പോലീസ് പരാതി സ്വീകരിച്ചില്ലെങ്കിൽ എന്ത് ചെയ്യും ?| LAW POINT | EP 7

ആക്ഷൻ ഹീറോ ബിജു എന്ന സിനിമ മലയാളത്തിൽ പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചിറങ്ങിയ സിനിമകളിൽ ഏറ്റവും റിയലിസ്റ്റിക്കായ ഒന്നായിരുന്നു. ആ സിനിമയിലെ സ്റ്റേഷൻ ഹൗസ് ഓഫീസറിൻ്റെ റോൾ ചെയ്യുന്ന നിവിൻ പോളി പറയുന്ന ഒരു ഡയലോഗുണ്ട്. 'പാവപ്പെട്ട ആളുകളുടെ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയുമെല്ലാം ഈ പോലീസ് സ്റ്റേഷനാണ്. ഇവിടെ എന്ത് കേസിനും പരിഹാരമുണ്ടാവും. ' എന്ന്. അതിൽ സാങ്കേതികമായി പിശകുണ്ടെങ്കിലും ഈ നാട്ടിലെ സാധരണക്കാർ ഇന്നുമാശ്രയിക്കുന്ന പ്രധാന കേന്ദ്രമാണ് പോലീസ് സ്റ്റേഷൻ. ക്രിമിനൽ സ്വഭാവമുള്ള എല്ലാ പരാതികളും കൊടുക്കേണ്ടതും അവിടെയാണ്. എന്നാൽ പോലീസുകാർ പരാതി സ്വീകരിച്ചില്ലെങ്കിൽ എന്ത് ചെയ്യും ? ഇനി പരാതിയിൽ ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെങ്കിലൊ ? ഇത്തരം പ്രശ്നങ്ങൾക്കുള്ള നിയമപരമായ പോംവഴികളാണ് ഈ വീഡിയോയിൽ പരിശോധിക്കുന്നത്. ഏവർക്കും ലോ പോയിൻ്റിലേക്ക് വീണ്ടും സ്വാഗതം. 

പരാതി ലഭിച്ചാൽ പോലീസ്  ചെയ്യേണ്ടത് ? 

പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കുന്നത് മുതൽ ഒരാളെ വിചാരണ നടത്തി ശിക്ഷിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളുടേയും നടപടിക്രമങ്ങൾ വിശദീകരിക്കുന്നത് സി.ആർ.പി.സി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ക്രിമിനൽ പ്രൊസീജ്യർ കോഡിലാണ്. പരാതിക്കാരനും പ്രതിക്കും ഈ നടപടി ക്രമങ്ങളുടെ മുഴുവൻ പ്രൊട്ടക്ഷനും ലഭിക്കേണ്ടത് മൗലികാവകാശവുമാണ്. 

ക്രിമിനൽ പ്രൊസീജ്യർ കോഡ് അനുസരിച്ച് ഒരു ക്രിമിനൽ ആക്ടിവിറ്റിക്ക് ഇരയായ ആളൊ അതൊ അത്തരമൊരു ആക്ടിവിറ്റിയെ കുറിച്ച് അറിവ് ലഭിക്കുന്നയാളൊ ആദ്യം വിവരം അറിയിക്കേണ്ടത് പോലീസ് സ്റ്റേഷനിലാണ്. പോലീസിന് ലഭിക്കുന്ന പരാതികളെ പ്രധാനമായും രണ്ടായി തിരിക്കാം. 

