സർവ്വകലാശാലകൾ, സാമൂഹിക പുറംതള്ളലിന്റെ ഗവേഷണ കേന്ദ്രങ്ങൾ; ഡോ.കെ എസ് മാധവൻ അഭിമുഖം

സർവ്വകലാശാലകൾ, സാമൂഹിക പുറംതള്ളലിന്റെ ഗവേഷണ കേന്ദ്രങ്ങൾ; ഡോ.കെ എസ് മാധവൻ അഭിമുഖം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസറും ചരിത്രകാരനും, എഴുത്തുകാരനും, പ്രഭാഷകനുമായ ഡോ. കെ എസ് മാധവൻ ഡോ. പി കെ പോക്കറുമൊത്ത് മാധ്യമം പത്രത്തിന്റെ എഡിറ്റോറിയൽ പേജിലെഴുതിയ "സർവകലാശാലകളിൽ നിറഞ്ഞാടുന്ന സംവരണവിരുദ്ധ മാഫിയ' എന്ന ലേഖനത്തിനെതിരെ ഔദ്യോഗിക നടപടി സ്വീകരിക്കുവാൻ ഡോ. കെ എസ് മാധവാന് മെമ്മോ നൽകിയിരിക്കുകയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി.

ഡോ കെ എസ് മാധവൻ ലേഖനത്തിലൂടെ യൂണിവേഴ്‌സിറ്റികളിലെ സംവരണ അട്ടിമറിയെക്കുറിച്ച് എഴുതിയതും ഇത് അന്വേഷിക്കാൻ ജ്യുഡീഷണൽ അനേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതുമാണ് സിൻഡിക്കേറ്റിനേയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയെയും പ്രകോപിപ്പിച്ചിരിക്കുന്നത്. കാരണം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഉൾപ്പെടെയുള്ള ഇന്ത്യയിലെയും കേരളത്തിലെയും സർവ്വകലാശാലകളിൽ വലിയ സംവരണ അട്ടിമറിയും അനധികൃത നിയമനങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെയും കേരളത്തിലെയും സർവ്വകലാശാലകളിലെ ഘടനാപരമായ സാമൂഹിക പുറംതള്ളലിനെയും സംവരണ അട്ടിമറിയേയുമാണ് പൊതുവായി ലേഖനത്തിൽ സൂചിപ്പിച്ചിട്ടുള്ളത്. സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന പകൽ പോലെ വ്യക്തമായ യാഥാർഥ്യമാണിത്. പുരോഗമനക്കാരുടെയും സാമൂഹിക ശാത്രജ്ഞരുടെയും ചരിത്രകാരന്മാരുടെയും ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രമായ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ ( ജെ. എൻ. യു. ) ദലിത് പ്രാതിനിധ്യം 3.29 ശതമാനവും ആദിവാസി പ്രാതിനിധ്യം 1.44 ശതമാനവുമാണ് [1] യഥാർത്ഥത്തിൽ ദലിതർക്ക് 15 ശതമാനവും ആദിവാസികൾക്ക് 7.5 ശതമാനവും സംവരണം ലഭിക്കേണ്ടുന്ന സ്ഥാനത്താണിത്. ഇന്ത്യയിലെ സർവ്വകലാശാലകളിലെ പൊതു ചിത്രമാണിത്. കേരളത്തിലും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. അതിപിന്നോക്ക സാമൂഹിക, സാമ്പത്തിക ജീവിത സാഹചര്യങ്ങളിൽ നിന്നു പഠിച്ചു വളർന്നു മദ്രാസ് ഐ ഐ ടിയിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ രഞ്ജിത്ത് ആർ എന്ന യുവ സ്കോളറെ കാലിക്കറ്റ് സർവ്വകലാശാല ഒഴിവാക്കിയത് ഈയടുത്ത് ഏറെ വിവാദമായിരുന്നു. 'മെറിറ്റ്' ലിസ്റ്റിൽ നാലാം സ്ഥാനത്തുണ്ടായിരുന്നിട്ടും നാല് ഒഴിവുകൾ ഉണ്ടായിട്ടും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഡോ. രഞ്ജിത്തിനെ സർവ്വകലാശാല ഒഴിവാക്കുകയായിരുന്നു. കാലിക്കറ്റ് സർവ്വകലാശാലയുടെ 52 വർഷത്തെ ചരിത്രത്തിൽ ഇതുവരെ ഒരു ആദിവാസിയെയും അദ്ധ്യാപകനായി നിയമിച്ചിട്ടില്ല എന്ന വസ്തുത കൂടി അറിയുമ്പോഴാണ് ഇന്റർനാഷണൽ ജേർണലുകളിൽ ഉൾപ്പെടെ പ്രസിദ്ധീകരണമുള്ള ഡോ.രഞ്ജിത്തിനെ ഒഴിവാക്കിയത്തിന്റെ ഗൗരവം ബോധ്യപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ റാഞ്ചി ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്റിൽ ( ഐ ഐ എം ) അസിസ്റ്റന്റ് പ്രഫസറായി നിയമനം നേടിക്കൊണ്ടാണു ഡോ. രഞ്ജിത്ത് കാലിക്കറ്റ് സർവ്വകലാശാലയ്ക്കും "മെറിറ്റ്" വാദികൾക്കും മറുപടി നല്കിയത്.

