സ്ത്രീധന മരണങ്ങൾ - നിയമം കൊണ്ടെന്ത് കാര്യം ? LAW POINT | EP 6|THE CUE

കഴിഞ്ഞ ദിവസങ്ങളിൽ കേരളം ഏറ്റവുമധികം ചർച്ച ചെയ്തത് സ്ത്രീധനവുമായി ബന്ധപ്പെട്ട ആത്മഹത്യകളെ പറ്റിയാണ്. ചർച്ചകളിൽ ഉയർന്ന് കേട്ട ഒരു പ്രധാന ആശയമിതാണ്. നമ്മുടെ രാജ്യത്ത് സ്ത്രീധനത്തിനെതിരെയും സ്ത്രീകൾക്ക് വേണ്ടിയും എത്ര നിയമങ്ങളുണ്ടായിട്ട് എന്ത് കാര്യമാണുള്ളത് ? ഒന്നും പ്രാവർത്തികമാകുന്നില്ലല്ലോ എന്നൊക്കെയാണ്. കല്യാണം കഴിച്ച് ജീവിക്കുന്ന ഒരു സ്ത്രീക്ക് ഗാർഹിക പീഡനം നേരിട്ടാൽ അത്തരമൊരു പീഡനം നടത്തുന്ന ഭർത്താവിനെയൊ അയാളുടെ ബന്ധുക്കളുടേയൊ ആ വീട്ടിൽ നിന്ന് പുറത്താക്കി അവിടെ താമസിക്കാൻ വരെ അധികാരം നിയമം കൊടുക്കുന്നുണ്ടെന്നോർക്കണം. എന്നാൽ ഇത്തരം നിയമപരിരക്ഷകളെ പറ്റി കാര്യമായ ധാരണമില്ലായ്മയാണ് ആളുകളെ കൂടുതൽ അബദ്ധങ്ങളിൽ ചാടിക്കുന്നത്. അത് കൊണ്ട് ലോ പോയൻ്റിൻ്റെ ഈ എപ്പിസോഡിൽ ഭർത്താവിൻ്റെ വീട്ടിൽ സ്ത്രീകൾക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെ പറ്റിയും അതിനുള്ള നിയമ പരമായ പോംവഴികളെ പറ്റിയുമാണ് ചർച്ച ചെയ്യുന്നത്. 

സ്ത്രീ ധനം ആവശ്യപ്പെട്ടാൽ 

മുമ്പ് സൂചിപ്പിച്ചത് പോലെ സ്ത്രീ-ധനത്തിൻ്റെയൊ ഗാർഹിക പീഡനങ്ങളുടേയൊ സാമൂഹ്യപരമായ കാരണങ്ങളിലേക്കല്ല ഇവിടെ പോകുന്നത്. ഇനി പറയുന്ന സന്ദർഭങ്ങളിൽ ചെന്ന് പെടുന്ന സ്ത്രീകൾക്കുള്ള നിയമപരമായ സംരക്ഷണങ്ങളെ കുറിച്ചാണ്. ആദ്യമായി, വിവാഹമൊക്കെ കഴിഞ്ഞതിന് ശേഷം കുറച്ച് കാലം കഴിഞ്ഞ് ഭർത്താവൊ അയാളുടെ മാതാപിതാക്കളൊ മറ്റൊ സ്ത്രീധനം ഡിമാൻ്റ് ചെയ്തുവെന്നിരിക്കട്ടെ. അതിന് വേണ്ടി മർദനമൊന്നും നടത്തുന്നില്ലെങ്കിലും ഇടക്കിടക്ക് കുറച്ച് കൂടി സ്വത്ത് കൊണ്ട് വന്നില്ലല്ലൊ എന്നൊക്കെ പറഞ്ഞ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് വക്കുക. അങ്ങനെ നടത്തുന്ന സംസാരങ്ങൾ രണ്ട് തരത്തിലുള്ള കുറ്റങ്ങളാണ്. 

