അടൂര്‍ ഗോപാലകൃഷ്ണനും ശത്രുജിത്ത് ബസുവും

അടൂര്‍ ഗോപാലകൃഷ്ണനും ശത്രുജിത്ത് ബസുവും

ഋത്വിക് ഘട്ടക്കിന്റെ 'ജുക്തി താക്കേ ആര്‍ ഗാപ്പോ' (Arguments and A Sad Story എന്നാണ് അത് വിവര്‍ത്തനം ചെയ്തിരുന്നത്). ആ സിനിമയിലെ നായകകഥാപാത്രത്തിന്റെ പേര് നീലകണ്ഠന്‍ എന്നാണ്. നീലകണ്ഠന്റെ പഴയ സുഹൃത്താണ് 'ശത്രുജിത്ത് ബസു': നാട്ടിലെങ്ങും ആരാധകസഹസ്രങ്ങളുള്ള കവിയാണയാള്‍. നീലകണ്ഠനും ഒരു കവി തന്നെ. (സത്യജിത് റേയെ ആണ് ഘട്ടക് ശത്രുജിത്തിന്റെ സൃഷ്ടിക്ക് പ്രചോദനമായി ഉപയോഗിച്ചത് എന്നത് ഏവര്‍ക്കും അറിയാവുന്നതാണ്.) പക്ഷേ, ശത്രുജിത്തിനെപ്പോലെ മാന്യനൊന്നുമല്ല. ഇവര്‍ രണ്ടാളും കണ്ടു മുട്ടുന്ന ഒരു സന്ദര്‍ഭമുണ്ട് ചിത്രത്തില്‍. വിപ്ലവത്തെ വഞ്ചിച്ച ശത്രുജിത്തിനെ നേരിടുന്നത് നീലകണ്ഠനോടൊപ്പമുള്ള ബംഗബാലയും അവളുടെ തോഴനുമാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ തീര്‍ച്ചയായും കണ്ടിരിക്കാനിടയുള്ള ഒരു ചിത്രമാണത്.

അടൂര്‍ ഗോപാലകൃഷ്ണനെ കാണുമ്പോഴും കേള്‍ക്കുമ്പോഴും എല്ലാം ഉത്പല്‍ദത്ത് അതിഗംഭീരമായി അവതരിപ്പിച്ച ശത്രുജിത്തിനെ ഓര്‍ത്തു പോകും. അതിനു കാരണം തന്റെ ആഢ്യത്വത്തിന്റെയും സ്‌നേഹരാഹിത്യത്തിന്റെയും സ്വാര്‍ത്ഥതയുടെയും പരകോടിയില്‍ നിന്നുകൊണ്ട് ആ ആള്‍ ക്രൂരമായി വേദനിപ്പിക്കുകയും പുലഭ്യം പറഞ്ഞ് വായടപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തവരില്‍ കെ.പി കുമാരന്‍ എന്ന ഞങ്ങളുടെ കുമാരേട്ടനല്ലാതെ വ്യത്യസ്തമായ ഒരു കാഴ്ചസംസ്‌കാരത്തിനു വേണ്ടി തന്റെ ഓരോ ചിത്രങ്ങളിലും കിണഞ്ഞു പരിശ്രമിച്ച അരവിന്ദനും ഇന്നത്തെ ചലച്ചിത്രകാരന്മാര്‍ക്കിടയില്‍ തന്റേതായ രീതിയില്‍ സിനിമകള്‍ ചെയ്ത് ഒരു സമാന്തരഭാവുകത്വത്തിനു വേണ്ടി പരിശ്രമിക്കുന്ന ഡോ. ബിജുവും കേരളത്തിലെ കൊള്ളാവുന്ന ഒരു കോണ്‍ഗ്രസ് നേതാവായിരുന്ന ജി കാര്‍ത്തികേയനും അദ്ദേഹത്തിന്റെ ആദ്യചിത്രമായ ''സ്വയംവര''ത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ (ആര്‍ട്ട് ഡയറക്ടര്‍ എന്ന് ഞങ്ങള്‍ പഴമക്കാര്‍ വിളിച്ചിരുന്നയാള്‍) കെ. ദേവദത്തനും ഉള്‍പ്പെടും എന്ന് അതൊന്നും അറിയാത്ത ശുദ്ധാത്മാക്കള്‍ക്കു വേണ്ടി ഇവിടെ ഓര്‍മ്മിച്ചു കൊള്ളട്ടെ.