1. കോഗ്നിസബിൾ ഓഫൻസ് അഥവാ ഗൗരവകരമായ കുറ്റങ്ങൾ 

ഉദ: കൊലപാതകം, റേപ്പ്, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടങ്ങിയവ

2. നോൺ കോഗ്നിസബിൾ ഒഫൻസ് അഥവാ ഗൗരവകരമല്ലാത്ത കുറ്റങ്ങൾ 

ഉദ: അസ്സോൾട്ട്, നേരിയ മുറിവേൽപ്പിക്കൽ, ചീറ്റിങ്ങ് തുടങ്ങിയവ

സി.ആർ.പി.സിയിലെ 154 വകുപ്പ് അനുസരിച്ച് ഒരു കോഗ്നിസബിൾ ഒഫൻസ് നടന്നുവെന്ന് ഇൻഫർമേഷൻ ലഭിച്ചാൽ പോലീസ് ഓഫീസർ ആ വിവരം എഴുതിയെടുക്കുകയും അത് വിവരം തന്നയാളെ വായിച്ച് കേൾപ്പിക്കുകയും അയാളുടെ ഒപ്പ് വാങ്ങുകയും അത് രേഖയിലാക്കുകയും വേണം. ഇവിടെ കേസ് അന്വേഷണം ആരംഭിക്കാൻ മജിസ്ട്രേറ്റിൻ്റെ അനുമതിയുടെ ആവശ്യമില്ല.

ഇനി ഒഫൻസ് റേപ്പൊ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ളതൊ ഒക്കെയാണെങ്കിൽ ഇരയിൽ നിന്ന് വിവരം കേട്ട് എഴുതിയെടുക്കേണ്ടത് ഒരു വനിതാ ഓഫീസറായിരിക്കണം എന്നത് നിർബന്ധമാണ്. 

ഇത്തരം ഇൻഫർമേഷൻ റെക്കോർഡ് ചെയ്യുന്ന എഫ്.ഐ.ആറി ൻ്റെ പകർപ്പ് സൗജന്യമായി ഇരക്കൊ പരാതിക്കാരനൊ കൊടുക്കേണ്ടതുമാണ്. 

ഇത്തരമൊരു ഗൗരവകരമായ പരാതി സ്വീകരിക്കാൻ പോലീസ് സ്റ്റേഷൻ അധികൃതർ തയ്യാറാവുന്നില്ലെങ്കിൽ എസ്.പി ക്ക് നേരിട്ടൊ പോസ്റ്റ് മുഖേനെയൊ പരാതി അയക്കാവുന്നതാണ്. സി.ആർ.പി.സി സെക്ഷൻ 36 അനുസരിച്ച് ഒരു പോലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ്റെ സുപ്പീരിയർ ആയ ഓഫീസർക്ക് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ്റെ അതെ പവർ എക്സസൈസ് ചെയ്യാനാവും. അതു കൊണ്ട് ഇങ്ങനെ ലഭിക്കുന്ന

പരാതി എസ്.പി ക്ക്നേ രിട്ടന്വേഷിക്കുകയൊ മറ്റൊരു കീഴുദ്യോഗസ്ഥനെ കേസ് അന്വേഷണത്തിനായി ചുമതലപ്പെടുത്തുകയൊ ചെയ്യാവുന്നതാണ്. 

ഇനി പോലീസിന് ലഭിക്കുന്ന പരാതി ഒരു നോൺ കോഗ്നി സബിൾ ഒഫൻസിനെ കുറിച്ചാണെങ്കിൽ സി.ആർ.പി.സി 155 വകുപ്പനുസരിച്ച് പരാതി റെക്കോർഡ് ചെയ്യകയും മജിസ്ട്രേറ്റിന് റഫർ ചെയ്യുകയും വേണം.  മജിസ്ട്രേറ്റിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലല്ലാതെ ഒരു നോൺ കോഗ്നി സബിൾ ഒഫൻസിൻ്റെ അന്വേഷണം പോലീസ് ഉദ്യോഗസ്ഥന് തുടങ്ങാനാവില്ല. 

പോലീസ് കേസ് എടുക്കുന്നില്ലങ്കിൽ എന്ത് ചെയ്യും ?

