മാധ്യമപ്രവര്‍ത്തനത്തില്‍ സത്യമാണ് പ്രതിരോധം; വിനോദ്.കെ.ജോസ് അഭിമുഖം

മാധ്യമപ്രവര്‍ത്തനത്തില്‍
സത്യമാണ്
പ്രതിരോധം; വിനോദ്.കെ.ജോസ് അഭിമുഖം
manipalthetalk
Summary

ജനാധിപത്യത്തിന്റെ പില്ലറുകളായി വര്‍ത്തിക്കേണ്ട മിക്ക സ്ഥാപനങ്ങളും ഭരണകൂടത്തിന്റെ വിനീതവിധേയരായി മാറിക്കൊണ്ടിരിക്കുമ്പോള്‍ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഇതേ വഴിയിലേക്കാണ് സഞ്ചരിക്കുന്നത്. ഒഴുക്കിനൊത്ത് സഞ്ചരിക്കുന്ന ഈ പ്രവണതയ്ക്ക് വിരുദ്ധമായി ധീരമായ മാധ്യമപ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്ന ചുരുക്കം ചില മാധ്യമങ്ങളിലൊന്നാണ് കാരവന്‍ മാഗസിന്‍. ജഡ്ജ് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച് ഇവര്‍ പുറത്തുവിട്ട വാര്‍ത്തകള്‍ ഇന്ത്യന്‍ ജുഡീഷ്യറിയില്‍വരെ വലിയ കോലാഹലങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ആഴത്തിലും സുദീര്‍ഘവുമായ വസ്തുതാന്വേഷണ യാത്രയാണ് കാരവന്റെ പ്രത്യേകത. സംഘപരിവാര്‍ യുക്തിയെ നിരന്തരം വിചാരണ ചെയ്യുന്നതുകൊണ്ടണ്ടുതന്നെ ഈ മാധ്യമസ്ഥാപനത്തിനെതിരെ കേസുകളും ആക്രമണങ്ങളും തുടര്‍ക്കഥയാണ്. ഏറ്റവും ഒടുവില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ ഒരു കര്‍ഷകന്റെ മരണം സംബന്ധിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ.ജോസ് അടക്കം സ്ഥാപനത്തിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. പോരാത്തതിന് ഇവരുടെതന്നെ ഒരു ജേര്‍ണലിസ്റ്റിനെ റിപ്പോര്‍ട്ടിങ്ങിനിടയില്‍ അകാരണമായി പിടച്ചുകൊണ്ടുപോയി ജയിലിലടച്ചു. കാരവന്റെ ട്വിറ്റര്‍ അക്കൗണ്ട് തടഞ്ഞുവെച്ചതും ഇതിന്റെ തുടര്‍ച്ചയായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകന്റെ മരണം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് കാരവന്‍ അഭിമുഖീകരിച്ച സംഘര്‍ഷാനുഭവവും അതുസംബന്ധിച്ച നിലപാടുകളും മലയാളിയായ വിനോദ് കെ ജോസ് പങ്കുവെക്കുന്നത്.

Q

റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്ത ഷെയര്‍ ചെയ്തതിന് താങ്കള്‍ അടക്കം നിരവധി ജേര്‍ണലിസ്റ്റുകള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നല്ലോ. അതില്‍ കൂടുതല്‍ പേരും കാരവന്‍ മാസികയിലുള്ളവരായിരുന്നു. അന്നത്തെ അനുഭവം ഒന്നു പറയാമോ. കേസിന്റെ അവസ്ഥയും വിലയിരുത്താമോ?

A

ജനുവരി 26നാണ് കര്‍ഷകന്റെ മരണം സംഭവിക്കുന്നത്. രണ്ട് ദിവസം കഴിഞ്ഞ് 28നാണ് ശശി തരൂര്‍ എം.പിക്കും ഞാന്‍ അടക്കം കാരവനിലെ മൂന്നു ജേര്‍ണലിസ്റ്റുകള്‍ക്കും രാജ്ദീപ് സര്‍ദേശായി അടക്കം മറ്റ് മൂന്ന് ജേര്‍ണലിസ്റ്റുകള്‍ക്കും എതിരെ കേസ് ഉണ്ടെന്ന കാര്യം അറിയുന്നത്. കാരവന്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ ഹര്‍തോഷ് സിങ്ബാല്‍ ആണ് രാത്രി എട്ടരയോടെ എന്നെയിത് അറിയിക്കുന്നത്. അതിനുശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കാര്യം അറിയുന്നു. അഞ്ച് സംസ്ഥാനങ്ങളിലായി പത്തോളം കേസുകള്‍ ഒരേ വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കാര്യം പിറ്റേന്ന് ഉച്ചയോടെ മനസ്സിലാകുന്നു.

