ഔഫ് സിപിഎമ്മിന് വീണുകിട്ടിയ പിടിവള്ളിയെന്ന് മീഡിയാവണ്‍ മാനേജിംഗ് എഡിറ്റര്‍ സി.ദാവൂദ്

ഔഫ് സിപിഎമ്മിന് വീണുകിട്ടിയ പിടിവള്ളിയെന്ന് മീഡിയാവണ്‍ മാനേജിംഗ് എഡിറ്റര്‍ സി.ദാവൂദ്
Summary

മുഖ്യമന്ത്രി കുടുംബത്തെ കണ്ടത് മുസ്ലിം ഗ്രൂപ്പിനെ ഒപ്പം നിര്‍ത്താന്‍

കാഞ്ഞങ്ങാട് കൊലപാതകത്തെ മുന്‍ നിര്‍ത്തി ഒരു മുസ്ലിം ഗ്രൂപ്പിനെ ഒപ്പം നിര്‍ത്താന്‍ പറ്റുമോ എന്നതായിരുന്നു സി.പി.എം ആലോചനയെന്ന് മീഡിയാവണ്‍ മാനേജിംഗ് എഡിറ്റര്‍ സി.ദാവൂദ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഔഫിന്റെ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതും മന്ത്രി ജലീല്‍ വീട് സന്ദര്‍ശിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമായി വേണം വായിക്കാനെന്നും ജമാഅത്തെ ഇസ്ലാമി നിയന്ത്രണത്തിലുള്ള മീഡിയാ വണ്‍ ചാനലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സി.ദാവൂദ്. ഔഫിന്റെ കുടുംബത്തെ മൂസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവറലി തങ്ങള്‍ സന്ദര്‍ശിച്ചത് മുസ്ലീം സമുദായത്തെ ആവേശഭരിതമാക്കിയ രാഷ്ട്രീയ നീക്കമാണെന്നും സി.ദാവൂദ് നിരീക്ഷിക്കുന്നു.

കഴിഞ്ഞ പാര്‍ലമെന്റ്തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായി രൂപപ്പെട്ട പോലുള്ള മുസ്ലിം ഏകീകരണം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടില്ല. അതേസമയം, സി.പി.എം മുസ്ലിം അപരവത്കരണ നയം തന്നെ തുടരുകയാണെങ്കില്‍ അങ്ങിനെയൊരു സാഹചര്യം രൂപപ്പെടാനിടയുണ്ട്. അങ്ങിനെയെങ്കില്‍ മുസ്ലിം സമുദായത്തെ സമ്പൂര്‍ണമായി മാറ്റി നിര്‍ത്തി വിജയിക്കുക എത് സി.പി.എമ്മിന് അത്ര എളുപ്പമായിരിക്കില്ല. അതിനാല്‍ തന്നെ അങ്ങിനെ സംഭവിക്കാതിരിക്കാനുള്ള വഴികളും അവര്‍ തേടും. അതിനിടയില്‍ അവര്‍ക്ക് വീണുകിട്ടിയ വലിയൊരു പിടിവള്ളിയായിരുന്നു കാഞ്ഞങ്ങാട്ടെ കൊലപാതകം. ഔഫിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാക്കി അവതരിപ്പിച്ചതും അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചതും അതിന്റെ ഭാഗമായിരുന്നു

കുഞ്ഞാലിക്കുട്ടി -ഹസന്‍- അമീര്‍ സഖ്യം എന്ന് യു.ഡി.എഫിനെ വിശദീകരിച്ച്, ഹിന്ദു-കൃസ്ത്യന്‍ ഏകീകരണം സൃഷ്ടിച്ചാണ് എല്‍.ഡി.എഫ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും സി.ദാവൂദ്. കൃസ്ത്യന്‍ സമുദായത്തിനകത്ത് വിവിധ കാരണങ്ങളാല്‍ രൂപപ്പെടുത്തപ്പെട്ട മുസ്ലിം വിരുദ്ധതയെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ എല്‍ഡിഎഫ് ശ്രമിച്ചു. ജോസ് കെ മാണിയുടെ രംഗപ്രവേശവും അവര്‍ക്ക് ഗുണകരമായി. ഇതേ രാഷ്ട്രീയം അസംബ്ലി തെരഞ്ഞടുപ്പിലും തുടരാനാണ് സി.പി.എമ്മിന്റെ തീരുമാനം എന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള പിണറായി വിജയന്റെ പ്രസ്താവനകളില്‍ നിന്ന് തെളിയുന്നതെന്നും ലേഖനം. മുസ്ലിം സമുദായത്തെ അപരവത്കരിക്കുന്ന രാഷ്ട്രീയമാണ് എല്‍ഡിഎഫിന്റേതെന്നും 'കാഞ്ഞങ്ങാട്ടെ തങ്ങള്‍ ഡിപ്ലോമസി' എന്ന ലേഖനത്തില്‍ ജമാഅത്തെ ഇസ്ലാമി സഹയാത്രികന്‍ കൂടിയായ സി.ദാവൂദ് നിരീക്ഷിക്കുന്നു.

സുന്നികള്‍ക്കിടയിലെ തര്‍ക്കത്തില്‍ ഒരു പക്ഷത്തിനൊപ്പം ചേര്‍ന്ന് രാഷ്ട്രീയ ലാഭം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ സി.പി.എം എക്കാലത്തും നടത്തിയിട്ടുണ്ടെന്നും ഇ.കെ-എ.പി വിഭാഗം തര്‍ക്കം സിപിഎം മുതലെടുത്തെന്നും സി.ദാവൂദ്. ''അരിവാള്‍ സുന്നി, വത്തക്ക സുന്നി തുടങ്ങിയ വിളിപ്പേരുകള്‍ എ.പി വിഭാഗത്തിന് ലഭിക്കാന്‍ കാരണം അവരുടെ ഈ ഇടതുപക്ഷ അനുകൂല സമീപനമാണ്. എ.പി വിഭാഗത്തെ ഉപയോഗപ്പെടുത്തി മലബാറിലെ മുസ്ലിംകള്‍ക്കിടയില്‍ കടന്നു കയറാന്‍ പറ്റുമോ എന്നതായിരുന്നു സി.പി.എമ്മിന്റെ ആലോചന. എ.പി.-ഇ.കെ സംഘര്‍ഷത്തില്‍ എ.പി പക്ഷത്തിന് പിന്തുണ നല്‍കുകയെന്ന സമീപനവും കടന്ന് പലപ്പോഴും ഇത്തരം സംഘര്‍ഷങ്ങളെ രൂപപ്പെടുത്തുന്നതില്‍ തന്നെ സി.പി.എം പങ്കുവഹിക്കുന്നു എന്ന വിമര്‍ശനവും അവര്‍ക്കെതിരെയുണ്ട്. മലപ്പുറത്തെ താനൂര്‍, ഉണ്യാല്‍ പ്രദേശങ്ങളില്‍ നടന്ന കലാപ സമാനമായ സംഘര്‍ഷങ്ങളെ അങ്ങിനെ നോക്കിക്കാണാവുന്നതാണ്.''

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Summary

mediaone managing editor c davood column on Ouph Abdurehman murder

Related Stories

No stories found.
logo
The Cue
www.thecue.in