ഒന്ന്, 1961 ലെ സ്ത്രീധന നിരോധന നിയമത്തിലെ നാലാം വകുപ്പനുസരിച്ച് ഭർത്താവൊ അയാളുടെ ബന്ധുക്കളൊ നേരിട്ടൊ അല്ലാതെയൊ സ്ത്രീധനം ഡിമാൻ്റ് ചെയ്താൽ അത് ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇത് ചൂണ്ടിക്കാട്ടി പീഡനം അനുഭവിക്കുന്ന സ്ത്രീക്ക് പോലീസിൽ പരാതി നൽകാം. ഇനി, രണ്ടാമതായി ഇത്തരം മാനസിക പീഡനങ്ങൾ 2005 ലെ പ്രൊട്ടക്ഷൻ ഓഫ് വുമൻ ഫ്രം ഡൊമസ്റ്റിക് വയലൻസ് ആക്ട് പ്രകാരവും കുറ്റക്കരമാണ്. ഈ ആക്ടിലെ പേരിൽ കാണുന്ന ഡൊമസ്റ്റിക് വയലൻസിൽ ശാരീരികമായ ആക്രമണം മാത്രമല്ല, മാനസികമായ പീഡനവും വാക്കാലുള്ള ഉപദ്രവവും വരും. ഉദാഹരണത്തിന്   ഒരു സ്ത്രീ ഗർഭം ധരിച്ചില്ലെങ്കിൽ, അല്ലെങ്കിൽ ആൺ കുട്ടി ഉണ്ടായില്ലെങ്കിൽ അവരെ വാക്കു കൊണ്ട് ഇൻസൾട്ട് ചെയ്യുന്നതൊക്കെ ഈ കുറ്റത്തിൻ്റെ പരിധിയിൽ വരും. അതായത് ഒരു വ്യക്തിയെ അവരുടെ സാമ്പത്തികവൊ ശാരീരികവൊ ആയ കുറവുകളുടെ പേരിൽ അപമാനിക്കുന്നത് ഡൊമസ്റ്റിക് വയലൻസ് തന്നെയാണ്. 

ഇത്തരം ഉപദ്രവങ്ങളുണ്ടായാൽ അത് ചൂണ്ടിക്കാട്ടി ഒരു സ്ത്രീക്ക് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണ്. കാര്യങ്ങൾ ബോധ്യപ്പെട്ടാൽ മജിസ്ട്രേറ്റിന് പ്രൊട്ടക്ഷൻ ഓർഡർ പാസ്സാക്കാം. എന്ന് വച്ചാൽ ഇത്തരം പീഡനങ്ങളിൽ നിന്നുള്ള പ്രൊട്ടക്ഷൻ. ഇങ്ങനെ ഒരു ഓർഡർ പാസ്സാക്കിയതിന് ശേഷവും ഭർത്താവൊ ബന്ധുക്കളൊ പീഡനം തുടർന്നാൽ അത് മജിസ്ട്രേറ്റിൻ്റെ ഉത്തരവിൻ്റെ ലംഘനമാകും. അങ്ങനെ ചെയ്യുന്നത് ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാകും. അത്തരം കേസുകളുടെ വിചാരണ നടത്തുക നേരത്തെ ഓഡർ പാസ്സാക്കിയ മജിസ്ട്രേറ്റ് തന്നെയാവും. അതു കൊണ്ട് സ്ത്രീധനം ആവശ്യപ്പെടലൊക്കെ ആദ്യ കോടതി ഉത്തരവോടെ നിർത്തിക്കാവുന്നതെയുള്ളൂ എന്നർത്ഥം. 

ഭർത്താവിൻ്റെ വീട്ടിൽ നിന്ന് ഇറക്കിവിട്ടാൽ

വിവാഹിതരാവുന്ന സ്ത്രീകൾ നേരിടുന്ന മറ്റൊരു പ്രശ്നമിതാണ്. ഭർത്താവിനെതിരെയൊ ഭർത്താവിൻ്റെ വീട്ടുകാർക്കെതിരെയാപരാതിപ്പെട്ടാൽ അയാളുടെ വീട്ടിൽ നിന്നിറക്കി വിട്ടാലൊ എന്നത്. വാസ്തവത്തിൽ നിയമമനുസരിച്ച് ഭർത്താവിന് മാത്രം സ്വന്തമായി ഒരു വീടെ ഇല്ല. പ്രൊട്ടക്ഷൻ ഓഫ് വുമൻ ഫ്രം ഡൊമസ്റ്റിക് വയലൻസ് ആക്ട് അനുസരിച്ച് ഒരു സ്ത്രീക്ക് ഡൊമസ്റ്റിക് റിലേഷൻഷിപ്പുള്ള വീട്ടിൽ അതിനി ഭർത്താവിൻ്റെ പേരിലോ പിതാവിൻ്റെ പേരിലൊ ഉള്ളതാവട്ടെ അവിടെ താമസിക്കാൻ പൂർണ അവകാശമുണ്ട്. അതവരുടെ കൂടെ ഷെയർഡ് ഹൗസ്ഹോൾഡ് ആണ്. മാത്രവുമല്ല അത്തരമൊരു വീട്ടിൽ നിന്ന് സ്ത്രീയെ യാതൊരു കാരണവശാലും ഇറക്കി വിടാനും പാടുള്ളതല്ല. ഇനി ഇറക്കി വിട്ടാൽ ചെയ്യേണ്ടതിത്ര മാത്രമാണ്. തനിക്ക് നിയമപരമായി അവകാശമുള്ള വീട്ടിൽ നിന്നിറക്കി വിട്ടെന്ന് ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റിന് പരാതി കൊടുക്കുക. ഒരു സ്ത്രീയെ നിയമവിരുദ്ധമായി വീട്ടിൽ നിന്നിറക്കി വിട്ടെന്ന് ബോധ്യപ്പെട്ടാൽ മജിസ്ട്രേറ്റിന് അവർക്ക് വേണ്ടി റെസിഡൻസ് ഓർഡർ പാസ്സാക്കാം. ഓർഡർ എൻഫോർസ് ചെയ്യാൻ പോലീസിനോട് നിർദേശിക്കുകയും ചെയ്യാം.ഈ ഓർഡറിൽ ഇനി പറയുന്ന നിർദേശങ്ങൾ മജിസ്ട്രേറ്റിന് വക്കാം.

