ശബരിമല വോട്ടാകുമെന്നത് കോണ്‍ഗ്രസിന്റെ വ്യാമോഹം മാത്രമാണ്; നേട്ടം ബി.ജെ.പിക്കായിരിക്കും: സണ്ണി.എം.കപിക്കാട്

ശബരിമല വോട്ടാകുമെന്നത് കോണ്‍ഗ്രസിന്റെ വ്യാമോഹം മാത്രമാണ്; നേട്ടം ബി.ജെ.പിക്കായിരിക്കും: സണ്ണി.എം.കപിക്കാട്
Summary

കോടതി എന്തുപറഞ്ഞാലും ശരി, നിയമനിര്‍മ്മാണം നടത്തി ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. നവോത്ഥാനത്തോടും സ്ത്രീ സമൂഹത്തോടും തുല്യതാബോധത്തോടുമുള്ള വെല്ലുവിളിയാണ്. കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്നാണ് ഞാന്‍ പറയുന്നത്.

Q

ശബരിമല യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ആയുധം മാത്രമാണോ?

A

തെരഞ്ഞെടുപ്പ് ആയുധം മാത്രമായി തന്നെയാണ് കാണുന്നത്. അതിനപ്പുറം യാതൊരു ലക്ഷ്യവും യു.ഡി.എഫിനില്ല. നിയമനിര്‍മ്മാണം നടത്തുമെന്ന് പറയുന്നത് കേരളീയ ജനതയോടുള്ള വെല്ലുവിളിയാണ്. അതോടൊപ്പം സമത്വബോധത്തോടുള്ള വെല്ലുവിളിയുമായി കാണണം. തെരഞ്ഞെടുപ്പ് വരും പോകും. സ്ത്രീകളുടെ തുല്യതയും നവോത്ഥാന മൂല്യങ്ങളെയും ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് നിര്‍ണായക പങ്കുണ്ടെന്ന് കാണണം. വൈക്കം സത്യാഗ്രഹം പോലുള്ളവ നടത്തി നവോത്ഥാന മൂല്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വലിയ പരിശ്രമം അവര്‍ നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യു.ഡി.എഫ് ശബരിമലയില്‍ സ്ത്രീകളെ കയറ്റാതിരിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്നാണ് പറയുന്നത്. അത് കേരളീയ ജനതയോടുള്ള വെല്ലുവിളിയാണ്. പുതുതലമുറയിലെ കോണ്‍ഗ്രസുകാര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഉദ്ദേശിക്കുന്നത്, അവര്‍ക്ക് കേരളത്തിന്റെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ചരിത്രത്തെക്കുറിച്ച് വലിയ ധാരണയില്ലെന്ന് വ്യക്തമാകുക കൂടിയാണ് ഇതിലൂടെ പുറത്ത് വരുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നില്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടെന്ന നിലപാടായിരുന്നുവെന്ന ബോധമാണ് കോണ്‍ഗ്രസിനുള്ളത്. ഈ തെരഞ്ഞെടുപ്പിലും അത് പ്രധാന സംഗതിയായി ഉയര്‍ത്തി കൊണ്ടുവരാമെന്നാണ് അവര്‍ കരുതുന്നത്. കേരളം ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. ഇടതുപക്ഷം ശബരിമല നിലപാടില്‍ നിന്നും പിന്‍മാറി. സ്ത്രീകളുടെ നീതിക്ക് വേണ്ടി നില്‍ക്കുമെന്ന് സി.പി.എം ഉറപ്പിച്ച് പറയുന്നില്ല. സുപ്രീംകോടതി വിധിക്കൊപ്പം നില്‍ക്കുമെന്നാണ് സി.പി.എം പറയുന്നത്. ഭരണകൂടം പറയേണ്ടതാണിത്. ഇടതുപക്ഷം നിലപാടാണ് പ്രഖ്യാപിക്കേണ്ടത്. കോടതി പറയുന്നത് അംഗീകരിക്കുമെന്നേ മുഖ്യമന്ത്രിക്ക് പറയാനാകൂ. കോടതി പറയുന്നതാണ് വേദവാക്യം എന്ന നിലപാടാണ് ഇടതുപക്ഷവും പറയുന്നത്. ഇടതു-വലതുപക്ഷങ്ങളും ബി.ജെ.പിയും സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് വന്നെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

കോടതി എന്തുപറഞ്ഞാലും ശരി, നിയമനിര്‍മ്മാണം നടത്തി ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നതെന്നാണ് എനിക്ക് മനസിലായിട്ടുള്ളത്. നവോത്ഥാനത്തോടും സ്ത്രീ സമൂഹത്തോടും തുല്യതാബോധത്തോടുമുള്ള വെല്ലുവിളിയാണ്. കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്നാണ് ഞാന്‍ പറയുന്നത്. യാതൊരു ചരിത്രബോധമോ തുല്യതാബോധമോ ഇല്ലാത്ത മുന്നണിക്ക് വോട്ട് ചെയ്യരുത്.

