പഴയ ബി.ജെ.പിയല്ല, മല്‍സരിക്കാന്‍ ആളെക്കിട്ടാത്ത സാഹചര്യമില്ല; കഴക്കൂട്ടത്ത് മല്‍സരിക്കുമെന്ന സൂചന നല്‍കി ശോഭ സുരേന്ദ്രന്‍

പഴയ ബി.ജെ.പിയല്ല, മല്‍സരിക്കാന്‍ ആളെക്കിട്ടാത്ത സാഹചര്യമില്ല; കഴക്കൂട്ടത്ത് മല്‍സരിക്കുമെന്ന സൂചന നല്‍കി ശോഭ സുരേന്ദ്രന്‍

കഴക്കൂട്ടം അല്ലാതെ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. കഴക്കൂട്ടത്ത് മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ച ശോഭ സുരേന്ദ്രനെ കെ.സുരേന്ദ്രന്‍ വിഭാഗം തഴഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. കേന്ദ്രനേതൃത്വം ഇടപെട്ടാണ് ശോഭ സുരേന്ദ്രനെ വീണ്ടും നിര്‍ദേശിച്ചത്.

ഏത് മണ്ഡലത്തിലും വോട്ട് ഇരട്ടിയാക്കിയ ചരിത്രം മാത്രമാണ് തനിക്കുണ്ട്. കഴക്കൂട്ടത്ത് ബിജെപി വിജയിക്കുമെന്നും ശോഭ സുരേന്ദ്രന്‍ മാതൃഭൂമി ചാനലില്‍ പ്രതികരിച്ചു.

ശോഭ സുരേന്ദ്രന്‍ പറഞ്ഞത്

കേരളത്തില്‍ മത്സരിച്ച ഏത് മണ്ഡലങ്ങളിലും വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് എനിക്കുള്ളത്. കഴക്കൂട്ടത്ത് ബി.ജെ.പി. വിജയിക്കും. ഇന്ത്യയില്‍ ബി.ജെ.പിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ഏറ്റവും കരുത്തനായ നേതാവാണ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യത്തെ നിരാകരിക്കാതെ സ്വീകരിക്കും. മത്സരിക്കാന്‍ മാനസികമായി തയ്യാറെടുത്തു. പഴയ ബി.ജെ.പിയല്ല ഇത്. കഴക്കൂട്ടം ഒഴികെ ഒഴിച്ചിട്ട രണ്ട് സീറ്റുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. പേരുകള്‍ ഉടന്‍ പ്രഖ്യാപിക്കും. മത്സരിക്കാന്‍ ആളെക്കിട്ടാത്ത സാഹചര്യമൊന്നും ബി.ജെ.പിയിലും എന്‍.ഡി.എയിലും ഇന്നില്ല.

ശോഭ സുരേന്ദ്രന്‍ മത്സരരംഗത്തുണ്ടാകുമെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരനെ കഴക്കൂട്ടത്ത് മല്‍സരിപ്പിക്കാനായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആലോചന. കടകംപള്ളി സുരേന്ദ്രനാണ് കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ശബരിമലയിലെ യുവതീപ്രവേശനത്തില്‍ ഭക്തര്‍ക്കെതിരായ നിലപാട് സ്വീകരിച്ചയാളാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെന്നും ശബരിമല ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന മണ്ഡലം കൂടിയായിരിക്കും കഴക്കൂട്ടമെന്നും ശോഭ സുരേന്ദ്രന്‍. ദേവസ്വം മന്ത്രിക്കെതിരായ മത്സരം മുഴുവന്‍ ശബരിമല വിശ്വാസികള്‍ക്കുമായുള്ള പോരാട്ടം കൂടിയാണെന്നും ശോഭ മാധ്യമങ്ങളോട്. ഡോ.എസ്.എസ് ലാല്‍ ആണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

Related Stories

No stories found.
logo
The Cue
www.thecue.in