കേരളത്തിലെ സർവ്വകലാശാലകളിൽ  വലിയ സംവരണ അട്ടിമറിയാണ് നടക്കുന്നത് എന്നതു ഈ അടുത്ത കാലത്ത് വന്ന കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ പാർട്ടി വക്താക്കളെയും പാർട്ടി കുടുംബ അംഗങ്ങളെയും മാനദണ്ഡങ്ങൾ മറികടന്നുകൊണ്ട് അക്കാദമിക് യോഗ്യത ഇല്ലെങ്കിൽ കൂടി നിയമിക്കുകയാണ് ചെയ്യുന്നത്. കാലിക്കറ്റ് സർവ്വകലാശാലയിൽ ഈ അടുത്ത് നടന്ന നിയമനങ്ങൾ  നോക്കിയാൽ നിയമനം ലഭിച്ചവർ മുഴുവൻ ഇടതുപക്ഷ പാർട്ടി പ്രവർത്തകരോ പാർട്ടി അനുഭാവികളോ ആണെന്ന് കാണാൻ കഴിയും. നിയമനത്തിന് മുൻപ് ഏതൊക്കെ വകുപ്പുകളിലാണ് സംവരണ നിയമനം വരുന്നത് എന്ന റോസ്റ്റർ ( സംവരണ ക്രമവിവരപ്പട്ടിക ) പ്രസിദ്ധപ്പെടുത്താതെ തങ്ങളുടെ താല്പര്യക്കാരെ നിയമിക്കുന്നതിന്, അതനുസരിച്ച് സംവരണ ക്രമവിവരപ്പട്ടിക വിവിധ വകുപ്പുകളിലേക്കായി ക്രമപ്പെടുത്തുകയും ആട്ടിമറിക്കുകയുമാണ് ചെയ്യുന്നത്. കാലിക്കറ്റ് സർവ്വകലാശാല ഇതുവരെ സംവരണ ക്രമവിവരപ്പട്ടിക പുറത്ത് വിട്ടിട്ടില്ല. വിവാദ നിയമനങ്ങൾ കോടതി കയറിയപ്പോൾ സംവരണ ക്രമവിവരപ്പട്ടിക പുറത്ത് വിടാൻ കഴിയുകയില്ലെന്നും അതീവ രഹസ്യസ്വഭാവം ഉള്ളതാണെന്നുമുള്ള വിചിത്രവാദമാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോടതിയിൽ പറഞ്ഞത്. മറ്റൊരു തരത്തിൽ സംവരണം അട്ടിമറി നടത്തുന്നത് മെറിറ്റ് വാദം പറഞ്ഞുകൊണ്ടും മെറിറ്റ് ലിസ്റ്റിൽ അട്ടിമറി നടത്തിക്കൊണ്ടുമാണ്. അർഹതയുണ്ടായിട്ടും ദലിത് - ആദിവാസികൾ മെറിറ്റ് ലിസ്റ്റിൽ വരാതെ സംവരണ ലിസ്റ്റിലേക്ക് മാറ്റാൻ സർവ്വകലാശാലകൾ നിതാന്ത ജാഗ്രത പുലർത്താറുണ്ട്. സംവരണ ലിസ്റ്റിൽ അർഹരായി ഉദ്യോഗാർത്ഥികൾ വന്നാൽ തന്നെ അവരെ നിയമിക്കാൻ പലപ്പോഴും സർവ്വകലാശാലകൾ മടിക്കുകയാണ്. യൂണിവേഴ്‌സിറ്റിയുടെ "അക്കാദമിക് നിലവാരം" തകരും എന്ന ജാതി മെറിറ്റ് വാദമാണ് പലപ്പോഴും ഉന്നയിക്കുന്നത്. ഇത്തരത്തിൽ ഉന്നയിക്കുന്ന അക്കാദമിക് പണ്ഡിതരിൽ പുരോഗമനക്കാരും ഇടതുപക്ഷ ബുദ്ധിജീവികൾ വരെയുണ്ട്. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സംവരണ പ്രശ്‌നം 2010 ൽ ഉയർന്നു വന്നപ്പോൾ ജെ എൻ യുവിൽ സംവരണം നൽകുന്നത് അക്കാദമിക് നിലവാരത്തെ ബാധിക്കുമെന്നും അതുകൊണ്ട് സംവരണം നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് വൈസ് ചാൻസലർക്ക് കത്ത് നൽകിയവരിൽ ഒരാൾ വിപൻ ചന്ദ്രയായിരുന്നു [2] മാർക്സിസ്റ്റ് ചരിത്രകാരനും ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സ് മുൻ പ്രസിഡന്റും ജെ എൻ യു ചരിത്ര പഠനകേന്ദ്രം അധ്യക്ഷനുമായിരുന്ന അതേ വിപൻ ചന്ദ്ര. വിദ്യാഭാസ യോഗ്യത കൂടുന്നതനുസരിച്ചു ജാതി അതിവിദഗ്ദമായി പ്രയോഗിക്കുന്ന അഗ്രഹാരങ്ങളാണ് ഇന്ത്യൻ സർവ്വകലാശാലകൾ.

