'കിറ്റ് വിജയന്‍' വിളിയില്‍ മുഖ്യമന്ത്രിയുടെ മറുപടി, കിറ്റ് സൗജന്യമല്ല ജനങ്ങളുടെ അവകാശം

'കിറ്റ് വിജയന്‍'  വിളിയില്‍ മുഖ്യമന്ത്രിയുടെ മറുപടി, കിറ്റ് സൗജന്യമല്ല ജനങ്ങളുടെ അവകാശം
പിണറായി വിജയൻ 

കൊവിഡ് വ്യാപന കാലത്ത് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് സൗജന്യ കിറ്റ് വിതരണത്തിന്റെ പേരില്‍ കിറ്റ് വിജയന്‍ എന്ന് പരിഹസിക്കുന്നത് എങ്ങനെ നേരിടുന്നുവെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. ഈ മഹാമാരിക്കാലത്ത് എല്ലാവരുടെയും ജീവിതം മുന്നോട്ടുപോകണം. അത് ഉറപ്പാക്കാനുള്ള ഒരു വഴി ഇതാണെന്നു കണ്ടു. കിറ്റ് സൗജന്യമാണ് എന്നല്ല, ജനങ്ങളുടെ അവകാശമാണെന്നാണ് സര്‍ക്കാര്‍ കാണുന്നതെന്ന് പിണറായി വിജയന്‍.

ദേശാഭിമാനിക്ക് ഓണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രതികരണം.

കിറ്റ് വിജയന്‍ വിളിയില്‍ പിണറായി വിജയന്‍ പറഞ്ഞത്

അതൊന്നും വ്യക്തിപരമായി ബാധിക്കുന്നതല്ല. ജനങ്ങള്‍ക്ക് വാങ്ങാനും സര്‍ക്കാരിന് കൊടുക്കാനും അമിത താല്‍പ്പര്യമുണ്ടായിട്ടല്ല ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണം ചെയ്യുന്നത്. ഖജനാവ് നിറഞ്ഞു കവിഞ്ഞതുകൊണ്ടുമല്ല. ഈ മഹാമാരിക്കാലത്ത് എല്ലാവരുടെയും ജീവിതം മുന്നോട്ടുപോകണം. അത് ഉറപ്പാക്കാനുള്ള ഒരു വഴി ഇതാണെന്നു കണ്ടു. കിറ്റ് സൗജന്യമാണ് എന്നല്ല, ജനങ്ങളുടെ അവകാശമാണെന്ന് ഞങ്ങള്‍ കാണുന്നു. ആ അവകാശം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്. ആരെങ്കിലും പരിഹസിച്ചതുകൊണ്ടോ അധിക്ഷേപിച്ചതുകൊണ്ടോ ആ കര്‍ത്തവ്യനിര്‍വഹണത്തില്‍നിന്ന് പിന്മാറാനാകില്ലല്ലോ.

പ്രതിസന്ധി കാലത്ത് ജനങ്ങള്‍ പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെ ഭക്ഷണവിതരണ പദ്ധതികള്‍ നടപ്പാക്കിയതില്‍ പരിഹാസം കണ്ടെത്തുന്നവരുടെ സാമൂഹ്യബോധം എത്രമാത്രം അധഃപതിച്ചതായിരിക്കണം! വിശപ്പിന്റെ വിലയറിയുന്നവരുടെ പ്രസ്ഥാനത്തിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണിത്. ആ സര്‍ക്കാരിന് മനുഷ്യര്‍ പട്ടിണി കിടക്കുന്നത് കൈകെട്ടി നോക്കി നില്‍ക്കാനാകില്ല. മനുഷ്യത്വം കൈമോശം വന്നിട്ടില്ലാത്തവരുടെ ഏറ്റവും പ്രധാന ഉത്തരവാദിത്തമാണത്. അതിനിയും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുകൊണ്ടുപോകും. പരിഹാസം അതിന്റെ വഴിക്ക് നടക്കട്ടെ.

The Cue
www.thecue.in