ഉടന്‍തന്നെ ഞങ്ങള്‍ കൊടുത്ത വാര്‍ത്തയില്‍ എന്തെങ്കിലും പിശക് പറ്റിയോ എന്ന് ക്രോസ്‌ചെക്ക് ചെയ്യാന്‍ തുടങ്ങി. ഒരു സംഭവം നടന്ന സ്‌പോട്ടില്‍വെച്ച് റിപ്പോര്‍ട്ടര്‍മാര്‍ എങ്ങനെയാണോ വര്‍ക്ക് ചെയ്യുന്നത് അതൊക്കെ പാലിച്ചുകൊണ്ടുതന്നെയാണ് ആ വാര്‍ത്ത ചെയ്തത്. വാര്‍ത്ത പബ്ലിഷ് ചെയ്യുന്നതിന് മുന്‍പ് ഡസ്‌കില്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍, ഫാക്ട് ചെക്കിങ്ങ് എല്ലാം നടത്തിയിട്ടുണ്ട്. വാര്‍ത്തയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് ഉറപ്പ് വരുത്തി. ഇത് ഞങ്ങളെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള കേസാണെന്ന് അതോടെ ഉറപ്പായി. നിമയപരമായി ഇതിനെ എങ്ങനെ നേരിടാം എന്നതിലേക്കായി പിന്നെ ഞങ്ങളുടെ നീക്കം. വിവിധ വക്കീലന്മാരുമായി സംസാരിക്കല്‍, പെറ്റീഷന്‍ തയ്യാറാക്കല്‍ എന്നിവയായിരുന്നു പിന്നീട്. സുപ്രീംകോടതിയില്‍ സമര്‍പ്പിക്കേണ്ട പെറ്റീഷന്‍ ആയിരത്തോളം പേജ് വരുന്നതായിരുന്നു. ഇത്തരം കാര്യങ്ങളിലൂടെതന്നെയാണ് പിന്നീടുള്ള മണിക്കൂറുകളും ദിവസങ്ങളും നീങ്ങിയിരുന്നത്.

പ്രശ്‌നങ്ങള്‍ അവിടെക്കൊണ്ടു നിന്നില്ല. 29ന് വെള്ളിയാഴ്ച രാത്രിയോടെ ഞങ്ങളുടെ കോണ്‍ട്രിബ്യൂട്ടര്‍ ആയ ജേര്‍ണലിസ്റ്റ് മന്‍ദീപ് പുനിയയെ അപ്രതീക്ഷിതമായി കാണാതാവുന്നു. അദ്ദേഹത്തെ പൊലീസ് കൊണ്ടുപോകുകയായിരുന്നു എന്ന് പിന്നീട് അറിയുന്നു. പൊലീസ് വലിച്ചിഴച്ചുകൊണ്ടുപോകുന്ന, മര്‍ദിക്കുന്നതെന്നു തോന്നുന്ന വീഡിയോകള്‍ കാണാനിടയാകുന്നു. ഏത് പൊലീസ് സ്റ്റേഷനിലാണ് അദ്ദേഹം ഉള്ളതെന്ന് മനസ്സിലായില്ല. തണുപ്പുകാലത്ത് രാത്രി വൈകുംവരെ ഡല്‍ഹിയിലെ പൊലീസ് സ്റ്റേഷനുകള്‍ തോറും കയറിയിറങ്ങുകയായിരുന്നു ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍. പിറ്റേന്നാണ് ഏത് സ്റ്റേഷനിലാണ് ഉള്ളതെന്ന് മനസ്സിലായത്. അവനെ പിന്നീട് തീഹാര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. പിന്നെ അവന്റെ ജാമ്യത്തിനുവേണ്ടിയുള്ള നിയമനടപടികള്‍ക്കായിരുന്നു സമയം ചെലവഴിച്ചത്. മൂന്ന് ദിവസത്തിനുശേഷമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. അന്ന് നടന്ന കാര്യങ്ങളുടെ ഭീതിദമായ വിവരണങ്ങള്‍ മന്‍ദീപിന്റെ അഭിമുഖത്തിലൂടെ ഞങ്ങള്‍ പുറത്തറിയിക്കുകയും ചെയ്തു. പോരാത്തതിന് അതേ ജയിലില്‍ പിടിച്ചിടപ്പെട്ട കര്‍ഷകരുമായി സംസാരിച്ച് മന്‍ദീപ് തയ്യാറാക്കിയ സ്റ്റോറിയും പബ്ലിഷ് ചെയ്യാനായി.

മൂന്നാമത് ഉണ്ടായ സംഭവം കാരവന്റെ ട്വിറ്റര്‍ അക്കൗണ്ട് തിങ്കളാഴ്ചയോടെ തടഞ്ഞുവെക്കപ്പെട്ടു എന്നതാണ്. സര്‍ക്കാര്‍ പോളിസി പ്രകാരം സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം തടഞ്ഞുവെക്കുമ്പോള്‍ അത് എന്തുകൊണ്ടാണെന്ന കാര്യം ഞങ്ങളെ അറിയിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അതൊന്നും ഇല്ലാതെയാണ് ഇത് ചെയ്തത്. എന്തുകൊണ്ടാണ് ഞങ്ങള്‍ ട്വിറ്ററില്‍നിന്ന് അപ്രത്യക്ഷമായതെന്ന് വായനക്കാര്‍ക്ക് അറിയില്ലല്ലോ. ആയതിനാല്‍ ട്വിറ്ററിന്റെ സ്‌ക്രീന്‍ ഷോട്ടോടുകൂടി ഇക്കാര്യം ജനങ്ങളെ അറിയിച്ചു. അന്ന് ബജറ്റ് അവതരണ ദിവസമായിട്ടുകൂടി ബജറ്റിന് കിട്ടിയ അതേ പ്രാധാന്യത്തില്‍ കാരവന്റെ ട്വിറ്റര്‍ തടഞ്ഞുവെച്ചത് സോഷ്യല്‍ മീഡിയയിലും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും പടരാന്‍ തുടങ്ങി. ദേശീയതലത്തില്‍ മാത്രമല്ല, അന്താരാഷ്ട്രതലത്തിലും ആ വാര്‍ത്ത വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ അക്കൗണ്ട് ‌വരെ മരവിപ്പിച്ച ട്വിറ്റര്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ മുന്നില്‍ പകച്ചുനില്‍ക്കുകയാണോ എന്ന് തോന്നിയിട്ടാകാം ലോകത്തെതന്നെ പല മാധ്യമപ്രവര്‍ത്തകരും വിഷയം ഏറ്റെടുത്തു. ബി.ബി.സി, ഗാര്‍ഡിയന്‍, അസോസിയേറ്റ് പ്രസ്, എ.എഫ്.പി, ന്യൂയോര്‍ക്ക് ടൈംസ് എന്നിങ്ങനെ വിവിധ പ്രസിദ്ധീകരണങ്ങള്‍ ഈ വാര്‍ത്ത പ്രാധാന്യത്തോടെ കൊടുത്തു.