ഡോ. കെ എസ് മാധവനെതിരായ  യൂണിവേഴ്‌സിറ്റിയുടെ അച്ചടക്ക നടപടി പൗരന് ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനവും ജനാധിപത്യത്തിന്റെ അന്തസത്തയെ ഹനിക്കുന്നതുമാണ്. ജാതികേന്ദ്രീകൃതമായ ഇന്ത്യൻ സാമൂഹികവ്യവസ്ഥയെ ജനാധിപത്യവൽക്കരിക്കാനും നീതിയുക്തമായി പുനർനിർമ്മിക്കാനും ഇന്ത്യയെ സാമൂഹിക ജനാധിപത്യത്തിലേക്ക് വികസിപ്പിക്കാനും കീഴ്ത്തട്ടിൽ നിന്ന് ഉയർന്നു വരുന്ന ജ്ഞാനോത്പാദനവും വൈജ്ഞാനിക ഇടപെടലുകളും എത്രത്തോളം അനിവാര്യമെന്ന് ഡോ. ബി ആർ അംബേദ്കറുടെ ഇടപെടലുകൾ ഇന്ത്യയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് സാമൂഹിക ജാനാധിപത്യത്തിലേക്ക് കടക്കുവാൻ 'അക്കാദമിക് സ്വാതന്ത്യം' സർവ്വകലാശാലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവേഷണ കേന്ദ്രങ്ങളിലും അനിവാര്യവും അടിയന്തിരവുമാണ്. സർവ്വകലാശാലകളിലെ ജാതിയുടെ ഘടനാപരമായ സാമൂഹിക പുറംതള്ളൽ, സംവരണ അട്ടിമറി, ഉൾക്കൊള്ളൽ വിദ്യാഭ്യാസം, കീഴ്ത്തട്ടിൽ നിന്ന് ഉയർന്നു വരുന്ന ജ്ഞാനോത്പാദനം എങ്ങനെയാണ് സാമൂഹിക നീതിയെ ഉറപ്പിക്കുന്നത് തുടങ്ങിയവയെ സംബന്ധിച്ച്  ഡോ. കെ എസ് മാധവൻ സംസാരിക്കുന്നു.

Q

ശിക്ഷാ നടപടികളിലേക്ക് നയിക്കുന്ന ആ ലേഖനമെഴുതുന്ന സന്ദർഭം എന്തൊക്കെയായിരുന്നു ?

A

ആ ലേഖനമെഴുതുന്ന സന്ദർഭം പ്രധാനപ്പെട്ടതാണ്. രണ്ട് കാര്യങ്ങളാണ് അതിൽ പ്രധാനപ്പെട്ടത്. ഒന്നാമത്തേത് ഭരണഘടനയുടെ സാമൂഹിക നീതി സങ്കല്പങ്ങളും ജനാധിപത്യ മൂല്യവിചാരങ്ങളും വെല്ലുവിളിക്കപ്പെടുന്ന സമഗ്രാധിപത്യ രാഷ്ട്രീയ ആശയങ്ങളും പ്രസ്ഥാനങ്ങളും ഇന്ത്യയെ പിടിമുറുക്കുന്ന ഒരു സാഹചര്യം. രണ്ടാമത്തേതായി സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിർമ്മിച്ചെടുത്ത പദ്ധതി ആസൂത്രണ വികസനത്തിനും ക്ഷേമരാഷ്ട്ര സങ്കൽപ്പനത്തിലും അനുസൃതമായ ഒരു മതേതര ജനാധിപത്യ ഉൾക്കൊള്ളൽ വിദ്യാഭ്യാസത്തെ അടിമുടി മാറ്റിമറിച്ചുകൊണ്ട് തികച്ചും കേന്ദ്രീകൃത സ്വഭാവമുള്ളതും വരേണ്യവും ഹിന്ദു ശക്തികൾക്കും കോർപ്പറേറ്റ് മൂലധനത്തിനും അപ്രമാദിത്വം ലഭിക്കുന്നതുമായ പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻ ഇ പി ) നിയമമായി മാറിയിരിക്കുന്ന സന്ദർഭം.

ഈ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഭരണഘടന ഉറപ്പുനൽകുന്ന സംവരണം, അറിവുത്പാദനത്തിൽ പങ്കാളിത്തം ലഭിക്കാനുള്ള പ്രാന്തവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജനാധിപത്യ അവകാശം ഉറപ്പാക്കപ്പെടുന്നില്ല. ജ്ഞാന ഉൽപ്പാദനത്തിലും ജ്ഞാന ഉൽപ്പാദക വിഭാഗങ്ങളായി മാറാനുള്ള കീഴാള ബഹുജനങ്ങളുടെയും മുസ്ലിം ന്യൂനപക്ഷങ്ങളുടെയും അവസര സമത്വത്തെയും സാധ്യതകളെയും ഇല്ലാതാക്കുന്ന കേന്ദ്രീകൃതവും ഹിന്ദുത്വ ആശയങ്ങൾ നിറഞ്ഞതുമായ പദ്ധതികൾക്ക് പ്രാധാന്യം കൊടുക്കുന്ന കേന്ദ്ര വിദ്യാഭ്യാസ പദ്ധതി, ഇതിനെയൊക്കെ മുൻനിർത്തിയാണ് ആ ലേഖനം എഴുതുവാനുള്ള സന്ദർഭം ഉണ്ടായി വരുന്നത്.

Q

സാമൂഹികനീതിയും പങ്കാളിത്തവും ഇന്ത്യയിലെ സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്രത്തോളം നിലനിൽക്കുന്നുണ്ട്?