ശബരിമല വിഷയമായാല്‍ തന്നെ ആ വോട്ട് ബി.ജെ.പിക്കുള്ളതാണ്. കോണ്‍ഗ്രസിന് കിട്ടുന്ന വോട്ടല്ല. അവര്‍ തെറ്റിദ്ധരിക്കുകയാണ്. സ്വയം തെറ്റിദ്ധരിച്ച പ്രസ്ഥാനമാണ് കേരളത്തിലെ കോണ്‍ഗ്രസ്. ദേശീയതലത്തിലും വലിയ വ്യത്യാസമില്ല. ശബരിമല വോട്ടാകുമെന്നത് വ്യാമോഹം മാത്രമാണ്
Q

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി, യു.ഡി.എഫിനുണ്ടായ ചരിത്ര വിജയം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ വിജയം ആവര്‍ത്തിക്കാനായില്ല. സ്വര്‍ണക്കടത്ത് പോലുള്ള വിഷയങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ച വിഷയമായിരുന്നത്. സ്വാഭാവികമായും നിര്‍ണായകമായ നിയമസഭ തെരഞ്ഞെടുപ്പില്‍ ശബരിമല തന്നെ പ്രധാന വിഷയമാക്കുന്നു. ഇതില്‍ കേരളീയ സമൂഹത്തിന്റെ പിന്തുണ ലഭിക്കുമോ?

A

ശബരിമലയിലൂടെ പഴയ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് യു.ഡി.എഫ് ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് പിന്നില്‍. അത് സാധ്യമല്ലെന്നാണ് ഞാന്‍ പറയുന്നത്. കേരളീയ സമൂഹം അവര്‍ വിചാരിക്കുന്നതിനപ്പുറം സഞ്ചരിച്ച് കഴിഞ്ഞു. ഇനി ശബരിമലയെ തിരിച്ച് കൊണ്ടുവന്നിട്ടോ നിയമനിര്‍മ്മാണം നടത്തുമെന്ന് വാഗ്ദാനം നല്‍കിയിട്ടോ, കുലസ്ത്രീ സമൂഹത്തെ തൃപ്തിപ്പെടുത്തി വോട്ട് നേടാമെന്നത് കോണ്‍ഗ്രസിന്റെ തെറ്റിദ്ധാരണ മാത്രമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ച പല തന്ത്രങ്ങളും പരാജയപ്പെട്ടതും അതുകൊണ്ടാണ്. ശബരിമല വിഷയമായാല്‍ തന്നെ ആ വോട്ട് ബി.ജെ.പിക്കുള്ളതാണ്. കോണ്‍ഗ്രസിന് കിട്ടുന്ന വോട്ടല്ല. അവര്‍ തെറ്റിദ്ധരിക്കുകയാണ്. സ്വയം തെറ്റിദ്ധരിച്ച പ്രസ്ഥാനമാണ് കേരളത്തിലെ കോണ്‍ഗ്രസ്. ദേശീയതലത്തിലും വലിയ വ്യത്യാസമില്ല. ശബരിമല വോട്ടാകുമെന്നത് വ്യാമോഹം മാത്രമാണ്. ലോക്ഡൗണ്‍ കാലത്തെ രാഷ്ട്രീയമായ പരിണാമത്തെ കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്ക് മനസിലായിട്ടില്ല. ആനുകൂല്യങ്ങള്‍ ഞങ്ങള്‍ തരും. അത് വാങ്ങി പൗരന്മാര്‍ തൃപ്തരായി ജീവിച്ച് കൊള്ളണമെന്നാണ് പറയുന്നത്. അതിലൂടെയുള്ള വിജയമാണ് എല്‍.ഡി.എഫ് നേടിയത്. കിറ്റ് നല്‍കി, പ്രളയകാലത്തും കൊവിഡ് കാലത്തും അത് ചെയ്തു ഇത് ചെയ്തു എന്ന് പറയുന്നതാണ് പരിണാമം. എന്തിനാണ് എതിര്‍പ്പ് പറയുന്നത്, ഞങ്ങള്‍ ഇതെല്ലാം തരുന്നില്ലേ എന്നാണ് ചോദ്യം. രാഷ്ട്രീയമായ അന്തസത്തയ്ക്ക് ഗുണപരമായ മാറ്റം വന്നിട്ടുണ്ട്.