കര്‍ഷകന്റെ മരണവുമായി ബന്ധപ്പെട്ട് ഞാന്‍ അടക്കം ആറ് മാധ്യമപ്രവര്‍ത്തകര്‍ക്കും ശശി തരൂര്‍ എം.പിക്കും എതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റത്തില്‍ അറസ്റ്റ് തടഞ്ഞുകൊണ്ട് ഫിബ്രവരി 9ന് സുപ്രീംകോടതി വിധി വന്നു. ഏറെ പ്രതീക്ഷ നല്‍കിയ ഈ വിധി വന്ന ദിവസംതന്നെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ലൂയിസ് എം ലിയോണ്‍സ് അവാര്‍ഡ് (conscience and intergrtiy in Journalism for2021) കാരവന് ലഭിച്ചു എന്നതും ആഹ്ലാദം പകരുന്ന കാര്യമാണ്. ആദ്യമായാണ് ഇന്ത്യയിലെ ഒരു മാധ്യമ സ്ഥാപനത്തിന് ഈ അവാര്‍ഡ് ലഭിക്കുന്നത്.

വിനോദ്.കെ.ജോസ്
വിനോദ്.കെ.ജോസ് ഷഫീഖ് താമരശേരി
Q

മാധ്യമങ്ങളെല്ലാം ഭരണകൂടത്തിനനുകൂലമായി മാറുന്ന കാലത്ത് ഇന്ത്യയിലെ ഒറ്റപ്പെട്ട മാധ്യമങ്ങള്‍ മാത്രമേ കര്‍ഷകസമരത്തെ സമഗ്രമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളൂ. അവ ഏതൊക്കെയാണെന്ന് പറയാമോ?

A

കാരവന്‍, ന്യൂസ് ലോണ്‍ട്രി, ദി വയര്‍, സ്‌ക്രോള്‍, ന്യൂസ് ക്ലിക്ക് എന്നിവയാണ് കര്‍ഷകസമരമെന്ന വിഷയം സജീവമായി റിപ്പോര്‍ട്ട് ചെയ്യുകയോ അനലൈസ് ചെയ്യുകയോ ചെയ്യുന്നത്. ഞങ്ങള്‍ക്ക് ഫീല്‍ഡില്‍ ഏഴോ എട്ടോ ജേര്‍ണലിസ്റ്റുകള്‍ ഉണ്ട് പല സ്ഥലങ്ങളിലായി. 46 ജേര്‍ണലിസ്റ്റുകളില്‍ ഈ എട്ട് പേരും കര്‍ഷകസമരം തന്നെയാണ് ശ്രദ്ധിക്കുന്നത്. വലിയ ന്യൂസ് ഇവന്റ് തന്നെയല്ലേ കര്‍ഷകസമരം. നമ്മള്‍ എല്ലാ സ്‌റ്റോറികളും ചെയ്യുന്നില്ല. മാഗസിന്‍ എന്ന നിലയില്‍ സെലക്ടീവായ സ്‌റ്റോറികളേ ചെയ്യുന്നുള്ളൂ, ആഴത്തിലുള്ളത്. വീഡിയോ സ്‌റ്റോറികളും നല്ല ഹിറ്റാകുന്നു.

ഒരുപാട് ആള്‍ട്ടര്‍നേറ്റീവ് മീഡിയകള്‍ രൂപം കൊണ്ടിട്ടുണ്ട്. അവരും ഇത്തരം വാര്‍ത്തകള്‍ ചെയ്യുന്നുണ്ട്. പഞ്ചാബും ഹരിയാനയും ഉള്‍പ്പെടെ സംസ്ഥാനങ്ങളിലെ സജീവവിഷയമായതിനാല്‍ അവിടുത്തെ മാധ്യങ്ങളും കര്‍ഷകസമരം സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരു പാട് യൂട്യൂബ് ചാനലുകളും രംഗത്തുണ്ട്. ചെറുപ്പക്കാരുടെയും മറ്റും നേതൃത്വത്തില്‍ അവരുടേതായ ബ്രോഡ്കാസ്റ്റിങ്ങ് സംവിധാനം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മിക്കവരുടെയും ആന്‍ഡ്രോയിഡ് ഫോണില്‍ ഇന്റര്‍നെറ്റ് ഉള്ളതിനാല്‍ അത്തരത്തില്‍ ന്യൂസ് പ്രചാരണം നടക്കുന്നുണ്ട്.