A

സാമൂഹികപരവും സ്ഥാപനപരവുമായ മേൽകീഴ് വ്യവസ്ഥയുടെ ഭാഗമായി ചരിത്രപരമായി വിഭവങ്ങൾ, അധികാരം, മൂലധനങ്ങൾ, അറിവ് രൂപങ്ങൾ മുതലായവയിൽ നിന്നും പുറത്തായ സമുദായങ്ങളുടെയും ജനതകളുടെയും ജനാധിപത്യ പങ്കാളിത്തം ആധുനിക ഇന്ത്യയിൽ വിവിധ മണ്ഡലങ്ങളിൽ ഉറപ്പാക്കുന്ന അവസര സമത്വ നീതി സങ്കല്പവും പങ്കാളിത്ത പ്രാതിനിധ്യ രാഷ്ട്രീയ വ്യവസ്ഥയുമാണ് ഭരണഘടനാധിഷ്ഠിത ദേശരാഷ്ട്രമായ ഇന്ത്യയിലുള്ളത്. ഈ മൂല്യങ്ങളെയും അതിന്റെ ജനാധിപത്യ ഉള്ളടക്കത്തെയും സാമൂഹ്യനീതി സങ്കല്പത്തെയും എക്കാലത്തും ഇന്ത്യയിലെ വരേണ്യർ ഒരു മൂല്യവ്യവസ്ഥയെന്ന നിലയിലും ഭരണഘടനാസങ്കല്പം എന്ന നിലയിലും എതിർത്തിട്ടുണ്ട്. ആധുനികമായ വിദ്യാഭ്യാസം, വിശിഷ്യ ഉന്നതവിദ്യാഭ്യാസം അറിവിലേക്കും അധികാരത്തിലേക്കുമുള്ള മൂലധനവും ജനാധിപത്യ തുറവിയുമാണ്‌. ഇത്തരം തുറവുകളെയും മൂലധനങ്ങളെയും കീഴാള ബഹുജനങ്ങൾക്ക് ചരിത്രപരമായി നിഷേധിച്ച ഇന്ത്യയിൽ ആധുനിക ഭരണഘടന നിലവിൽ വന്നിട്ടും പങ്കാളിത്ത ജനാധിപത്യത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് പങ്കുവെക്കാൻ കഴിയാത്ത വിധമുള്ള വരേണ്യ മനസ്ഥിതിയാണ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നവരുടെ മുൻവിധികളും സാമൂഹിക മനസ്ഥിതിയുമായി നിലനിൽക്കുന്നത്. ഇവിടെ ചില കാര്യങ്ങൾ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ഒന്നാമതായി ഘടനാപരമായ അസമത്വവും തരംതിരിച്ച വിവേചനവും സാമൂഹികവും വിവിധ തരത്തിലുള്ള സ്ഥാപനപരമായ പുറംതള്ളലുകളും വ്യത്യസ്ത രീതിയിലുള്ള ദൈനംദിന ഹിംസകളുമായിട്ടാണ് ഇന്ത്യയിൽ വളർന്നു വന്നതും ഇപ്പോഴും നിലനിൽക്കുന്നതും.

Q

സാമൂഹിക പുറന്തള്ളലും ഉൾക്കൊള്ളൽ വിദ്യാഭ്യാസവും എങ്ങനെയാണ് പാരസ്പ്പര്യപ്പെടുന്നത് ?

A

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം വിവേചനങ്ങളും പുറന്തള്ളൽ ഹിംസകളും വ്യത്യസ്തമായ രീതിയിൽ വിവിധങ്ങളായ പാർശ്വവത്കൃത സമൂഹങ്ങളുടെ മേൽ പ്രവർത്തിക്കുകയും അടിച്ചേൽപ്പിക്കുകയും ചെയ്യുന്നുണ്ട്. ആധുനിക ജനാധിപത്യ ഭരണകൂടങ്ങളും ഭരണവ്യവസ്ഥകളും പലതരത്തിലുള്ള സംരക്ഷണ നയങ്ങളിലൂടെയും പദ്ധതികളിലൂടെയുമാണ് ഈ പ്രശ്നത്തെ പരിഹരിക്കുന്നത്. ആധുനിക ജനാധിപത്യത്തിന്റെ ആണിക്കല്ലായ തുല്യതയും അവസരസമത്വവും പ്രാതിനിധ്യ പങ്കാളിത്തവും വിദ്യാഭ്യാസ നയങ്ങളിലും ഉന്നത വിദ്യാഭ്യാസരംഗത്തും നടപ്പാക്കി കൊണ്ടാണ് സാമൂഹിക വിവേചനം ഇല്ലാതാകുന്നതും അധികാരത്തിലും വിഭവങ്ങളിലും അറിവ് ഉൽപാദനത്തിലും പങ്കാളിത്തം ഉറപ്പാക്കുന്നതും. ഈ ആശയങ്ങളെ മുൻനിർത്തിയാണ് ഇന്ത്യൻ ഭരണഘടനയിൽ സംവരണ വ്യവസ്ഥകൾ ഉൾച്ചേർത്തിരിക്കുന്നത്. അടച്ചമർത്തപ്പെടുന്ന അടിത്തട്ടു സമുദായങ്ങൾക്ക് മൗലിക അവകാശങ്ങളും തുല്യപൗരത്വവും അവസരസമത്വവും ലഭ്യമാകുന്നത് സംവരണ വ്യവസ്ഥകൾ ശരിയായി നടപ്പാക്കപ്പെടുന്നതിലൂടെയാണ്. സാമൂഹികമായ ഉൾകൊള്ളലും  ഉൾക്കൊള്ളൽ വിദ്യാഭ്യാസവും സാമൂഹിക അസമത്വം കുറയ്ക്കാനും പ്രാതിനിധ്യ പങ്കാളിത്ത ജനാധിപത്യം നിലനിർത്താനും ജ്ഞാനോത്പ്പാദനത്തിൽ തുല്യത ഉറപ്പാക്കി ഒരു വൈജ്ഞാനിക സമൂഹമാക്കി പാർശ്വവത്കൃത സമൂഹങ്ങളെ ശാക്തീകരിക്കാൻ ലക്ഷ്യമിടുന്നതാണ്. ഈ ലക്ഷ്യം മുൻനിർത്തിയാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്തെ സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവേഷണം, അധ്യാപനം തുടങ്ങിയ രംഗങ്ങളിൽ നീതിപൂർവ്വവും ഭരണഘടനാപരവുമായ പ്രാതിനിധ്യം സംവരണീയ സമുദായങ്ങൾക്ക് വ്യവസ്ഥപ്പെടുത്തിയിരിക്കുന്നത്. ഈ സ്ഥാപനങ്ങൾ നിലവിൽ വന്ന കാലം മുതൽ ഈ സമൂഹങ്ങളെ പുറത്തു നിർത്തുന്ന സമീപനമാണ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വരേണ്യർ ‘മെറിറ്റ്’ വാദമെന്ന ജാതി വാദം ഉന്നയിച്ചു നടപ്പാക്കികൊണ്ടിരിക്കുന്നത് .