1. പരാതിക്കാരിക്ക് കൂടി അവകാശപ്പെട്ട ഷെയർഡ് ഹൗസ് ഹോൾഡ് അഥവാ വീട് അവർക്ക് നിഷേധിക്കുന്നതിൽ നിന്ന് തടയൽ

2. പരാതിക്കാരിയെ ശല്യപ്പെടുത്തുന്നവരെ ആ വീട്ടിൽ നിന്ന് മാറ്റൽ

3. വീടിൻ്റെ ഏതെങ്കിലും ഭാഗത്തേക്ക് പരാതിക്കാരിയെ ഉപദ്രവിച്ചവർ കടന്ന് വരുന്നതിനെ തടയൽ

4. പരാതിക്കാരി കൂടി താമസിക്കുന്ന സ്ഥലം വിൽപന നടത്തുന്നത് തടയൽ

5. വേണമെങ്കിൽ പരാതിക്കാരിയെ ഉപദ്രവിച്ചവരോട് ആ വീടിന് തുല്യമായ മറ്റൊരു താമസ സ്ഥലം തയ്യാറാക്കി കൊടുക്കാൻ

പെട്ടെന്ന് കേട്ടാൽ നടക്കുമെന്ന് തോന്നുന്ന കാര്യമല്ല ഇത്. കാരണം ഒരു സ്ത്രീക്ക് ഭർത്താവിലൂടെ അവകാശം കിട്ടിയ വീട്ടിൽ ഗാർഹിക പീഡനം നടന്നാൽ ഭർത്താവിനെയും വീട്ടുകാരെയും പുറത്താക്കി അവിടെ താമസിക്കാം എന്നത് സാധരണ ഗതിയിൽ നടക്കാറില്ല. പക്ഷെ, നിയമം അത്തരമൊരു പ്രൊട്ടക്ഷൻ കൂടി കൊടുക്കുന്നുണ്ട്. അത് കൊണ്ട് ഭാര്യയെ ഭർത്താവിനല്ല, പീഡനം നടത്തിയാൽ ഭർത്താവിനെ ഭാര്യക്കാണ് ഇറക്കി വിടാൻ അധികാരമെന്നാണ് തിരിച്ചറിയേണ്ടത്.

ഭർത്താവ് ചിലവിന് തന്നില്ലെങ്കിൽ

ഭർത്താവിനോടൊ അയാളുടെ വീട്ടുകാരോടൊ വഴക്കുണ്ടാക്കേണ്ടി വരുന്ന സ്ത്രീകളുടെ മറ്റൊരു പേടി തനിക്കും കുട്ടികൾക്കും ഇനി ഭർത്താവ് ചിലവിന് തന്നില്ലെങ്കിൽ എന്ത് ചെയ്യുമെന്നതാണ്. കാര്യമായ തൊഴിലൊന്നുമില്ലാത്ത സ്ത്രീകളാണ് ഇങ്ങനെയുള്ള അവസ്ഥയിൽ പെട്ട് പോകുക. വാസ്തവത്തിൽ വിവാഹിതരായ സ്ത്രീകൾക്കും അവരുടെ കുട്ടികൾക്കും ചിലിന് കൊടുക്കേണ്ടത് നിയമപരമായി ഭർത്താവായ പുരുഷൻ്റെ കടമയാണ്.