നിയമമനുസരിച്ച് ക്രിമിനൽ സ്വഭാവമുള്ള സംഭവങ്ങളെ കുറിച്ച് ആദ്യം പരാതി പെടേണ്ടത് പോലീസ് സ്റ്റേഷനിലാണെന്ന് നമ്മൾ കണ്ട് കഴിഞ്ഞു. എന്ത് പരിമിതികളുണ്ടെങ്കിലും കേരളത്തിലെ പോലീസ് പൊതുവെ പരാതികളെ മുഴുവൻ തള്ളിക്കളയാറുമില്ല. എന്നാൽ ചില സന്ദർഭങ്ങളിൽ പോലീസ് പരാതികളെ അവഗണിക്കും. രാഷ്ട്രീയ സ്വാധീനങ്ങളൊ സ്വാർത്ഥ താത്പര്യങ്ങളൊ തങ്ങൾക്കുള്ള അമിത ജോലി ഭാരമൊ ഒക്കെ അതിന് കാരണമാവാം. അതെന്തായാലും ഒരു ക്രിമിനൽ ആക്ടിവിറ്റിക്ക് ഇരയായ ആളെ സംബന്ധിച്ചിടത്തോളം യഥാസമയം പോലീസ് കേസ് എടുക്കാതിരിക്കുമ്പോൾ സംഭവിക്കുന്നത് അനീതിയാണ്. ഇത്തരം സന്ദർഭങ്ങളിൽ ഇരകൾക്ക് നേരിട്ട് മജിസ്ട്രേറ്റ് കോടതിയെ പരാതിയുമായി സമീപിക്കാവുന്നതാണ്. ഇതിനെ ആണ് പ്രൈവറ്റ് കംപ്ലയൻ്റ് എന്ന് വിളിക്കുന്നത്.

ക്രിമിനൽ പ്രൊസീജ്യർ കോഡിലെ 200- 203 വകുപ്പുകളാണ് മജിസ്ട്രേറ്റിന് മുമ്പിലെത്തുന്ന പ്രൈവറ്റ് കംപ്ലയൻ്റുകളെ കുറിച്ച് പറയുന്നത്.

ഇവിടെ ഓർക്കേണ്ട കാര്യം പരാതിപ്പെടേണ്ടത് ഗൗരവകരമായ ഒരു കോഗ്നിസബിൾ ഒഫൻസിനെ കുറിച്ചാണെങ്കിൽ പരാതിക്കാരന് ആദ്യം പോലീസുകാരനെയും പിന്നീട് എസ്.പി യെയും സമീപിക്കാനുള്ള ഒപ്ഷനുണ്ട്. ഇവ രണ്ടും ഫലിക്കാതെ വരുമ്പോളാണ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാവുന്നത്. ഇനി പരാതി ഗൗരവകരമല്ലാത്ത ഒരു നോൺ കോഗ്നിസബിൾ ഒഫൻസിനെ കുറിച്ചാണെങ്കിൽ പോലീസിനെ സമീപിച്ചതിന് ശേഷം നേരിട്ട് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം.

ഇത്തരമൊരു പരാതി ലഭിച്ചാൽ മജിസ്ട്രേറ്റ് കോടതിക്ക് രണ്ടു കാര്യം ചെയ്യാം. പോലീസിൻ്റെ ത്വരിത ഗതിയിലുള്ള അന്വേഷണം ആവശ്യമാണെന്ന് തോന്നിയാൽ സി.ആർ.പി.സി 156 (3) അനുസരിച്ച് എഫ്.ഐ.ആർ ഇട്ട് കേസെടുക്കാൻ പോലീസിനോട് ഉത്തരവിടാം. അതല്ലെങ്കിൽ മജിസ്ട്രേറ്റിന് നേരിട്ട് എൻക്വറി നടത്താം. ഈ എൻക്വറിയുടെ പ്രൊസീജ്യർ സി.ആർ. പി.സി സെക്ഷൻ 200 ലാണ് പറയുന്നത്. ഇതനുസരിച്ച് പരാതിക്കാരെയും സാക്ഷികളെയും എക്സാമിൻ മജിസ്ട്രേറ്റ് എക്സാമിൻ ചെയ്യണം. എന്നാൽ ഒരു മജിസ്ട്രേറ്റ് എക്സാമിൻ ചെയ്ത പരാതി മറ്റൊരു മജിസ്ട്രേറ്റ് വീണ്ടും എക്സാമിൻ ചെയേണ്ടതില്ല. എൻക്വറിക്ക് ശേഷം പരാതി ശരിയല്ലെന്ന് ബോധ്യപ്പെട്ടാൽ മജിസ്ട്രേറ്റിന് പരാതി ഡിസ്മിസ്സ് ചെയ്യാം.