കേന്ദ്ര സർവകലാശാലകളിലും പല പ്രാദേശിക സർവകലാശാലകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം നേടാൻ കഴിഞ്ഞ കീഴാള-മുസ്ലിം വിദ്യാർത്ഥികൾക്ക് വലിയ രീതിയിലുള്ള ജാതി വിവേചനത്തിനും സാമുദായികമായ പുറത്താക്കപ്പെടലിനും ഇരയാകേണ്ടി വരുന്നു എന്നത് ഒരു യാഥാർത്ഥ്യമായി നിലനിൽക്കുന്നു. ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ കഴിഞ്ഞ പ്രാന്തവത്കൃത സമൂഹങ്ങളിലെ അധ്യാപകർക്കും ഗവേഷകർക്കും പല തരത്തിലുള്ള വിവേചനവും സ്ഥാപനപരമായ അടിച്ചമർത്തലുകളും  അനുഭവിക്കേണ്ടിവരുന്നു. ഒരു ജനാധിപത്യ സമൂഹത്തിൽ ഇത്തരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നീതി, മാനവികത, തുല്യത, സാഹോദര്യം, അവസരസമത്വം തുടങ്ങിയ മൂല്യങ്ങൾ കൊണ്ട് പരിഷ്കരിക്കേണ്ടതുണ്ട്. ഭരണഘടന മൂല്യങ്ങൾ പുലരുന്നതും സാമൂഹിക നീതി നിലനിക്കുന്ന സ്ഥാപനങ്ങളായി ഇവയെ മാറ്റി തീർക്കേണ്ടതുണ്ട്.

സംവരണ വ്യവസ്ഥകൾ കൃത്യമായും സുതാര്യമായും നടപ്പാക്കിക്കൊണ്ട് അദ്ധ്യാപക, വിദ്യാർത്ഥി, ഗവേഷക നിയമനങ്ങളിലും പ്രവേശനത്തിലും ഉറപ്പാക്കി കൊണ്ടു മാത്രമേ ഇത്തരം പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ കഴിയൂ. എല്ലാവരെയും തുല്യരായി കാണാനും വിദ്യാഭ്യാസം ഒരു മൂലധനവും വിഭവവും വിജ്ഞാന സമ്പത്തുമായി കണ്ടുകൊണ്ടുള്ള, അതിനെ പങ്കുവെക്കാനുള്ള വ്യവസ്ഥയായി കാണാനുള്ള ബോധ്യവും കാഴ്ചപ്പാടുമാണ് ഇത്തരം സ്ഥാപനങ്ങളെ ഭരിക്കുന്നവർക്ക് ഉണ്ടാകേണ്ടത്.

Q

സ്ഥാപനപരമായ പുറന്തള്ളൽ സ്ഥാപനപരമായ ഹിംസകളായി അക്കാദമിക് രംഗത്തും ജ്ഞാനോത്പാദന പ്രവർത്തനങ്ങളിലും എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

A

ദളിത് ആദിവാസി സമൂഹങ്ങൾ ഇന്ത്യയിലെ അക്കാദമിക് രംഗത്ത് വിദ്യാർത്ഥികളും ഗവേഷകരുമായി എത്തിച്ചേരുന്നത് വ്യവസ്ഥിതി നിർമ്മിച്ച പ്രതികൂല സാഹചര്യങ്ങളോടും ജീവിത പ്രതിസന്ധികളോടും സമരം ചെയ്തു കൊണ്ടാണ്. സാമൂഹിക വിവേചനങ്ങളുടെയും വിഭവമില്ലായ്മയുടെയും ലോക ഭാരത്തെ മറികടന്ന് ഉന്നതവിദ്യാഭ്യാസരംഗത്ത് എത്തുക എന്നത് സാമൂഹിക വ്യവസ്ഥ അടിച്ചേൽപ്പിച്ച സാമൂഹിക ദുരിതങ്ങളെയും ദൈനംദിന ജീവിതത്തിന്റെ ക്ലേശങ്ങളെയും കൂടെ കുട്ടി കൊണ്ടായിരിക്കും. ജാതി മുൻവിധികളെയും സ്ഥാപനപരമായ ഹിംസകളും ഇത്തരം വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും മേൽ മേൽക്കോയ്മയായി നിലനിർത്തുന്ന അധികാര രൂപങ്ങളെ വ്യക്തിപരമായി മറികടക്കുക  വളരെ പ്രയാസമായിരിക്കും. സാമൂഹികമായ പുറന്തള്ളൽ സ്ഥാപനപരമായിനിലനിൽക്കുന്നതും വിവിധ തരത്തിലുള്ള ഹിംസാരൂപങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലാണ് ഇവർ ഉന്നത വിദ്യാഭ്യാസം ചെയ്യാൻ എത്തുന്നത്.

ദളിത് ആദിവാസികളുടെയും മുസ്ലിം സമൂഹങ്ങളുടെയും ആധുനിക വിദ്യാഭ്യാസ രംഗത്തെ പങ്കാളിത്തം കാണിക്കുന്നത് വ്യവസ്ഥാപരമായി പുറത്താക്കുന്നതും കൊഴിഞ്ഞു പോക്ക് സ്ഥാപനപരമായി സൃഷ്ടിക്കുന്ന തരത്തിലാണ് പല ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യയിൽ പ്രവർത്തിക്കുന്നത് എന്നാണ്. ഈ പ്രശ്നങ്ങളെ മുൻനിർത്തിയുള്ള എന്റെയും പ്രൊഫസർ പി .കെ പോക്കറിന്റെയും കൂട്ടായ പഠനങ്ങളുടെ ചില കണ്ടെത്തലുകൾ ചുരുക്കത്തിൽ അവതരിപ്പിക്കുകയാണ് ഞങ്ങൾ 'മാധ്യമം' പത്രത്തിൽ എഴുതിയ ലേഖനത്തിൽ.