അടൂര്‍ ഗോപാലകൃഷ്ണന്റെ 'മാതൃഭൂമി ആഴ്ചപ്പതിപ്പി'ലെ അഭിമുഖം ഞാന്‍ വായിച്ചത് ഈ കഴിഞ്ഞ ദിവസമാണ്. അഹന്തയുടെ കുമിളയിലിരുന്നു കൊണ്ട് എന്തെല്ലാം നുണകളാണ് പറയുന്നത്!

അടൂര്‍ ഗോപാലകൃഷ്ണനും ശത്രുജിത്ത് ബസുവും
പ്രഹസനങ്ങൾ മഹിമ വർദ്ധിപ്പിക്കുന്നില്ല എന്ന് അടൂരിനോട് ആരാണ് ഒന്ന് പറയുക!
adoor gopalakrishnan
adoor gopalakrishnan

കെ. പി കുമാരന്‍ തന്റെ ഒരു സ്‌ക്രൈബ് മാത്രമായിരുന്നു എന്ന് മാത്രമല്ല അദ്ദേഹം സ്വന്തമായി ചെയ്ത 'ദി റോക്ക്' എന്ന 90 സെക്കന്റ് ചിത്രത്തിന്റെ കര്‍തൃത്വവൂം തന്റേതാണെന്ന് ലജ്ജാലേശമില്ലാതെ 47 വര്‍ഷങ്ങള്‍ക്കു ശേഷം പറയുമ്പോള്‍, ഇതെല്ലാം ആരെക്കൊണ്ടെങ്കിലും ചികയാന്‍ ഇടയുണ്ടാക്കാതെ എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് പറയാഞ്ഞതെന്തേ.

കെ.പി കുമാരന്‍ തിരുവനന്തപുരത്തു തന്നെ ഉണ്ടായിരുന്നല്ലോ. നിങ്ങള്‍ ചെയ്യും പോലെ തന്നെയോ അതിലേറെ വൈവിദ്ധ്യമാര്‍ന്നതോ ആയ ചലച്ചിത്രപ്രവര്‍ത്തനങ്ങളുമായി അദ്ദേഹം തികച്ചും സജീവമായിരുന്നല്ലോ. കുമാരേട്ടനെപ്പോലെ തന്റെ സാമൂഹ്യ-രാഷ്ട്രീയ-സാഹിത്യ ചിന്തകള്‍ ഒളിച്ചു വയ്ക്കാത്ത സാംസ്‌കാരിക നായകന്മാര്‍ വിരളമാണ്; പ്രത്യേകിച്ച് ചലച്ചിത്ര മേഖലയില്‍. നിലപാടുകളുടെ പേരില്‍ അദ്ദേഹംഏറെ വേട്ടയാടപ്പെടുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ ഭര്‍ത്സിക്കുന്ന ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ അദ്ദേഹം ചെയ്ത 'അതിഥി' എന്ന ചിത്രം കണ്ടിരിക്കയില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം, ആ ചലച്ചിത്രം ഒരിക്കലെങ്കിലും കണ്ടിരുന്നെങ്കില്‍, അദ്ദേഹത്തോട് ആദരമല്ലാതെ മറ്റൊന്നും ആസ്വാദനശേഷിയുള്ളൊരാള്‍ക്ക്, സിനിമയെ സ്‌നേഹിക്കുന്നൊരാള്‍ക്ക് തോന്നില്ല. 'അതിഥി' പോലെ ധീരമായ ഒരു ചലച്ചിത്രമെങ്കിലും അടൂര്‍ ഗോപാലകൃഷ്ണന് രൂപകല്പന ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ?

തന്നോടൊപ്പം ആദ്യകാലത്ത് പ്രവര്‍ത്തിച്ച ഒരു വ്യക്തിയെ, ആ വ്യക്തിത്വം തന്നെ അസ്വസ്ഥനാക്കുന്നു എന്ന ഒറ്റക്കാരണത്താല്‍, (മക്‌ബെത്ത് ബാങ്ക്വോയെ വധിക്കാന്‍ കൊലയാളികള്‍ക്ക് ''കോണ്ട്രാക്റ്റ്'' കൊടുക്കുമ്പോള്‍ മക്‌ബെത്ത് തന്നെ അലട്ടുന്ന ഒരു രഹസ്യം അവരോട് പങ്കിടുന്നുണ്ട്. ബാങ്ക്വോ തന്നെ അസ്വസ്ഥനാക്കുന്നതിനു കാരണം, സീസറിന്റെ വ്യക്തിത്വം മാര്‍ക് ആന്റണിയില്‍ ഉണര്‍ത്തിയിരുന്ന അപകര്‍ഷതയ്ക്ക് സമാനമായ ഒരു തോന്നല്‍ ബാങ്ക്വോയുടെ സാന്നിദ്ധ്യം തന്നില്‍ ഉണര്‍ത്തുന്നു എന്ന രഹസ്യം. സന്ദര്‍ഭവശാല്‍ പറഞ്ഞു എന്നു മാത്രം.)