ഏറെ ചരിത്രമുണ്ടെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങളിലൊന്നുംതന്നെ കൃത്യമായ ട്രെയിനിങ്ങോടെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എപ്പോഴെങ്കിലും നടന്നതായി അറിവില്ല. സര്‍ക്കാര്‍ ഇടപെടുന്ന സമയത്തോ വലിയ കോര്‍പ്പറേറ്റുകള്‍ ഇടപെടുന്ന സമയത്തോ ഇത്തരം സ്ഥാപനങ്ങളില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടക്കാറില്ല.
Q

സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ (റിപ്പബ്ലിക് ദിനത്തില്‍) മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രാഥമിക ധര്‍മം അല്ല ചിലര്‍ നിര്‍വഹിച്ചതെന്ന പൊതുബോധമാണ് നിലവില്‍. കര്‍ഷകന്റെ മരണം സംബന്ധിച്ച് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രാഥമികധര്‍മം എവിടെയെങ്കിലും ലംഘിക്കപ്പെട്ടിട്ടുണ്ടോ?

A

ഞങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയാണെങ്കില്‍ യാതൊരു മുന്‍വിധിയുമില്ലാതെ മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രാഥമിക ധര്‍മങ്ങള്‍ പാലിച്ചുകൊണ്ടുതന്നെയാണ് സ്റ്റോറി ചെയ്തതെന്ന് വ്യക്തമാകും.

കര്‍ഷകന്‍ മരിച്ചെന്ന് അറിഞ്ഞതോടെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടില്ലാത്ത സ്ഥലമായതിനാല്‍ ഞങ്ങളുടെ നാല് ജേര്‍ണലിസ്റ്റുകള്‍ ഉടന്‍തന്നെ അവിടേക്ക് പുറപ്പെട്ടിരുന്നു. മൃതദേഹം അപ്പോഴും റോഡില്‍ കിടക്കുന്നുണ്ടായിരുന്നു. അതിന് സമീപത്തുതന്നെ ഉണ്ടായിരുന്ന ദൃക്‌സാക്ഷികളുമായി ജേര്‍ണലിസ്റ്റുകള്‍ സംസാരിക്കുന്നു. മരിച്ചയാളുടെ വിലാസം, വീട്ടിലെ കാര്യങ്ങള്‍ എന്നിങ്ങനെ വിവിധ വിവരങ്ങള്‍ അവരില്‍നിന്ന് ശേഖരിക്കുന്നു. ഇതെല്ലാം പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഒപ്പം പൊലീസിനെയും കമ്മീഷണറെയും ബന്ധപ്പെടുന്നു. അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഇതൊക്കെയല്ലേ സ്‌പോര്‍ട്ട് റിപ്പോര്‍ട്ടിങ്ങിന്റെ രീതി. ഒരു സംഭവം നടന്നാല്‍ അതില്‍ രണ്ട് ഭാഗത്തുനിന്നും അഭിപ്രായം എടുക്കുമ്പോള്‍ ഒരു ഭാഗത്തുളളവര്‍ പ്രതികരിക്കാതിരിക്കുമ്പോള്‍ അത് വാര്‍ത്തയല്ലാതാകുന്നില്ല. അവര്‍ മറുപടി പറയുന്നില്ല എന്ന് പറഞ്ഞുതന്നെ ആ വാര്‍ത്ത കൊടുക്കാം എന്നതാണ് ഒന്നാമത്തെ കാര്യം.

