മലയോരമേഖലയില്‍ ദുരിതം വിതച്ച് മഴ, വയനാട്ടിലും ഉരുള്‍പൊട്ടല്‍

മലയോരമേഖലയില്‍ ദുരിതം വിതച്ച് മഴ, വയനാട്ടിലും ഉരുള്‍പൊട്ടല്‍

സംസ്ഥാനത്ത് കനത്ത മഴയില്‍ വന്‍ നാശനഷ്ടം. മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 52 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടായിരത്തിലേറെ പേര്‍ ഇതിനോടകം കഴിയുന്നുണ്ട്. വടക്കന്‍ കേരളത്തിലാണ് മഴ കനത്ത ദുരിതം വിതക്കുന്നത്.

കേന്ദ്ര ദുരന്ത നിവാരണ സേനയുടെ ആറ് ടീം ആറ് ജില്ലകളിലായി നിലയുറപ്പിച്ചിട്ടുണ്ട്. മലയോര മേഖലയിലാണ് മഴയുടെ തീവ്രത കൂടുതല്‍.

വയനാട് ജില്ലയില്‍ മേപ്പാടി മുണ്ടകൈ മലയില്‍ ഉരുള്‍പൊട്ടലുണ്ടായി. പുലര്‍ച്ചെയാണ് മല വെള്ളപ്പാച്ചിലില്‍ ഉരുള്‍ പൊട്ടിയത്. പ്രദേശത്തു നിന്നും ആളുകളെ നേരത്തെ മാറ്റി പാര്‍പ്പിച്ചിരുന്നു. പുഞ്ചിരി മട്ടം ആദിവാസി കോളനിക്ക് സമീപമാണ് ഉരുള്‍പൊട്ടിയത്. ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.

ഭൂതത്താന്‍ കെട്ട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ പെരിയറിലും ജലനിരപ്പ് ഉയര്‍ന്നു. ആലുവ, ഏലൂര്‍, കടുങ്ങല്ലൂര്‍ പ്രദേശങ്ങളില്‍ താഴ്ന്ന മേഖലകളില്‍ വെള്ളത്തിനടിയിലാണ്. ഈ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവരോട് ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് കുറഞ്ഞെങ്കിലും മഴ തുടരുന്നുണ്ട്. ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍ പഞ്ചായത്തില്‍ നിന്ന് പതിനെട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

കേരളത്തില്‍ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തിയേ തീരൂ. സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്‍കുന്ന സുരക്ഷാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. അപകട സാധ്യതയുള്ള മേഖലകളില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുക. ഈ ഘട്ടത്തില്‍ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യം. അക്കാര്യങ്ങളില്‍ ആരും ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in