ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ കോടതി വിധിയെ പിന്തുണക്കുന്നുണ്ടോ? പാലൊളി മുഹമ്മദ് കുട്ടി പറയുന്നു|INTERVIEW

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ കോടതി വിധിയെ പിന്തുണക്കുന്നുണ്ടോ?
പാലൊളി മുഹമ്മദ് കുട്ടി  പറയുന്നു|INTERVIEW

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദ് ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധി കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഹൈക്കോടതി വിധിയെ താങ്കള്‍ എങ്ങിനെയാണ് കാണുന്നത്? സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ താങ്കളുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണല്ലോ കേരളത്തിലെ കാര്യങ്ങള്‍ പഠിച്ചത്.

സച്ചാര്‍ കമ്മീഷനെ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ സ്ഥിതി പരിശോധിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് നിയോഗിച്ചത്.

ആ റിപ്പോര്‍ട്ട് കൊടുത്തപ്പോള്‍ ഇന്ത്യയിലെ മുസ്ലിങ്ങളുടെ പൊതുസ്ഥിതി വളരെ ദയനീയമാണ് എന്നുള്ളത് കമ്മിറ്റി ചൂണ്ടിക്കാണിച്ചു.

അതില്‍ നിന്ന് കുറച്ചുകൂടി വ്യത്യസ്തമാണ് കേരളം എന്നുള്ളത് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാലും കേരളത്തില്‍ വിഷമതകള്‍ അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗമുണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ അന്നത്തെ സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിന് വേണ്ടിയുള്ള ഒരു നിലപാട് സ്വീകരിച്ചു. മറ്റൊരു കമ്മിറ്റിയെ വെച്ചു പരിശോധന നടത്തി അതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് കൊടുക്കാനായിരുന്നു തീരുമാനിച്ചത്.

അത് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. അതില്‍ ന്യൂനപക്ഷങ്ങള്‍, (മുസ്ലിങ്ങളെ) വിഷമത അനുഭവിക്കുന്ന വിഭാഗത്തില്‍ പ്രത്യേകമായി നോട്ട് ചെയ്തു. വിദ്യാഭ്യാസ രംഗത്തുള്ള പിന്നോക്കാവസ്ഥയാണ് ഇതിന്റെ പ്രധാന കാരണമെന്നും കണ്ടെത്തി. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് വേണ്ടി തീരുമാനമെടുത്തു.

അതുപോലെ തന്നെ ഉദ്യോഗസ്ഥ സമൂഹത്തില്‍ ന്യൂനപക്ഷ വിഭാഗത്തിലെ മുസ്ലിങ്ങള്‍ വളരെ കുറവാണ് എന്നുള്ളത് കണ്ടെത്തി. അവര്‍ക്ക് കോച്ചിങ്ങ് സെന്റര്‍ മുഖേന ആ സ്ഥാനത്ത് എത്താന്‍ യോഗ്യത നേടാന്‍ സഹായിക്കുന്ന സംവിധാനങ്ങളുണ്ടാക്കി.

ഇങ്ങനെയുള്ള കാര്യങ്ങള്‍ എല്ലാം ചെയ്യുമ്പോള്‍ തന്നെ നമ്മുടെ സംസ്ഥാനത്തെ മറ്റു ന്യുനപക്ഷ വിഭാഗങ്ങളില്‍ ഇതേ രീതിയില്‍ വിഷമത അനുഭവിക്കുന്ന വിഭാഗമുണ്ടെങ്കില്‍ അവരെയും കൂട്ടത്തില്‍ പരിഗണിക്കാന്‍ തീരുമാനമെടുത്തു. അങ്ങനെയാണ് പരിവര്‍ത്തിക ക്രൈസ്തവ വിഭാഗം ഈ ആനുകൂല്യത്തില്‍ ഉള്‍പ്പെടേണ്ടവരാണെന്ന് കണ്ടെത്തി ചില ആനുകൂല്യങ്ങള്‍ അവര്‍ക്കും പ്രഖ്യാപിച്ചത്.

മുസ്ലിം വിഭാഗത്തിന്റെ പിന്നാക്ക അവസ്ഥമാത്രമല്ല പാലൊളി കമ്മിറ്റി പരിശോധിച്ചത് എന്നാണോ പറയുന്നത്?

ന്യൂനപക്ഷ ക്ഷേമം എന്നുള്ളതാണ് അതിന്റെ ഉദ്ദേശ്യം. ആ ന്യൂനപക്ഷത്തില്‍ ഇവരും പെടുമെന്ന് അര്‍ത്ഥം. ക്രിസ്ത്യന്‍ സമൂഹം പൊതുവെ സമ്പന്നരാണ്.