രണ്ടാമത്തേത്, മൃതദേഹം അവിടെത്തന്നെ കിടക്കുന്നുണ്ട്. അതിലെ മുറിവുകളൊക്കെ നാല് ജേര്‍ണലിസ്റ്റുകള്‍ക്കും കാണാം. മുറിവുകളുടെ ഫോട്ടോ എടുക്കുന്നു. മുമ്പില്‍ വെടിയേറ്റ് പിന്നിലൂടെ പുറത്തേക്ക് പോയി എന്ന് സാക്ഷികള്‍ മൃതദേഹത്തിലെ മുറിവുകള്‍ ചൂണ്ടിക്കാട്ടി പറയുന്നതും പിന്നീട് ബന്ധുക്കള്‍ ഇതേ ആക്ഷേപം ഉന്നയിക്കുന്നതും ജേര്‍ണലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്നാമത്തേത് ഇത് സ്വാഭാവികമായ ട്രാക്ടര്‍ മറിഞ്ഞുള്ള മരണമാണെന്ന് പറയുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഏത്രപേര്‍ മരിച്ചയാളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മുഴുവനായും വായിച്ചിട്ടുണ്ട് എന്നതാണ്? പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത് പറയുന്നു എന്ന് ചുരുക്കത്തില്‍ ക്വാട്ട് ചെയ്യുന്ന എ.എന്‍.ഐയുടെയും പി.ടി,ഐയുടെയും വാര്‍ത്ത വായിച്ച് സ്റ്റോറി ചെയ്യുന്നവര്‍ ഈ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മുഴുവനായും ഒന്ന് വായിക്കണമായിരുന്നു. അതില്‍ ഏതൊക്കെ തരത്തിലുള്ള മുറിവുകളാണ്, എത്ര വലുപ്പമുണ്ട് അതിന്, മുറിവിന്റെ ആഴം എന്നൊക്കെ വിശദമായി എഴുതിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടാണ് പാത്തോളജി വിഭാഗമോ ഫോറന്‍സിക് വിഭാഗമോ അനലൈസ് ചെയ്യാനും പഠിക്കാനുമായി ഉപയോഗിക്കുന്നത്. ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്ന് അടിവരയിട്ട് വാര്‍ത്ത അവസാനിപ്പിക്കുന്ന എത്രപേര്‍ ഈ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പാത്തോളജിസ്റ്റിനോ ഫോറന്‍സിക് വിധഗ്ധര്‍ക്കോ കാണിച്ചശേഷം അവരുടെ അഭിപ്രായം റിപ്പോര്‍ട്ടിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാര്‍ഡിയന്‍ പത്രം അത് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ അത് ചെയ്തിട്ടുണ്ട്. അതിലൊക്കെ മരണകാരണം വെടിയേറ്റതാണെന്ന സംശയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതേ കാര്യം മരിച്ചയാളുടെ കുടുംബാംഗങ്ങളും പറയുന്നു. കുടുംബാംഗങ്ങളുടെ വേര്‍ഷന്‍ ദി വയര്‍ ആണ് ആദ്യം പുറത്തുകൊണ്ടുവന്നത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ബന്ധുവിനോട് സമ്മതിച്ചതാണ് വെടിയേറ്റാണ് മരണമെന്ന്. എന്നാല്‍ അദ്ദേഹത്തിന് കടുത്ത സമ്മര്‍ദ്ദമുള്ളതിനാല്‍ റിപ്പോര്‍ട്ടില്‍ അത് എഴുതാന്‍ പറ്റിയില്ലപോലും. ബുള്ളറ്റുകൊണ്ടാണ് മുറിവെന്ന് എഴുതിയിട്ടില്ലെങ്കിലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുറിവിന്റെ വലുപ്പവും സ്വഭാവവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

സംഭവസ്ഥലത്തുണ്ടായിരുന്ന ആളെ കാണുക. പൊലീസിനെ കാണുക, അവരുടെ അഭിപ്രായം ആരായുക. മുറിവോ മറ്റ് ശാരീരിക പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അതേക്കുറിച്ച് ഡോക്ടറുടെ അഭിപ്രായം എടുക്കുക... ഇതൊക്കെയല്ലേ പത്രപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്? 360 ഡിഗ്രിയില്‍ ഒരു സ്റ്റോറിയെ സമീപിക്കുമ്പോള്‍ ഒറ്റയൊരു ഭാഗം മാത്രം കേട്ടിട്ട് അത് സര്‍ക്കാരിന് അനുകൂലമോ പ്രതികൂലമോ ആയിക്കോട്ടെ ഒരു വിധിനിര്‍ണയത്തില്‍ എത്തുന്നതാണോ ശരി? അതിന്മുന്‍പേ ചില ജോലികള്‍ മാധ്യമപ്രവര്‍ത്തകര്‍ ചെയ്തുതീര്‍ക്കേണ്ടതില്ലേ? ഇവിടെ സംഭവിച്ചിരിക്കാന്‍ സാധ്യതയെന്തെന്നാല്‍ ഏതെങ്കിലും ഏജന്‍സിയുടെ വാര്‍ത്ത വായിച്ച് ഒരു കണ്‍ക്ലൂഷനില്‍ എത്തിയതാകാം. ട്രാക്ടര്‍ ബാരിക്കേഡിനെ ഇടിക്കുന്നതിന്റെയും മറിയുന്നതിന്റെയും ദൃശ്യം എല്ലാവരും കണ്ടിട്ടുണ്ട്. അക്കാര്യം ദക്‌സാക്ഷികളായ കര്‍ഷകരും നിഷേധിക്കുന്നില്ല. ഇതില്‍ രണ്ട് ചോദ്യങ്ങളാണുള്ളത്. ട്രാക്ടര്‍ ഇടിക്കുന്നതും മറിയുന്നതും സത്യമാണെന്നും എന്നാല്‍ അതിന് കാരണം വെടിയേറ്റ് നിയന്ത്രണം വിട്ടതാണെന്ന് ദൃക്‌സാക്ഷികള്‍ പറയുമ്പോള്‍, മുറിവുകളുടെ പ്രത്യേകത പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദുരൂഹമായി കാണുമ്പോള്‍, ബന്ധുക്കളുടെ ഭാഗം കേള്‍ക്കുമ്പോള്‍ അതിനെക്കുറിച്ച് മിണ്ടാതിരക്കുകയാണോ മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്? മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയില്‍ നമ്മളാരും ഇതുവരെ സ്ഥാപിച്ചിട്ടില്ല വെടിയേറ്റാണ് കര്‍ഷകന്‍ മരണപ്പെട്ടതെന്ന്. നിരവധി സാഹചര്യതെളിവുകളും വ്യത്യസ്ത അഭിപ്രായങ്ങളും കൊടുക്കുകമാത്രമാണ് ചെയ്തത്. ഇക്കാര്യങ്ങളൊക്കെ അവതരിപ്പിക്കുന്നതാണ് ജേര്‍ണലിസം എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

