'പന്തലായനിയിലേക്കൊരു യാത്ര കഥ എത്രതവണ ഞാന്‍ വായിച്ചിട്ടുണ്ടെന്ന് പറയാന്‍ കഴിയില്ല'

'പന്തലായനിയിലേക്കൊരു യാത്ര കഥ എത്രതവണ ഞാന്‍ വായിച്ചിട്ടുണ്ടെന്ന് പറയാന്‍ കഴിയില്ല'
Summary

ലോകത്തിലെ ഏറ്റവും മികച്ച ഫാന്റസി കഥകളുടെ ആന്തോളജിയെടുക്കാന്‍ പറഞ്ഞാല്‍ അതില്‍ ആദ്യമായി ചേര്‍ക്കുന്നത് പന്തലായനിയിലേക്കൊരു യാത്ര എന്ന യു.എ ഖാദറിന്റെ കഥയായിരിക്കും. ലാറ്റിനമേരിക്കയില്‍ ജനിച്ചവര്‍ക്ക് മാത്രമേ കഴിവുണ്ടാകൂ എന്ന് വിശ്വസിക്കുന്നവനല്ല ഞാന്‍. മാതൃഭൂമി സാഹിത്യപുരസ്‌കാരം യു.എ.ഖാദറിന് സമര്‍പ്പിച്ചുകൊണ്ട് ടി.പദ്മനാഭന്‍ നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍.

ഈ കഥയുടെ ആദ്യംതൊട്ട് അവസാനംവരെ ഫാന്റസിയാണ്. ഏത് അമ്പുനായര്‍ക്കും ഫാന്റസിയെഴുതാം. പക്ഷെ പറഞ്ഞ് ഫലിപ്പിക്കുവാന്‍ വിഷമമാണ്. തെറ്റിപ്പോവും. ലക്ഷ്യത്തിലെത്തില്ല. ഒരു പക്ഷെ ഏതാണ്ടൊരു മുക്കാല്‍ ദൂരംവരെയെത്തി ലക്ഷ്യത്തിലെത്താതെ പരാജയപ്പെടും.

ഖാദറിന്റെ തൃക്കോട്ടൂര്‍ കഥകളെക്കുറിച്ചാണ് ഇവിടെ എല്ലാവരും പറഞ്ഞത്. അത് പറയണ്ടതാണുതാനും. നമ്മളെ സംബന്ധിച്ചെടുത്തോളം ആദ്യമായാണ് തനത് എന്ന് പറയാന്‍ കഴിയുന്ന ഒരു ഭാഷയും കഥയും കേള്‍ക്കുന്നത്. ഒരുതരം ജൈവകൃഷി പോലെ. ഞാന്‍ കണ്ണൂരില്‍ നിന്ന് കോഴിക്കോട്ട് വരുമ്പോഴും മടങ്ങുമ്പോഴുമൊക്കെ ആ ഭൂഭാഗത്തിലെത്തുമ്പോള്‍ ഈ കഥകള്‍ ഓര്‍ക്കാറുണ്ട്. ഏതാണ്ടെല്ലാ കൃതികളും ഞാന്‍ വായിച്ചിട്ടുമുണ്ടാകും.


മാതൃഭൂമി സാഹിത്യപുരസ്‌കാരം യു.എ.ഖാദറിന്  ടി.പദ്മനാഭന്‍ സമ്മാനിക്കുന്നു
മാതൃഭൂമി സാഹിത്യപുരസ്‌കാരം യു.എ.ഖാദറിന് ടി.പദ്മനാഭന്‍ സമ്മാനിക്കുന്നു