Q

കൊവിഡും പ്രളയവും പോലുള്ള ദുരിതകാലത്ത് സ്‌റ്റേറ്റ് ജനങ്ങള്‍ക്ക് താങ്ങാവുകയും അവരുടെ അതിജീവനത്തിനുള്ള കാര്യങ്ങള്‍ എത്തിക്കുകയും ചെയ്യുന്നത് സ്വാഭാവികമല്ലേ

A

ഏത് സ്‌റ്റേറ്റും ചെയ്യേണ്ട കാര്യം തന്നെയാണത്. അത് മാത്രമാണ് ഇവിടെയും നടന്നത്. അതിനപ്പുറം എന്തെങ്കിലും നടന്നുവെന്ന് പറയുന്നതിലാണ് പ്രശ്‌നം. ക്ഷാമകാലത്ത് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തിട്ട് ഞങ്ങള്‍ നിങ്ങള്‍ക്ക് ഭക്ഷണം തന്നില്ലേ എന്ന് ചോദിക്കുന്നതല്ല സ്‌റ്റേറ്റ് ചെയ്യേണ്ടത്. അതിനെ അത്ഭുതമായി പ്രചരിപ്പിക്കുകയും അംഗീകരിപ്പിക്കുകയും പൗരസമൂഹം ഏതാണ്ട് പൂര്‍ണമായും നിശബ്ദതയിലേക്ക് മാറുകയും ചെയ്യുന്ന പരിണാണം വന്നിട്ടുണ്ട്. കോണ്‍ഗ്രസ് അനാവശ്യ സമയത്ത് വിമര്‍ശന സ്വരമുയര്‍ത്തുന്ന പ്രസ്ഥാനമായി മാറി. സ്വാഭാവികമായും കോണ്‍ഗ്രസിനോടുള്ള മമത ആളുകള്‍ക്ക് കുറഞ്ഞുവരുന്നു എന്നതാണ് പ്രധാനം.

വിശ്വാസ സമൂഹത്തിന്റെ രക്ഷകരാണെന്ന് അവകാശപ്പെട്ട് ബി.ജെ.പി നേരത്തെ തന്നെ നില്‍ക്കുന്നുണ്ട്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് നടത്തിയ പ്ലേയും തുടര്‍ച്ചയാണിത്. അത് ദേശീയതലത്തില്‍ പരാജയപ്പെട്ടതാണ്. നരേന്ദ്രമോദി പത്ത് അമ്പലത്തില്‍ പോകുമ്പോള്‍ അഞ്ച് അമ്പലത്തില്‍ പോകുന്ന ആളായിട്ടായിരുന്നു രാഹുല്‍ഗാന്ധി നിന്നിരുന്നത്. ആ കളികൊണ്ട് കാര്യമില്ലെന്ന് ഇന്ത്യക്ക് ബോധ്യപ്പെട്ടതാണ്.
Q

ശബരിമല അനന്തര കാലത്ത് ബി.ജെ.പി വളര്‍ച്ചയുടെയും തെരഞ്ഞെടുപ്പ് നേട്ടങ്ങളിലേക്കുമുള്ള പാലമായി കാണുന്നത് ആ വിഷയത്തെയാണ്. കോണ്‍ഗ്രസും അതേ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ താല്‍ക്കാലിക വിജയങ്ങളേക്കാള്‍ കേരളത്തിന്റെ മതേതേര-നവോത്ഥാന മൂല്യങ്ങള്‍ക്ക് എന്ത് ഇംപാക്ടാണ് ഉണ്ടാക്കുക