കാലഹരണപ്പെട്ട കഥാതന്തുക്കള്‍

അടൂര്‍ ഗോപാലകൃഷ്ണനെ സത്യജിത് റേയുമായി juxtapose ചെയ്യാന്‍ മലയാളി ചലച്ചിത്ര സാഹിത്യം പരിശ്രമിച്ചിട്ടുണ്ട്. ഒരിക്കലും വിജയിക്കാത്ത ആ പരിശ്രമങ്ങള്‍ക്കൊടുവില്‍

അടൂര്‍ ഗോപാലകൃഷ്ണന്‍ 'പിന്നെയും' എന്ന പരിഹാസ്യമായ ഒരു ഉല്പന്നം തട്ടിക്കൂട്ടി ഒരിക്കല്‍ക്കൂടി തന്റെ താരങ്ങളോടുള്ള വിധേയത്വം പരസ്യപ്പെടുത്തി ആത്മനിര്‍വൃതിയടഞ്ഞു.'സ്വയംവരം'' മുതല്‍ ''പിന്നെയും'' വരെ ''താര''പരിവേഷമില്ലാത്ത നായികാനായകന്മാരെ ഉള്‍ക്കൊള്ളീച്ച എത്ര ചിത്രങ്ങളുണ്ട്, അടൂര്‍ ഗോപാലകൃഷ്ണന്റേതായി.

അടൂര്‍ ഗോപാലകൃഷ്ണനെ വിട്ടുവീഴ്ചയില്ലാത്ത ഖണ്ഡനവിമര്‍ശനത്തിന് വിധേയനാക്കാന്‍ മലയാളത്തിലെ ചലച്ചിത്രവിമര്‍ശകര്‍ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? അദ്ദേഹത്തിനു മുന്നില്‍ പഞ്ചപുച്ഛമടക്കി നിന്ന് സ്തുതിഗീതങ്ങള്‍ പാടുകയും നിരൂപണങ്ങള്‍ എന്ന മംഗളപത്രങ്ങള്‍ എഴുതി കാല്‍ക്കല്‍ വയ്ക്കുകയും അല്ലേ നിങ്ങള്‍ ചെയ്തു പോന്നിട്ടുള്ളത്? അദ്ദേഹത്തിന്റ oeuvreല്‍ തുടക്കം മുതല്‍ യാഥാസ്ഥിതികത്വത്തോടും കാലഹരണപ്പെട്ട സാമൂഹ്യചിന്താധാരകളോടുമുള്ള അതിര്‍കടന്ന വിധേയത്വം കാണണമെന്കില്‍ ഇനിയും നോക്കൂ:

അടൂര്‍ ഗോപാലകൃഷ്ണന്റെ ചലച്ചിത്രങ്ങളില്‍ ഏറെ പ്രശസ്തമായ ചിലവയെ മാത്രം ഒന്ന് ചൂണ്ടിക്കാണിക്കാം: സ്വയംവരം, കൊടിയേറ്റം, വിധേയന്‍, നാലു പെണ്ണുങ്ങള്‍, മുഖാമുഖം, പിന്നെയും ഇവയ്‌ക്കെല്ലാം ഒരേ അന്തര്‍ദ്ധാരയാണുള്ളത്: സ്റ്റേറ്റസ് ക്വോ കോട്ടം തട്ടാതെ നിലനിര്‍ത്തുക. 'മുഖാമുഖം' അതിനു മുന്‍പും പിന്‍പും വന്നിട്ടുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധസിനിമകളുടെ ജനുസ്സില്‍