സി.ആർ.പി.സി 125 വകുപ്പനുസരിച്ച് ജീവിക്കാൻ വകയുള്ള ഒരു പുരുഷൻ അയാളുടെ ഭാര്യക്കും കുട്ടികൾക്കും പ്രായമുള്ള മാതാപിതാക്കൾക്കും ചിലവിന് കൊടുക്കുന്നില്ലെന്ന പരാതി ലഭിച്ചാൽ കോടതിക്കിടപെടാം. ഇത്തരം കേസുകൾ മജിസ്ട്രേറ്റ് കോടതിയിൽ ആണ് ഫയൽ ചെയ്യേണ്ടത്. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ ഭാര്യക്കും കുട്ടികൾക്കും പ്രതിമാസം ജീവനാംശം കൊടുക്കാൻ മജിസ്ട്രേറ്റ് കോടതിക്കുത്തരവിടാം. സാധാരണ ഗതിയിൽ ഒരു കേസ് നടന്ന് തീരാനുള്ള സമയവും ഇവിടെ എടുക്കില്ല. കാരണം കേസിൻ്റെ നോട്ടീസ് എതിർ കക്ഷിക്ക് ലഭിച്ച് 60 ദിവസത്തിനുള്ളിൽ മജിസ്ട്രേറ്റ് ഇടക്കാല ജീവനാംശത്തിന് ഉത്തരവിട്ടിരിക്കണം. പ്രതിമാസം കൊടുക്കേണ്ട പണം ഭർത്താവായ പുരുഷൻ കൊടുക്കാതിരുന്നാൽ മജിസ്ട്രേറ്റിന് അയാൾക്കെതിരെ വാറൻ് പുറപ്പെടുവിക്കാം. എന്നിട്ടും ഉത്തരവനുസരിരിക്കുന്നില്ലെങ്കിൽ പിഴയീടാക്കുകയും ഒരു മാസത്തേക്ക് തടവ് ശിക്ഷ വിധിക്കുകയും ചെയ്യാം. സാധരണ ഗതിയിൽ ഇത്തരം സ്റ്റേജുകളിലേക്കെത്താതെ പുരുഷൻമാർ പണം കോടതിയിൽ അടക്കും എന്നതിനാൽ ചിലവിന് ലഭിക്കില്ല എന്ന പേടി സ്ത്രീകൾക്കുണ്ടാവേണ്ടതില്ല എന്ന് സാരം. കേസ് അവസാനിക്കുമ്പോൾ ഭർത്താവിൻ്റെ വരുമാനം കൂടി കണക്കിലെടുത്ത് കോടതി അന്തിമമായി ഒരു ജീവനാംശവും വിധിക്കും.

അടിയും തൊഴിയുമൊക്കെ ക്രിമിനൽ കുറ്റം 

സ്ത്രീകൾ നേരിടുന്ന മറ്റൊരു പ്രതിസന്ധി തങ്ങളെ അടിക്കാനും തൊഴിക്കാനുമൊക്കെ അവകാശമുണ്ടെന്ന് കരുതുന്ന ഭർത്താക്കന്മാരായ പുരുഷന്മാരാണ്. മലയാള സിനിമയിലെ ഒരു പ്രപ്പോസൽ സീനിൽ പറയുന്നത് പോലെ ഭാര്യമാരെ ചുമ്മാ ചെരുപ്പൂരി കാല് മടക്കി തൊഴിക്കാമെന്ന് അവർ കരുതി പ്പോരുന്നു. മാനസിക പീഡനം തന്നെ നിയമം കുറ്റമായി കാണുമ്പോഴാണ് ശാരീരികമായ ഈ പീഡനമൊക്കെയെന്നോർക്കണം. ഐ.പി.സി 498 A അനുസരിച്ച് ഭർത്താവൊ ഭർത്താവിൻ്റെ ബന്ധുക്കളൊ ഒരു സ്ത്രീയെ ക്രൂരതക്ക് വിധേയമാക്കുന്നത് മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 

ക്രൂരത അഥവാ ക്രുവൽറ്റി എന്നാൽ 

* ഒരു സ്ത്രീയെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികളൊ മാരകമായ മുറിവേൽപ്പിക്കലൊ ശാരീരികവൊ മാനസികവൊ ആരോഗ്യത്തെ ദോഷകരമായി ബാധിക്കലൊ 

* നിയമ വിരുദ്ധമായ വസ്തുവിനൊ മറ്റെന്തെങ്കിലും സെക്യുരിറ്റിക്ക് വേണ്ടിയൊ ഭാര്യയായ സ്ത്രീയെ ഹരാസ്സ് ചെയ്യൽ 

ഇതൊരു ജാമിമില്ലാ കുറ്റമായത് കൊണ്ട് തന്നെ ഭാര്യയായ സ്ത്രീയെ അടിച്ചാൽ ജയിൽ ഗ്യാരൻറിയാണ്. 