A

കോണ്‍ഗ്രസ് ഏറ്റെടുക്കുന്നുവെന്നാണല്ലോ പറഞ്ഞിരിക്കുന്നത്. നിയമനിര്‍മ്മാണം നടത്തുമെന്ന് പറഞ്ഞതിലൂടെ അതാണല്ലോ വ്യക്തമാക്കുന്നത്. വിശ്വാസ സമൂഹത്തിന്റെ രക്ഷകരാണെന്ന് അവകാശപ്പെട്ട് ബി.ജെ.പി നേരത്തെ തന്നെ നില്‍ക്കുന്നുണ്ട്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് നടത്തിയ പ്ലേയും തുടര്‍ച്ചയാണിത്. അത് ദേശീയതലത്തില്‍ പരാജയപ്പെട്ടതാണ്. നരേന്ദ്രമോദി പത്ത് അമ്പലത്തില്‍ പോകുമ്പോള്‍ അഞ്ച് അമ്പലത്തില്‍ പോകുന്ന ആളായിട്ടായിരുന്നു രാഹുല്‍ഗാന്ധി നിന്നിരുന്നത്. ആ കളികൊണ്ട് കാര്യമില്ലെന്ന് ഇന്ത്യക്ക് ബോധ്യപ്പെട്ടതാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തെ ഉയര്‍ത്തിപ്പിടിച്ച് ധീരമായി മുന്നോട്ട് പോകുന്നതിന് പകരം ഈ അജണ്ട ഏറ്റുപിടിക്കുന്നതിലൂടെ ബി.ജെ.പിയെ മറികടന്ന് പോകാന്‍ കഴിയുമെന്നാണ് വിചാരിക്കുന്നതെങ്കില്‍ കേരളത്തില്‍ അത് സാധ്യമല്ല. പാവങ്ങളായ നാനാജാതി മതവിഭാഗങ്ങള്‍ അടങ്ങുന്ന പ്രസ്ഥാനമാണിത്. കോണ്‍ഗ്രസിന്റെ പ്രതിസന്ധിഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയെയാണ് വിളിച്ചു കൊണ്ടുവരുന്നത്. രമേശ് ചെന്നിത്തലയ്‌ക്കോ മുല്ലപ്പള്ളി രാമചന്ദ്രനോ പറ്റാത്ത ഒരു സാഹചര്യമുണ്ടെന്ന് മനസിലാക്കിയിട്ടാണ് ഉമ്മന്‍ചാണ്ടിക്ക് നേതൃത്വം കൊടുക്കുന്നത്. ശബരിമലയുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് ഞാന്‍ കരുതുന്നത്. ദേശീയ പ്രസ്ഥാനമെന്ന നിലയില്‍ കോണ്‍ഗ്രസ് മുന്നോട്ട് വെയ്്ക്കുന്ന എല്ലാ ആശയങ്ങളെയും റദ്ദാക്കുന്നതാണിത്.

Q

ശബരിമലയിലൂടെ കോണ്‍ഗ്രസിന് കേരളത്തില്‍ അധികാരത്തിലെത്താനാകില്ലെന്ന് തന്നെയാണോ വിലയിരുത്തല്‍

A

അധികാരത്തിലെത്താനാകില്ല. മാത്രവുമല്ല കോണ്‍ഗ്രസിനെ അപ്രസ്‌കതമാക്കുന്ന രാഷ്ട്രീയ തന്ത്രങ്ങള്‍ക്കാണ് ബി.ജെ.പി ഈ തെരഞ്ഞെടുപ്പില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതാണ് കോണ്‍ഗ്രസ് മനസിലാക്കേണ്ടത്. ബി.ജെ.പിയെ അപ്രസക്തമാക്കാന്‍ കഴിയണം. ഇടതുപക്ഷം ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാലും കുഴപ്പമില്ലെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. മാറിമാറി സര്‍ക്കാറുകള്‍ അധികാരത്തില്‍ വരുന്നത് മാറുകയെന്നതായിരിക്കും ലക്ഷ്യം.

Q

ബി.ജെ.പി നിര്‍ണായക രാഷ്ട്രീയ ശക്തിയായി മാറാതിരിക്കാന്‍ യു.ഡി.എഫ് അധികാരത്തിലെത്തണമെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ മുന്നോട്ട് വെക്കുന്നുണ്ട്. അതേ അഭിപ്രായമാണോ

A

യു.ഡി.എഫിന്റെ നയസമീപനങ്ങള്‍ ബി.ജെ.പിക്ക് തുല്യമാകുമ്പോള്‍ നമ്മളെന്തിന് അതേക്കുറിച്ച് ചിന്തിക്കണം. എന്തുകാര്യമുണ്ട് അതില്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് 60 നായര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പരീക്ഷിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അവരിന്നിട്ട് എവിടെ പോയി. ഇത്തരം പ്രീണനങ്ങള്‍ കൊണ്ട് കാര്യമില്ല. സവര്‍ണ സമൂഹത്തെ പിടിക്കാന്‍ സവര്‍ണരെ നിര്‍ത്തുക. ബി.ജെ.പി അവിടെ നേട്ടമുണ്ടാക്കി. കോണ്‍ഗ്രസ് അപ്രസക്തമായി. ഇതാണ് സംഭവിക്കാന്‍ പോകുന്നത്. ഈ ചിന്താശൂന്യമായ നിലപാട് കൊണ്ട് നേട്ടമുണ്ടാക്കുന്നത് ബി.ജെ.പിയായിരിക്കും. കോണ്‍ഗ്രസ് അധികാരത്തില്‍ വരണോ വേണ്ടയോ എന്നത് വിഷയമല്ല.

Related Stories

No stories found.
logo
The Cue
www.thecue.in