പക്ഷേ അതില്‍ പരിവര്‍ത്തന വിഭാഗം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണല്ലോ. അവര്‍ക്കും ചില പദ്ധതികള്‍ വേണമായിരുന്നു. അതുകൊണ്ട് ആ വിഭാഗത്തെ സഹായിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് 20 ശതമാനം നീക്കിവെച്ചു. സംസ്ഥാന സര്‍ക്കാരാണ് ന്യൂനപക്ഷ ക്ഷേമത്തിനുള്ള ഫണ്ട് നല്‍കുന്നത്.

പക്ഷേ ഇപ്പോള്‍ വന്നിരിക്കുന്ന കോടതി വിധി ഈ അനുപാതം റദ്ദ് ചെയ്യുമ്പോള്‍ മുസ്ലിം വിഭാഗത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യം നഷ്ടമാകുകയല്ലേ ചെയ്യുന്നത്?

കോടതി ഇത് കണ്ടത് ന്യൂനപക്ഷ വിഭാഗത്തിന് വേണ്ടിയിട്ടുള്ള ഒരു സമിതി രൂപീകരിച്ചു, അതിന് ഫണ്ട് കൊടുത്തു എന്ന രീതിയിലാണ്.

മുസ്ലിങ്ങള്‍ക്ക് 80, ക്രിസ്ത്യാനികള്‍ക്ക് 20 എന്നുള്ള രീതിയിലാണ് അതിനെ കാണുന്നത്. ആ കാഴ്ചപ്പാട് തെറ്റാണ് എന്നുള്ളതാണ്. പ്രധാനമായിട്ടും മുസ്ലിം ന്യൂനപക്ഷത്തിന്റെ പ്രശ്‌ന പരിഹാരത്തിന് വേണ്ടിയാണ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്.

കൂട്ടത്തില്‍ ഈ വിഭാഗത്തെ കൂടി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റി പരിഗണിച്ചു, അത് സര്‍ക്കാര്‍ അംഗീകരിച്ചു എന്നേയൂള്ളൂ.

രജീന്ദര്‍ സച്ചാര്‍
രജീന്ദര്‍ സച്ചാര്‍

അപ്പോള്‍ താങ്കള്‍ കോടതി വിധിയില്‍ അനീതിയുണ്ടെന്നാണ് കാണുന്നത്?

കോടതി വിധി അതിന്റെ എല്ലാ വശങ്ങളും വേണ്ടത്ര പരിഗണിച്ചില്ല എന്നൊരു തോന്നലുണ്ടായി, അത്രയേ ഉള്ളൂ.

താങ്കള്‍ കോടതി വിധിയെ പിന്തുണച്ചു എന്ന റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നല്ലോ?

മാധ്യമങ്ങളില്‍ പറയുന്നതൊന്ന് ചെയ്യുന്നതൊന്ന് എന്ന രീതിയില്‍ ആണല്ലോ വന്നത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ അനുപാതം ഇപ്പോഴുള്ളത് പോലെ തന്നെ മുന്നോട്ട് പോകണമെന്നാണോ താങ്കള്‍ കരുതുന്നത്?

അതെ, പക്ഷേ ഒരു പ്രദേശത്ത് ഏതെങ്കിലും ഒരു പഞ്ചായത്തിന്റെ ഒരു വാര്‍ഡില്‍ മുസ്ലിം ന്യൂനപക്ഷത്തിലെ വീടില്ലാത്ത ഒരാള്‍ക്ക് വീടു കൊടുക്കാന്‍ തീരുമാനിക്കുന്നു. ഈ വീടുവെക്കുന്നതിന് തൊട്ടപ്പുറത്ത് ഇതിനേക്കാള്‍ ദയനീയമായ മറ്റൊരു വിഭാഗവും ഉണ്ടെന്ന് കരുതുക. അപ്പോള്‍ അത് പരിഗണിക്കാതെ ഇത് മാത്രം ചെയ്യാന്‍ കഴിയുമോ?

അതിന് മറ്റു പദ്ധതികള്‍ രൂപീകരിക്കുക എന്നുള്ളതല്ലേ പരിഹാരം, ഈ രണ്ടുകാര്യങ്ങള്‍ തമ്മില്‍ ബന്ധമില്ലല്ലോ?

ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടിയിട്ടുള്ള കമ്മിറ്റിയാണ് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചത്. സച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ മുസ്ലിങ്ങളുടെ പ്രശ്‌നം മാത്രമാണ് പറയുന്നത്. ആ മുസ്ലിം വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന പ്രവര്‍ത്തനം സംസ്ഥാനത്ത് നടക്കുമ്പോള്‍, ഇതേ സംസ്ഥാനത്ത് ഈ പരിഷ്‌കാര നടപടികള്‍ വരുന്ന സമയത്ത് ജീവിക്കുന്ന ജനങ്ങളുടെ തൊട്ടപ്പുറത്ത് ജീവിക്കുന്നവരാണല്ലോ മറ്റവരും.

