അവരെ മറന്നുപോകരുത് ഈ രക്ഷാപ്രവര്‍ത്തകരെയും, പെട്ടിമുടിയില്‍ മണ്ണിനും ചെളിക്കുമിടയില്‍ അറുപതോളം പേര്‍ ജീവനില്ലാതെ കിടപ്പുണ്ടാകും

അവരെ മറന്നുപോകരുത് ഈ
രക്ഷാപ്രവര്‍ത്തകരെയും, പെട്ടിമുടിയില്‍ മണ്ണിനും ചെളിക്കുമിടയില്‍ അറുപതോളം പേര്‍ ജീവനില്ലാതെ കിടപ്പുണ്ടാകും

ഇടുക്കി പെട്ടിമുടിയില്‍ മലയിടിച്ചിലില്‍ ലയം തകര്‍ന്നിടത്ത് നിന്ന് നാല് മൃതദേഹം കൂടി കണ്ടെടുത്തു. മരിച്ചവരുടെ എണ്ണം 22 ആയി. മണ്ണിനടിയില്‍ ശനിയാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് നാല് പേരുടെ ജഡം കണ്ടെടുത്തത്. ടാറ്റാ ടീ കമ്പനിയുടെ രേഖകള്‍ പ്രകാരം 81 ലയത്തില്‍ പേരുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.

പെട്ടിമുടിയില്‍ ഉള്ളവരെയും രക്ഷാപ്രവര്‍ത്തകരെയും മറന്നുപോകരുതെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ടി.സി രാജേഷ് സിന്ധു ഫേസ്ബുക്ക് കുറിപ്പിലൂടെ.

ടി.സി രാജേഷ് സിന്ധുവിന്റെ കുറിപ്പ്

കരിപ്പൂരില്‍ വിമാനാപകടമുണ്ടായിടത്ത് ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയവരെപ്പറ്റിയുള്ള വാഗ്ധോരണികളില്‍ സ്ട്രീം നിറയുകയാണ്. രാത്രി അവര്‍ ഏറെ അധ്വാനിച്ചു, കോവിഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങളെ അവഗണിച്ചു തന്നെ. അവര്‍ സ്നേഹമുള്ളവരാണ്. അഭിനന്ദനം അര്‍ഹിക്കുന്നവരാണ്.

അപ്പോള്‍, അങ്ങകലെ പെട്ടിമുടിയില്‍ മണ്ണിനും ചെളിക്കുമിടയില്‍ അറുപതോളം പേര്‍ ജീവനില്ലാതെ കിടപ്പുണ്ടാകും. അവിടെയും കോവിഡ് ഭീഷണി നിലനില്‍ക്കുന്നുണ്ട്. മണ്ണും കല്ലും മാറ്റിയാലും മണ്ണിനടിയിലായവരെ ഇനി രക്ഷിക്കാനായെന്നു വരില്ല. ഇന്നലെ രാവിലെ അപകട വിവരം കേട്ടപ്പോള്‍തന്നെ മൂന്നാറില്‍ നിന്നും മറയൂരില്‍ നിന്നും രണ്ടും മൂന്നും കിലോമീറ്ററിലേറെ നടന്ന് പെട്ടിമുടിയിലെത്തിയവരുണ്ട്, ദുരിതാശ്വാസപ്രവര്‍ത്തകരായി. മണ്ണിനടിയിലായ ലയങ്ങളില്‍ നിന്ന്, ദിവസവും കാണുന്ന സുഹൃത്തുക്കളേയും ബന്ധുക്കളേയും ഏതുവിധത്തിലും പുറത്തെത്തിക്കാനാകുമോ എന്ന് ടോര്‍ച്ചിന്റെയും പെട്രോമാക്സിന്റെയും വെളിച്ചത്തില്‍ തിരഞ്ഞുമടുത്തവരുണ്ട്. അവരാണ് പത്തിലേറെപ്പേരെ ആശുപത്രിയിലെത്തിച്ചത്. കഴുത്തൊപ്പം ചെളിമണ്ണില്‍ പുതഞ്ഞുകിടന്ന ദീപനെ ഉള്‍പ്പെടെ വലിച്ചൂരിയെടുത്തത്. കുടിക്കാന്‍ വെള്ളമില്ലാതെ, കഴിക്കാന്‍ ഭക്ഷണമില്ലാതെ, ആവശ്യത്തിനു വാഹനമില്ലാതെ മരിച്ചവരെ പുറത്തെടുക്കുമ്പോള്‍ കിടത്താന്‍ ട്രോളിയില്ലാതെ തകരഷീറ്റുകള്‍ കൂട്ടിക്കെട്ടി ചെളിക്കുമീതേ പാതയുണ്ടാക്കി, തകരീറ്റുകള്‍തന്നെ ട്രോളിയാക്കി പെരുമഴയത്ത് അവര്‍ ചെളിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുകയാണ്. മണ്ണില്‍ പൂണ്ടുപോയ സഹജീവികളുടെ വിറങ്ങലിച്ച ശരീരമെങ്കിലും കിട്ടുമോയെന്നറിയാന്‍.

ഈ ചിത്രത്തിലുള്ളത് അലനാണ്. അപകടവിവരമറിഞ്ഞ് രാവിലെ പെട്ടിമുടിയിലേക്കുപോയശേഷം തിരിച്ചെത്തിയതാണ്. ശരീരത്തില്‍ നിന്ന് പത്തിലേറെ അട്ടകളെ പെറുക്കിക്കളഞ്ഞത് വീട്ടിലെത്തിയശേഷം. അലനെപ്പോലെ എത്രയോ പേര്‍! കുളയട്ടകള്‍ ഇഴഞ്ഞുകയറി ശരീരത്തിലെ രക്തം കുടിക്കുന്നതുപോലും അവരറിയുന്നില്ല. അത്യാവേശത്തിലല്ല, നിര്‍വ്വികാരരായാണ് അവര്‍ അവിടെ സേവനം ചെയ്യുന്നത്.

അഭിനന്ദിക്കേണ്ട, സ്നേഹിക്കേണ്ട... പക്ഷേ, അവരെ നിങ്ങള്‍ മറന്നുപോകരുത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വെള്ളിയാഴ്ച മലയടിച്ചിലുണ്ടായ രാജമല പെട്ടിമുടിയില്‍ ശനിയാഴ്ച രാവിലെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍. ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. ഇരുട്ടും പ്രതികൂല കാലാവസ്ഥയും മൂലം വെള്ളിയാഴ്ച രാത്രിയോടെ തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. കാഴ്ച തടസ്സപ്പെട്ടതോടെയാണ് തിരച്ചില്‍ നിര്‍ത്തിയത്.

അവരെ മറന്നുപോകരുത് ഈ
രക്ഷാപ്രവര്‍ത്തകരെയും, പെട്ടിമുടിയില്‍ മണ്ണിനും ചെളിക്കുമിടയില്‍ അറുപതോളം പേര്‍ ജീവനില്ലാതെ കിടപ്പുണ്ടാകും
എന്താണ് ടേബിള്‍ ടോപ് റണ്‍വേ? കരിപ്പൂരില്‍ ലാന്‍ഡിംഗിലെ വെല്ലുവിളിയെന്തൊക്കെ?

Related Stories

No stories found.
logo
The Cue
www.thecue.in