന്ന' കൈയിലെ ടവല്‍ ലാല്‍ സാര്‍ തോളിലിട്ട കൈകൊണ്ട പിടിച്ചിരിക്കുന്നത് കാണാം. എനിക്കേറ്റവും ഇഷ്ടപ്പെട്ട, ഇപ്പോഴും ഞാന്‍ നിധി പോലെ സൂക്ഷിക്കുന്ന ഒരു ഫോട്ടോയാണ് അത്.

ഛോട്ടാമുംബൈയുടെ ക്ലൈമാക്‌സ് ഏതാണ്ട് പത്ത് ദിവസം കൊണ്ടാണ് ഞങ്ങള്‍ എടുത്തത്. എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ രാത്രിയിലായിരുന്നു മുഴുവനും ഷൂട്ട് ചെയ്തത്. വലിയ പാപ്പാഞ്ഞിയെ കത്തിക്കുന്ന സീക്വന്‍സ്. അതിനോടൊപ്പം തന്നെ പാട്ടും അടിയും. കലാഭവന്‍ മണിച്ചേട്ടനുമുണ്ട്. വലിയൊരു ക്രൗഡ് ആണ് ഷൂട്ട് ചെയ്യേണ്ടത്. ദിവസവും ആയിരം ആളുകളെ വച്ചായിരുന്നു ഷൂട്ട്. ഒരു 'മെഗാ ഷൂട്ടിംഗ്' എന്നൊക്കെ പറയാവുന്ന തരത്തിലായിരുന്നു അത്. നേരം വെളുക്കും വരെ ഷൂട്ട് തുടരും. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ എല്ലാവരുടെയും ഡേറ്റിന്റെ പ്രശ്‌നമൊക്കെ വന്നതുകാരണം ഷൂട്ട് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ക്കണം എന്ന തീരുമാനത്തിലെത്തി.ഒന്‍പതു ദിവസത്തെ ഷൂട്ട് കഴിഞ്ഞ് പത്താം ദിവസം രാവിലെ ഇന്‍ട്രൊഡക്ഷന്‍ എടുക്കാനും ഉണ്ട്. 'ചെട്ടികുളങ്ങര' എന്ന പാട്ടാണ് എടുക്കേണ്ടത്. ഒന്‍പതാം ദിവസം രാത്രിയിലെ ഷൂട്ട് രാവിലെ ആറ് മണിക്കാണ് കഴിഞ്ഞത്. അടുത്ത ദിവസം ഷൂട്ട് എട്ടു മണിക്ക് തുടങ്ങണം. ഉറങ്ങാന്‍ സമയമില്ല, ആകെ രണ്ടു മണിക്കൂറേയുള്ളൂ. ഈ കാര്യം സാറിനോട് എങ്ങനെ അവതരിപ്പിക്കും എന്ന ടെന്‍ഷനിലാണ് എല്ലാവരും. ഇങ്ങനെ ഒരു സാഹചര്യമുണ്ടെന്ന് അദ്ദേഹത്തോട് പറയാന്‍ അന്‍വര്‍ എന്നെ ഏല്‍പ്പിച്ചു. ഒരിക്കലും ഷൂട്ട് മാറ്റിവയ്ക്കാന്‍ പറ്റാത്ത ഒരു അവസ്ഥയാണ്. സാര്‍ കാരവനിലിരുന്നപ്പോള്‍ ഞാന്‍ കയറിച്ചെന്നു: 'സാര്‍, ഇന്ന് രാത്രി ഷൂട്ട് കഴിഞ്ഞാല്‍ മറ്റൊരു പ്രശ്‌നമുണ്ട്, രാവിലെ എട്ടു മണിക്ക് തന്നെ ചെട്ടികുളങ്ങര പാട്ട് എടുക്കണം. എങ്ങനെ സാറിനോട് ഇത് പറയണം എന്ന് അറിയില്ല...'. അപ്പൊ സാര്‍ പറഞ്ഞ മറുപടി 'നിങ്ങള്‍ എല്ലാവരും കഷ്ടപ്പെടുകയല്ലേ, അപ്പോ ഞാന്‍ മാത്രം പോയി ഉറങ്ങുന്നതില്‍ എന്താണ് അര്‍ത്ഥം? ഞാനും അതിനുവേണ്ടിത്തന്നെയല്ലേ വന്നിരിക്കുന്നത്? അതൊക്കെ പറയേണ്ട കാര്യമുണ്ടോ, അത് നിങ്ങള്‍ പ്ലാന്‍ ചെയ്തിട്ട് എന്നെ അറിയിച്ചാല്‍ മതി. എട്ടു മണിക്ക് തന്നെ തുടങ്ങുമല്ലോ അല്ലേ, സമയം മാറ്റില്ലല്ലോ? ഇതായിരുന്നു മറുപടി. കൃത്യം എട്ടുമണിക്ക് തന്നെ തുടങ്ങും എന്ന് അദ്ദേഹത്തിന് ഉറപ്പു കൊടുത്തു. 'അപ്പൊ ഞാന്‍ എട്ടു മണിക്ക് തന്നെ റെഡിയായിരിക്കും' എന്ന് അദ്ദേഹം പറഞ്ഞു. ഒട്ടുമേ അതിശയോക്തിയില്ലാതെ പറയട്ടേ, അദ്ദേഹത്തോടുള്ള ബഹുമാനം ഇരട്ടിക്കുകയായിരുന്നു.

