ലതിക സുഭാഷിനെ കോൺഗ്രസ്സിൽ നിന്നും പുറത്താക്കി; ബാലറ്റിലൂടെ സ്ത്രീ സമൂഹം മറുപടി നൽകുമെന്ന് മുൻ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ

ലതിക സുഭാഷിനെ കോൺഗ്രസ്സിൽ നിന്നും പുറത്താക്കി; ബാലറ്റിലൂടെ സ്ത്രീ സമൂഹം മറുപടി നൽകുമെന്ന് മുൻ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ

ഏറ്റുമാനൂർ മണ്ഡലത്തിൽ സ്വതന്ത്രയായി മത്സരിക്കുന്ന മുൻ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമർശം നടത്താൻ മടിയില്ലാത്ത കോൺഗ്രസ് അധ്യക്ഷനിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു പുറത്താക്കൽ നടപടിയോട് ലതികാ സുഭാഷ് പ്രതികരിച്ചത്.  ബാലറ്റിലൂടെ സ്ത്രീ സമൂഹം ഇതിന് മറുപടി പറയുമെന്നും ലതിക പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂര്‍ സീറ്റ് ലഭിക്കാത്തതിൽ ലതിക സുഭാഷ് കെപിസിസി ഓഫീസിന് മുന്നിൽ തലമുണ്ഡനം ചെയ്തുകൊണ്ട് പ്രതിഷേധിച്ചിരുന്നു. പാര്‍ട്ടി സ്ത്രീകളെ പരിഗണിക്കാത്തതില്‍ തലമുടിയുടെ ഒരു ഭാഗവും രാജ്യത്തെയും സംസ്ഥാനത്തെയും സ്ത്രീകളെ പരിഗണിക്കാത്ത നയങ്ങള്‍ക്ക് എതിരെ മറ്റൊരു ഭാഗവും മുറിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു തല മുണ്ഡനം ചെയ്തത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ഉണ്ടായ പ്രതിഷേധങ്ങളിൽ കോൺഗ്രസിനെ ആകെ പിടിച്ചുലച്ച സംഭവമായിരുന്നു കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് മുന്നിൽ ലതികാ സുഭാഷ് നടത്തിയ മൊട്ടയടി. പലവിധ പ്രതിഷേധങ്ങൾ സംസ്ഥാനത്തിന്‍റെ പലമേഖലകളിൽ നിന്ന് ഉയർന്ന് വന്നെങ്കിലും ഏറെ ചർച്ചയായത് ലതികയുടെ പ്രതിഷേധമായിരുന്നു. പിന്നാലെ അതിരൂക്ഷമായ വിമർശനങ്ങളും കോൺഗ്രസ് നേതൃത്വത്തിന് നേരിടേണ്ടിവന്നിരുന്നു.

Related Stories

No stories found.
The Cue
www.thecue.in