പ്രൈവറ്റ് കംപ്ലയ്ൻ്റ് കൊണ്ടുള്ള പ്രയോജനങ്ങൾ

പോലീസ് കേസെടുക്കാത്തപ്പൊഴാണ് മജിസ്ട്രേറ്റ് കോടതിയെ പ്രൈവറ്റ് കംപ്ലയ്ൻ്റുമായി സമീപിക്കാനാവുക എന്ന് കണ്ടല്ലൊ. സൊസൈറ്റിയെ ബാധിക്കുന്ന കൊലപാതകം, റേപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പോലീസ് പൊതുവെ ഇത്തരം വീഴ്ച വരുത്താറില്ല. അത് കൊണ്ട് തന്നെ പ്രൈവറ്റ് കംപ്ലയ്ൻ്റ് സാധാരണയായി ഫയൽ ചെയ്യപ്പെടുക ചീറ്റിങ്ങ്, ഗാർഹിക പീഡനം തുടങ്ങിയ പരാതികളിലാണ്.

പരാതി ന്യായമാണെങ്കിൽ മജിസ്ട്രേറ്റ് പോലീസ് അന്വേഷണത്തിനുത്തരവിടും. ഇതോടെ കേസെടുക്കാൻ പോലീസ് നിർബന്ധിതരാവും. മാത്രവുമല്ല, പരാതി നേരിട്ട് മജിസ്ട്രേറ്റ് പരിശോധിക്കുന്നത് കൊണ്ട് തന്നെ കേസിൻ്റെ സബ്സ്റ്റൻസിൽ മറ്റൊരു തരത്തിലുള്ള വെള്ളം ചേർക്കലിനും പോലീസിന് സാധിക്കുകയുമില്ല. ഇനി മജിസ്ട്രേറ്റ് നേരിട്ട് എൻക്വയറി നടത്തിയാലും യാതൊരു സ്വാധീനവും പ്രതികൾക്ക് ചെലുത്താനാവില്ല. പിന്നെ സംഭവിക്കാൻ സാധ്യതയുള്ള ഒരു റിസ്ക് പോലീസിൻ്റെ കേസ് അന്വേഷണം ശരിയായി നടക്കാതിരിക്കലാണ്. ഇനി അതിനുള്ള പോംവഴി എന്താണെന്ന് നോക്കാം.

പോലീസ് കേസന്വേഷണം വഴി തിരിച്ച് വിട്ടാൽ ?

ഒരു ക്രിമിനൽ കേസിൻ്റെ ആത്മാവ് എഫ്.ഐ.ആർ മുതൽ തുടങ്ങുന്ന കേസ് അന്വേഷണത്തിലാണെന്ന് പറയാം. അന്വേഷണം തീർന്നതിന് ശേഷം പോലീസ് സമർപ്പിക്കുന്ന ചാർജ് ഷീറ്റിനെയാണ് കുറ്റപത്രം എന്നു വിളിക്കുന്നത് തന്നെ. ഈ കുറ്റപത്രത്തിനനുസരിച്ചാണ് വിചാരണയുടെ സ്വഭാവം നിർണയിക്കപ്പെടുക. അത് കൊണ്ട് കേസ് അന്വേഷണം ശരിയായ ദിശയിൽ നടക്കേണ്ടത് ഇരകൾക്ക് നീതി ലഭിക്കാൻ അത്യന്താപേക്ഷികമാണ്.