Q

സർവകലാശാലകൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന നിലയിൽ സാമൂഹിക നീതിയെ അട്ടിമറിക്കുന്നത് എങ്ങനെയാണ്?

A

സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും  ജ്ഞാനോത്പാദനവും വിജ്ഞാന പ്രസരണവും നടത്തുന്ന സ്ഥാപനങ്ങളാണ്. ഇന്ത്യയിലെ എല്ലാവിധ ജനവിഭാഗങ്ങൾക്കും അതിൽ പങ്കാളിത്തവും പ്രാതിനിധ്യംവും ലഭിക്കുന്നത് വഴിയാണ് തുല്യ പൗരത്വവും സാമൂഹികനീതിയും ദൈനംദിന ജീവിതത്തിൽ പ്രായോഗികമായി പ്രവർത്തിക്കുകയുള്ളൂ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിശിഷ്യ ഇന്ത്യയിലെ കേന്ദ്രസംസ്ഥാന സർവ്വകലാശാലകൾ മറ്റിതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതലായവയിൽ വിദ്യാർഥി-ഗവേഷക പ്രവേശനങ്ങളിലും അധ്യാപക നിയമനങ്ങളിലും പാർശ്വവത്കൃത സമൂഹങ്ങൾക്ക് സംവരണ വ്യവസ്ഥകൾക്ക് അനുസൃതമായി പങ്കാളിത്തം ലഭിക്കുന്നില്ല എന്നത് വസ്തുനിഷ്ഠമായ ഒരു ഇന്ത്യൻ യാഥാർത്ഥ്യമാണ്. കേരളത്തിലെ സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ പ്രവണതയുണ്ട്. ഇതിനെപ്പറ്റി ഒട്ടനവധി റിപ്പോർട്ടുകളും പഠനങ്ങളും നിലവിലുണ്ട്. തികച്ചും വിവേചനപരവും  ഭരണഘടനാ അവകാശത്തെ ലംഘിക്കുന്നതുമായ പങ്കാളിത്തമില്ലായ്മയെ മുൻനിർത്തി പഠിക്കുന്നതിന്റെ ഭാഗമായിട്ടാണ് അക്കാദമിഷ്യനായ എനിക്ക് ഇത്തരം കാര്യങ്ങൾ പൊതുസമൂഹത്തിൽ സംസാരിക്കേണ്ടി വരുന്നത്. സാമൂഹികനീതി, ഭരണഘടനമൂല്യങ്ങൾ, ജനാധിപത്യം, ഉൾക്കൊള്ളൽ വിദ്യാഭ്യാസം, തുല്യ പൗരത്വം തുടങ്ങിയ കാര്യങ്ങളിൽ അക്കാദമിക രംഗത്തും പൊതുസമൂഹത്തിലും വൈജ്ഞാനികമായി ഇടപെടുന്ന ഒരു അക്കാദമിഷ്യനായ എന്റെ സാമൂഹികമായ ഉത്തരവാദിത്വവും അക്കാദമികമായ ബാധ്യതയുമാണ് ഈ പ്രശ്നങ്ങളെപ്പറ്റി പഠിച്ച് പൊതുസമൂഹത്തിൽ എത്തിക്കുക എന്നത്. ഇന്ത്യയിലെയും കേരളത്തിലെയും പല സർവകലാശാലകളിലെയും അധ്യാപക നിയമനങ്ങളിൽ സാമുദായിക സംവരണ വ്യവസ്ഥകൾ കൃത്യമായി പാലിച്ചു കൊണ്ട് നിയമനങ്ങൾ നടത്താറില്ല.

സംവരണ വിഭാഗങ്ങൾക്ക് ലഭിക്കുന്ന സംവരണ തസ്തികകൾ  വ്യക്തമാക്കുന്ന ‘റോസ്റ്റർ’ ഒരു പൊതു രേഖയാണ് എന്നിരിക്കെ അത് പരസ്യപ്പെടുത്താതെയാണ് കാലിക്കറ്റ് സർവകലാശാലയുൾപ്പെടെ പല സർവകലാശാലകളും നിയമനങ്ങൾ നടത്തിയിട്ടുള്ളത്. ഇതുമൂലം സംവരണീയ വിഭാഗങ്ങൾക്ക് അധ്യാപക നിയമനങ്ങളിൽ സംവരണ നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. പുതിയ പോസ്റ്റുകൾ റിട്ടയർമെന്റിന്റെ ഭാഗമായി ഉണ്ടാകുമ്പോൾ ഇതിനു മുന്നേ ഉണ്ടായ നിയമനങ്ങളിലെ സംവരണ നഷ്ടം പരിഹരിക്കുകയാണ് ചെയ്യേണ്ടത്. എന്നാൽ സംവരണ നഷ്ടം പരിഹരിക്കാതെ സംവരണം ക്രമ വിവരപ്പട്ടികയായ ‘റോസ്റ്റർ’  രഹസ്യമായി സൂക്ഷിക്കുകയും വീണ്ടും സംവരണ നഷ്ടം ഉണ്ടാകുന്ന തരത്തിൽ നിയമനങ്ങൾ നടത്തുകയുമാണ് സർവകലാശാലകൾ ചെയ്യുന്നത്. സംവരണ റോസ്റ്റർ പ്രസിദ്ധപ്പെടുത്താതെയുള്ളതും ഇതുവരെ സംഭവിച്ചിട്ടുള്ള സംവരണ നഷ്ടം പരിഹരിക്കാതെയുള്ള ഏതൊരു നിയമന നടപടികളും ഭരണഘടനയുടെ സംവരണ നിയമങ്ങൾ പ്രകാരം  നീതിയുക്തവും സുതാര്യവും ആയിരിക്കില്ല.