നിന്ന് പറയത്തക്ക വ്യത്യസ്തതയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ചിത്രം. ബംഗാള്‍ ക്ഷാമത്തെക്കുറിച്ച് കളറില്‍ സത്യജിത് റേ ഒരു ചിത്രമെടുത്തു: ''അശനി സങ്കേത്''. അന്ന് ആ ചിത്രത്തെ ഏറ്റവും രൂക്ഷമായ ഭാഷയില്‍ ആദ്യം വിമര്‍ശിച്ചത് മറ്റാരുമല്ല, റിത്വിക് ഘട്ടക് തന്നെയാണ്. ''എന്റെ നാടിന്റെ മരണത്തിനു ഇയാള്‍ നിറം പിടിപ്പിക്കുന്നു'' എന്നത്ഥം വരുന്ന വാക്കുകളാണ് ഘട്ടക് റേയ്ക്കു നേരെ തൊടുത്തു വിട്ടത്. റേയ്ക്ക് പക്ഷേ ഘട്ടക് എന്നും പ്രിയപ്പെട്ടവനായിരുന്നു; അല്ലേ? അത്തരം ഹൃദയവിശാലത അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്ന് നാം പ്രതീക്ഷിക്കേണ്ട കാര്യമില്ല. ഇതിനിടയ്ക്ക് മറ്റൊരു കാര്യം. ശ്രീ ഗോപാലകൃഷ്ണന്‍ പറയുന്നതനുസരിച്ച് മങ്കട രവിവര്‍മ്മയുടെ ആദ്യചിത്രം ''സ്വയംവരം'' ആണെന്ന ഒരു ധ്വനിയുണ്ട്. അത് ശരിയല്ല. രവിവര്‍മ്മ അതിനു മുന്‍പ് രണ്ട് ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്തിരുന്നു. ഒന്ന്, ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ പഠിച്ച അതേ പുനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച് ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്ത ശ്രീ അസീസിന്റെ ''അവള്‍''. പിന്നത്തേത് മലയാളത്തിലെ ആദ്യത്തെ നവതരംഗചിത്രം എന്ന് വാഴ്ത്തപ്പെടേണ്ട ''ഓളവും തീരവും'' എന്ന ഒരു നാട്യവുമില്ലാത്ത, ഒരുപാട് പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും ആത്മാര്‍ത്ഥതയുടെ ഒതുക്കവും തിളക്കവും ഉണ്ടായിരുന്ന ഒരു ചിത്രം. ഓര്‍മ്മയുണ്ടോ സര്‍?

adoor gopalakrishnan
adoor gopalakrishnan

അടൂര്‍ ഗോപാലകൃഷ്ണനെക്കുറിച്ചെല്ലാം 'പഠിക്കുന്ന' ആള്‍ക്കാരുണ്ടല്ലോ. അവരാരും നിവര്‍ന്നു നിന്ന് ഇദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. എന്തായാലും സ്വന്തം വായനയും എഴുത്തും ''ഗ്രാമവൃക്ഷത്തിലെ കുയില്‍'' എന്ന കുമാരനാശാനെക്കുറിച്ചുള്ള ചിത്രത്തിന്റെ അവസാനഘട്ടജോലികളുമായി തിരക്കിട്ട ഒരു ജീവിതചര്യ തുടര്‍ന്നു പോരുന്ന കെ. പി കുമാരന്‍ എന്ന, ഞങ്ങളില്‍ ഒരുപാട് പേരുടെ പ്രിയപ്പെട്ട കുമാരേട്ടനെ ഒതുക്കാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ തുടങ്ങിയ സംരംഭങ്ങളെ ദശാബ്ദങ്ങളായി അദ്ദേഹം ചെറുത്തു നില്‍ക്കുന്നു. ആ വ്യക്തിത്വത്തെ നോവിക്കാന്‍ നടത്തുന്ന ഏതു ശ്രമവും എത്ര ഉയര്‍ന്ന തലത്തില്‍ നിന്നു പുറപ്പെടുന്നതായാലും പ്രതിരോധിക്കാന്‍ ഇന്നും ഞങ്ങള്‍ ഇവിടെയൊക്കെത്തന്നെയുണ്ട്. പക്ഷേ, ശ്രീ ഗോപാലകൃഷ്ണനില്‍ നിന്ന് ചലച്ചിത്രസ്‌നേഹികള്‍ അദ്ദേഹത്തിന്റെ ജീവിതസായാഹ്നത്തിലെ ഈ outburstന് കാരണങ്ങള്‍ അന്വേഷിച്ചാല്‍ അദ്ദേഹം അതിനോട് പ്രതികരിക്കാന്‍ ബാദ്ധ്യസ്ഥനല്ലേ? ഉന്നതങ്ങളിലിരുന്ന് മാലിന്യം താഴേക്കെറിയുമ്പോള്‍ ടി എസ് എലിയട്ടിന്റെ ''പൊള്ളമനുഷ്യര്‍'' അവസാനിക്കുന്നത് ഇങ്ങനെയാണെന്ന് ഓര്‍മ്മയിലുണ്ടായാല്‍ നന്ന് :

This is the way the world ends

This is the way the world ends

This is the way the world ends

Not with a bang but with a whimper.

Related Stories

No stories found.
logo
The Cue
www.thecue.in