രണ്ടാമത്തേത്, ട്രാക്ടര്‍ മറിയുന്നതായി കാണുന്ന വീഡിയോ എവിടുന്ന് വന്നു എന്നതാണ്. അതൊരു പ്രൈമറി സോഴ്‌സ് ആയി വന്നതല്ല. അതിന്റെ സോഴ്‌സ് അന്വേഷിച്ചുപോയപ്പോള്‍ ഏതോ പൊലീസുകാരന്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലീക്ക് ചെയ്ത് കൊടുത്തതാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതുസംബന്ധിച്ച അന്വേഷണത്തിലും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. പിന്നെ ആ ദൃശ്യത്തിന് ആദ്യം നല്ല സ്പീഡും പിന്നീട് സ്പീഡ് കുറയുന്നതുമായി കാണുന്നുണ്ട്. എഡിറ്റ് ചെയ്ത് മാനിപ്പുലേറ്റ് ചെയ്ത വീഡിയോ ആണ് അതെന്ന് സംശയിക്കേണ്ടി വരുന്നു. ഇത് ഫ്രന്റ് സൈഡ് വ്യൂ ആണ്. ബാക്ക് സൈഡ് വ്യൂ ഇല്ല. സൈഡ് വ്യൂ ഇല്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം സൈഡ് വ്യൂ കിട്ടുമായിരുന്ന ആന്ധ്രാ സ്‌കൂളിന്റെ ബില്‍ഡിങ്ങിലെ സി.സി.ടിവി ക്യാമറാ ദൃശ്യങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെന്നതാണ്. ആ വിഷ്വല്‍സ് ലഭിക്കുന്നതിന് അവിടെ കൂടിനിന്നിരുന്ന കൃഷിക്കാര്‍ ബില്‍ഡിങ്ങിനുള്ളിലേക്ക് പോയിരുന്നു. ഈ വിവരം അറിഞ്ഞിട്ടോ മറ്റോ പൊലീസ് അവിടെ എത്തുകയും ആ ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ടു

പോകുകയും ചെയ്തു. അതിലെ വിഷ്വല്‍ പുറത്തുവിടണമെന്ന് പറയുന്നത് തെറ്റാണോ. അതും മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ലേ. ഫ്രന്റ്‌വ്യൂ വിഷ്വല്‍ പുറത്തുവിട്ടത് പൊലീസ് ആണെങ്കില്‍ എന്തുകൊണ്ട്സൈഡ് വ്യൂ വിഷ്വല്‍സ് പുറത്തുവിടുന്നില്ല. ഇത്തരം ചോദ്യങ്ങളല്ലേ ശരിക്കും മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കേണ്ടിയിരുന്നത്?

Q

ഇന്ത്യയില്‍ ഭരണകൂടത്തിനൊപ്പം മാധ്യമപ്രവര്‍ത്തനവും അതല്ലാത്തതും എന്ന വേര്‍തിരിവ് വ്യക്തമായിക്കഴിഞ്ഞു. ഭൂരിപക്ഷവും ഭരണകൂടത്തെ ഭയന്നോ അല്ലെങ്കില്‍ അവര്‍ക്ക് ഒത്താശ ചെയ്‌തോ വാര്‍ത്ത ചെയ്യുന്നവരാണ്. ന്യൂനപക്ഷങ്ങളുടെ കൂടെയാണ് കാരവനുള്ളത്. എത്രകാലം ഇങ്ങനെ മുന്നോട്ടുപോകാനാകും.?

A

ഏറെ ചരിത്രമുണ്ടെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങളിലൊന്നുംതന്നെ കൃത്യമായ ട്രെയിനിങ്ങോടെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എപ്പോഴെങ്കിലും നടന്നതായി അറിവില്ല. സര്‍ക്കാര്‍ ഇടപെടുന്ന സമയത്തോ വലിയ കോര്‍പ്പറേറ്റുകള്‍ ഇടപെടുന്ന സമയത്തോ ഇത്തരം സ്ഥാപനങ്ങളില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടക്കാറില്ല. ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം നടക്കുന്നില്ലെന്ന് മാത്രമല്ല റഗുലറായ ഡവലപ്പിങ്ങ് സ്‌റ്റോറിയുടെ കാര്യത്തില്‍തന്നെ ഗവണ്‍മെന്റിനെ വിമര്‍ശിക്കേണ്ട ഘട്ടത്തില്‍ ഒരു സ്റ്റോറിയുടെ 360 ഡിഗ്രിയിലെ ചിത്രം കൊടുക്കാന്‍ ലഗസി ഓര്‍ഗനൈസേഷനുകള്‍ തയ്യാറാകാറില്ല. അങ്ങനെ ചെയ്താല്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അവര്‍ അഭിമുഖീകരിക്കേണ്ടിവരും എന്നതാണ് പ്രശ്‌നം. പിന്നെ ഞങ്ങളെപ്പോലുള്ളവര്‍ ന്യൂനപക്ഷമാണെന്നതിനാല്‍ അതേക്കുറിച്ച് ഓര്‍ത്ത് ആകുലതയോ ഭയമോ തോന്നാറില്ല. കാരവനിലെ എല്ലാ മാധ്യമപ്രവര്‍ത്തകരും തന്നെ എന്താണ് പത്രപ്രവര്‍ത്തനം എന്ന് മനസ്സിലാക്കിയാണ് കഴിഞ്ഞ 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. ഇത്രയും കാലമായി ജേര്‍ണലിസത്തിന്റെ പ്രത്യേക ഇക്കോസിസ്റ്റം അവരിവിടെ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. അതിനകത്തുനിന്ന് ജോലി ചെയ്യുന്നു. ഓരോ ദിവസവും ഉണ്ടായിവരുന്ന തലവേദനകള്‍ അതിനകത്ത് തന്നെ പരിഹരിക്കപ്പെടുന്നു. അത്തരത്തിലാണ് ഈ തൊഴിലിനെ ഞങ്ങള്‍ സമീപിക്കുന്നത്.