സംവരണത്തിനും സാമൂഹിക നീതിക്കും വേണ്ടി ഞാൻ സംസാരിക്കുന്നതു ഒരു സാമൂഹിക കുറ്റകൃത്യമാണ് എന്ന രീതിയിൽ തെറ്റായ ധാരണ സമൂഹത്തിൽ എന്നെപ്പറ്റി ഉണ്ടാകുന്ന തരത്തിൽ, എന്റെ അക്കാദമിക സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും വിലമതിക്കാത്ത രീതിയിൽ വരേണ്യ സാമൂഹിക ശക്തികളും തല്പര കക്ഷികളും അക്കാദമിക സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്രത്തിനും വേണ്ടി നിലനിൽക്കുന്നതിന് പകരം ഉന്നതവിദ്യാഭ്യാസരംഗത്ത് നടമാടുന്ന സാമൂഹിക അനീതിയോടുള്ള തികഞ്ഞ ഉത്തരവാദിത്യമില്ലായ്മയും സാമൂഹിക നീതിയെപ്പറ്റി ഗവേഷണപഠനങ്ങൾ നടത്തുന്ന അക്കാദമിഷ്യന്മാരോടുള്ള സാമൂഹികവും സ്ഥാപനപരമായ മുൻവിധിയുമാണ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഡോ. കെ എസ് മാധവൻ

Q

യൂണിവേഴ്സിറ്റി സംവിധാനം താങ്കൾ ഉയർത്തിയ പൊതുപ്രശ്നത്തെ എങ്ങനെയാണ് സമീപിക്കുന്നത് ?

A

കേരളത്തിലെ സർവകലാശാലകളിൽ സംവരണ മാനദണ്ഡങ്ങൾ അധ്യാപക നിയമനങ്ങളിൽ പാലിക്കപ്പെടുന്നില്ല എന്നതിനെ സംബന്ധിച്ച് വ്യാപക പരാതികൾ നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ സർവ്വകലാശാലകളിലെ അധ്യാപക നിയമനങ്ങൾ സുതാര്യവും യുജിസിയുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ടും  സർക്കാർ നയങ്ങൾക്കും അനുസൃതമായി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  സംവരണ വ്യവസ്ഥകൾ ഉറപ്പാക്കി നടപ്പാക്കുക എന്ന ഒരു പൊതു ആവശ്യത്തെ മുൻനിർത്തിയാണ് പ്രസ്തുത ലേഖനമെഴുതിയത്.

പ്രസ്തുത ലേഖനത്തിൽ കോഴിക്കോട് സർവകലാശാലയുടെ സൽപ്പേരിന് കളങ്കപ്പെടുത്തുന്ന യാതൊന്നും പരാമർശിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ല. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും കേന്ദ്ര സർവകലാശലകളിലും കേരളത്തിലെ  സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും നടക്കുന്ന അധ്യാപകനിയമനങ്ങളിൽ സംവരണം പാലിക്കപ്പെടാതെ സംവരണം അട്ടിമറിക്കപ്പെടുന്ന നിരന്തര വാർത്തകൾ വരുന്ന സാഹചര്യത്തിൽ സർക്കാർ ഇതിനെ പറ്റി അന്വേഷിച്ചു പരിഹാരം ഉണ്ടാക്കണമെന്ന  പൊതുതാൽപര്യം മുൻനിർത്തിയുള്ളതാണ്  ലേഖനത്തിലെ ആശയങ്ങൾ.

കോഴിക്കോട് സർവകലാശാലയെയോ അധികാരികളെയോ ഞങ്ങളുടെ ലേഖനത്തിൽ മോശമായി പരാമർശിക്കുന്നില്ല. സർവകലാശാലകളിൽ പ്രവർത്തിക്കുന്ന സംവരണവിരുദ്ധ ശക്തികളെ പറ്റിയുള്ള പൊതു പരാമർശം മാത്രമാണ് ലേഖനത്തിലുള്ളത്. സംവരണവും സാമൂഹിക നീതിയും ഉന്നതവിദ്യാഭ്യാസരംഗത്ത് പുലർന്നാൽ മാത്രമേ സാമൂഹ്യമായി പുറന്തള്ളപ്പെട്ട വിഭാഗങ്ങൾക്ക് ഉന്നതവിദ്യാഭ്യാസരംഗത്ത് വിദ്യാർഥികളും ഗവേഷകരും അധ്യാപകരുമായി  എത്താനും അതുവഴി ഉന്നതവിദ്യാഭ്യാസ രംഗം കൂടുതൽ ഉൾകൊള്ളൽ സ്വഭാവമുള്ളതായി നിലനിർത്തിക്കൊണ്ട് ജനാധിപത്യവും സാമൂഹിക സമത്വവും ഉറപ്പാക്കാനും കഴിയൂ എന്ന പൊതു ആശയത്തെയാണ് ലേഖനം മുന്നോട്ടുവയ്ക്കുന്നത്. സർവ്വകലാശാലകൾ ഒരു സിസ്റ്റം എന്ന നിലയിൽ സാമൂഹിക നീതി സങ്കല്പത്താൽ പരിഷ്കരിക്കപ്പെടേണ്ടതുണ്ട്. സംവരണ വ്യവസ്ഥകൾ സുതാര്യമായും കൃത്യമായും നടപ്പാക്കേണ്ടതുമാണ്.