നാല്‍പ്പതു വര്‍ഷത്തിനിപ്പുറവും ഇവരൊക്കെ ഈ ഫീല്‍ഡില്‍ അതേ തിളക്കത്തില്‍ നില്‍ക്കുന്നതിന്റെ രഹസ്യവും ഇതാണ്, ഡെഡിക്കേഷന്‍. പറഞ്ഞതുപോലെ തന്നെ, കൃത്യം എട്ടു മണിയായപ്പോള്‍ ആ പാട്ടിനു വേണ്ട പ്രത്യേക മേക്കപ്പൊക്കെയിട്ട് സാര്‍ റെഡിയായിരുന്നു. ഒറ്റ ദിവസം കൊണ്ടുതന്നെ ആ പാട്ട് മുഴുവനും എടുത്തു, പടം പാക്കപ്പ് ചെയ്തു. ഛോട്ടാ മുംബൈ ഇറങ്ങി, ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഒരുദിവസം തിരുവനന്തപുരത്ത് എന്തോ ആവശ്യത്തിനായി പോയപ്പോള്‍ അവിടെ 'ഹലോ'യുടെ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്നറിഞ്ഞ് സാറിനെ ഒന്നു കാണാമെന്നു കരുതി ഞാന്‍ സെറ്റില്‍ ചെന്നു. അവിടെ ആ ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് അദ്ദേഹമെന്നെ പേരെടുത്തു വിളിച്ച് വിശേഷം ചോദിച്ചപ്പോള്‍ ഭയങ്കര സന്തോഷമായി. കാരണം, എന്നെപ്പോലെ ഒരു അസോസിയേറ്റ് ഡയറക്ടറെ അദ്ദേഹം ഓര്‍ക്കുന്നുപോലുമുണ്ടാവില്ലെന്നു കരുതിയാണ് അവിടെ ചെന്നത്. അടുത്തേക്ക് ചെന്നപ്പോള്‍ അദ്ദേഹം മാര്‍ച്ച് മാസത്തിലെ ഒരു ഡേറ്റ് പറഞ്ഞിട്ട്, 'അന്ന് നമ്മള്‍ എടുത്ത സീന്‍ എന്തായിരുന്നു?' എന്നു ചോദിച്ചു. അസോസിയേറ്റായി വര്‍ക്ക് ചെയ്യുന്ന സമയത്ത് ചാര്‍ട്ട് മുഴുവന്‍ കാണാതെ പഠിക്കുന്ന ആളായിരുന്നു ഞാന്‍. ആ ഓര്‍മ്മ വച്ച് കൃത്യമായി ആ സീന്‍ പറഞ്ഞപ്പോള്‍ സാര്‍ അടുത്തിരുന്ന ഒരാളോട് പറഞ്ഞു, 'ദാ, അതാണ് മാര്‍ത്താണ്ഡന്‍...' മോഹന്‍ലാല്‍ സര്‍ അങ്ങനെ പറഞ്ഞ ആ നിമിഷം, എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളില്‍ ഒന്നാണ്. കാരണം, അദ്ദേഹത്തെപ്പോലെ വലിയൊരു നടന്‍ നമ്മളെ അത്രത്തോളം ശ്രദ്ധിക്കുന്നു എന്നത് തരുന്ന ആഹ്ലാദം അനിര്‍വചനീയമാണ്.

ഞാന്‍ ഏറ്റവും കൂടുതല്‍ വര്‍ക്ക് ചെയ്തത് മമ്മൂട്ടി സാറിനെ വച്ചുള്ള സിനിമകളിലായിരുന്നു. എന്നെ സംവിധാനത്തിലേക്ക് കൈപിടിച്ചതും മമ്മൂട്ടി സാറാണ്. സംവിധായകനായ ശേഷം ചെയ്ത സിനിമകളില്‍ രണ്ടെണ്ണം മമ്മൂട്ടി സാറിനെ നായകനാക്കിയുമാണ്. ലാല്‍ സാറിനെ ഇടയ്ക്ക് ഏതെങ്കിലുമൊക്കെ സെറ്റുകളില്‍ വച്ച് കാണാറുണ്ട്. ഇതുവരെ സാറിനെ വച്ച് ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഒരുവിധം എല്ലാ ആളുകളും സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് വരുന്നതുതന്നെ മമ്മൂട്ടി സാറിനെയും മോഹന്‍ലാല്‍ സാറിനെയും വച്ച് സിനിമ ചെയ്യുക എന്ന ആഗ്രഹത്തോടെയാണ്. അതേ ആഗ്രഹമുള്ള ഒരു വ്യക്തിയാണ് ഞാനും. ലാല്‍ സാറിന്റെ തന്നെ ഒരു പടത്തിലെ ഡയലോഗ് കടമെടുത്താല്‍ 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ' എന്നു പറഞ്ഞതുപോലെ, ആ സമയത്തിന് വേണ്ടി ഞാനും കാത്തിരിക്കുകയാണ്. കാത്തിരിപ്പും, പ്രതീക്ഷകളും, വിശ്വാസങ്ങളും,സ്വപ്നങ്ങളുമൊക്കെയാണ് എന്നെ നിലനിര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ആ സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ എന്നെങ്കിലും യാഥാര്‍ഥ്യമാകട്ടെയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. ബാക്കിയെല്ലാം ദൈവത്തിന്റെ കൈയിലാണല്ലോ.

Related Stories

No stories found.
logo
The Cue
www.thecue.in