കേസ് അന്വേഷണം സ്വതന്ത്രമായി നടക്കേണ്ടത് അത്യാവശ്യമാണ്. അത് കൊണ്ട് അന്വേഷണത്തിൽ അനാവശ്യമായി ഇടപെടുന്നതിനെ കോടതി പൊതുവെ പ്രോത്സാഹിപ്പിക്കില്ല. എന്നാൽ കേസ് അന്വേഷണം ശരിയായ ദിശയിൽ നടക്കുന്നില്ലെങ്കിൽ മജിസ്ട്രേറ്റ് കോടതിക്കിടപെടാം എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സാ കരി വസു v. സ്റ്റേറ്റ് ഓഫ് ഉത്തർ പ്രദേശ് എന്ന കേസിൽ സുപ്രീം കോടതി പറഞ്ഞത്, പ്രൈവറ്റ് കംപ്ലയൻ്റിനെ തുടർന്ന് പോലീസ് ഓഫീസറോട് എഫ്.ഐ.ആർ ഇട്ട് കേസെടുക്കാൻ ഉത്തരവിടാൻ അധികാരമുള്ള മജിസ്ട്രേറ്റിന് സി.ആർ.പി.സി 156 (3) അനുസരിച്ച് അന്വേഷണം മോണിറ്റർ ചെയാനും അവകാശമുണ്ടെന്നാണ്. അന്യേഷണത്തെ കുറിച്ച് പരാതി ലഭിച്ചാൽ മജിസ്ട്രേറ്റിന് കേസിൻ്റെ സ്റ്റാറ്റസ് പരിശോധിച്ചതിന് ശേഷം അന്വേഷണം തൃപ്തികരമല്ലെങ്കിൽ അത് പ്രോപ്പറായി നടക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കാവുന്നതാണ്.

അതായത്, കേസ് അന്വേഷണത്തിൻ്റെ ഏത് സ്റ്റേജിലും അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്ന് ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം എന്നർത്ഥം.

ലോ പോയിൻ്റിൻ്റെ കഴിഞ്ഞ എപ്പിസോഡ് ആരോഗ്യ പ്രവർത്തകർക്കുള്ള നിയമപരമായുള്ള സംരക്ഷണങ്ങളെ കുറിച്ചാണ് പറഞ്ഞത്. കോവിഡ് പൊട്ടി പുറപ്പെട്ടത് മുതൽ ആരോഗ്യ പ്രവർത്തകരെ പോലെ തന്നെ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന വിഭാഗമാണ് നമ്മുടെ പോലീസ് സേനയും. കോവിഡ് ബാധിച്ച് മരിച്ചവരും അക്കൂട്ടത്തിലുണ്ട്. പക്ഷെ, ചിലരുടെയെങ്കിലും മോശം പെരുമാറ്റം അവരുടെ ത്യാഗത്തിൻ്റെ ശോഭ കെടുത്തി കളയാറുണ്ട്. മാത്രവുമല്ല, അധികാര കേന്ദ്രങ്ങളോട് അടുത്ത് നിൽക്കുന്നത് കൊണ്ട് അവരിൽ ചിലർ സ്വാധീനങ്ങൾക്കും വിധേയരാവുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ സാധരണക്കാർക്ക് പോലീസിനെയും നിയന്ത്രിക്കാൻ കഴിയുന്ന നിയമ സംവിധാനത്തിൻ്റെ ആവശ്യമുണ്ട്. ആ ഫംഗ്ഷനാണ് പ്രൈവറ്റ് കംപ്ലയൻ്റുകളിലൂടെ കോടതി ചെയ്യുന്നത്.

No stories found.
The Cue
www.thecue.in