അതുകൊണ്ട് അവരുടെ മേഖലയിലും ചില സഹായങ്ങള്‍ ചെയ്യുന്നതിന് വേണ്ടി തീരുമാനിച്ചു, എന്നുള്ളതേ ഉള്ളൂ. ഇത് ക്രിസ്ത്യാനികളെ പദ്ധതിയായിട്ട് മാറുന്നില്ല. മുസ്ലിങ്ങളെ അവഗണിക്കുന്നില്ല. മുസ്ലിങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് മറ്റൊരിടത്ത് കൊടുക്കുന്നു എന്നുള്ള നിലപാടുമില്ല.

80-20 എന്നുള്ള അനുപാതത്തില്‍ എങ്ങനെയാണ് എത്തിയത്?

ഈ ഫണ്ടില്‍ നിന്നുള്ള ഇരുപത് ശതമാനം മുസ്ലിം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചു. ഇരുപത് കൊടുക്കുമ്പോള്‍ സ്വാഭാവികമായും അപ്പുറത്തുള്ളവര്‍ക്ക് 80 വരുമല്ലോ. ഉത്തരവില്‍ 80:20 എന്നില്ല.

ഈ അനുപാതം തന്നെ തുടരണമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണോ താങ്കള്‍ കരുതുന്നത്?

അതിപ്പോള്‍ കോടതി വിധി വന്നല്ലോ. അതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിച്ച് ആവശ്യമായിട്ടുള്ള നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞല്ലോ. അത് സ്വീകരിക്കട്ടേ.

ഇതിനകത്ത് ലീഗ് രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി എന്ന് താങ്കള്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ട് കണ്ടിരുന്നു?

ഞാന്‍ നിങ്ങളോട് സംസാരിച്ച ഈ കാര്യം ഇതില്‍ നിന്ന് വ്യത്യാസപ്പെട്ട രീതിയില്‍ നിങ്ങള്‍ കൊടുത്താല്‍ പിന്നെ പത്രത്തില്‍ വരുമല്ലോ.

താങ്കളുടെ കൃത്യമായ നിലപാട് ഒന്നു വിശദമാക്കാമോ?

കൃത്യമായ നിലപാട് പറഞ്ഞാല്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ പൊതുവായിട്ടുള്ള പ്രശ്‌നങ്ങളെ കമ്മിറ്റി അഡ്രസ് ചെയ്യുന്നുണ്ട്. അങ്ങനെ രണ്ട് വിഭാഗമേ സംസ്ഥാനത്തുള്ളൂ, അതില്‍ പ്രധാനം ക്രിസ്ത്യന്‍ വിഭാഗവും മുസ്ലിം വിഭാഗവുമാണ്.

മറ്റുള്ളവര്‍ കുറച്ച് മാത്രമേ ഉള്ളൂ. മുസ്ലിം വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ കേരളത്തില്‍ പഠിച്ചപ്പോള്‍ ഇതേ രീതിയിലുള്ള അവശതകള്‍ അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അവരെയും കൂടി ഇക്കാര്യത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് ഇരുപത് ശതമാനം നീക്കിവെച്ചത്.

മുസ്ലിം വിഭാഗത്തെ കുറിച്ചു പഠിക്കാനുള്ള കമ്മിറ്റിയില്‍ മറ്റുള്ളവരെ കൂടി ഉള്‍പ്പെടുത്തി എന്നാണല്ലോ താങ്കള്‍ പറയുന്നത്? അപ്പോള്‍ മുസ്ലിം വിഭാഗത്തിന്റെ വിമര്‍ശനം ന്യായമല്ലേ?

അര്‍ഹതപ്പെട്ടത് എന്ന് പറയുമ്പോള്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അത് അംഗീകരിച്ച് സംസ്ഥാന സര്‍ക്കാരുകളോട് നടപ്പിലാക്കാന്‍ ആവശ്യപ്പെട്ട് ഫണ്ടും കൊടുക്കുമ്പോള്‍ മാത്രമാണ് അത് ഇപ്പറയുന്ന വിധത്തില്‍ ആകുക.

ഇത് സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നാണ് കൊടുക്കുന്നത്. അതുകൊണ്ട് വിവേചനം വരുന്നത് ശരിയല്ല. അവശത പേറുന്ന മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും പരിഗണിക്കണം. അതുകൊണ്ടാണ്‌ പത്തിരുപത് ശതമാനം ഫണ്ട് അവര്‍ക്ക് വേണ്ടി കൂടി നീക്കിവെക്കണം എന്ന് തീരുമാനിച്ചത്. അവര്‍ക്ക് ഈ ഇരുപത് പോരാ എന്നുമുണ്ട്, ഇവര്‍ക്ക് ഈ ഇരുപത് കൊടുക്കാന്‍ കഴിയില്ല എന്നുമുണ്ട്. ഇരുപത് പതിനെട്ടാക്കണം എന്നോ, 22 ആക്കണം എന്നുള്ളതോ അല്ല പ്രശ്‌നം. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെ കൂടി പരിഗണിക്കണം എന്നുള്ളതാണ് പ്രശ്‌നം.

Related Stories

No stories found.
logo
The Cue
www.thecue.in