കോവിഡ് വ്യാപനം; തെറ്റിദ്ധരിപ്പിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളോട് ഇന്ത്യ

കോവിഡ് വ്യാപനം; തെറ്റിദ്ധരിപ്പിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളോട് ഇന്ത്യ

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്‍റെ തീവ്രതയെക്കുറിച്ച് ദ ഓസ്ട്രേലിയന്‍ ദിനപത്രം പ്രസിദ്ധീകരിച്ച ലേഖനം വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി, ദിനപത്രത്തിന് ഇന്ത്യയുടെ കത്ത്. ഫിലിപ്പ് ഷേര്‍വെല്‍ ദ ടൈംസില്‍ എഴുതിയ ലേഖനമാണ് ദ ഓസ്ട്രേലിയന്‍ ദിനപത്രത്തിലും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം ശക്തമായതിന് പിന്നാലെ ഓക്‌സിജന്‍, വാക്‌സിന്‍ ക്ഷാമവും ആശുപത്രിയില്‍ അടിസ്ഥാന സൗകര്യത്തിന്റെ ദൗർലഭ്യത്തിനും കാരണം നരേന്ദ്രമോദി സർക്കാരിന്റെ നയങ്ങളാണെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാനരഹിതവും അധിക്ഷേപകരവുമായ കാര്യങ്ങളാണ് ലേഖനത്തിലുള്ളതെന്നാണ് ഇന്ത്യന്‍ ഹൈകമ്മീഷന്‍ പത്രത്തിന്‍റെ എഡിറ്റര്‍- ഇന്‍-ചീഫിനെഴുതിയ കത്തില്‍ പറയുന്നത്.

ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തെ കുറിച്ച് 'ശരിയായ' വിവരങ്ങള്‍ വെച്ച് മറ്റൊരു ലേഖനം പ്രസിദ്ധീകരിക്കണമെന്നും ഭാവിയില്‍ ഇത്തരം അടിസ്ഥാനരഹിതമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും ദി ഓസ്‌ട്രേലിയനോട് ഇന്ത്യ കത്തിലൂടെ ആവശ്യപ്പെട്ടു. കാന്‍ബെറയിലുള്ള ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീണര്‍ പി എസ് കാർത്തികേയനാണ് ഇന്ത്യയ്ക്ക് വേണ്ടി കത്തയച്ചിട്ടുള്ളത്. പത്രത്തിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫ് ക്രിത്‍സന്‍ ഡോറെയെയാണ് കത്തില്‍ അഭിസംബോധന ചെയ്തിട്ടുള്ളത്. ലോകം മുഴുവന്‍ പ്രശംസിച്ച കോവിഡ് പ്രതിരോധത്തിന്‍റെ ഇന്ത്യന്‍ മാതൃകയെ പരിഹസിക്കുകയാണ് ലേഖനമെന്ന് കത്തില്‍ പറയുന്നു. കോവിഡ് പ്രതിരോധത്തിന് ഇന്ത്യയെടുത്ത നടപടികളും അക്കമിട്ട് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്

മോദി ഇന്ത്യയെ സമ്പൂര്‍ണ നാശത്തിലേക്ക് നയിച്ചു എന്ന തലക്കെട്ടിലാണ് ദ ഓസ്ട്രേലിയന്‍ ലേഖനം പ്രസിദ്ധീകരിച്ചത്. കുംഭമേളയും തെരഞ്ഞെടുപ്പ് റാലികളും നടത്തിയത്, കൊറോണ വൈറസ് വകദേഭത്തെ കുറിച്ചുള്ള വിദഗ്ധരുടെ അഭിപ്രായങ്ങള്‍ അവഗണിച്ചത്, മെഡിക്കല്‍ ഓക്‌സിജന്‍റെ ക്ഷാമം തുടങ്ങി നിരവധി വിഷയങ്ങളില്‍ നരേന്ദ്ര മോദിയ്‌ക്കെതിരെ ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട്. മോദിയുടെ അമിത ആത്മവിശ്വാസവും അതിദേശീയവാദവും വാക്‌സിന്‍ വിതരണത്തിലെ കാലതാമസവും ആരോഗ്യമേഖലയിലെ പോരായ്മകളും രോഗം നിയന്ത്രിക്കുന്നതിന് പകരം സാമ്പത്തികരംഗത്തിന് കൂടുതല്‍ പ്രധാന്യം നല്‍കിയതും ലേഖനത്തില്‍ പരാമർശിക്കുന്നു.

No stories found.
The Cue
www.thecue.in