ഇങ്ങനെ വാര്‍ത്ത കൊടുക്കുന്നതിന്റെ പേരില്‍ നമ്മുടെ സ്ഥാപനത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഞങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ ഈയിടെയായി കൂടുകയാണ് ചെയ്തത് എന്നതാണ് പോസിറ്റീവായ മറ്റൊരു കാര്യം. മറ്റുള്ളതില്‍ കാണാതെ പോകുന്ന വാര്‍ത്തകള്‍ ഇതില്‍ വായിക്കാന്‍ കഴിയുന്നു, ആഴത്തിലുള്ള സ്‌റ്റോറികളിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നു എന്ന് വായനക്കാര്‍ തിരിച്ചറിയുന്നുണ്ടാകാം. ഡിജിറ്റല്‍ സബ്‌സ്‌ക്രിപ്ഷന്റെ കാര്യത്തിലും ഡിജിറ്റല്‍ വിത്ത് പ്രിന്റിന്റെ സബ് സ്‌ക്രിപ്ഷന്റെ കാര്യത്തിലും നല്ല വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ നാലഞ്ച് വര്‍ഷമായിട്ട് സബ്‌സ്‌ക്രിപ്ഷന്‍ ഓറിയന്റലായ മോഡലിലാണ് കാരവന്‍ ഇറങ്ങുന്നത്. വരിക്കാര്‍ കൂടുക എന്നാല്‍ ആവശ്യത്തിന് എഡിറ്റോറിയല്‍ സ്വാതന്ത്ര്യം കിട്ടുക എന്നതുതന്നെയാണ്. ഇതേപോലെ വാര്‍ത്തകള്‍ ചെയ്യുന്നതുകൊണ്ടുതന്നെ അത് കിട്ടുന്നുമുണ്ട്. ഫ്രീ ആയും ഫെയര്‍ ആയും റിപ്പോര്‍ട്ടു ചെയ്യുന്നു. അത് വായനക്കാര്‍ നന്നായി സ്വീകരിക്കുന്നു എന്നുമാത്രം. വലിയൊരു സപ്പോര്‍ട്ട് സ്ട്രക്ചര്‍ ഉണ്ടായിവരുന്നതായി കാണുന്നുണ്ട്. ഞങ്ങളുടെ ഈ മാറ്റത്തെ ജനാധിപത്യത്തിന്റെ എവല്യൂഷന്‍ തന്നെയാണ് എന്നും തിരിച്ചറിയേണ്ടതുണ്ട്. ഏതൊക്കെ ഓര്‍ഗനൈസേഷനില്‍നിന്നാണ് ശരിയായ വാര്‍ത്തകള്‍ വരുന്നത് എന്ന് അന്വേഷിക്കുന്ന വായനക്കാരുടെ എണ്ണം അനുദിനം കൂടുന്നത് ജനാധിപത്യപ്രക്രിയയുടെ വികാസംതന്നെയാണ്. നിക്ഷിപ്ത താല്‍പര്യമോ ഭരണകൂട താല്‍പര്യമോ ഇല്ലാത്ത വാര്‍ത്തകളെ അവര്‍ ശ്രദ്ധിക്കുന്നു. പോസിറ്റീവ് ആയ ഇത്തരം കാര്യങ്ങള്‍ തിരിച്ചറിയാന്‍ പറ്റുന്നതിനാല്‍തന്നെ ഞങ്ങള്‍ ന്യൂനപക്ഷമാണോ ഒറ്റപ്പെടുകയാണോ എന്നൊന്നും തോന്നാറില്ല. ഓരോ ദിവസം ഓരോ സ്‌റ്റോറിയിലും ഇടപെടുന്നതും ഇതേ പോസിറ്റീവ് സ്പിരിറ്റോടുകൂടിയാണ്.

