മുരളീധരന്റെ നിലപാട് ദൂരൂഹം, സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്രമന്ത്രി രാജി വെക്കണമെന്ന് ഡി.വൈ.എഫ്.ഐ
Kerala News

മുരളീധരന്റെ നിലപാട് ദൂരൂഹം, സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്രമന്ത്രി രാജി വെക്കണമെന്ന് ഡി.വൈ.എഫ്.ഐ

By THE CUE

Published on :

സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ തന്നെയാണെന്നും യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥന്റെ പേരിലാണ് ബാഗേജ് വന്നതെന്നും ധനകാര്യസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ലോക്സഭയില്‍ രേഖാമൂലം അറിയിച്ച സാഹചര്യത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന് അധികാരത്തില്‍ തുടരാനുള്ള അര്‍ഹത ഇല്ലെന്ന് ഡിവൈഎഫ്‌ഐ. സ്വര്‍ണ്ണക്കടത്ത് കേസ് എന്‍ഐഎയെ ഏല്‍പ്പിച്ച ഉത്തരവില്‍ ആഭ്യന്തര മന്ത്രാലയവും നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണ്ണം കടത്തിയതെന്ന് വ്യക്തമാക്കിയിരുന്നു. എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അതിനു ശേഷവും ' നയതന്ത്ര ബാഗേജുവഴിയല്ല സ്വര്‍ണ്ണം കടത്തിയത്' എന്ന തന്റെ നിലപാട് വി.മുരളീധരന്‍ ആവര്‍ത്തിക്കുന്നത് ദുരൂഹമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ സാധാരണ നിലയിലുള്ള സ്വര്‍ണ്ണക്കടത്ത് മാത്രമാണിതെന്ന് വരുത്തിത്തീര്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സത്യമറിഞ്ഞിട്ടും മന്ത്രി ഇങ്ങനെ നിലപാട് സ്വീകരിച്ചത് കേസിനെ ലഘൂകരിക്കാനാണ്. ഇത് സത്യപ്രതിജ്ഞ ലംഘനമാണെന്നും ഡിവൈഎഫ്‌ഐ. നേരത്തെ സിപിഐഎമ്മും വി മുരളീധരനെതിരെ രംഗത്ത് വന്നിരുന്നു

ഡിവൈഎഫ്‌ഐയുടെ പ്രസ്താവന

സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിൽ തന്നെയാണെന്നും യുഎഇ കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥന്റെ പേരിലാണ് ബാഗേജ് വന്നതെന്നും ധനകാര്യസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂർ ലോക്‌സഭയിൽ രേഖാമൂലം അറിയിച്ച സാഹചര്യത്തിൽ ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള അർഹത വി മുരളീധരനില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസ്‌ എന്‍ഐഎയെ ഏല്‍പ്പിച്ച ഉത്തരവില്‍ ആഭ്യന്തര മന്ത്രാലയവും നയതന്ത്ര ബാഗേജ്‌ വഴിയാണ്‌ സ്വര്‍ണ്ണം കടത്തിയതെന്ന്‌ വ്യക്തമാക്കിയിരുന്നു. എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അതിനു ശേഷവും " നയതന്ത്ര ബാഗേജുവഴിയല്ല സ്വർണ്ണം കടത്തിയത്" എന്ന തന്റെ നിലപാട് വി.മുരളീധരന്‍‌ ആവര്‍ത്തിക്കുന്നത് ദുരൂഹമാണ്.‌ സാധാരണ നിലയിലുള്ള സ്വർണ്ണക്കടത്ത് മാത്രമാണിതെന്ന് വരുത്തിത്തീർക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സത്യമറിഞ്ഞിട്ടും മന്ത്രി ഇങ്ങനെ നിലപാട് സ്വീകരിച്ചത് കേസിനെ ലഘൂകരിക്കാനാണ്.‌ ഇത് സത്യപ്രതിജ്ഞ ലംഘനമാണ്.

കൂടാതെ ബിജെപി അനുകൂല ചാനല്‍ മേധാവി അനില്‍ നമ്പ്യാര്‍ സ്വപ്ന സുരേഷിനോട്, സ്വര്‍ണം കടത്തിയത് നയതന്ത്രബാഗേജിലല്ലെന്ന് പറയാന്‍ ആവശ്യപ്പെട്ടതിന്റെ മൊഴിയും പുറത്തുവന്നിരുന്നു. കേസ് പുറംലോകമറിയുന്നതിന് മുമ്പാണ് ഈ ഉപദേശം നല്‍കിയിട്ടുള്ളത്. മാത്രവുമല്ല, കോണ്‍സുലേറ്റ് ജനറലിന് വേണ്ടി ഡിപ്ലോമാറ്റിക് ബാഗേജല്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന വ്യാജരേഖയും തയ്യാറാക്കി നല്‍കാമെന്നും അനില്‍ പറഞ്ഞതായാണ് മൊഴി പുറത്തുവന്നിട്ടുള്ളത്. ഇത്തരത്തില്‍ നയതന്ത്രപരമായ കത്തുകള്‍ തയ്യാറാക്കാന്‍ നയന്ത്ര ഓഫീസുമായി ബന്ധപ്പെട്ടവരുടെ സഹായം ലഭിക്കും എന്നുറപ്പുള്ളതു കൊണ്ടാകാം അനില്‍ ഇത്തരമൊരു ഉപദേശം നല്‍കിയത്. മാത്രവുമല്ല ബിജെപി ഭരിക്കുന്ന കര്‍ണാടകയിലേക്ക് കടക്കുന്നതിന് മുമ്പ് സ്വപ്ന വിളിച്ചതും ഇതേ ചാനല്‍ മേധാവിയെത്തന്നെയാണ്. ഇതെല്ലാം വി മുരളീധരനിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

വി മുരളീധരന്റെ നിര്‍ദ്ദേശപ്രകാരമാണ് അനില്‍ നമ്പ്യാര്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതെന്ന് അന്നുതന്നെ ഡിവൈഎഫ്‌ഐ ആരോപണം ഉന്നയിച്ചിരുന്നു. മാത്രവുമല്ല രണ്ടുപ്രാവശ്യമായി കസ്റ്റംസ് അന്വേഷണ സംഘത്തില്‍ നടത്തിയ അഴിച്ചുപണികള്‍ കേസ് അട്ടിമറിക്കുന്നതിന്റെ ഉദാഹരണമാണ്. ആദ്യം ഒരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയപ്പോള്‍ അതില്‍ കാരണം പോലും ബോധിപ്പിച്ചിരുന്നില്ല. രാജ്യദ്രോഹക്കുറ്റം ആരോപിക്കുന്ന കേസില്‍ കേന്ദ്ര സര്‍ക്കാരിലെ ഉന്നതരുടെ സ്വാധീനവും വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ഒരു നിമിഷംപോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലാത്ത മുരളീധരന്‍ രാജിവയ്ക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

The Cue
www.thecue.in