ഡോളര്‍ കടത്ത് കേസ്; കസ്റ്റംസിന്റെത് മ്ലേച്ഛമായ നീക്കമെന്ന് എ വിജയരാഘവൻ ; കസ്റ്റംസ്‌ ഓഫീസുകളിലേക്ക്‌ നാളെ‌ എല്‍ഡിഎഫ്‌ മാര്‍ച്ച്

ഡോളര്‍ കടത്ത് കേസ്; കസ്റ്റംസിന്റെത് മ്ലേച്ഛമായ നീക്കമെന്ന് എ വിജയരാഘവൻ ; കസ്റ്റംസ്‌ ഓഫീസുകളിലേക്ക്‌ നാളെ‌ എല്‍ഡിഎഫ്‌ മാര്‍ച്ച്

ഡോളര്‍ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന സ്വപ്‍ന സുരേഷിന്റെ രഹസ്യ മൊഴിയെ അടിസ്ഥാനമാക്കിയുള്ള കസ്റ്റംസിന്റെ വെളിപ്പെടുത്തലിനെതിരെ എല്‍ഡിഎഫ്‌. ജയിലില്‍ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ്‌ കസ്റ്റംസ്‌ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിരിക്കുന്നതെന്നും മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ കസ്റ്റംസ്‌ ഓഫീസുകളിലേക്ക്‌ നാളെ‌ എല്‍ഡിഎഫ്‌ മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്ന് എല്‍.ഡി.എഫ് കൺവീനർ എ വിജയരാഘവൻ സോഷ്യൽ മീഡിയയിൽ അറിയിച്ചു. എല്‍ഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന്‌ ബോദ്ധ്യമായപ്പോഴാണ്‌ മ്ലേഛമായ നീക്കം കസ്റ്റംസ്‌ നടത്തുന്നത്‌. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

എ വിജയരാഘവന്റെ ഫേസ്ബുക് പോസ്റ്റ്

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ കസ്റ്റംസ്‌ ഓഫീസുകളിലേക്ക്‌ നാളെ‌ എല്‍ഡിഎഫ്‌ മാര്‍ച്ച്‌ സംഘടിപ്പിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ്‌ സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ്‌ കസ്റ്റംസ്‌ നടത്തുന്നത്. കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ ശനിയാഴ്‌ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലെ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്ക്‌ എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തും.

ജയിലില്‍ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ്‌ കസ്റ്റംസ്‌ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിരിക്കുന്നത്‌. ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ്‌ ഏറ്റെടുത്തിരിക്കുകയാണ്‌. എല്‍ഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന്‌ ബോദ്ധ്യമായപ്പോഴാണ്‌ മ്ലേഛമായ ഈ നീക്കം കസ്റ്റംസ്‌ നടത്തുന്നത്‌. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഡോളര്‍ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ വെളിപ്പെടുത്തിയത് . ജയിലിൽ വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയിൽ വകുപ്പും കസ്റ്റംസ് തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി നിലനിൽക്കുന്നുണ്ട്. ഈ ഹര്‍ജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് ഇപ്പോൾ നിര്‍ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ പറഞ്ഞിരുന്നു. സ്വര്‍ണക്കടത്തിൽ അന്വേഷണം നേരിടുന്ന യുഎഇ കോണ്‍സുലര്‍ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുള്ളത് . മുഖ്യമന്ത്രിക്കും സ്പീക്കറിനും അറബി അറിഞ്ഞിരുന്നില്ല. അതിനാൽ ഇവര്‍ക്കും കോണ്‍സുലര്‍ ജനറലിനുമിടയിൽ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നും മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും ഡോളർ കടത്ത് കേസിൽ നേരിട്ട് പങ്കുണ്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

കോണ്‍സുലര്‍ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയെന്ന് സ്വപ്നയുടെ മൊഴിയിൽ പറയുന്നു. അനധികൃത പണമിടപാടുകളാണ് കോണ്‍സുലര്‍ ജനറലുമായി ഇവര്‍ നടത്തിയത്. വിവിധ ഇടപാടുകളിൽ ഉന്നതർ കോടിക്കണക്കിന് രൂപ കമ്മിഷൻ കൈപ്പറ്റിയെന്നതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in