പ്രകാശ് കാരാട്ട് ബിജെപിയിലേക്കെന്ന് ചന്ദ്രിക വാര്‍ത്ത, പ്രതിഷേധത്തിന് പിന്നാലെ പിന്‍വലിച്ച് തലയൂരല്‍


പ്രകാശ് കാരാട്ട് ബിജെപിയിലേക്കെന്ന് ചന്ദ്രിക വാര്‍ത്ത, പ്രതിഷേധത്തിന് പിന്നാലെ പിന്‍വലിച്ച് തലയൂരല്‍

പ്രകാശ് കാരാട്ട് ബിജെപിയിലേക്കെന്ന വാര്‍ത്തയില്‍ മലക്കം മറിഞ്ഞ് ചന്ദ്രിക ദിനപത്രം. സിപിഐഎം പി.ബി അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് പാര്‍ട്ടി വേദിയില്‍ നിന്ന് അപ്രത്യക്ഷനായിട്ട് വര്‍ഷങ്ങളായെന്ന് ബി.ജെ.പിയില്‍ ചേരുമെന്നുമായിരുന്നു ചന്ദ്രിക ദിനപത്രത്തിലെ വാര്‍ത്ത. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനവും വ്യാജ വാര്‍ത്തയെ വിശദീകരണവും വന്നതോടെ മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രിക വാര്‍ത്ത പിന്‍വലിച്ചു.

സി.പി.എം കേന്ദ്രങ്ങളില്‍ വാര്‍ത്ത വലിയ ചര്‍ച്ചയായി. പാണക്കാട് ശിഹാബ് തങ്ങളും കുടുംബവും എസ്.ഡി.പി.ഐക്കെന്ന് ചിലര്‍ കമന്റിട്ടു.പൗരത്വ വിഷയത്തിലുള്‍പ്പെടെ പ്രകാശ് കാരാട്ട് സി.പി.എമ്മിനൊപ്പമില്ലെന്ന പ്രചരണം സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു.

എന്നാല്‍ ഡിസംബര്‍ 30ന് എസ്.എഫ്.ഐ പരിപാടി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തതിന്റെ വീഡിയോ മറുപടിയായി സിപിഐഎം സൈബര്‍ ഗ്രൂപ്പുകള്‍ കമന്റുകളില്‍ ഇട്ടു. ഇതിന് പിന്നാലെയാണ് ചന്ദ്രിക വാര്‍ത്ത ഓണ്‍ലൈനില്‍ നിന്നും പിന്‍വലിച്ചത്.

ചന്ദ്രിക നല്‍കിയ റിപ്പോര്‍ട്ടിലെ പ്രധാന ഭാഗങ്ങള്‍

2004ല്‍ യുപിഎ സര്‍ക്കാറിനെ പിന്തുണക്കുമ്പോള്‍ 64 എംപിമാരുണ്ടായിരുന്ന സിപിഎം വിരലിലെണ്ണാവുന്നവരിലേക്ക് ചുരുങ്ങിയത് പ്രകാശ് കാരാട്ടിന്റെ പിടിവാശി മൂലമാണെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനമുണ്ട്. ജനകീയനായിരുന്ന ഹര്‍ക്കിഷന്‍ സിങ് സുര്‍ജിത്തില്‍ നിന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്ത കാരാട്ട് പ്രായോഗിക രാഷ്ട്രീയത്തിന്റെ ബാലപാഠം പോലും അറിയാത്ത ആളായിരുന്നു. സൈദ്ധാന്തിക പിടിവാശികള്‍ മാത്രമാണ് അദ്ദേഹത്തെ നയിച്ചത്. യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതടക്കം കാരാട്ടിന്റെ പിടിവാശിയായിരുന്നു. സംഘപരിവാറിന് വഴിയൊരുക്കാന്‍ കാരാട്ട് നടത്തിയ ആസൂത്രിത നീക്കമാണ് ഇതെന്നും ആരോപണമുണ്ട്. അതിനിടെ കാരാട്ട് ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in