ഉന്നതവിദ്യഭ്യാസരംഗത്തെ സംവരണം, സർവകലാശാലകളിലെ സാമൂഹികനീതി, ഉന്നതവിദ്യാഭ്യാസ രംഗത്തെ തുല്യ അവസരം, ഉന്നതവിദ്യാഭ്യാസ രംഗത്തെ സാമൂഹിക പുറന്തള്ളൽ രീതികൾ എന്നിവയെപ്പറ്റി ഇന്ത്യയിലെ സർവകലാശാലതലത്തിൽ ഒരു പഠനം ഗവേഷണ വിഷയമാകേണ്ടതുണ്ട്.   സംവരണത്തെപ്പറ്റിയുള്ള ഭരണഘടന വ്യവസ്ഥകൾ ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രയോഗത്തിൽ വരുത്തുന്നതിന് യു.ജി.സിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും  മുന്നോട്ടുവയ്ക്കുന്ന ഭരണഘടനാനുസൃതമായ നിർദ്ദേശങ്ങൾ സംവരണ നിയമങ്ങളിൽ പാലിക്കേണ്ടതാണ്.

സംവരണ വ്യവസ്ഥകൾ സുതാര്യമായും ശരിയായ രീതിയിലും നടപ്പാക്കിയാൽ മാത്രമേ വിജ്ഞാന ഉത്പാദനത്തിലും വിതരണത്തിലും പങ്കാളിത്തവും നീതിയും വിതരണം ചെയ്യാൻ കഴിയൂ എന്ന പൊതു ലക്ഷ്യം ആണ് ലേഖനം മുന്നോട്ടുവച്ചിട്ടുള്ളത്. Kerala Government Servants Cunduct Rules ( 1960 ) 58A  60 62 എന്നിവ ലംഘിക്കുക എന്ന ഉദ്ദേശത്തോടെ എഴുതിയതോ ലംഘിക്കുന്ന തരത്തിലുള്ള ഒരു നടപടിയും പ്രസ്തുത ലേഖനത്തിലെ ആശയത്തിനും പ്രസ്തുത ലേഖനം എഴുതുന്ന സന്ദർഭത്തിനും ഇല്ല. മറിച്ച് ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെക്കുന്ന സാമൂഹ്യനീതി, സമുദായയിക സംവരണം, അവസരസമത്വം എന്നീ തത്വങ്ങളെ ഉയർത്തിപ്പിടിക്കുന്നതും സർവകലാശാലകളിൽ പ്രസ്തുത തത്വങ്ങളെ അടിസ്ഥാനമാക്കുന്ന സംവരണ വ്യവസ്ഥകൾ കൃത്യമായും സുതാര്യമായും നടപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുമാണ് ഈ ലേഖനം എഴുതിയിട്ടുള്ളത്.

എന്നാൽ സംവരണത്തിനും സാമൂഹിക നീതിക്കും വേണ്ടി ഞാൻ സംസാരിക്കുന്നതു ഒരു സാമൂഹിക കുറ്റകൃത്യമാണ് എന്ന രീതിയിൽ തെറ്റായ ധാരണ  സമൂഹത്തിൽ  എന്നെപ്പറ്റി ഉണ്ടാകുന്ന തരത്തിൽ, എന്റെ അക്കാദമിക സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും വിലമതിക്കാത്ത രീതിയിൽ വരേണ്യ സാമൂഹിക ശക്തികളും തല്പര കക്ഷികളും അക്കാദമിക സ്വാതന്ത്രത്തിനും  അഭിപ്രായ സ്വാതന്ത്രത്തിനും വേണ്ടി നിലനിൽക്കുന്നതിന് പകരം ഉന്നതവിദ്യാഭ്യാസരംഗത്ത് നടമാടുന്ന സാമൂഹിക അനീതിയോടുള്ള തികഞ്ഞ ഉത്തരവാദിത്വമില്ലായ്മയും സാമൂഹിക നീതിയെപ്പറ്റി ഗവേഷണപഠനങ്ങൾ നടത്തുന്ന അക്കാദമിഷ്യന്മാരോടുള്ള സാമൂഹികവും സ്ഥാപനപരമായ മുൻവിധിയുമാണ്  പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ലേഖനത്തിലൂടെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ സംവരണീയ സമുദായങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. അടിച്ചമർത്തപ്പെട്ട വിപുലമായ ഒരു സമൂഹത്തിനു വേണ്ടി സംസാരിക്കുന്നു എന്നതാണ് എനിക്കിതിരെ തിരിയാൻ ഈ വരേണ്യ ശക്തികളെ പ്രേരിപ്പിക്കുന്നത്.

1. Santhosh S, Joshil K Abraham, Caste Injustice In Jewaharlal Nehru University, EPW

2 .അതേ ലേഖനം

സർവ്വകലാശാലകൾ, സാമൂഹിക പുറംതള്ളലിന്റെ ഗവേഷണ കേന്ദ്രങ്ങൾ; ഡോ.കെ എസ് മാധവൻ അഭിമുഖം
മാധ്യമപ്രവര്‍ത്തനത്തില്‍ സത്യമാണ് പ്രതിരോധം; വിനോദ്.കെ.ജോസ് അഭിമുഖം
സർവ്വകലാശാലകൾ, സാമൂഹിക പുറംതള്ളലിന്റെ ഗവേഷണ കേന്ദ്രങ്ങൾ; ഡോ.കെ എസ് മാധവൻ അഭിമുഖം
ദളിതരുടെ മൂലധനമാണ് ഈ ഭാഷ, ഇതെന്റെ രാഷ്ടീയമാണ്: മൃദുലാദേവി.എസ് അഭിമുഖം

Related Stories

No stories found.
logo
The Cue
www.thecue.in