ഖാദറിന്റെ തൃക്കോട്ടൂര്‍ പെരുമ ഒരു സാങ്കല്‍പ്പികലോകത്തെക്കുറിച്ചായിരുന്നില്ല പറഞ്ഞത്. അതിലെ ദേശനാമം, കഥാപാത്രങ്ങളുടെ നാമം, സംഭവങ്ങള്‍ എല്ലാം ശരിക്കുമുള്ളതാണ്. ലോകസാഹിത്യത്തില്‍ സാങ്കല്‍പ്പികഗ്രാമത്തെ സൃഷ്ടിച്ച് അവിടെ കഥാപാത്രങ്ങളെ സന്നിവേശിപ്പിച്ച് പ്രസിദ്ധിയാര്‍ജിച്ച എത്രയോ എഴുത്തുകാരുണ്ട്. ഇന്ത്യയില്‍ ആര്‍.കെ നാരായണ്‍. ഇന്ത്യക്ക് വെളിയില്‍ ഗാര്‍ഷ്യ മാര്‍ക്കേസ്. ഇവരില്‍ നിന്ന് വിഭിന്നനാണ് യു.എ ഖാദര്‍. കഴിവിലാണ് എന്നല്ല ഞാന്‍ പറയുന്നത്. അങ്ങനെ പറയുകയുമില്ല.തൃക്കോട്ടൂര്‍കാരന് കഴിവില്ല, ലാറ്റിനമേരിക്കയില്‍ ജനിച്ചവര്‍ക്ക് മാത്രമേ കഴിവുണ്ടാകു എന്ന് വിശ്വസിക്കുന്നവനല്ല ഞാന്‍. കഴിവുള്ളവര്‍ എവിടെയുമുണ്ടാകും. ഖാദര്‍ താന്‍ കണ്ട, ജീവിച്ചു വളര്‍ന്ന ഗ്രാമത്തെ, അവിടുത്തെ ചുറ്റുപാടുകളെ, അമ്പലങ്ങളെ, പള്ളികളെ, ഉത്സവങ്ങളെ, തിറകളെയൊക്കെ അതേപടി തന്നെയാണ് വായനക്കാരിലേക്കെത്തിച്ചത്. ഭാവനയുടെ ഒരു മൂടുപടം അതിന്റെമേല്‍ അദ്ദേഹം ചാര്‍ത്തിക്കൊടുത്തിട്ടില്ല.

ഒരു കഥയെക്കുറിച്ചുപറയാനാണ് എനിക്കിപ്പോള്‍ തോന്നുന്നത്. ഞാനതിനെക്കുറിച്ച് പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. രണ്ട് ഭാഗങ്ങളിലായിട്ടാണ് ആ കഥ വന്നത്. പന്തലായനിയിലേക്കൊരു യാത്ര എന്നതായിരുന്നു ആ കഥ. ഞാന്‍ അത്യാവശ്യം വായിക്കുന്നവനാണ്. മലയാളവും ഇംഗ്ലീഷും വായിക്കും. ഈ കഥയുടെ ആദ്യംതൊട്ട് അവസാനംവരെ ഫാന്റസിയാണ്. ഏത് അമ്പുനായര്‍ക്കും ഫാന്റസിയെഴുതാം. പക്ഷെ പറഞ്ഞ് ഫലിപ്പിക്കുവാന്‍ വിഷമമാണ്. തെറ്റിപ്പോവും. ലക്ഷ്യത്തിലെത്തില്ല. ഒരു പക്ഷെ ഏതാണ്ടൊരു മുക്കാല്‍ ദൂരംവരെയെത്തി ലക്ഷ്യത്തിലെത്താതെ പരാജയപ്പെടും.

പന്തലായനിയിലേക്കൊരു യാത്ര എന്ന കഥ എത്രതവണ ഞാന്‍ വായിച്ചിട്ടുണ്ടെന്ന് പറയാന്‍ കഴിയില്ല. ഒരുപക്ഷെ ലോകത്തിലെ മികച്ച ഫാന്റസി കഥകളുടെ ഒരു ആന്തോളജിയെടുക്കുവാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ ഞാന്‍ അതില്‍ ആദ്യമായി ചേര്‍ക്കുന്നത് പന്തലായനിയിലേക്കൊരു യാത്ര എന്ന ഈ മലയാള കഥയായിരിക്കും. ഇത് എന്റെ ഒരു രുചിക്ക് അനുസരിച്ച തിരഞ്ഞെടുപ്പ് എന്ന് വിചാരിക്കാം. എന്റെ രുചി സാമാന്യം നല്ല രുചി തന്നെയാണ്.

Summary

T. Padmanabhan on Panthalayaniyilekku Oru Yathra U. A. Khader

Related Stories

No stories found.
logo
The Cue
www.thecue.in