സ്ത്രീധന മരണത്തിന് ജീവപര്യന്തം വരെ 

അടുത്തിടെ കേരളത്തിൽ നടന്ന ആത്മഹത്യകളിൽ ഭർത്താക്കന്മാർക്കെതിരെ

ചാർജ് ചെയ്യപ്പെട്ട പ്രധാന വകുപ്പ് ഐ.പി.സി 304 B എന്ന സ്ത്രീധന മരന്നത്തിനുള്ള വകുപ്പായിരുന്നു. ഈ വകുപ്പനുസരിച്ച് വിവാഹം കഴിഞ്ഞ ഒരു സ്ത്രീ പൊള്ളലേറ്റൊ മറ്റൊ മരണപ്പെടുകയും മരണത്തിന് മുമ്പായി അവരെ സ്ത്രീധനത്തിന് വേണ്ടി ഭർത്താവോ ഭർത്താവിൻ്റെ ബന്ധുക്കളൊ ഉപദ്രവിക്കുകയും ചെയ്യുകയാണെങ്കിൽ അത് സ്ത്രീധനവുമായി ബന്ധപ്പെട്ട മരണമാണ്.  വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനകം നടക്കുന്ന സാധരണ മരണങ്ങളെയും നിയമം ഇത്തരത്തിൽ പരിശോധിക്കും. ഇത്തരം മരണങ്ങൾക്ക് കാരണമാകുന്നവർക്ക് ഏഴ് വർഷം മുതൽ ജീവപര്യന്തം വരെയാണ് തടവ് ശിക്ഷ. 

ഒരു കാര്യം കൂടി സൂചിപ്പിച്ച് ലോ പോയിൻ്റിൻ്റെ എപ്പിസോഡ് അവസാനിപ്പിക്കാം. കോവിഡ് കാലം നമ്മുടെ സമ്പദ് വ്യവസ്ഥയെ തകർത്തത് പോലെ തന്നെ നമ്മുടെ കുടുംബ ബന്ധങ്ങളെയും തകർത്തിട്ടുണ്ട്. ഒരു വശത്ത് സാമ്പത്തിക പരാധീനതകൾ കൂടുമ്പോൾ മറു വശത്ത് ലോക്ക് ഡൗൺ മൂലമുള്ള മാനസിക സംഘർഷങ്ങൾ കൊണ്ട് മനുഷ്യർ വീർപ്പ് മുട്ടുന്നു. നിയമത്തിൻ്റെ പഴുതുകൾ ഉപയോഗിച്ച് ജീവിത പങ്കാളിക്കെതിരെ വ്യാജ പരാതികൾ കൊടുക്കുന്നവർ വരെ കുറവല്ല. നിയമം സ്ത്രീകൾക്ക് പിന്തുണ കൊടുക്കുന്നത് പ്രതികാരം ചെയ്യാനല്ല. മറിച്ച് നീതിക്ക് വേണ്ടിയാണ്. സ്ത്രീകൾ തൻ്റെ കുട്ടികളെ വച്ച് ഭർത്താവിനെതിരെ വ്യാജ പോക്സോ കേസുകൾ ഉണ്ടാകുന്നതിൽ ഹൈക്കോടതി തന്നെ പല വട്ടം ആശങ്ക പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ കുട്ടികളുടെ ജീവിതത്തെക്കാൾ വലുതായി തൻ്റെ പ്രതികാരബുദ്ധിയെ കാണുന്നവർക്ക് വേണ്ടത് പ്രൊഫഷണൽ കൗൺസിലിംഗാണ്. മാത്രവുമല്ല, ഇത്തരം വ്യാജക്കേസുകൾ യഥാർത്ഥ ഇരകളെ പോലും സംശയദൃഷ്ടിയോടെ കാണാനാണ് പ്രേരിപ്പിക്കുക.  അത് കൊണ്ട് നിയമം നീതിപൂർവ്വമായി വിനിയോഗിക്കാനും നമ്മൾ പഠിക്കേണ്ടതുണ്ട്.

No stories found.
The Cue
www.thecue.in