എന്റെ കൂടെ ജോലി ചെയ്യുന്നവര്‍ പലരും എത്തീസ്റ്റുകളാണെങ്കിലും ഞാനൊരു ദൈവവിശ്വാസിയാണ്. ഇതിനൊക്കെ എവിടുന്നാണ് ധൈര്യം കിട്ടുന്നതെന്ന് ചോദിച്ചാല്‍ സത്യത്തിനും നീതിക്കുംവേണ്ടിയുള്ള യുദ്ധത്തില്‍ നമ്മള്‍ നമ്മുടെ ജോലി ചെയ്യുന്നു, ബാക്കിയൊക്കെ ദൈവം നോക്കിക്കോളും എന്നൊരു വിശ്വാസമുണ്ട് എന്നില്‍.
Q

കാരവനെ കൂടുതല്‍ ബുദ്ധിമുട്ടിക്കുക എന്നത് സംഘപരിവാര്‍ ഭരണകൂടത്തിന്റെയും പൊലീസിന്റെയും മുഖ്യവിഷയമായിട്ടുണ്ട് എന്നു തോന്നുന്നു. ഇതിന് മുന്‍പും ഒത്തിരി കേസുകള്‍ ഉണ്ടായിട്ടുണ്ട് പൗരത്വ നിയമത്തിനെതിരായ സമരവേളയിലും ഡല്‍ഹി കലാപവേളയിലും എത്രയോ കേസുകള്‍. ഇങ്ങനെ നിര്‍ഭയമായി മുന്നോട്ട് പോകാന്‍ കാരവന്റെ മാനേജ്‌മെന്റ് നല്‍കുന്ന പിന്തുണയെക്കുറിച്ച്.

A

സബ്‌സ്‌ക്രിപ്ഷന്‍ മോഡലിലേക്ക് പൂര്‍ണമായി മാറിയതോടെ പരസ്യത്തെ മാത്രം ആശ്രയിച്ച് പ്രവര്‍ത്തിച്ചിരുന്ന കാലത്തെപോലെ സംഘര്‍ഷം മാധ്യമപ്രവര്‍ത്തനത്തില്‍ ഞങ്ങള്‍ അനുഭവിക്കുന്നില്ല. സാമ്പത്തികമായി ഇന്‍ഡിപ്പെന്റന്റായി മാറുന്നതിനാല്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും പ്രഷര്‍ ഉണ്ടാകുന്നില്ല. പരസ്യങ്ങള്‍ വരുമ്പോഴാണ് ഇത്തരം സമ്മര്‍ദ്ദങ്ങളോ സംഘര്‍ഷങ്ങളോ ഉണ്ടായിരുന്നത്. ആറേഴ് വര്‍ഷമായി പരസ്യക്കമ്പനികള്‍ പലരും നമ്മളെ ഉപേക്ഷിച്ചിരുന്നു. പേടി കാരണമാകാം അവര്‍ പരസ്യം തരാത്തത്. പരസ്യം വരുന്ന ആ കാലത്ത് പ്രഷര്‍ ഉണ്ടായിരുന്നെങ്കിലും പിടിച്ചുനിന്നു, അതിജീവിച്ചു. എന്നാല്‍ ഇപ്പോള്‍ ഒന്നുരണ്ട് വര്‍ഷമായി ഒട്ടും പ്രഷറില്ലാത്ത വര്‍ഷമാണ്. സബ്‌സ്‌ക്രിപ്ഷന്‍ ഗണ്യമായി വര്‍ധിക്കുന്നതിനാല്‍ മാഗസിന്റെ നടത്തിപ്പിനെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ ശ്രദ്ധിക്കേണ്ടതായി വന്നിട്ടില്ല. കണ്ടന്റില്‍ മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളൂ.

Q

വയനാട് സ്വദേശിയായ താങ്കള്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയ മാധ്യമസ്ഥാപനമാണ്(കാരവന്‍) സംഘപരിവാര്‍ ഭരണകൂടത്തിനെ നിരന്തരം പ്രതിരോധത്തിലാക്കിക്കൊണ്ടിരിക്കുന്നത്. നിര്‍ഭയമായ ഈ മാധ്യമപ്രവര്‍ത്തനത്തിന് പിന്നിലെ കരുത്ത് എന്താണ്?

A

എന്റെ കൂടെ ജോലി ചെയ്യുന്നവര്‍ പലരും എത്തീസ്റ്റുകളാണെങ്കിലും ഞാനൊരു ദൈവവിശ്വാസിയാണ്. ഇതിനൊക്കെ എവിടുന്നാണ് ധൈര്യം കിട്ടുന്നതെന്ന് ചോദിച്ചാല്‍ സത്യത്തിനും നീതിക്കുംവേണ്ടിയുള്ള യുദ്ധത്തില്‍ നമ്മള്‍ നമ്മുടെ ജോലി ചെയ്യുന്നു, ബാക്കിയൊക്കെ ദൈവം നോക്കിക്കോളും എന്നൊരു വിശ്വാസമുണ്ട് എന്നില്‍. അത് എനിക്ക് നല്ലൊരു കരുത്തായി എന്നും പിന്നാലെയുണ്ട്. ഞങ്ങള്‍ക്കിടയിലെ ആരെങ്കിലും ബുദ്ധിമുട്ടില്‍ പെട്ടാല്‍ത്തന്നെ ഞങ്ങളുടെ കളക്ടീവ് സ്ട്രംങ്ത് എല്ലാത്തിനെയും ധീരതയോടെ മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്നു. സത്യത്തിനും നീതിക്കുംവേണ്ടിയുള്ള തൊഴില്‍ എന്നതാണല്ലോ മാധ്യമപ്രവര്‍ത്തനത്തിന്റെ കാതല്‍. truth will be best defender. ഇതുതന്നെ വലിയൊരു കരുത്താണ്.

(കടപ്പാട് ചന്ദ്രിക ആഴ്ചപ്പതിപ്പ്)

No stories found.
The Cue
www.thecue.in